പുതിയ അധ്യയന വര്‍ഷം മുതല്‍ പുത്തൻ മാറ്റം
ഇനി മലയാളത്തിലും എംബിബിഎസ് പഠിക്കാം. ഇംഗ്ലീഷിനൊപ്പം മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷയിലും ഡോക്ടർ പഠനം നടത്താം. ദേശീയ മെഡിക്കൽ കമ്മീഷണനാണ് [എൻ എം സി] പുതിയ അധ്യയനവർഷം മുതൽ അനുമതി നൽകിയിരിക്കുന്നത്. അധ്യാപനം, പഠനം, മൂല്യനിർണയം എന്നിവ പ്രാദേശിക ഭാഷകളിലാക്കാം എന്നാണ് നിർദ്ദേശം. ഹിന്ദിയിലുള്ള എംബിബിഎസ് ക്ലാസുകൾ മധ്യപ്രദേശിലും ഉത്തർപ്രദേശിലും കഴിഞ്ഞ വർഷം മുതൽ നടത്തുന്നുണ്ട്. പ്രാദേശിക ഭാഷയിലുള്ള പഠനം വിദ്യാർഥികളുടെ നിലവാരം ഉയർത്തുമെന്നാണ് എൻഎംസി യുടെ വിലയിരുത്തൽ. സ്വന്തം മാതൃഭാഷയിൽ കുട്ടികൾ പഠിക്കുമ്പോഴും അധ്യാപകർ പഠിപ്പിക്കുമ്പോഴും അതവരിൽ കൂടുതൽ സ്വാധീനമുണ്ടാക്കും. പഠിക്കുന്ന വിഷയത്തിന്റെ അന്തസത്ത മനസിലാക്കാൻ അവർക്ക് സാധിക്കുകയും ചെയ്യും. you can study mbbs in malayalam too
ഈ തീരുമാനത്തെ സ്വാഗതം ചെയ്യുകയാണ് മലബാർ ക്രിസ്ത്യൻ കോളേജിലെ അധ്യാപകനും മലയാള ഐക്യവേദിയുടെ ഭാരവാഹിയുമായ സുരേഷ് പുത്തൻപറമ്പിൽ. പ്രാദേശിക ഭാഷകളിൽ വിജ്ഞാന വിഷയങ്ങൾ പഠിക്കുന്നത് വിദ്യാർത്ഥിക്ക് എളുപ്പത്തിൽ ഉൾക്കൊള്ളാനും മനസിലാക്കാനും സാധിക്കും. തന്റെ അരികിലെത്തുന്ന രോഗികളോട് കൃത്യമായി ഇടപഴകാനും അവരുടെ രോഗവിവരങ്ങൾ മനസിലാക്കാൻ സാധിക്കുമെന്നും സുരേഷ് അഭിപ്രായപ്പെട്ടു.
എന്നാൽ, നീറ്റ് എൻട്രസ് പരിശീലന കേന്ദ്രമായ സൈലത്തിലെ അധ്യാപകൻ വിമലിന് പറയാനുള്ളത് മറ്റൊന്നാണ്. നീറ്റ് പരീക്ഷ എഴുതുന്ന ഭൂരിപക്ഷം കുട്ടികളും സിബിഎസ്ഇ വിദ്യാർഥികളാണെന്നും അവർക്ക് ഈ തീരുമാനം കൊണ്ട് പ്രത്യേകിച്ച് ഉപകാരം ഉണ്ടാകില്ല. മലയാളത്തേക്കാൾ അവർക്ക് കുറച്ചു കൂടി എഴുതാനും വായിക്കാനും അറിയുന്നത് ഇംഗ്ലീഷാണ്. ദുബായ് പോലുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എൻആർഐ വിദ്യാർഥികളും ഇവിടെ വന്നു പഠിക്കുന്നുണ്ട്. അതിനാൽ മാധ്യമം മലയാളം ആക്കിയത് കൊണ്ട് കാര്യമായ മാറ്റങ്ങൾ സംഭവിക്കില്ല എന്നാണ് വിമലിന്റെ പക്ഷം.
നീറ്റ് റിപ്പീറ്ററായ അദ്വൈത് ഈ മാറ്റത്തെ ഏറെ സന്തോഷത്തോടെ നോക്കി കാണുന്നത്. നമ്മൾ നമ്മുടെ ഭാഷയിൽ പഠിച്ചാൽ അത് പെട്ടെന്ന് മനസിലാകും. ഇംഗ്ലീഷിൽ ആണെങ്കിൽ അത് മലയാളത്തിലേക്ക് മാറ്റിയിട്ട് വേണം മനസിലാക്കാൻ. ഒരു ഇംഗ്ലീഷ് ബുക്ക് വായിച്ചു പോവുകയാണെങ്കിൽ അതിലെ വാക്യങ്ങൾ മനസിലേക്ക് എടുക്കുന്നത് നമ്മുടെ ഭാഷയിലാണ്. അപ്പോൾ അവിടെ കൂടുതൽ സമയം ചിലവഴിക്കേണ്ടി വരും. മാതൃഭാഷയിൽ ആണെങ്കിൽ സമയവും അധ്വാനവും ലാഭിക്കാം എന്ന നിഗമനത്തിലാണ് അദ്വൈത്.
എന്നാൽ എൻ എം സി യുടെ ഈ നയം പ്രാബല്യത്തിൽ വരുന്നത് എളുപ്പമാകില്ല എന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഹൗസ് സർജൻസി ചെയ്യുന്ന ഡോ നിളക്ക് പറയാനുള്ളത്. പാഠ്യപദ്ധതി മലയാളത്തിലേക്ക് ആക്കുക എന്നത് ശ്രമകരമായ ജോലിയാണ്. അതിലും എളുപ്പത്തിൽ ഇംഗ്ലീഷിൽ പഠിച്ചു പോകാം. ഒരു എടിഎമ്മിൽ പോയാൽ മലയാളം നന്നായി അറിയുന്നവർ പോലും ഇംഗ്ലീഷ് ഭാഷയാണ് തെരഞ്ഞെടുക്കുന്നത്. ഔപചാരിക ഭാഷയിലെ മലയാളം ആളുകൾക്ക് മനസിലാക്കാൻ ബുദ്ധിമുട്ടാണെന്നും നിള വ്യക്തമാക്കി.
ഓക്കാനം’ എന്ന വാക്കിന്റെ അർഥമറിയാത്ത ഡോക്ടർ അത് വയറുവേദനയാണെന്ന് ധരിച്ച് മരുന്ന് എഴുതിക്കൊടുത്തതുകൊണ്ട് അനേകം സ്ത്രീകളുടെ ഗർഭം അലസിയതായി പി പവിത്രൻ ഡോക്ടർമാരുടെ രോഗമെന്ന ലേഖനത്തിൽ പറയുന്നു. ഏതൊരു തൊഴിലിനേക്കാളും ഭാഷ പ്രധാനമാകുന്ന മേഖലയാണ് വൈദ്യത്തിന്റേത്. രോഗിയുടെ ഭാഷ ഡോക്ടർ അറിയുന്നില്ലെങ്കിൽ ചികിത്സ തെറ്റുമെന്നുമാത്രമല്ല, അപകടവും വരുത്തിവെക്കും. മെഡിക്കൽ വിദ്യാഭ്യാസം തന്നെ മാതൃഭാഷയിലാക്കണമെന്ന് പല വിദഗ്‌ധരും വാദിക്കുന്നതായി അദ്ദേഹം പറയുന്നു.
എൻഎംസിയുടെ ഈ തീരുമാനം ഏതെങ്കിലും തരത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കുമോ എന്നുള്ളത് പ്രവചനാതീതമാണ്.
content summary; now-you-can-study-mbbs-in-malayalam-too-national-medical-commission-has-given-approval