UPDATES

ബ്ലോഗ്

ലിയണാര്‍ഡോ ഡികാപ്രിയോ ഇന്നിന്റെ പോരാളി

തനിക്ക് സംസാരിക്കാന്‍ കിട്ടുന്ന വേദികളിലെല്ലാം ഡികാപ്രിയോ തുടര്‍ച്ചയായി പറഞ്ഞുകൊണ്ടിരിക്കുന്നത് കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചാണ്

                       

‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്’ എന്ന ചിത്രം തിയേറ്റുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഓഗസ്റ്റ് 16 ന് റിലീസ് ചെയ്ത ചിത്രം കളക്ഷന്‍ നേട്ടത്തില്‍ റെക്കോര്‍ഡ് ഇട്ടു കഴിഞ്ഞു. എന്നാല്‍ ആ സിനിമയിലെ നായകന്‍ മറ്റൊരു കാര്യത്തിലാണ് ശ്രദ്ധ കൊടുത്തിരിക്കുന്നത്. സിനിമയുടെ പ്രമോഷന്‍ പരിപാടികളിലോ വിജയാഹ്ലാദങ്ങളിലോ പങ്കെടുക്കാന്‍ നില്‍ക്കാതെ, ആ സൂപ്പര്‍ താരം ലോകത്തിനോട് സംസാരിക്കുന്നതും പ്രതിഷേധിക്കുന്നതും ആമസോണ്‍ മഴക്കാടുകള്‍ക്ക് വേണ്ടിയാണ്. കത്തിയെരിഞ്ഞുകൊണ്ടിരിക്കുന്ന ഭൂമിയുടെ ശ്വാസകോശം സംരക്ഷിക്കാന്‍ നാമെല്ലാവരും ഒരുപോലെ കൈകോര്‍ക്കണമെന്നയാള്‍ പറഞ്ഞുകൊണ്ടിരിക്കുന്നൂ. നാല് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം റിലീസ് ആയ തന്റെ സിനിമയെക്കാള്‍, അതിന്റെ വിജയത്തേക്കാള്‍ ഈ ഭൂമിയും പ്രകൃതിയും പ്രധാനപ്പെട്ടതായ ആ താരം ലിയണാര്‍ഡോ ഡികാപ്രിയോ ആണ്.

2016 ഫെബ്രുവരി 29, ദി റെവനന്റിലൂടെ ലിയണാര്‍ഡോ ഡി ക്രാപിയോ തന്റെ ആദ്യത്തെ ഓസ്‌കര്‍ അവാര്‍ഡ് സ്വന്തമാക്കിയ ദിവസം. ലോസ് ഏയ്ഞ്ചല്‍സിലെ ഡോള്‍ബി തിയേറ്ററില്‍, ജോര്‍ജ് സ്റ്റാന്‍ലി കൊത്തിയുണ്ടാക്കിയ പുരസ്‌കാര ശില്‍പം ഏറ്റു വാങ്ങുമ്പോള്‍, കഴിഞ്ഞ മൂന്നു തവണയായി കൈയകലത്തില്‍ നഷ്ടപ്പെട്ട ഒന്നിനെ ഇരുകൈകളിലും ഉയര്‍ത്തിപ്പിടിച്ച് അമിതാഹ്ലാദം കാണിച്ചില്ല ഡിക്രാപിയോ. ദശലക്ഷക്കണക്കിന് ആളുകള്‍ ശ്രദ്ധിക്കുന്ന ഈ വേദിയില്‍ നിന്നുകൊണ്ട് സിനിമയെ കുറിച്ചു മാത്രമല്ല, ലോകം നേരിടുന്ന കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് സംസാരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നായിരുന്നു കാപ്രിയോ പറഞ്ഞത്. ഭൂമിയിലെ സകലജീവജാലങ്ങള്‍ക്കും ദീര്‍ഘാരോഗ്യവും ക്ഷേമവും ആശംസിച്ചുകൊണ്ട് അയാള്‍ വാചാലനായത് പ്രകൃതിയെക്കുറിച്ചായിരുന്നു. കാലാവസ്ഥ വ്യതിയാനം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ എത്ര ഭീകരമായിരിക്കുമെന്ന മുന്നറിയിപ്പുകള്‍ മനസിലാക്കി അയാള്‍ നടത്തിവരുന്ന പരിസ്ഥിതി പ്രവര്‍ത്തനങ്ങളും ‘ലിയണാര്‍ഡോ ഡികാപ്രിയോ ഫൗണ്ടേഷനും’ അതിനു മുന്നേ ഐക്യരാഷ്ട്ര സഭയുടെ വരെ അംഗീകാരം നേടിയിരുന്നതുകൊണ്ട് ഓസ്‌കര്‍ വേദിയില്‍ നിന്നും ഡിക്രാപിയോ പറഞ്ഞ ഓരോ വാക്കിനും ലോകം കാതോര്‍ത്തു. മാനവരാശി ഇതുവരെ കാണാത്തയത്ര ഭീകരമായി നിലനില്‍പ്പിന്റെ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണെന്ന മുന്നറിയിപ്പ് കാപ്രിയോയുടെ വാക്കുകളില്‍ ഉണ്ടായിരുന്നു. ഈ വിഷയത്തില്‍ നമ്മള്‍ അടിയന്തിരമായി ഇടപെടേണ്ടിയിരിക്കുന്നുവെന്നയാള്‍ ഓര്‍മിപ്പിച്ചതും അതുകൊണ്ടാണ്. കാലാവസ്ഥ വ്യതിയാനത്തില്‍ വിശ്വസിക്കാത്തവര്‍ ആധുനിക ശാസ്ത്രത്തിലോ പ്രായോഗിക സത്യത്തിലോ വിശ്വാസിക്കാത്തവരാണെന്നും, അങ്ങനെയുള്ളവര്‍ നില്‍ക്കുന്നത് ചരിത്രത്തിന്റെ തെറ്റായ വശത്താണെന്നും കുറ്റപ്പെടുത്തിയതും മറ്റൊന്നുംകൊണ്ടായിരുന്നില്ല. മാനവസംസ്‌കാരത്തിന്റെ ഭാവിയെ കരുതുന്നവരെ മാത്രം നമ്മുടെ നേതാവായി തെരഞ്ഞെടുക്കണമെന്ന് ആഹ്വാനം ചെയ്യാന്‍ ഡികാപ്രിയോയെ പ്രേരിപ്പിച്ചതും കത്തിയമരുന്നൊരു ഭൂമിയെക്കുറിച്ചുള്ള ഭയം തന്നെയായിരുന്നു.

ലോകത്തിലെ മികച്ച അഭിനേതാക്കളുടെ ഗണത്തില്‍ ഡികാപ്രിയെക്കാള്‍ മികച്ചവര്‍ ഉണ്ടായിരിക്കാം. അയാളെക്കാള്‍ കൂടുതല്‍ ആരാധകരുള്ള മറ്റു താരങ്ങളും കാണാം. എന്നാല്‍ ഡികാപ്രിയോ വ്യത്യസ്തനാകുന്നത്, ഈ ലോകത്തെക്കുറിച്ചും അതിലെ സകലജീവജാലങ്ങളുടെയും നിലനില്‍പ്പിനെക്കറിച്ചും ആശങ്കപ്പെടുന്നുവെന്നിടത്താണ്. ഭൂമിയുടെ ശ്വാസകോശം എരിഞ്ഞടങ്ങുകയാണെന്നയാള്‍ ആമസോണ്‍ മഴക്കാടുകളിലെ അഗ്നിബാധയെക്കുറിച്ചോര്‍ത്ത് വേദനിക്കുന്നിടത്താണ്. നമുക്ക് ചെയ്യാനുള്ളത് എത്രയും വേഗം ചെയ്യൂ എന്നഭ്യര്‍ത്ഥിക്കുന്നിടത്താണ്. എന്തുകൊണ്ട് ലോകമാധ്യമങ്ങള്‍ക്ക് ഇതൊരു വാര്‍ത്തയേ ആകുന്നില്ലെന്നു പ്രകോപിതനാകുന്നിടത്താണ്.

തനിക്ക് സംസാരിക്കാന്‍ കിട്ടുന്ന വേദികളിലെല്ലാം ഡികാപ്രിയോ തുടര്‍ച്ചയായി പറഞ്ഞുകൊണ്ടിരിക്കുന്നത് കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചാണ്. ‘അതേ അതൊരു യാഥാര്‍ത്ഥ്യം തന്നെയാണ്, അതിപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്”; കാലാവസ്ഥ വ്യതിയാനം എന്ന ആശങ്കയില്‍ മനുഷ്യനെ മാത്രമല്ല, ഈ ഭൂമുഖത്തെ എല്ലാ ജീവജാലങ്ങളെയും അയാള്‍ ഉള്‍പ്പെടുത്തുന്നുണ്ട്. തന്റെ സെലിബ്രിറ്റി ഇമേജ് വ്യക്തിപരമായ സുഖലോലുപതയയ്ക്കു വേണ്ടിയല്ലാതെ, പരിസ്ഥിതി സംരക്ഷണത്തിന് ഉപയോഗിക്കാന്‍ തയ്യാറാകുന്നിടത്താണ് ലിയണാര്‍ഡോ ഡി കാപ്രിയോ പ്രിയപ്പെട്ടവനാകുന്നത്. തന്റെ പേരില്‍ സ്ഥാപിച്ച ഫൗണ്ടേഷന്‍ വഴി ലോകവ്യാപകമായി നടത്തിവരുന്ന പരിസ്ഥിതി സംരക്ഷണത്തിനായി 200 കോടിക്കു മുകളില്‍ തുക ചെലവഴിച്ചു കഴിഞ്ഞിരിക്കുന്നു അയാള്‍. പരിസ്ഥിതിക്കു വേണ്ടി ജനങ്ങള്‍ക്കൊപ്പം തെരുവില്‍ ഇറങ്ങി ശബ്ദമുയര്‍ത്താനും അയാള്‍ സന്നദ്ധനാണ്. 2004 ല്‍ നാല്‍പ്പതിനായിരിത്തോളം മനുഷ്യര്‍ക്കൊപ്പം മാന്‍ഹാട്ടന്‍ തെരുവിലൂടെ കാലാവസ്ഥ വ്യതിയാനത്തിന്റെ അപകടങ്ങള്‍ ഓര്‍മിപ്പിച്ചു കൊണ്ടു നടന്നു നീങ്ങിയ ഡികാപ്രിയോക്ക് ഒരു ഹോളിവുഡ് സൂപ്പര്‍ സ്റ്റാറിന്റെ ഭാവങ്ങളായിരുന്നില്ല ഉണ്ടായിരുന്നത്.

ഇന്നിപ്പോള്‍ ഡികാപ്രിയോ ലോകത്തോട് വീണ്ടും ആവശ്യപ്പെടുന്നത് ആമസോണ്‍ മഴക്കാടുകള്‍ക്കു വേണ്ടിയാണ്. നമ്മുടെ നിലനില്‍പ്പ് ഇല്ലാതാകും, നിങ്ങളീ അപകടം കാണുന്നില്ലെങ്കില്‍’ എന്നയാള്‍ വീണ്ടും അഭ്യര്‍ത്ഥിക്കുകയാണ്. സ്‌പേസ് റിസര്‍ച്ച് ഇന്‍ ബ്രസീല്‍ പറയുന്നതനുസരിച്ച് ഇന്നേവരെ 72,000 തീപിടുത്തങ്ങളാണ് ആമസോണ്‍ കാടുകള്‍ നേരിട്ടത്. അതില്‍ പേടിപ്പിക്കുന്നൊരു വസ്തുത, കഴിഞ്ഞ വര്‍ഷം മാത്രം 40,000 തവണയാണ് ആമസോണ്‍ കാടുകളില്‍ അഗ്നിബാധ ഉണ്ടായതെന്നതാണ്. 36 കോടി രൂപയാണ് തന്റെ ഫൗണ്ടേഷന്‍ വഴി തീയണയ്ക്കല്‍ പ്രക്രിയയ്ക്ക് സഹായമേകാന്‍ വേണ്ടി കാപ്രിയോ കൈമാറിയിരിക്കുന്നത്. ആമസോണ്‍ കാടുകള്‍ക്കുക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രാദേശിക സംഘങ്ങളെ സാമ്പത്തികമായി സഹായിക്കണമെന്ന് ഡികാപ്രിയോ ലോകത്തോട് ആവശ്യപ്പെടുകയാണ്. എര്‍ത്ത് അലൈന്‍സിന്റെ കീഴില്‍ ആമസോണ്‍ ഫോറസ്റ്റ് ഫണ്ട് രൂപീകരിച്ചിട്ടുണ്ട്. അതിലേക്ക് പണം അയക്കാനാണ് ആവിശ്യപ്പെടുന്നത്. ആമസോണ്‍ മഴക്കാടുകളുടെ നാശം അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ ആധിക്യം വര്‍ദ്ധിക്കുന്നതിനാണ് കാരണമാകുന്നത്. വര്‍ഷാവര്‍ഷം പുറന്തള്ളപ്പെടുന്ന ദശലക്ഷക്കണക്കിന് ടണ്‍ കാര്‍ബണ്‍ വലിച്ചെടുക്കുന്ന, കാലാവസ്ഥ വ്യതിയാനം അപകടകരമായി മാറുന്നതിനെ പ്രതിരോധിച്ചു നില്‍ക്കുന്ന ആമസോണ്‍ മഴക്കാടുകള്‍ നശിച്ചാല്‍, ഒപ്പം നശിക്കുന്നത് മനുഷ്യനും കൂടിയാണ്. ലിയണാര്‍ഡോ ഡികാപ്രിയോയെപോലുള്ളവര്‍ നമ്മളെ നിരന്തരം ഓര്‍മിപ്പിക്കുന്ന ഈ യാഥാര്‍ത്ഥ്യത്തെ ഇനിയും അവഗണിക്കാന്‍ കഴിയില്ല.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍