ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന കേന്ദ്രസർക്കാർ നീക്കത്തിന്റെ നടപടികൾ വളരെ വേഗത്തിലാണ് പൂർത്തിയാക്കിയത്. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ ഉന്നതതല സമിതി റിപ്പോർട്ട് മാർച്ച് 14 വ്യാഴാഴ്‌ച രാഷ്ട്രപതി ദ്രൗപതി മുർമുവിന് സമർപ്പിക്കുകയും ചെയ്തു. ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകൾ ഏകീകരിച്ചുകൊണ്ട് ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം പ്രാബല്യത്തിൽ കൊണ്ടുവരണമെന്ന നിർദേശമാണ് സമിതി മുന്നോട്ട് വച്ചത്. രാജ്യത്തെ 47 രാഷ്ട്രീയ പാർട്ടികളിൽ 32 പാർട്ടികൾ ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ’ പിന്തുണക്കുകയും, മറ്റ് 15 പാർട്ടികൾ നിർദ്ദേശത്തെ എതിർക്കുകയും ചെയ്തു. കോൺഗ്രസ്, ആം ആദ്മി പാർട്ടി (എഎപി), ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി), സിപിഎം തെരഞ്ഞെടുപ്പ് രീതിക്കെതിരെ എതിർപ്പുമായി രംഗത്തത്തി. ഉന്നതതല സമിതി 62 രാഷ്ട്രീയ പാർട്ടികളിൽ നിന്ന് അഭിപ്രായം തേടുകയും 18 പാർട്ടികളുമായി നേരിട്ട് ആശയവിനിമയം നടത്തുകയും ചെയ്താണ് റിപ്പോർട്ട് തയ്യാറക്കിയിരിക്കുന്നത്. 2014-ലെ പൊതു തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രകടന പത്രികയിൽ പറഞ്ഞിരുന്ന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ‘ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്. പിന്നീടങ്ങോട്ട് ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പല തവണയായി ഈ ആവശ്യം ജനങ്ങൾക്ക് മുന്നിൽ ഉയർത്തിയിട്ടുണ്ട്. ഏക സിവിൽ കോഡിന് സമാനമായ മറ്റൊന്നാണിത്. 2019 ൽ സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി എല്ലാ പാർട്ടികളുടെയും നേതാക്കളെ ക്ഷണിച്ചു നടത്തിയ യോഗത്തിലും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.
ഒരൊറ്റ തെരഞ്ഞെടുപ്പ്; ചില ഗുണങ്ങളുമുണ്ട്, ദോഷങ്ങളും
നീതി ആയോഗ് പറയുന്നത്, നിയമസഭ തെരഞ്ഞെടുപ്പുകളായും ലോക് സഭ തെരഞ്ഞെടുപ്പായും, കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ഇന്ത്യയിൽ ഓരോ വർഷവും ഒരു തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട് എന്നാണ്.
ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്തുക എന്നതാണ് ‘ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. സാമ്പത്തിക ചെലവ് ഗണ്യമായി കുറയ്ക്കാം എന്നതാണ് നിർദ്ദേശത്തിന്റെ പ്രധാന നേട്ടമായി പറയുന്നത്. അഞ്ചു വർഷമാണ് ലോക്‌സഭയിലും നിയമസഭയിലും കാലാവധിയെങ്കിലും, സംസ്ഥാനങ്ങളിൽ വ്യത്യസ്ത സമയങ്ങളിലാണ് തെരഞ്ഞെടുപ്പുകൾ വരുന്നത്. എല്ലാ സംസ്ഥാനങ്ങളിലേക്കും ലോക്‌സഭയിലേക്കും ഒരുമിച്ച് തെരഞ്ഞെടുപ്പ് നടക്കുമ്പോൾ, തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഏകീകരണം ഉണ്ടാകുന്നു, അതൊടൊപ്പം രാജ്യത്തിനുണ്ടാകുന്ന വമ്പിച്ച സാമ്പത്തിക നഷ്ടം വലിയ തോതിൽ കുറയ്ക്കാനും സാധിക്കുന്നു എന്നതാണ് ഇത്തരമൊരു തെരഞ്ഞെടുപ്പ് പ്രക്രിയയെ പിന്തുണയ്ക്കുന്നവരുടെ വാദം.
‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്നത് പുതിയതായി ഉയർന്നുവന്ന ആശയമല്ല. ഇന്ത്യ ഈ രീതിയിൽ തെരഞ്ഞെടുപ്പ് നടത്തിയിട്ടുള്ള രാജ്യമാണ്. 1952,1957,1962,1967 വർഷങ്ങളിൽ ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയത്താണ് തെരഞ്ഞെടുപ്പുകൾ നടന്നത്. 1968-89 കൾ മുതലാണ് ആ സംവിധാനം തെറ്റുന്നത്. ചില നിയമസഭകൾ സ്വാഭാവിക കാലാവധിക്കു മുന്നേ പിരിച്ചു വിടപ്പെട്ടു. അതിനു പല കാരണങ്ങളുമുണ്ടായിരുന്നു. ഏക തെരഞ്ഞെടുപ്പ് രീതിക്ക് അതോടെ താളം തെറ്റി. എങ്കിലും, പഴയ നിലയിൽ ഒറ്റ തെരഞ്ഞെടുപ്പ് എന്ന സജ്ജീകരണത്തിലേക്ക് തിരിച്ചു പോകാൻ രാജ്യം ശ്രമിച്ചു. രാഷ്ട്രീയ പാർട്ടികളുടെ വിയോജിപ്പ് തടസമായി.
ജനസംഖ്യ അടിസ്ഥാനത്തിൽ ഇന്ത്യ അതിവേഗം വളരുകയാണ്. രാഷ്ട്രീയ പാർട്ടികളും അതിനൊപ്പം കൂടുന്നുണ്ട്. രാഷ്ട്രീയ അസ്ഥിരതയും വർദ്ധിക്കുന്നു. എവിടെയും, എപ്പോൾ വേണണെങ്കിലും സർക്കാരുകൾ നിലം പൊത്തുന്നു. ചിലപ്പോൾ ഒരേ വർഷത്തിൽ തന്നെ രണ്ട് തെരഞ്ഞെടുപ്പുകൾ ഒരു നിയമസഭയിലേക്ക് നടക്കുന്നു. തെരഞ്ഞെടുപ്പിന്റെ പേരിൽ ചെലവാകുന്ന സർക്കാർ പണം സഹസ്ര കോടികളാണ്.
2019 ലെ പൊതു തെരഞ്ഞെടുപ്പിന് രാജ്യം ചെലവാക്കിയ തുക 55,000 നും 60,000 കോടിക്കും ഇടയിലാണ്. രാഷ്ട്രീയ പാർട്ടികളുടെ ചെലവ് വേറെ.ഇതിലുമിരട്ടി കാണും, യഥാർത്ഥ കണക്ക് പുറത്തുവരുമെന്നും പ്രതീക്ഷിക്കരുത്.
1951-52 ലെ പൊതു തെരഞ്ഞെടുപ്പിൽ മത്സര രംഗത്തുണ്ടായിരുന്നത് 52 പാർട്ടികളും 1874 സ്ഥാനാർത്ഥികളുമായിരുന്നു. അന്നത്തെ ചെലവ് 11 കോടിയായിരുന്നു.
2019 ൽ 610 പാർട്ടികളും 9,000 സ്ഥാനാർത്ഥികളും രാജ്യത്തിന്റെ അധികാരം പിടിക്കുന്നതിനുള്ള മത്സരത്തിന്റെ ഭാഗമായി. ആകെ ചെലവ്, 60,000 കോടി!
1998-ൽ നിന്നും 2019-ൽ എത്തുമ്പോൾ തെരഞ്ഞെടുപ്പ് ചെലവ് ആറ് മടങ്ങാണ് വർദ്ധിച്ചതെന്നാണ് സെന്റർ ഫോർ മീഡിയ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. അതായത്, 9,000 കോടിയിൽ നിന്നും 55,000 (60,000 എന്നും കണക്കുണ്ട്) കോടിയിലേക്ക്.
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനേക്കാൾ ചെലവേറിയതാണ് ഇന്ത്യയിലെ പൊതു തെരഞ്ഞെടുപ്പ്. 2016 ൽ നടന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ചെലവായത് 6.5 ബില്യൺ ആണെങ്കിൽ 2019-ൽ ഇന്ത്യയിൽ ലോക്‌സഭ തെരഞ്ഞെടുപ്പിന് 8.5 ബില്യൺ ചെലവാക്കി. ഇ.വി.എം മെഷീനുകൾക്ക് മാത്രമായി 4,500 കോടി മുടക്കിയിട്ടുണ്ടെന്നാണ് ലോ കമ്മീഷന്റെ എസ്റ്റിമേറ്റിൽ പറയുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പലഘട്ടങ്ങളിലായി തെരഞ്ഞെടുപ്പുകൾ നടക്കുമ്പോൾ, നിയമാനുസൃതം ഏർപ്പെടുത്തേണ്ടി വരുന്ന പെരുമാറ്റ ചട്ടങ്ങൾ രാജ്യപുരോഗതിക്ക് തടസം ഉണ്ടാക്കുന്നുണ്ടെന്ന പരാതിയുമുണ്ട്. പെരുമാറ്റ ചട്ടം നിലവിൽ വന്നാൽ തെരഞ്ഞെടുപ്പ് കഴിയും വരെ സർക്കാർ പദ്ധതികൾ നടപ്പാക്കാൻ സാധിക്കില്ല. ഏകീകൃത തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ എല്ലാ കേന്ദ്ര-സംസ്ഥാന സർക്കാർ പോളിസികളുടെയും നടപ്പാക്കാൽ ഒരേ സമയം തന്നെ രാജ്യത്ത് എല്ലായിടത്തും നടപ്പാക്കാൻ സാധിക്കുമെന്നതാണ് മറ്റൊരു വാദം.
മറ്റൊന്ന്, മനുഷ്യപ്രയത്‌നത്തിന്റെയും സർക്കാർ മിഷനറികളുടെയും അമിതോപയോഗമാണ്. നീതിപൂർവ്വവും ജനാധിപത്യപരവുമായ തെരഞ്ഞെടുപ്പുകൾ സാധ്യമാക്കുന്നതിന് സാമ്പത്തിക ചെലവിനൊപ്പം മനുഷ്യ പ്രയത്‌നവും ആവശ്യമായി വരുന്നുണ്ട്. പൊലീസ്-സൈന്യം തുടങ്ങിയ സുരക്ഷ വിഭാഗങ്ങളുടെ സേവനം, അധ്യാപകർ ഉൾപ്പെടെയുള്ള സർക്കാർ ജീവനക്കാരുടെ സേവനം ഇതെല്ലാം വലിയ തോതിൽ വേണ്ടി വരുന്നുണ്ട്. ഇരട്ടി ഉത്തരവാദിത്തവും ജോലിഭാരവുമാണ് തെരഞ്ഞെടുപ്പ് ചുമതലകൾക്കു നിയോഗിക്കപ്പെടുന്നവർക്ക് ഉണ്ടാകുന്നത്. ഇതിനെല്ലാം മാറ്റം കൊണ്ടുവരാൻ ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശത്തിലൂടെ സാധിക്കുമെന്ന് പറയുന്നു.
സാമ്പത്തി ചെലവും മനുഷ്യ പ്രയത്‌നവും നോക്കുമ്പോൾ എല്ലാം ഒറ്റ തവണയായി തീർക്കുന്നതിൽ ലാഭം ഉണ്ടെങ്കിലും രാഷ്ട്രീയമായി ജനാധിപത്യ സംവിധാനത്തിന് ‘ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം ഗുണം ചെയ്യുമോ എന്നതാണ് ചോദ്യം. ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകളെ വ്യത്യസ്ത രീതികളിലാണ് പാർട്ടികൾ സമീപിക്കുന്നത്. പൊതുവിഷയമാണ് ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നതെങ്കിൽ, സംസ്ഥാനങ്ങളിൽ അത് വ്യത്യസ്തമായ പ്രാദേശിക വിഷയങ്ങളായിരിക്കും. ഒരു സംസ്ഥാനത്ത് തെരഞ്ഞെടുപ്പിനെ നേരിടുന്ന രാഷ്ട്രീയവുമായിട്ടാകില്ല, പൊതു തെരഞ്ഞെടുപ്പിൽ പാർട്ടികൾ മത്സരിക്കാനിറങ്ങുന്നത്.
പ്രാദേശിക പാർട്ടികളെ ഈയൊരു സംവിധാനം അത്രകണ്ട് തുണയ്ക്കില്ലെന്നാണ് പറയുന്നത്. കാരണം, അവരുടെ രാഷ്ട്രീയം പ്രാദേശിക വിഷയത്തിലൂന്നി മാത്രമുള്ളതാണ്. ദേശീയ രാഷ്ട്രീയത്തെ ബന്ധപ്പെട്ടല്ല. രാഷ്ട്രീയമായി മാത്രമല്ല, സാമ്പത്തികമായും ദേശീയ പാർട്ടികളുമായി മത്സരിക്കാൻ കഴിയില്ലെന്നതുകൊണ്ട് തന്നെ പ്രാദേശിക പാർട്ടികൾ ‘ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തോട് യോജിക്കണമെന്നില്ല.
‘ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന സംവിധാനം ഇന്ത്യയിൽ നടപ്പാക്കുകയാണെങ്കിൽ തന്നെ, അത് പ്രാബല്യത്തിൽ വരാൻ സമയം വേണ്ടി വരും. ലോക്‌സഭയുടെയും നിയമസഭകളുടെയും കാലാവധി സമന്വയിപ്പിക്കേണ്ടതുണ്ട്. അതത്ര എളുപ്പമല്ല. പകുതിയിലേറെ കാലാവധി ബാക്കി കിടക്കുന്ന സംസ്ഥാന സർക്കാരുകൾ പ്രതിഷേധിക്കും. സംസ്ഥാനങ്ങളിൽ ദേശീയ പാർട്ടികളുടെയും പ്രാദേശിക പാർട്ടികളുടെയും സർക്കാരുകൾ അധികാരത്തിലുണ്ട്. 2024 ലെ പൊതു തെരഞ്ഞെടുപ്പിനൊപ്പം എല്ലാ നിയമസഭകളിലേക്കും തെരഞ്ഞെടുപ്പ് നടത്താം എന്നു കേന്ദ്ര സർക്കാരിനോ തെരഞ്ഞെടുപ്പ് കമ്മിഷനോ പറയാൻ കഴിയില്ല. ഈ വർഷം അധികാരത്തിൽ കേറിയ സർക്കാരുകളുണ്ട്. കേരളം, തമിഴ്‌നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇനിയും രണ്ടര വർഷത്തോളം ഭരണം ബാക്കി കിടപ്പുണ്ട്. 2023 അവസാനത്തിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളുമുണ്ട്- രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് പോലെ. സംസ്ഥാനങ്ങളുടെ കാര്യത്തിൽ ഏകപക്ഷീയമായ തീരുമാനങ്ങൾ എടുക്കാൻ കേന്ദ്രസർക്കാരിനാകില്ല. ഭരണഘടന ഉറപ്പു നൽകുന്ന ഫെഡറൽ അവകാശങ്ങൾ സംസ്ഥാനങ്ങൾക്കുണ്ട്. ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചുകൊണ്ട് എപ്രകാരമുള്ള നിയമ നിർമാണമായിരിക്കും കേന്ദ്രം നടത്താൻ ഉദ്ദേശിക്കുന്നത്?
പ്രതിപക്ഷം ഇപ്പോൾ തന്നെ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. ബിജെപിയുടെ ഏകാധിപത്യ അജണ്ടയുടെ ഭാഗമാണ് ‘ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്നാണ് സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ കുറ്റപ്പെടുത്തിയത്. ഒരു രാജ്യം ഒരു സംസ്‌കാരം, ഒരു രാജ്യം ഒരു മതം, ഒരു രാജ്യം ഒരു ഭാഷ, ഒരു രാജ്യം ഒരു നികുതി എന്നതുപോലെയാണ് അവരിപ്പോൾ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നു പറയുന്നത്. ഇനിയവർ ഒരു രാജ്യം ഒരു പാർട്ടി, ഒരു രാജ്യം ഒരു നേതാവ് എന്നും പറയും; ഡി രാജയുടെ വാക്കുകൾ.
ലോക്‌സഭയിലും രാജ്യസഭയിലും മൂന്നിൽ രണ്ട് പിന്തുണ കിട്ടിയാൽ മാത്രമാണ് ‘ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ബിജെപിയുടെ ലക്ഷ്യം നിയമഭേദഗതിയാവുകയുള്ളൂ. എന്തായാലും രാഷ്ട്രീയമായും, ഇന്ത്യൻ ജനാധിപത്യത്തെ ബാധിക്കുന്നതുമായ നീക്കങ്ങൾ ബിജെപിയുടെ ഭാഗത്ത് നിന്നും വരാൻ പോകുന്നുവെന്നാണ് ദേശീയതലത്തിൽ പറഞ്ഞു കേൾക്കുന്നത്.