December 13, 2024 |

ആരാണ് ടെസ്റ്റ് ക്രിക്കറ്റിനെ കൊല്ലുന്നത്?

ബിഗ് ത്രീ’ ലാഭം കൊയ്യുമ്പോള്‍ ബാക്കിയുള്ളവര്‍ നേരിടുന്നത് കടുത്ത സാമ്പത്തിക പ്രശ്നം

ആവേശകരമായൊരു ടെസ്റ്റ് ക്രിക്കറ്റ് സീസണ്‍ ആണ് മുന്നിലുള്ളത്. അഞ്ച് മത്സരങ്ങള്‍ അടങ്ങിയ. ഇന്ത്യ-ഓസ്‌ട്രേലിയ പോരാട്ടമായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി, ന്യൂസിലന്‍ഡും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍, ദക്ഷിണാഫ്രിക്ക-ശ്രീലങ്ക പരമ്പര(ഇതില്‍ എല്ലാം മത്സരങ്ങളും സ്പിന്‍ അനുകൂല പിച്ചുകള്‍ ഒരുക്കിയിട്ടുള്ള ദക്ഷിണാഫ്രിക്കന്‍ തീരദേശ വേദികളിലാണ്) എന്നിവയല്ലാം ക്രിക്കറ്റ് പ്രേമികളെ വിരുന്നൂട്ടുമെന്ന് തീര്‍ച്ച. ആവേശം ഇവിടം കൊണ്ടും അവസാനിക്കുന്നില്ല. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് (ഡബ്ല്യുടിസി) ഫൈനല്‍ മുന്നിലുണ്ട്. ആരൊക്കെയാകും അവിടെ ഏറ്റുമുട്ടാന്‍ എത്തുക? കൃത്യമായൊരുത്തരം കിട്ടിയിട്ടില്ല. ഒരു ലോകകപ്പ് നോക്കൗട്ട് നാടകീയതപോലെയാണ് കാര്യങ്ങള്‍.

അവസാന ഓവര്‍ വരെ ആവേശം മുറ്റിനില്‍ക്കുന്ന ട്വന്റി20 ആരാധകരാണെങ്കില്‍പ്പോലും, പതിറ്റാണ്ടുകളായി ടെസ്റ്റ് ആരാധകര്‍ അനുഭവിച്ചിട്ടില്ലാത്ത മള്‍ട്ടി-സീരീസ് സീസണുകളും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും, നിങ്ങളെ തൃപ്തിപ്പെടുത്താന്‍ പോന്ന വിഭവങ്ങളാണെന്ന് തീര്‍ച്ച. ന്യൂനതകള്‍ ഉണ്ടെങ്കില്‍പ്പോലും ഡബ്ല്യുടിസിയുടെ മൂന്നാം ഫൈനല്‍ അത്യന്തം വാശിയേറിയൊരു സ്റ്റേജിലേക്ക് എത്തിക്കഴിഞ്ഞു. അവസാന മാസങ്ങള്‍ അടുക്കുമ്പോള്‍ അഞ്ചില്‍ കുറയാത്ത ടീമുകള്‍ ഇപ്പോഴും ഫൈനല്‍ ബര്‍ത്തിനായുള്ള പോരാട്ടത്തിലാണ്. ഓസ്‌ട്രേലിയയും ഇന്ത്യയുമാണ് നിലവില്‍ മുന്നില്‍ നില്‍ക്കുന്നത്. എന്നാല്‍ ന്യൂസിലന്‍ഡ്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക എന്നിവയെല്ലാം കഴിഞ്ഞ മാസങ്ങളില്‍ നിര്‍ണായക വിജയങ്ങളുമായി അവരുടെ പ്രതീക്ഷകള്‍ സജീവമാക്കി നിര്‍ത്തിയിരിക്കുകയാണ്. ഓരോരുത്തരും ഡബ്ല്യുടിസി ഫൈനലിലേക്ക് എത്താനുള്ള അവരുടെ സാധ്യതകള്‍ ബലപ്പെടുത്താന്‍ ഹോം സീരീസുകള്‍ കളിക്കാനാണ് തയ്യാറെടുത്തിരിക്കുന്നത്.

icc test championship

പുറമെ നിന്നു നോക്കിയാല്‍, ടെസ്റ്റ് ക്രിക്കറ്റ് കൗതുകകരമായ മുന്നേറ്റമാണ് നടത്തുന്നത്. ബംഗ്ലാദേശ് അവരുടെ നാട്ടില്‍ വച്ച് പാക്കിസ്ഥാനെ വൈറ്റ് വാഷ് ചെയ്ത് വിട്ടിരുന്നു. എന്നാല്‍ സ്വന്തം തട്ടകത്തില്‍ ഇംഗ്ലണ്ടിനെ തറ പറ്റിച്ച് പാകിസ്ഥാന്‍ അഭിമാനം വീണ്ടെടുത്തു. അസാധ്യമെന്ന് കരുതിയതാണ് ഇന്ത്യയില്‍ ന്യൂസിലാന്‍ഡ് നേടിയത്. മൂന്നു മത്സര ടെസ്റ്റ് പരമ്പര തൂത്തുവാരി കീവിസ് ആതിഥേയരെ നാണം കെടുത്തി. ഈ വര്‍ഷമാദ്യമാണ് ഗബ്ബയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ വെസ്റ്റ് ഇന്‍ഡീസ് ചരിത്ര വിജയം നേടിയത്.

ഇത് പുറമെ നിന്നുള്ള കാഴ്ച്ച. എന്നാല്‍ കുറച്ചുകൂടി ആഴത്തില്‍ കാര്യങ്ങള്‍ കണ്ടാല്‍, ചിത്രം കൂടുതല്‍ സങ്കീര്‍ണ്ണമാകും. ഉദാഹരണത്തിന്, ദക്ഷിണാഫ്രിക്കയുടെ കാര്യമെടുക്കുക. ഒരു പതിറ്റാണ്ട് മുമ്പു വരെ, അവര്‍ ടെസ്റ്റ് ക്രിക്കറ്റിലെ പ്രബല ശക്തികളിലൊന്നായിരുന്നു. എന്നാല്‍ ഈ വര്‍ഷം, ടെസ്റ്റ് പരമ്പരയ്ക്കായി ദക്ഷിണാഫ്രിക്ക ന്യൂസിലാന്‍ഡില്‍ പോയിരുന്നു. സൗത്ത് ആഫ്രിക്ക ട്വന്റി 20 ലീഗ് നടക്കുന്നതിനാല്‍ താരതമ്യേന ദുര്‍ബലമായൊരു ടീമിനെയാണ് ന്യൂസിലാന്‍ഡിലേക്ക് അയച്ചത്. ഫലമോ, കനത്ത തോല്‍വി. ഈ തിരിച്ചടികള്‍ക്കിടയിലും, ദക്ഷിണാഫ്രിക്ക ഇപ്പോഴും ഒരു ഡബ്ല്യുടിസി ഫൈനല്‍ സ്വപ്‌നം കാണുന്നുണ്ട്. ഈ കാത്തിരിപ്പ് പോലും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍െ കാര്യത്തിലെ പ്രവചനാതീതതയുടെ തെളിവാണ്. അടുത്ത ജൂണില്‍ ലോര്‍ഡ്‌സില്‍ ഡ്ബ്ല്യുടിസി ഫൈനല്‍ കളിക്കാന്‍ ദക്ഷിണാഫ്രിക്ക എത്തുകയാണെങ്കില്‍, അതിലൊരു പ്രത്യേകതയുണ്ട്. ഈ സീസണളില്‍ മൂന്ന് ടെസ്റ്റ് മത്സര പരമ്പര ഒന്നുപോലും കളിക്കാതെയാകും അവര്‍ ഫൈനല്‍ കളിക്കുക!

india-newzealand

ടെസ്റ്റ് ക്രിക്കറ്റിനെ എപ്പോഴും വിലമതിക്കുന്ന രാജ്യമാണ് ശ്രീലങ്ക. അതിന്റേതായ വെല്ലുവിളികളും അവര്‍ നേരിടുന്നുണ്ട്. ബ്രോഡ്കാസ്റ്റര്‍മാരുമായുള്ള ശ്രീലങ്കന്‍ ബോര്‍ഡിന്റെ കരാര്‍ പ്രകാരം അവരുടെ ഹോം സീരീസുകള്‍ പ്രധാനമായും രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ ഒതുക്കേണ്ടി വരികയാണ്. ഇതിന് വേദിയാകുന്നതാകട്ടെ, എല്ലായ്‌പ്പോഴും ഗാലെ തന്നെ. ഒരു വേദിയില്‍ തന്നെ പരമ്പര നടത്തി അവസാനിപ്പിക്കാനായാല്‍ അതിന്റെ ലാഭം പ്രേക്ഷപകര്‍ക്കുണ്ട്. ഒരു ക്രിക്കറ്റ് വീക്ഷണകോണില്‍ കാര്യങ്ങള്‍ നോക്കുകയാണെങ്കില്‍, ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് തന്ത്രപരമായി അവര്‍ ചരിത്രപരമായ പോരാട്ടങ്ങള്‍ നടത്തിയിട്ടുള്ള പി. ശരവണമുത്തു ഓവല്‍ പോലുള്ള വേദികളിലേക്ക് മത്സരങ്ങള്‍ ചുരുക്കുകയാണ്. തല്‍ഫലമായി, ഡബ്ല്യുടിസി ഫൈനല്‍ പ്രതീക്ഷകളുമായി ശ്രീലങ്ക കളിക്കുന്ന അവരുടെ ആറ് ഹോം ടെസ്റ്റുകളില്‍ അഞ്ചെണ്ണവും ഗാലെയില്‍ നടക്കാനാണ് സാധ്യതയേറെയും.

ന്യൂസിലാന്‍ഡ് നേരിടുന്നത് മറ്റൊരു പ്രശ്നമാണ്. അത് സമയത്തിന്റെതാണ്. ഇന്ത്യന്‍ പ്രേക്ഷകര്‍ക്കായി അവരുടെ മത്സരങ്ങള്‍ പലപ്പോഴും അതിരാവിലെ തന്നെ ഷെഡ്യൂള്‍ ചെയ്യേണ്ടി വന്നു. ന്യൂസിലന്‍ഡിന്റെ ടെസ്റ്റ് പരമ്പര ലാഭകരമായ ദക്ഷിണേഷ്യന്‍ വിപണിയില്‍ നിന്നുള്ള ടെലിവിഷന്‍ വരുമാനം നേടുന്നതില്‍ അത്ര മികച്ച പ്രകടനം നടത്തുന്നില്ല. ഡബ്ല്യുടിസി ഫൈനലില്‍ എത്താന്‍ ന്യൂസിലന്‍ഡിന് കളിച്ച മൂന്ന് മത്സരങ്ങള്‍ ഉള്ള രണ്ട് ടെസ്റ്റ് പരമ്പരകളും എതിരാളികളുടെ തട്ടകത്തില്‍ ആയിരുന്നു. അവര്‍ക്കും ഇംഗ്ലണ്ടുമായുള്ള മൂന്ന് ടെസ്റ്റുകള്‍ മാത്രമേ ഹോം മത്സരങ്ങളായി ഉണ്ടാകൂ.

cricket australia

ടെസ്റ്റ് മത്സരങ്ങളുടെ പ്രാധാന്യം ക്രിക്കറ്റിന് എത്രത്തോളം വിലപ്പെട്ടതാണെന്ന് അറിയാവുന്ന ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസിന് (CWI) പക്ഷേ ഇക്കാര്യത്തില്‍ കാര്യമായ സാമ്പത്തിക വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നുണ്ട്. ന്യൂസിലന്‍ഡിനെ അപേക്ഷിച്ച് സൗത്ത് ഏഷ്യന്‍ കാഴ്ചക്കാര്‍ കുറവുള്ള സമയവും, ചെറിയ ആഭ്യന്തര വിപണിയുമാണ് അവര്‍ക്കുള്ളത്. ടെസ്റ്റ് കളിക്കുന്നത് തുടരുക എന്നത് വെസ്റ്റ് ഇന്‍ഡീസിനെ സംബന്ധിച്ച് ഇപ്പോള്‍ വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് വേണ്ടി നിരന്നിരിക്കുന്നവരെ കൂടാതെ, സിംബാബ്‌വേ, അയര്‍ലന്‍ഡ്, അഫ്ഗാനിസ്ഥാന്‍ എന്നിവരും ടെസ്റ്റ് കളിക്കാന്‍ താത്പര്യപ്പെട്ട് നില്‍ക്കുന്നവരാണ്. സിംബാബ്‌വേ ടെസ്റ്റ് വേദികളില്‍ വിരളമായാണ് എത്തുന്നത്. അടുത്തിടെയാണ് അയര്‍ലന്‍ഡിന് ടെസ്റ്റ് കളിക്കാന്‍ യോഗ്യത ലഭിച്ചത്. അഫ്ഗാനിസ്ഥാന്റെ പ്രശ്‌നം ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാന്‍ അവര്‍ക്ക് വേദിയില്ലെന്നതാണ്.

ഇക്കാര്യങ്ങളെല്ലാം പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നൊരു കാര്യം, നിലവിലെ സാഹചര്യത്തില്‍ ടെസ്റ്റ് വേദികളില്‍ സജീവ സാന്നിധ്യം അറിയിക്കാന്‍ ബിഗ് ത്രീ-ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ-കള്‍ക്ക് മാത്രമാണ് സാധിക്കുന്നത്. ടെസ്റ്റ് മത്സരങ്ങളോടുള്ള പ്രതിബദ്ധ കാരണം, ബിഗ് ത്രീ ഇതര രാജ്യങ്ങളെ അപേക്ഷിച്ച് ശ്രീലങ്ക കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ ഈ മത്സരങ്ങളെല്ലാം തന്നെ ശ്രീലങ്കന്‍ ബോര്‍ഡിന് നഷ്ടമുണ്ടാക്കിയ പരമ്പരകളായിരുന്നു.

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കളിക്കാന്‍ യോഗ്യതയുള്ള രാജ്യങ്ങളെ രണ്ട് ഗ്രൂപ്പുകളായി തിരിക്കാം. ഒന്നാമത്തെ ഗ്രൂപ്പ് എന്നു പറയുന്നത് ബിഗ് ത്രീകളാണ്. അടുത്ത ഗ്രൂപ്പില്‍ ആറ് പേരുണ്ട്. ദക്ഷിണാഫ്രിക്ക, ന്യൂസിലാന്‍ഡ്, ശ്രീലങ്ക, പാകിസ്ഥാന്‍, ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ്. ഇത്തരത്തില്‍ തരംതിരിച്ച് കാര്യങ്ങള്‍ നോക്കുമ്പോഴാണ് ഇവര്‍ക്കിടയിലെ സാമ്പത്തിക യാഥാര്‍ത്ഥ്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുന്നത്. രണ്ടാമത്തെ ഗ്രൂപ്പില്‍പ്പെട്ട ആറ് ക്രിക്കറ്റ് ബോര്‍ഡുകളില്‍ ഭൂരിഭാഗത്തിനും, ലാഭകരമായ വരുമാനം കിട്ടണമെങ്കില്‍ ബിഗ് ത്രീകളില്‍ ആരോടെങ്കിലും ഹോം സീരീസ് കൡക്കണം.

west indies

കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരകള്‍ അപൂര്‍വ്വമായി മാത്രമാണ് നടക്കുന്നത്. കാരണം ചെറിയ ബോര്‍ഡുകള്‍ പലപ്പോഴും തങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് പരിമിത ഓവര്‍ മത്സരങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. കണക്കുകള്‍ പരിശോധിച്ചാല്‍ ഇന്ത്യയും ഓസട്രേലിയയും ഇംഗ്ലണ്ടും അവര്‍ കളിക്കുന്ന പരമ്പരകളില്‍ ഭൂരിഭാഗവും മൂന്നു ടെസ്റ്റുകളാണ്. എന്നാല്‍ മറ്റ് ആറ് രാജ്യങ്ങളുടെയും കാര്യത്തില്‍ ബിഗ് ത്രീകളെ അപേക്ഷിച്ച് മൂന്ന് ടെസ്റ്റ് പരമ്പരകളുടെ എണ്ണം പകുതിയലും താഴെയാണ്. ഈ അസമത്വം കുറയ്ക്കാനാണ് ഐസിസി ‘ടെസ്റ്റ് മാച്ച് ഫണ്ട്’ അവതരിപ്പിച്ചത്. ചെറിയ ടെസ്റ്റ് രാജ്യങ്ങളെ പിന്തുണയ്ക്കുന്നതിനായി ബിഗ് ത്രീയുടെ വരുമാനത്തിന്റെ ഒരു ചെറിയ ശതമാനം മറ്റുള്ളവര്‍ക്ക് കൂടി വിതരണം ചെയ്യാനുള്ള ഒരു പദ്ധതി. ഏറ്റവും പുതിയ വിവരം അനുസരിച്ച് 15 മില്യണ്‍ ഡോളര്‍ വാര്‍ഷിക ഫണ്ട് ഇതിന്റെ ഭാഗമായുണ്ട്. ഇത് ഒമ്പത് രാജ്യങ്ങള്‍ക്കായി വിഭജിച്ചിരിക്കുന്നു, കളിക്കാര്‍ക്ക് ഒരു ടെസ്റ്റ് മത്സരത്തിന് 10,000 ഡോളര്‍ മാച്ച് ഫീസായി നല്‍കും. എന്നിരുന്നാലും, ഇത് തങ്ങളുടെ ആവശ്യത്തെ പൂര്‍ണമായി സഹായിക്കുന്നില്ലെന്ന പരാതിയും പല ബോര്‍ഡുകള്‍ക്കുമുണ്ട്. ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ സിഇഒ ജോണി ഗ്രേവ്, ഫണ്ടിന്റെ ഫലപ്രാപ്തിയെക്കുറിച്ച് സംശയം പ്രകടിപ്പിച്ചവരില്‍ ഒരാളാണ്. 15 മില്യണ്‍ ഡോളര്‍ ഒമ്പത് വര്‍ഷം മുമ്പ് വാഗ്ദാനം ചെയ്തതിനേക്കാള്‍ അല്‍പ്പം മാത്രമെ കൂടുതലുള്ളൂവെന്നും, അതിനുശേഷം ഉണ്ടായിരിക്കുന്ന പണപ്പെരുപ്പം കണക്കാക്കുന്നതില്‍ ഐഎസിസി പരാജയപ്പെട്ടുവെന്നുമാണ് ഗ്രേവ് പറയുന്നത്.

sri lanka cricket

സ്റ്റാറുമായുള്ള ഐസിസിയുടെ നിലവിലെ നാല് വര്‍ഷത്തെ പ്രക്ഷേപണ കരാര്‍ 3.5 ബില്യണ്‍ ഡോളറിനാണ്. ആ ഇടപാടില്‍ നിന്ന്, ബിസിസിഐ, ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്, ക്രിക്കറ്റ് ഓസ്‌ട്രേലിയ എന്നിവയ്ക്ക് പ്രതിവര്‍ഷം 310 ദശലക്ഷം ഡോളര്‍ ലഭിക്കും. ഇത് മുഴുവന്‍ ടീമുകള്‍ക്കും നല്‍കുന്ന മൊത്തം വരുമാനത്തിന്റെ 58% വരും. അടുത്ത ആറ് ബോര്‍ഡുകള്‍ക്ക് മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടുതല്‍ സാമ്പത്തിക സഹായം ലഭിക്കുമെങ്കിലും, ബിഗ് ത്രീ സമ്പാദിക്കുന്നതിന്റെ ഒരു ചെറിയ അംശം മാത്രമാണത്. ഇപ്പോഴുള്ള ടെസ്റ്റ് മാച്ച് ഫണ്ട് തന്നെ ബിഗ് ത്രീയ്ക്ക് കിട്ടുന്ന ഐസിസി വരുമാനത്തിന്റെ 5% ല്‍ താഴെയാണ്.

മിക്ക സ്‌പോര്‍ട്‌സ് ലീഗുകളിലും, ഡ്രാഫ്റ്റുകള്‍ അല്ലെങ്കില്‍ സാലറി ക്യാപ്‌സ് പോലുള്ള നടപടികളിലൂടെ എല്ലാവര്‍ക്കും തുല്യമായ പരിഗണന ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ ക്രിക്കറ്റില്‍, ടെസ്റ്റ് ഫോര്‍മാറ്റിലെ വന്‍ സാമ്പത്തിക അസമത്വം അവസനിപ്പിക്കാന്‍ കാര്യമായി ഒന്നും ആരും ചെയ്യുന്നില്ല. ടെസ്റ്റ് ക്രിക്കറ്റിനെ പിന്തുണയ്ക്കുന്നതിന്റെ പേരില്‍ കടുത്ത സാമ്പത്തിക ഭാരമാണ് ചെറിയ രാജ്യങ്ങള്‍ വഹിക്കുന്നത്. ഇത് പരിഹരിക്കപ്പെടാത്തതുകൊണ്ടാണ്, ഇങ്ങനെയൊരു ചോദ്യം ഉയരുന്നത്: ഈ സംവിധാനം എത്ര കാലത്തോളം നിലനില്‍ക്കും? ഇപ്പോള്‍, ന്യൂസിലന്‍ഡ് ഇന്ത്യയില്‍ നേടിയിരിക്കുന്ന ഇതിഹാസ വിജയത്തിന്റെ ആവേശം ഏതാനും മാസത്തോളമെങ്കിലും ടെസ്റ്റ് ക്രിക്കറ്റിന്റെ സാധ്യതയെ നിലനിര്‍ത്തും. എന്നാല്‍ സാമ്പത്തിക നേട്ടങ്ങളുടെ കാര്യത്തില്‍ വ്യത്യാസം കൂടുമ്പോള്‍ ചോദിക്കേണ്ടത്; ഈ അസമത്വങ്ങള്‍ ടെസ്റ്റ് ഫോര്‍മാറ്റിന്റെ അടിത്തറ തകര്‍ക്കില്ലേ എന്നായിരിക്കണം.  Not Enough Money, Who is killing Test cricket ?

Content Summary;  Not Enough Money, Who is killing Test cricket ?

×