ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ബിജെപി അജണ്ട നടപ്പിലാക്കാനുള്ള വഴികളിലേക്ക് ഇറങ്ങിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ അധ്യക്ഷനാക്കി ഒരു ഉന്നതതല സമിതിയെ ഈ വിഷയം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിച്ചിരുന്നു. പ്രസ്തുത സമതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചുകൊണ്ടാണ്, തങ്ങളുടെ പ്രഖ്യാപിത അജണ്ടയുടെ സാക്ഷാത്കരത്തിനുള്ള നടപടികള്‍ മോദി ഭരണകൂടം തുടങ്ങിയിരിക്കുന്നത്. ശൈത്യകാല സമ്മേളനത്തില്‍ ഇതു സംബന്ധിച്ച ബില്‍ അവതരിപ്പിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. 2029 ല്‍ രാജ്യം ഒറ്റ തെരഞ്ഞെടുപ്പിനെ നേരിടട്ടേയെന്നാണ് രാംനാഥ് കോവിന്ദ് സമിതി റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. ഇതെത്രോളം പ്രായോഗികമാകും? കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം രാജ്യത്ത് നടപ്പിലാകുമോ? ഫെഡജറല്‍ സംവിധാനം തകരുമോ? തുടങ്ങി നിരവധി സംശയങ്ങളും ചോദ്യങ്ങളുമുണ്ട്. പ്രതിപക്ഷം ശക്തമായി തന്നെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ആശയത്തെ എതിര്‍ക്കുന്നുണ്ട്. ഈയൊരു സാഹചര്യത്തില്‍ ഈ വിഷയത്തിലെ പ്രായോഗികവശങ്ങള്‍ വിശദീകരിക്കുകയാണ് ലോക്‌സഭ മുന്‍ സെക്രട്ടറി ജനറല്‍ പിഡിടി ആചാരി.
സാമ്പത്തിക ചെലവ്
സാമ്പത്തിക ചെലവ് കുറയ്ക്കാം എന്നതില്‍ വ്യക്തമായൊരു അടിസ്ഥാനമില്ല. രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്തുന്നത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്. അതിനായി ബജറ്റില്‍ ഒരു തുക നീക്കി വയ്ക്കുന്നുണ്ട്. 15,000 കോടിക്ക് മുകളില്‍ ആ തുക പോകാന്‍ സാധ്യതയില്ല. സര്‍ക്കാരിന് വരുന്ന ചെലവ് എന്നു പറയുന്നത് ഇതാണ്. ബാക്കി വരുന്ന ചെലവ് രാഷ്ട്രീയ പാര്‍ട്ടികളുടെതാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ ചെലവാക്കുന്ന കണക്ക് കാണിച്ചു കൊണ്ട് തെരഞ്ഞെടുപ്പ് നടത്താന്‍ ഭീമമായ ചെലവ് ആണെന്നു പറയുന്നതില്‍ എന്താണര്‍ത്ഥം? പാര്‍ട്ടികള്‍ അവരുടെ ചെലവ് കുറയ്ക്കുമെന്നിരിക്കട്ടെ, ആ പണം അവരെന്ത് ചെയ്യും? നാട്ടില്‍ റോഡുകളും ആശുപത്രികളും പാലങ്ങളുമൊക്കെ കെട്ടാന്‍ ഉപയോഗിക്കുമോ? ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ ചെലവാക്കാനുള്ള പണം മാറ്റി വച്ച് നാട്ടില്‍ റോഡോ പാലമോ കെട്ടിയിട്ടില്ല. പിന്നെന്തിനാണ് തെരഞ്ഞെടുപ്പ് ചെലവ് എന്നു പറഞ്ഞ് സര്‍ക്കാര്‍ ആശങ്കപ്പെടുന്നത്?
ഒരു തെരഞ്ഞെടുപ്പ് നടത്താന്‍ ലക്ഷം കോടി രൂപയൊക്കെ വേണ്ടി വരുന്നുണ്ടെങ്കില്‍, അവര്‍ ഇപ്പോള്‍ പറയുന്ന സാമ്പത്തിക നഷ്ടത്തിന് അടിസ്ഥാനമുണ്ട്. അതൊരു ഭീമമായ തുകയാണ്. ഇവിടെ അതല്ല സ്ഥിതി. ഇന്ത്യ പോലൊരു രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്താന്‍ 15,000 കോടി രൂപ ചെലവാകുന്നു എന്നു പറഞ്ഞാല്‍, അതത്ര വലിയ തുകയല്ല. അപ്പോള്‍ സര്‍ക്കാര്‍ പറയുന്നതിലെ യുക്തി എന്താണ്?
ഫെഡറല്‍ സംവിധാനം
കേരളത്തില്‍ അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് 2026 ലാണ് നടക്കുന്നത്. 2029 പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരും. ഒറ്റ തെരഞ്ഞെടുപ്പാണ് വരുന്നതെങ്കില്‍, കേരള അസംബ്ലിയുടെ കാലാവധി മൂന്നാം വര്‍ഷത്തില്‍ അവസാനിക്കും. പാര്‍ലമെന്റിന്റെ കാലാവധിയുമായി ബന്ധിപ്പിച്ച് നിര്‍ത്തി, അതനുസരിച്ച് നിയമസഭ കാലാവധി വെട്ടിച്ചുരുക്കണം എന്നു പറയുന്നത് തീര്‍ച്ചയായും ഫെഡറല്‍ സംവിധാനത്തിന് എതിരാണ്.
ഭരണഘടന ഭേദഗതി
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പിലാക്കണമെങ്കില്‍ ഭരണഘടന ഭേദഗതി നടത്തണം. അത് സംഭവിക്കാന്‍ സാധ്യതയില്ലാത്ത കാര്യമാണ്. 543 എംപിമാരുള്ള ലോക്‌സഭയില്‍ 362 എംപിമാരുടെ പിന്തുണയുണ്ടെങ്കിലാണ് ബില്‍ പാസാകുന്നത്. നിലവിലെ സാഹചര്യത്തില്‍ ഭരണകക്ഷിക്ക് ആ നമ്പറില്‍ എത്താന്‍ പ്രയാസമാണ്. പ്രതിപക്ഷം എതിരാണ്. രാജ്യസഭയില്‍ 245 പേരുണ്ട്. അവരെല്ലാം ഹാജരായാലും 162 പേരുടെ പിന്തുണ കിട്ടണം. അതുകൊണ്ട് ബില്‍ പാസാക്കിയെടുക്കുക എന്നത് പ്രായോഗികമായി നടപ്പാകുന്ന കാര്യമല്ല.
നിലവിലിരുന്ന സമ്പ്രദായം
ഒറ്റ തെരഞ്ഞെടുപ്പ് എന്നത് ഇന്ത്യയില്‍ നിലവിലുണ്ടായിരുന്ന സമ്പ്രദായമായിരുന്നു. 1956 മുതല്‍ 1967 വരെ പാര്‍ലമെന്റ്-അസംബ്ലി തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചായിരുന്നു നടത്തിയിരുന്നത്. പാര്‍ലമെന്റ് നേരത്തെ പിരിച്ചു വിടുകയും, പല സംസ്ഥാന അസംബ്ലികളും കാലാവധിക്ക് മുമ്പേ പിരിച്ചു വിടപ്പെടുകയുമൊക്കെ ചെയ്തതോടെയാണ് ഒറ്റ തെരഞ്ഞെടുപ്പ് എന്ന സമ്പ്രദായം തെറ്റുന്നത്. പിന്നീടത് തിരികെ കൊണ്ടുവരുന്നത് പ്രായോഗികമായി ബുദ്ധിമുട്ടായി.
പാര്‍ട്ടികള്‍, ജനം, സര്‍ക്കാര്‍
ജനാധിപത്യ സമ്പ്രദായത്തിന് നല്ലതും ആനുകാലികമായി തെരഞ്ഞെടുപ്പ് നടത്തുന്നതാണ്. ഭരണകൂടത്തിനും, രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ജനങ്ങള്‍ക്കും അതാണ് നല്ലത്.
നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ എല്ലാം തന്നെ തെരഞ്ഞെടുപ്പ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവരാണ്. തെരഞ്ഞെടുപ്പിന് വേണ്ടിയാണ് അവര്‍ നില്‍ക്കുന്നത്. മറ്റൊരു അജണ്ടയും അവര്‍ക്കില്ല. അഞ്ചു വര്‍ഷത്തിലൊരിക്കലാണ് തെരഞ്ഞെടുപ്പ് വരുന്നതെങ്കില്‍ പാര്‍ട്ടികളും അതിന്റെ അണികളും നിര്‍ജീവമാകും, മടിയന്മാരാകും. അവര്‍ക്ക് വേറെയൊന്നും ചെയ്യാനില്ല. തെരഞ്ഞെടുപ്പുകളാണ് അവരുടെ പ്രധാന ജോലി. അതുകൊണ്ട് ഈ തീരുമാനം ഏറ്റവുമധികം ബാധിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികളെ തന്നെയായിരിക്കും. തെരഞ്ഞെടുപ്പിന് വേണ്ടിയല്ലാതെ പാര്‍ട്ടികളാരും തന്നെ നാട്ടില്‍ ഒന്നും ചെയ്യാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
ഈ തീരുമാനം ജനത്തെയും സാരമായി ബാധിക്കും. അഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് തെരഞ്ഞെടുപ്പ് നടത്തുന്നതെങ്കില്‍ ജനപ്രതിനിധികള്‍ ആരും തന്നെ ജനങ്ങളെ തിരിഞ്ഞു നോക്കില്ല. അഞ്ചാമത്തെ വര്‍ഷത്തില്‍ മാത്രമായിരിക്കും അവര്‍ വോട്ടര്‍മാരെ തേടി വരിക. ജനമാകട്ടെ, അവരുടെ എംപിയെയും എംഎല്‍എയും കാണാന്‍ നെട്ടോട്ടമോടേണ്ടി വരും.
സര്‍ക്കാരിനെ സംബന്ധിച്ചും ഈ തീരുമാനം തിരിച്ചടിയാകും. കാരണം, ഇപ്പോഴത്തെ രീതിയിലുള്ള തെരഞ്ഞെടുപ്പുകള്‍ നടന്നാല്‍ മാത്രമാണ് സര്‍ക്കാരിന് കാറ്റ് എങ്ങോട്ടാണ് വീശുന്നതെന്ന് മനസിലാക്കാനും അവര്‍ക്ക് വേണ്ടി വരുന്ന തിരുത്തലുകള്‍ക്ക് സാധ്യമാകുന്നതും. അഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് തെരഞ്ഞെടുപ്പെങ്കില്‍ ജനം എന്താണ് ചിന്തിക്കുന്നതെന്ന് സര്‍ക്കാരിന് അറിയാന്‍ കഴിയില്ല. one nation one election practical challenges former lok sabha secretary pdt achary speaking
Content Summary; One Nation One Election practical challenges former lok sabha secretary PDT Achary speaking