ലൈംഗികാതിക്രമ കേസുകളിൽ പുരോഗമന സമൂഹത്തിനെ അത്ഭുതപ്പെടുത്ത വിചിത്ര വിധികൾ ഇന്ത്യൻ കോടതികളിൽ തുടർച്ചയായി ഉണ്ടാകുന്നതിൽ ആശങ്കയുയരുന്നു. ലൈംഗികാതിക്രമ കേസിൽ വിചിത്ര നിരീക്ഷണവുമായി എത്തിയിരിക്കയാണ് അലഹബാദ് കോടതിയിലെ ജസ്റ്റിസ് റാം മനോഹർ മിശ്ര. പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കുന്നതും പൈജാമയുടെ കെട്ടഴിക്കുന്നതും ബലാത്സംഗമോ ബലാത്സംഗശ്രമമോ ആയി പരിഗണിക്കാൻ സാധിക്കില്ലെന്നാണ് ജസ്റ്റിസ് റാം മനോഹർ മിശ്രയുടെ നിരീക്ഷണം. സമാനമായ വിധികൾ മുമ്പും ഉത്തരേന്ത്യയിലെ വിവിധ കോടതികളിൽ നിന്നും ഉണ്ടായിട്ടുണ്ട്. പുരോഗമനപരമായ വിധി പ്രസ്താവനകൾ നടത്തുന്നതിലൂടെ ഇന്ത്യയിൽ സാമൂഹികമായ മാറ്റം സാധ്യമാക്കുന്നതിന് പകരം ഇന്ത്യയെ പിന്നോട്ട് നയിക്കുന്നതാണ് പലപ്പോഴും നീതിപിഠത്തിന്റെ ഇടപെടലെന്ന് ഈ വിധി പ്രസ്താവനത്തിലൂടെ വ്യക്തമാണ്. നാരീസുരക്ഷ, ബേഠി ബച്ചാവോ- ബേഠി പഠാവോ പോലുള്ള പദ്ധതികൾ സ്ത്രീ ശാക്തീകരണത്തിനായി നടപ്പിലാക്കുന്നുവെന്ന് വീരവാദം മുഴക്കുന്ന സർക്കാരുള്ള നാട്ടിലാണ് കോടതിയുടെ ഇത്തരം വിചിത്രമായ ഇടപെടലുകൾ.
ബലാത്സംഗ ശ്രമവും ബലാത്സംഗത്തിനുള്ള തയാറെടുപ്പും വ്യത്യസ്തമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്രയുടെ പരാമർശം. രണ്ടു യുവാക്കൾക്കെതിരെ കീഴ്ക്കോടതി ചുമത്തിയ പോക്സോ കേസിനെതിരെ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ പരാമർശം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പവൻ, ആകാശ് എന്നിവർക്കെതിരെ ബലാത്സംഗം, പോക്സോ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിരുന്നു. 2021ലാണു സംഭവം നടന്നത്. ലിഫ്റ്റ് നൽകാമെന്നു പറഞ്ഞു പെൺകുട്ടിയെ വാഹനത്തിൽ കയറ്റിയ ഇരുവരും പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണു പരാതി. സംഭവം നടന്ന സ്ഥലത്തുകൂടി പോയ ഒരാളാണു പെൺകുട്ടിയെ രക്ഷിച്ചതെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ സമൻസ് അയച്ച കീഴ്കോടതി നടപടിയെ ചോദ്യം ചെയ്താണു യുവാക്കൾ ഹൈക്കോടതിയിൽ ഹർജി നൽകിയത്. ബലാത്സംഗം തെളിയിക്കാൻ വ്യക്തമായ തെളിവുകൾ ആവശ്യമാണെന്നും ബലാത്സംഗശ്രമവും തയാറെടുപ്പും വ്യത്യസ്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ബലാത്സംഗശ്രമം കുറ്റാരോപിതർക്കു മേൽ ചുമത്തണമെങ്കിൽ അവർ തയാറെടുപ്പുഘട്ടത്തിൽനിന്ന് മുന്നോട്ടു പോയെന്ന് വാദിഭാഗം തെളിയിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് നാരായൺ മിശ്ര ചൂണ്ടിക്കാട്ടിയത്
ലൈംഗികാതിക്രമ കേസിൽ ഒരു ഉത്തരേന്ത്യൻ കോടതി വിചിത്രമായ വിധി പ്രഖ്യാപിക്കുന്നത് ഇതാദ്യമായല്ലെന്ന് ഈ അടുത്ത കാലത്തായി തന്നെ പുറത്തുവന്ന മറ്റു രണ്ട് വിധികളുടെ അടിസ്ഥാനത്തിൽ പരിശോധിച്ചാൽ മനസിലാവും.
ചുരുക്കം ചില ദിവസങ്ങൾക്ക് മുമ്പ് അതായത് 2025 മാർച്ച് 6ന് വന്ന ലൈംഗികാതിക്രമ കേസിലെ വിധിയും അതിജീവിത എന്ന നിലയിൽ വ്യക്തിയുടെ അന്തസിന് ഭംഗം വരുത്തുന്നതായിരുന്നു. വിചിത്രമായ വ്യവസ്ഥയിലാണ് ബലാത്സംഗ കേസിലെ പ്രതിക്ക് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. മോചിതനായാൽ മൂന്ന് മാസത്തിനുള്ളിൽ ഇരയെ വിവാഹം കഴിക്കണമെന്ന വ്യവസ്ഥയിലായിരുന്നു പ്രതിയ്ക്ക് ജാമ്യം. പ്രതിക്കെതിരെ നേരത്തെ ക്രിമിനൽ കേസുകൾ ഒന്നും രജിസ്റ്റർ ചെയ്തിട്ടില്ലാത്തതിനാലാണ് നിർദ്ദേശമെന്നായിരുന്നു ഈ വിഷയത്തിൽ കോടതി വാദം. വിവാഹത്തെ ജാമ്യത്തിനുള്ള വ്യവസ്ഥകളിൽ ഒന്നാക്കിയും ബെഞ്ച് നിർദേശിച്ചു. കേസ് പരിഗണിച്ച ഹൈക്കോടതിയിലെ ജസ്റ്റിസ് കൃഷൻ പഹൽ, പ്രതിക്ക് ജാമ്യം നിഷേധിക്കാൻ ആവശ്യമായ ഒരു തെളിവും ഉത്തർപ്രദേശ് സർക്കാരിന് ഹാജരാക്കാൻ കഴിഞ്ഞില്ലെന്നായിരുന്നു ചൂണ്ടിക്കാട്ടിയത്. പ്രതിയായ നരേഷ് മീണ ഉത്തർപ്രദേശ് പൊലീസിൽ ജോലി നൽകാമെന്ന് വ്യാജ വാഗ്ദാനം നൽകിയായിരുന്നു 26 കാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. മീണ ഇരയിൽ നിന്ന് 9 ലക്ഷം രൂപ കൈക്കലാക്കിയെന്നും അതിജീവിതയുടെ അശ്ലീല വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതായും ആരോപണമുണ്ട്. പ്രതിക്കെതിരെ മുമ്പ് ക്രിമിനൽ കേസുകളുടെ ചരിത്രമൊന്നുമില്ലെന്ന് കണക്കിലെടുത്താണ് ഹൈക്കോടതി ജാമ്യം അനുവദിച്ചതെന്നത് ശ്രദ്ധേയം. ഇരയെ ഭാര്യ എന്ന നിലയിൽ പരിപാലിക്കാൻ തയ്യാറാണെന്ന് പ്രതി കോടതിയെ അറിയിച്ചതും അംഗീകരിക്കാൻ സാധിക്കുന്നതല്ല.
2023ലായിരുന്നു ഭർതൃബലാത്സംഗം കുറ്റകരമല്ലെന്ന് അലഹാബാദ് ഹൈക്കോടതി വിധിപ്രസ്താവം നടത്തുന്നത് . ഭാര്യയ്‌ക്ക് 18 വയസോ അതിന് മുകളിലോ ആണ് പ്രായമെങ്കിൽ ഭർതൃബലാത്സംഗം കുറ്റകരമല്ലെന്നായിരുന്നു കോടതി വ്യക്തമാക്കിയത്. ഭർതൃ ബലാത്സംഗം ഇതുവരെ ഇന്ത്യയിൽ കുറ്റകരമാക്കിയിട്ടില്ലെന്ന് ജസ്റ്റിസ് രാം മനോഹർ നാരായൺ മിശ്ര വ്യക്തമാക്കി. പ്രകൃതി വിരുദ്ധ പീഡനം നടത്തിയെന്നാരോപിച്ച് ഭാര്യ നൽകിയ കേസിലാണ് കോടതിയുടെ പരാമർശം. കേസിൽ ഭർത്താവിനെ കോടതി കുറ്റമുക്തനാക്കുകയും ചെയ്തു. ഭർതൃ ബലാത്സംഗം കുറ്റക്കരമാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും കോടതി അറിയിച്ചു. ഭാര്യയ്‌ക്ക് 18 വയസോ അതിൽ കൂടുതലോ ആണെങ്കിൽ വൈവാഹിക ബലാത്സംഗം ശിക്ഷിക്കാൻ തക്കതായ കുറ്റമല്ലെന്നും സുപ്രീം കോടതി ഇതിൽ തീരുമാനമെടുക്കുന്നത് വരെ അത് അങ്ങനെ തന്നെ തുടരുമെന്നും ഹൈക്കോടതി പറഞ്ഞു. വൈവാഹിക ജീവിതം ദുരിതപൂർണമാണെന്നും വാക്കുകൾ കൊണ്ടും ശാരീരികമായും ഭർത്താവ് നിരന്തം പീഡിപ്പിക്കുകയാണെന്നായിരുന്നു ഭാര്യയുടെ പരാതി. ഐപിസി 377 പ്രകാരമുള്ള കുറ്റങ്ങളിൽ നിന്ന് ഭർത്താവിനെ കുറ്റവിമുക്തനാക്കിയത്.
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ച് വരുമ്പോഴും പ്രതികൾക്ക് അനുകൂലമായി നീതി പീഠം പ്രവർത്തിക്കുന്നതും കണ്ണടക്കുന്നതുമാണ് ഇന്ത്യ അക്രമരഹിതമാകാത്തതിന്റെ കാരണം.
content summary: Indian courts bizarre verdicts in sexual assault cases based on the latest verdict, grabbing breasts breaking pyjama string is not enough for charge of attempt to rape