June 26, 2026 |
Share on

സൌജന്യ എടിഎമ്മും നിര്‍ത്തുന്നു; എസ്ബിഐയില്‍ എന്താണ് നടക്കുന്നത്?

എസ്ബിഐ: ഒരു ഡീപ് സര്‍ജറി കഥ

[എടിഎം സര്‍വീസുകള്‍ സൌജന്യമല്ലാതാക്കാനുള്ള തീരുമാനമാണ് എസ്ബിഐയില്‍ നിന്ന് ഒടുവില്‍ ഉണ്ടായിരിക്കുന്നത്. ഓരോ ഇടപാടിനും 25 രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കാനുള്ള തീരുമാനം ഉപയോക്താക്കളെ പിഴിയാനുള്ളതാണെന്ന് വ്യക്തം. പഴയ നോട്ടുകള്‍ മാറ്റി എടുക്കുന്നതിനും ചെക്ക് ബുക്ക് നല്‍കുന്നതിനും വരെ സര്‍വീസ് ചാര്‍ജ് ഈടാക്കാനാണ് തീരുമാനം. കോടിക്കണക്കിന് മനുഷ്യര്‍ക്ക് ആശ്രയമായിരുന്ന എസ്ബിഐയില്‍ എന്താണ് സംഭവിക്കുന്നത്? ഇത് സംബന്ധിച്ച് അഴിമുഖം ഒരാഴ്ച മുമ്പ് പ്രസിദ്ധീകരിച്ച ലേഖനം പുതിയ സംഭവവികാസങ്ങളുടെ പാശ്ചാത്തലത്തില്‍ ഞങ്ങള്‍ പുന:പ്രസിദ്ധീകരിക്കുന്നു]. 

പഴയ കാർ ലോൺ അടച്ചുകഴിഞ്ഞപ്പോൾ രാജ്യത്തെ ഏറ്റവും വലിയ ബാങ്കുമായി യാതൊരു ബന്ധവുമില്ലാതെയായി. എന്നാൽ ചുമ്മാ ഒരു എസ് ബി അകൗണ്ട് തുടങ്ങാം എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ടൈംലൈനിൽ എസ് ബി ഐ വധം കഥകളി തുടങ്ങിയത്. കഥ കടുപ്പം തന്നെ. ഇക്കണക്കിനുപോയാൽ ബ്രാഞ്ചിനു മുന്‍പിലൂടെ പോയാൽ ഫീ വാങ്ങുന്ന കാലം വരും എന്ന ഭയമുണ്ട്. എസ് ബി ഐ ഒരു ബി എസ് എൻ എൽ ആകുന്നോ എന്നൊരു പൊളിറ്റിക്കൽ പേടി വേറെയും.

എന്താണിപ്പോൾ എസ് ബി ഐക്ക് ഇങ്ങനെ തോന്നാൻ? എന്റെ അനുഭവത്തിൽ സേവനത്തിലും സൗകര്യങ്ങളിലും എസ് ബി ഐ കഴിഞ്ഞേ ബാങ്കുള്ളൂ. അപ്പോൾ ആ ബാങ്ക് ഇത്തരം ഹരാകിരി നടത്താൻ എന്താണ് കാരണം?

കഴിഞ്ഞ സാമ്പത്തിക വർഷത്തെ ( 2015-16 ) എസ് ബി ഐയുടെ ബാലൻസ് ഷീറ്റെടുക്കുക. ഒറ്റ നോട്ടത്തിൽ ഒരു കാര്യം മനസിലാകും. നിഷ്ക്രിയ ആസ്തി ഭീകരമായി വർദ്ധിച്ചു. അതിനുവേണ്ടി ബാങ്ക് മാറ്റിവയ്ക്കുന്ന പണം (പ്രൊവിഷനിങ്) വൻതോതിൽ കൂടി. ലാഭം വൻതോതിൽ ഇടിഞ്ഞു. പലിശയിനത്തിലെ വരവ് വർദ്ധനവ് നാമമാത്രം.

(നിഷ്ക്രിയ ആസ്തി: 3.81 ശതമാനം. അതിനു മുൻപത്തെ വർഷം: 2.12 ശതമാനം. കിട്ടാക്കടത്തിന്റെ പേരിൽ മാറ്റിവയ്ക്കുന്ന തുക 26,984 കോടി രൂപ. അതിനു മുൻപുള്ള വർഷം 17,908 കോടി രൂപ. ലാഭം 13,102 കോടി ഉണ്ടായിരുന്നത് 9,951 കോടിയായി കുറഞ്ഞു).

ഇതെന്തുപറ്റി?

ഇന്ത്യൻ ബാങ്കിംങ് രംഗത്തെ സൂക്ഷിച്ചുനോക്കുന്നവർ പറയും, അടുത്തകാലത്ത് ബാങ്കുകളുടെ നിഷ്ക്രിയ ആസ്തിയുടെ കാര്യത്തിൽ അസാധാരണമായ മാറ്റം വന്നു തുടങ്ങുന്നത് 2013 മുതലാണ് എന്ന്. അതെന്താണ് ആ വർഷത്തിന്റെ പ്രത്യേകത? അന്ന് ഇന്ത്യൻ സമ്പദ്ഘടനയിൽ വല്ല മലവെള്ളപ്പാച്ചിലും ഉണ്ടായി ബാങ്കുകളുടെ ആസ്തിയെല്ലാം ഒലിച്ചുപോയോ?

ഒന്നുമുണ്ടായില്ല. രഘുറാം രാജൻ എന്നൊരു മനുഷ്യൻ റിസർവ്വ് ബാങ്ക് ഗവർണറായി വന്നു. 2008-ലെ അമേരിക്കൻ സബ്പ്രൈം പ്രതിസന്ധിയും തകർച്ചയും മുൻകൂട്ടി കാണാൻമാത്രം ഈ രംഗത്തെക്കുറിച്ച് ധാരണയുള്ള രാജന് നമ്മുടെ ബാങ്കുകളുടെ ചില തരികിട പരിപാടികൾ മനസിലാക്കാൻ ബുദ്ധിമുട്ടുള്ള കാര്യമല്ല.

അതെന്തൊക്കെയാണ് ഈ തരികിട പരിപാടികൾ? നമുക്ക് അറിയാവുന്നതൊക്കെ തന്നെ. ലാഭനഷ്ടക്കണക്കുകളിലും ബാലൻസ് ഷീറ്റുകളിലും ബാങ്കുകളും വ്യവസായികളും ചേർന്ന് നടത്തുന്ന നടത്തുന്ന സൂത്രപ്പണി. മൂന്നുമാസത്തിൽ കൂടുതൽ തിരിച്ചടവ് മുടങ്ങിയാൽ ഒരു വായ്പ നിഷ്ക്രിയ ആസ്തിയുടെ ഗണത്തിൽ വരും. (ബാങ്കുകൾക്ക് വായ്പകൾ ആസ്തികളും നിക്ഷേപങ്ങൾ ബാധ്യതയുമാണ്. അതാണ് നമ്മളും ബാങ്കുകളും തമ്മിലുള്ള വ്യത്യാസം. നമ്മൾ ബാധ്യത എങ്ങനെയെങ്കിലും ഒഴിവാക്കാൻ നോക്കും; ബാങ്കുകള്‍ എന്നാൽ ബാധ്യതയൊഴിവാക്കാൻ ഒരു താത്പ്പര്യവുമില്ല താനും!) യാഥാർത്ഥത്തിൽ നൂറു കോടി രൂപ വേണ്ട പ്രോജക്ടിന് 200 കോടി രൂപയുടെ പ്രോജക്ട് റിപ്പോർട്ടുണ്ടാക്കും. എന്നിട്ടു 150 കോടി രൂപ വായ്പ സംഘടിപ്പിക്കും. ബാങ്കിന്റെ പണം കൊണ്ട് എന്തെങ്കിലും കാട്ടിക്കൂട്ടി ബാക്കി പണം ‘വ്യവസായികൾ’ മുണുങ്ങും.

അപ്പോൾ എങ്ങനെ തിരിച്ചടയ്ക്കും? വായ്പ കിട്ടാക്കടമായി മാറില്ലേ? നിഷ്ക്രിയ ആസ്തിപ്പട്ടിക വലുതാവില്ലേ? ഇല്ല. അതാണ് സൂത്രപ്പണി. ഒന്നുകിൽ പുതുതായി ഒരു വായ്പ കൊടുക്കും. അല്ലെങ്കിൽ ഇതേ ആൾ തുടങ്ങുന്ന മറ്റൊരു കമ്പനിക്ക് ഇതുപോലൊരു വായ്പ കൊടുക്കും. അതുവച്ച് ആദ്യത്തെ വായ്പയുടെ കുറേഭാഗം അടച്ചു നിഷ്ക്രിയ ആസ്തിപ്പട്ടികയിൽ നിന്നും ഊരിയെടുക്കും. ഈ കലാപരിപാടിക്ക് വിൻഡോ ഡ്രസ്സിങ് എന്ന് പേർ. അങ്ങിനെ ബാങ്കിന്റെ ബാലൻസ് ഷീറ്റ്/കിട്ടാക്കടത്തിന്റെ രൂപം നിത്യഹരിതമാക്കി വയ്ക്കുന്നതിന് എവർ ഗ്രീനിങ് എന്നും.

(ഇത് പുതിയ കാര്യമല്ല, വളരെക്കാലമായി നടന്നുകൊണ്ടിരിക്കുകയാണ്. പക്ഷെ ഇത് മണിചെയിൻ പോലെ എവിടെയെങ്കിലും വച്ച് പൊട്ടണമല്ലോ. ചില ബാങ്കുകൾ നേരത്തെ പൂട്ടലിന്റെ വക്കുവരെയെത്തിയിരുന്നു. ഉദാഹരണത്തിന് ചെന്നൈ ആസ്ഥാനമായ ഇന്ത്യൻ ബാങ്ക്. നാല്പതു ശതമാനം വരെ പോയി ബാങ്കിന്റെ നിഷ്ക്രിയ ആസ്തി 1999-ൽ. ലോകത്തിലെ കൊള്ളാവുന്ന ബാങ്കുകളിൽ അത് ഒന്നും ഒന്നരയും ശതമാനമാണ്. കേന്ദ്ര സർക്കാർ പ്രത്യേക ശ്രദ്ധ കൊടുത്ത് 1700 കോടിയോ മറ്റോ കൊടുത്ത്, കൊള്ളാവുന്ന ഒരു ചെയർമാനെ വച്ച് ആ ബാങ്കിനെ രക്ഷിച്ചെടുത്തു. (ആ ചെയർമാന്റെ പേര് രഞ്ജന കുമാർ. അവര്‍ പിന്നീട് കേന്ദ്ര വിജിലൻസ് കമ്മീഷണറായി. ബാങ്ക് ശരിയാക്കിയെടുത്ത കഥ ഒരു പുസ്തകമായി എഴുതിയിട്ടുണ്ട്).

രഞ്ജന കുമാര്‍

വിൻഡോ ഡ്രസിങും എവർഗ്രീനിംഗും പരിധി കടക്കുന്നു എന്ന് മനസിലാക്കിയപ്പോൾ ഉത്തരവാദിത്തമുള്ള ഒരു സെൻട്രൽ ബാങ്കർ ചെയ്യുന്ന പണി രഘുറാം രാജനും ചെയ്തു: വിൻഡോ ഡ്രസിങ് തടയാനുള്ള ശ്രമം തുടങ്ങിവച്ചു. നിഷ്ക്രിയ ആസ്തിയുള്ള കമ്പനിയുടെ പ്രൊപ്രൈറ്റർ/മേജർ ഷെയർഹോൾഡർ മറ്റൊരു കമ്പനി രൂപീകരിച്ചാൽ ലോൺ കിട്ടില്ലെന്ന ഒരു സിംപിൾ തത്വം അദ്ദേഹം ബാങ്കുകളെ അംഗീകരിപ്പിച്ചു. അപ്പോൾ തരികിട നടക്കാതായി.

ഒരു കാര്യം കൂടി അദ്ദേഹം ചെയ്തു. സാധാരണ ബാങ്ക് അക്കൌണ്ടുകളിൽ ആർ ബി ഐ വാർഷിക പരിശോധന നടത്താറുണ്ട്. ഒരു ചെറിയ എണ്ണം വായ്പാ അക്കൌണ്ടുകൾ പരിശോധിച്ച് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന പരിശോധനയാണ് അത്. അതുപോര എന്നും കൂടുതൽ വായ്പകളുടെ ഗുണനിലവാരം അളക്കണം എന്നൊരു നയം അദ്ദേഹം നടപ്പാക്കി. (അതിനു പേർ അസറ്റ് ക്വാളിറ്റി റിവ്യൂ. അത് നടന്നത് 2015-16 സാമ്പത്തിക വർഷത്തെ അവസാന രണ്ടു പാദങ്ങളിൽ). അതുകൊണ്ടെന്തായി? ഇന്ത്യൻ ബാങ്കുകളിലെ മോശം ലോണുകളുടെ അളവ് ആ സാമ്പത്തിക വര്‍ഷം 80 ശതമാനത്തോളം കൂടി എന്നാണ് കണക്ക്. (സ്റ്റേറ്റ് ബാങ്കിന്റെ 71 ശതമാനം വായ്പകളുടെയും ഗുണനിലവാരം മോശമാണ് എന്ന് എവിടെയോ വായിച്ചതായി ഓർമ്മ)

ഇതൊക്കെ സ്റ്റേറ്റ് ബാങ്കിൽ നടക്കുമോ എന്ന് നമ്മൾ ചിലപ്പോൾ അത്ഭുതം കൂറും. ഇതിലപ്പുറം നടന്നിട്ടുണ്ട്. ഒരിത്തിരി പിന്നോട്ട് പോകുക. 2012-13 വർഷത്തെ എസ് ബി ഐ യുടെ വാർഷിക ഫലം വന്നു: ഗംഭീര ലാഭം (14,105 കോടി രൂപ). ഇതുവരെയുള്ള റിക്കോർഡാണ്‌. ഉഗ്രൻ പ്രകടനം എന്ന് ചെയർമാൻ പ്രദിപ് ചൗധരി സ്വയം തോളത്തുതട്ടി അഭിനന്ദിച്ചു. അടുത്ത വർഷത്തെ ബാലൻസ് ഷീറ്റ് കണ്ടപ്പോൾ ആളുകൾ ഞെട്ടി (അറിയാവുന്നവർ ഞെട്ടിയില്ല). ലാഭം കുത്തനെയിടിഞ്ഞു: മുപ്പതു ശതമാനം കുറവ് (10,891 കോടി). അതിനു മുൻപുള്ള രണ്ടു വർഷങ്ങളിൽ മുപ്പതും നാല്പതും ശതമാനം ലാഭ വളർച്ച നേടിയിരുന്ന ബാങ്കിന് ചെയർമാൻ മാറിയപ്പോൾ ലാഭത്തിൽ മുപ്പതു ശതമാനത്തോളം ഇടിവ്! അതിനു പ്രത്യേകിച്ച് കാരണമൊന്നുമില്ല, ആകെ സംഭവിച്ചത് ചെയർമാൻ ചൗധുരി റിട്ടയർ ചെയ്തു, പുതുതായി അരുന്ധതി ഭട്ടാചാര്യ എന്നൊരാൾ വന്നു. അവർ പഴയ കണക്കൊക്കെ നോക്കി കിട്ടാക്കടത്തിനുള്ള പണം മാറ്റിവച്ചു; 10,891 കോടിയിൽനിന്ന് 15,935 കോടി. ഏകദേശം ഒരു അയ്യായിരം കോടി രൂപയുടെ കൂടുതൽ; ലാഭം കട്ടപ്പ).

രഘുറാം രാജന്റെ അഭിപ്രായത്തിൽ സർജറി നടക്കേണ്ടിടത്ത് ബാൻഡ്- എയ്‌ഡ്‌ ഒട്ടിച്ചു നടക്കുകയായിരുന്നു ബാങ്കുകൾ കുറേക്കാലമായി. അതുമാറ്റി അദ്ദേഹം ഒരു ഡീപ് സർജറിക്കു തുടക്കമിട്ടു. ഫലം: വിൻഡോ ഡ്രസിങ് നടക്കാതായി; എൻ പി എ കൂടി. പ്രൊവിഷനിങ്ങിനു കൂടുതലായി പണം മാറ്റിവയ്ക്കേണ്ടി വന്നു.

രഘുറാം രാജന്‍, അരുന്ധതി ഭട്ടാചാര്യ

അപ്പോൾ പിന്നെ എങ്ങനെ ബാങ്ക് ഓടിച്ചുകൊണ്ടു പോകും? നിക്ഷേപം വാങ്ങി, അതിനു പലിശ കൊടുത്ത്, ആ പണം കടം കൊടുത്ത് പലിശവാങ്ങി അതിനുള്ള വ്യത്യാസമാണ് ബാങ്കുകളുടെ പ്രധാന വരുമാന മാർഗ്ഗം. കടം കൊടുക്കുന്നത് കിട്ടാക്കടമായി മാറിയാൽ പലിശയ്ക്ക് എന്ത് സംഭവിക്കും?

ബാങ്കിന്റെ പലിശയിനത്തിലുള്ള വരുമാനം നോക്കുക:

2012-13: 44291 കോടി
2013-14: 49282 കോടി
2014-15: 55015 കോടി
2015-16: 56882 കോടി

അതായത് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കൂടിക്കിക്കൊണ്ടിരുന്ന പലിശയിനത്തിൽ കിട്ടിയ വരുമാന വർദ്ധനവ് –ശരാശരി പത്തു ശതമാനമോ കൂടുതലോ–കഴിഞ്ഞവർഷം എൻ പി എ കൂടിയപ്പോൾ നാമമാത്രമായി മാറി.

പിന്നെന്തുണ്ട് മാർഗ്ഗം? ബാങ്ക് നൽകുന്ന സേവനങ്ങൾക്ക് കിട്ടുന്ന ഫീസ് കൂട്ടുക. അതാണ് പണ്ട് സൗജന്യമായി ചെയ്തുകിട്ടിയിരുന്ന പല സേവനങ്ങൾക്കും ഇപ്പോൾ കൊല്ലുന്ന ഫീസ് ബാങ്ക് ഈടാക്കുന്നത്.

അതായത് മുതലാളിമാർ അടിച്ചുമാറ്റിക്കൊണ്ടുപോയ പണം ചെറിയ സേവനങ്ങൾക്കായി ബാങ്കിൽ ചെല്ലുന്ന നമ്മളോട് വാങ്ങുന്നു.

അപ്പോളിനി സ്റ്റേറ്റ് ബാങ്കിന്റെ മുൻപിലൂടെ പോണോ വേണ്ടയോ?

ഡിസ്‌ക്ലൈമര്‍ 1. ഇത് ഒരു നടയ്ക്കു പോകില്ല. ചെറുകിട ആളുകളെ ആട്ടിപ്പായിച്ച്, ബാങ്കിന്റെ ജീവനക്കാരുടെ എണ്ണം കുറച്ച് ലാഭം കൂട്ടാനുള്ള ശ്രമമായും ആളുകൾ പറയുന്നു. മാത്രമല്ല, സർജറി കഴിഞ്ഞപ്പോൾ എസ് ബി ഐ മാത്രമല്ല പ്രതി. അതിനെക്കുറിച്ച് പറഞ്ഞു വീണ്ടും വരാം.

ഡിസ്‌ക്ലൈമര്‍ 2 . കുറേക്കാലമായി ഫോളോ ചെയ്യുന്ന കാര്യം ഇപ്പോൾ എഴുതിയെന്നേയുള്ളൂ. കുറച്ചു ലിങ്കുകൾ കമന്റിൽ കൊടുത്തിട്ടുണ്ട്. അത് പറഞ്ഞ കാര്യങ്ങളുടെ ആധികാരികത ഉറപ്പുവരുത്താൻ ഗൂഗിളിൽ തപ്പി എടുത്തിട്ടതാണ്.

  1. http://www.thehindu.com/…/Asset…/article14494282.ece
  2. https://www.sbi.co.in/…/SBI%20Annual%20Report-2015-16.pdf
    (SBI balance sheet: Page 14)

(കെ.ജെ ജേക്കബ് ഫേസ്ബുക്കില്‍ എഴുതിയത്)

കെജെ ജേക്കബ്

കെജെ ജേക്കബ്

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Me:Add me on Facebook

Leave a Reply

Your email address will not be published. Required fields are marked *

×