കൊച്ചിയില്‍ മൂന്ന് ആഴ്ചകള്‍ പിന്നിട്ട് വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍

ചിത്രത്തിന്റെ ട്രെയിലറിന് ഗോള്‍ഡന്‍ ട്രെയിലര്‍ അവാര്‍ഡ് ലഭിച്ചിരുന്നു

പോള്‍ തോമസ് ആന്‍ഡേഴ്സന്റെ പുതിയ ചിത്രമായ ‘വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍’ മൂന്ന് ആഴ്ചകള്‍ പിന്നിട്ട് ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം പ്രദര്‍ശനം തുടരുകയാണ്. ലിയോനാര്‍ഡോ ഡികാപ്രിയോ, ഷോണ്‍ പെന്‍, റെജീന ഹാള്‍, ബെനിസിയോ ഡെല്‍ ടോറോ, ടെയാന ടെയ്ലര്‍, ചേസ് ഇന്‍ഫിനിറ്റി എന്നിവര്‍ അഭിനയിച്ച ഈ ചിത്രം ഇതിനകം തന്നെ പി ടി എ യുടെ സിനിമകളില്‍ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടിയ ചിത്രമായി മാറിയിരിക്കുന്നു. ചിത്രത്തിന്റെ ആഗോള ബോക്സ് ഓഫീസ് ഇപ്പോഴും ബ്രേക്ക്-ഈവന്‍ ആയിട്ടില്ലെങ്കിലും, ആഗോള തലത്തില്‍ ചിത്രം $142.5 മില്യണിന് മുകളില്‍ കളക്ഷന്‍ നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പി ടി എ യുടെ മുന്‍കാല ചിത്രങ്ങളായ ദി മാസ്റ്റര്‍, ദെയര്‍ വില്‍ ബി ബ്ലഡ്, ഫാന്റം ത്രെഡ്, ഇന്‍ഹെറാന്റ് വൈസ്, മഗ്‌നോലിയ തുടങ്ങി ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി കലാമൂല്യത്തോടൊപ്പം സാധാരണ പ്രേക്ഷകരുടെ കൂടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ് അദ്ദേഹത്തിന്റെ പത്താമത്തെ ചിത്രമായ വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍.

ഒരു കോളേജ് അദ്ധ്യാപികയായ ഞാന്‍ എന്റെ വിദ്യാര്‍ത്ഥികളുമായി നടത്തിയ സിനിമാ ചര്‍ച്ചയിലാണ് മൂന്ന് ആഴ്ചകള്‍ക്ക് ശേഷവും ചിത്രം ഇപ്പോഴും ഇന്ത്യയില്‍ പ്രദര്‍ശനം തുടരുന്നതെന്തുകൊണ്ടാകാം എന്ന ചിന്തയുണ്ടായത്. ആഗോളതലത്തിലാണെങ്കിലും മറ്റ് പി ടി എ സിനിമകള്‍ക്ക് ലഭിച്ചതിലും ഉയര്‍ന്ന കളക്ഷനും സാധാരണ പ്രേക്ഷരില്‍ നിന്നുപോലുമുള്ള സ്വീകാര്യതയും ഈ ചിത്രത്തിന് കിട്ടുന്നതെന്തുകൊണ്ടാണ് എന്ന് പരിശോധിച്ചപ്പോള്‍ ഒരേ സ്വരത്തില്‍ കേട്ടത് ഡികാപ്രിയോ എന്ന പേരാണ്. ഒരുപോലെ മികച്ച നടനും താരവുമായ ലിയോനാര്‍ഡോ ഡികാപ്രിയോയുടെ സാന്നിധ്യം സാധാരണയായി പി ടി എ ചിത്രങ്ങള്‍ തിരഞ്ഞെടുക്കാത്ത പ്രേക്ഷകരെപ്പോലും ചിത്രത്തിലേക്ക് ആകര്‍ഷിച്ചിട്ടുണ്ട് എന്ന് പറയാം. ലോകം മുഴുവന്‍ ആരാധകരുള്ള മികച്ച നടന്‍ കൂടെയായ ഒരു താരം ആദ്യമായി പി ടി എ ചിത്രത്തിലഭിനയിക്കുമ്പോള്‍, രണ്ട് പ്രതിഭകള്‍ കൂടിച്ചേരുമ്പോള്‍ എന്ത് സംഭവിക്കുമെന്നറിയാനുള്ള പ്രേക്ഷകരുടെ ആഗ്രഹവും ചിത്രത്തിന്റെ പ്രചാരത്തിന് കാരണമായിട്ടുണ്ടെന്നുള്ള അഭിപ്രായങ്ങള്‍ ഉണ്ടായി. അമ്മയില്ലാത്ത കൈക്കുഞ്ഞുമായി നാട് വിട്ടുപോകുന്ന, പിന്നീട് വിപ്ലവവും പ്രസ്ഥാനവും വെടിഞ്ഞു മറ്റൊരു നാട്ടില്‍ മറ്റൊരു മേല്‍വിലാസത്തില്‍ ജീവിക്കുന്ന, താനതുവരെ പിന്തുടര്‍ന്ന പ്രസ്ഥാനത്തിന്റെ ഭാഗമായ കോഡ് വാക്കുകള്‍ പോലും കാലാന്തരത്തില്‍ മറന്നുപോകുന്ന, കഴിഞ്ഞകാലം വേട്ടയാടുന്ന ക്ഷീണിതനായ ഒരു വിപ്ലവകാരിയായ നായകനായി ലിയോനാര്‍ഡോ ഡികാപ്രിയോ എന്നത്തേയും പോലെ ഈ ചിത്രത്തിലും പ്രേക്ഷകരെ സംതൃപ്തിപ്പെടുത്തിയിട്ടുണ്ട്.

വലിയ സ്‌കെയിലില്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രം എന്നതും പി ടി എ യുടെ മറ്റ് ചിത്രങ്ങളേക്കാള്‍ ഈ ചിത്രം കളക്ഷനില്‍ മുന്നിലെത്തിയതിന് കാരണമാകാം. പി ടി എ യുടെ സിനിമാറ്റിക് വ്യാകരണ രീതികള്‍ പ്രത്യേകിച്ച് ലോംഗ് ടേക്കുകള്‍, നാച്ചുറല്‍ ലൈറ്റിംഗ്, ഓര്‍ക്കസ്ട്രല്‍ സൗണ്ട്‌സ്‌കേപ്പുകള്‍, ഇതെല്ലാം പതിവ് പോലെ ഈ ചിത്രത്തിലും തുടരുന്നുണ്ട് എങ്കിലും തന്റെ സിഗ്‌നേച്ചര്‍ ഡെപ്ത് നഷ്ടപ്പെടുത്താതെ അദ്ദേഹം ഇത്തവണ ആക്ഷന് പ്രാധാന്യം കൊടുത്തിട്ടുണ്ട്. പ്രത്യേകിച്ച് ക്ലൈമാക്‌സില്‍ വരുന്ന ടെക്‌സസ് ഡിപില്‍ ചിത്രീകരിച്ച റിവര്‍ റോഡ് സീനുകള്‍ അതിഗംഭീരമായിരുന്നു. കൂടാതെ ഒരു ആക്ഷന്‍ ത്രില്ലര്‍ സിനിമയുടെ ചടുലത നിറഞ്ഞുനില്‍ക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ മുന്‍പേ പ്രേക്ഷകപ്രീതി നേടിയെടുത്തതും ചിത്രത്തിന് തിയേറ്ററില്‍ കൂടുതല്‍ സ്വീകാര്യത നല്‍കിയിട്ടുണ്ട് എന്ന് പറയാം. ചിത്രത്തിന്റെ ട്രെയിലറിന് ഗോള്‍ഡന്‍ ട്രെയിലര്‍ അവാര്‍ഡ് ലഭിച്ചിരുന്നു.

ആഗോള തലത്തിലെ വിജയത്തേക്കാള്‍ അതിശയിപ്പിക്കുന്നത് കൊച്ചി തിയേറ്ററുകളില്‍ മൂന്ന് ആഴ്ചയിലധികമായി വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍ന് പ്രേക്ഷകര്‍ ഉണ്ടെന്നതാണ്. അതും അക്ഷരാര്‍ത്ഥത്തില്‍ വാണിജ്യ സിനിമകളായ ലോക കാന്താര രാവണപ്രഭു തുടങ്ങിയ സിനിമകള്‍ക്കൊപ്പം ഒരു പി ടി എ ചിത്രത്തിന് കൊച്ചിയിലെ തിയേറ്ററില്‍ ആളുകള്‍ നിറഞ്ഞിരിക്കുന്നത് കാണുമ്പോള്‍ ഒരു സിനിമ ആസ്വാദക എന്ന നിലയില്‍ സന്തോഷം തോന്നുന്നു. ഫിലിം സൊസൈറ്റികള്‍, കോളേജ് സിനി ക്ലബ്ബുകള്‍, അന്താരാഷ്ട്ര ചലച്ചിത്ര ഉത്സവങ്ങള്‍ എന്നിവയാല്‍ പരിപോഷിപ്പിക്കപ്പെട്ട നമ്മുടെ ചലച്ചിത്ര സംസ്‌കാരം പോള്‍ തോമസ് ആന്‍ഡേഴ്സനെപ്പോലുള്ള സംവിധായകരെ ഇഷ്ടപ്പെടുന്ന പ്രേക്ഷകരെ ഇവിടെ സൃഷ്ടിച്ചിട്ടുണ്ട് എന്ന് ഇതില്‍ നിന്നും മനസിലാക്കാം. ഹോളിവുഡിന്റെ പതിവ് വാണിജ്യ മാതൃകകളെ പൂര്‍ണമായും തള്ളിക്കളഞ്ഞുകൊണ്ട് കഥാപാത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള കഥപറച്ചിലും അസാധാരണമായ ആഖ്യാന ശൈലിയിലും പിന്തുടരുന്ന പി ടി എ സിനിഫയല്‍സിന് മാത്രമല്ല സിനിമ ആസ്വാദകര്‍ക്കെല്ലാം പ്രിയപ്പെട്ടവനാകുന്നത് വ്യത്യസ്തമായ ഒരു സിനിമാ സംസ്‌കാരം ഇവിടെ നിലനില്‍ക്കുന്നത് കൊണ്ടാണ്.

കൂടാതെ കലാപം, വിപ്ലവം, ധാര്‍മ്മിക സംഘര്‍ഷം, നിരാശ തുടങ്ങി ചിത്രം പങ്കുവെക്കുന്ന ആശയങ്ങള്‍ ലോക സിനിമയുമായും സാഹിത്യവുമായും വളരെക്കാലമായി ഇണങ്ങിച്ചേര്‍ന്ന കേരള പ്രേക്ഷകരുടെ സാമൂഹിക-രാഷ്ട്രീയ ബോധത്തെ പ്രതിധ്വനിപ്പിക്കുന്നതാണ് എന്നതും ആക്ഷന്‍ ത്രില്ലെര്‍ ചിത്രങ്ങള്‍ക്ക് സാധാരണയായി ഇവിടെ കിട്ടുന്ന സ്വീകാര്യതയും പ്രേക്ഷകരെ വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍ കാണാന്‍ തീയേറ്ററിലേക്ക് എത്തിച്ച കാരണങ്ങള്‍ ആകാം. ഈ മാസം 20 വരെ ചിത്രത്തിന് കൊച്ചിയില്‍ ബുക്കിംഗ് കാണിക്കുന്നുണ്ട്.

വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറിന്റെ വിജയം വെറും ബോക്‌സ് ഓഫീസ് കണക്കുകളില്‍ ഒതുങ്ങുന്നതല്ല. ഒരു ചലച്ചിത്രകാരന്‍ അയാളുടെ ക്രാഫ്റ്റിനെ പുതിയ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെയും സിനിമയുടെ സങ്കീര്‍ണ്ണത സ്വീകരിക്കത്തക്ക രീതിയില്‍ സിനിമ സാക്ഷരത നേടിയ പ്രേക്ഷകരുടെ വര്‍ദ്ധനവിന്റെയും കൂടെ വശങ്ങള്‍ പരിശോധിക്കുമ്പോഴാണ് ആ വിജയം യഥാര്‍ത്ഥത്തില്‍ നിര്‍ണയിക്കപ്പെടുന്നത്. റീലുകളുടെ ഈ കാലഘട്ടത്തില്‍, നമ്മുടെ ബുദ്ധിയെ വെല്ലുവിളിക്കുന്ന, ആക്ഷേപഹാസ്യത്തിലൂന്നിയ ആഖ്യാനരീതിയിലൂടെ ഒരേ സമയം വ്യത്യസ്ത അര്‍ത്ഥതലങ്ങളില്‍ നിന്നുകൊണ്ട് സംവദിക്കുന്ന കലാമൂല്യമുള്ള സിനിമയ്ക്കും ഇവിടെ ഇടമുണ്ടെന്ന് തെളിയിക്കുകയാണ് വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍.

Content Summary: ‘One Battle After Another’ crosses three weeks in Kochi

സംഗീത സുബ്രമണ്യൻ

കോളേജ് അദ്ധ്യാപിക. ഫിലിം സ്റ്റഡീസിൽ ഗവേഷണം ചെയ്യുന്നു

More Posts

This post was last modified on October 18, 2025 3:59 pm

സംഗീത സുബ്രമണ്യൻ: കോളേജ് അദ്ധ്യാപിക. ഫിലിം സ്റ്റഡീസിൽ ഗവേഷണം ചെയ്യുന്നു
Related Post
Leave a Comment