കണ്ണു തുറന്നാല്‍ യുദ്ധക്കെടുതികളുടെ വാര്‍ത്തകളാണ് നമുക്കു ചുറ്റും. നിരന്തരം ആവര്‍ത്തിക്കുന്ന ആര്‍ത്തനാദങ്ങളും മനുഷ്യക്കുരുതികളും മനസ്സിനെ വല്ലാത്തൊരു അവസ്ഥയിലേക്ക് ദിവസേന എത്തിച്ചുകൊണ്ടിരിക്കുന്നു. യുദ്ധമെന്നാല്‍ അത്യന്തം വേദനാപൂര്‍ണ്ണമായ തീച്ചൂള മാത്രമാണ്. തീവ്രാശയങ്ങളും അത്യാഗ്രഹങ്ങളുമാണ് അതിലേക്കു നമ്മെ പിടിച്ചിടുന്നത്. സമൂഹത്തിന്റെ ഓരോ ഇഴയിലും അടരിലും അതു തുടര്‍ച്ചയായി മുറിവേല്പിക്കുന്നുണ്ട്. എത്ര ദൂരേയാണ് നമ്മളെങ്കില്‍പ്പോലും അതു നമ്മെ പിന്തുടരുന്നതു കാണാം. കൃത്യമായി ആസൂത്രണം ചെയ്യപ്പെടുന്നതും, എന്നാല്‍ പ്രവചനീയമല്ലാത്തതുമായ പൈശാചികത്വമാണ് ഓരോ യുദ്ധവും. ഉയര്‍ന്ന പ്രഖ്യാപനങ്ങളില്‍ തുടങ്ങുമെങ്കിലും യുദ്ധഭൂമിയില്‍ പച്ചയ്ക്കുള്ള ഹിംസയായേ അതു പരിണമിക്കൂ.
എങ്കിലും, മനുഷ്യന്റെ എന്തിനോടും എതിരിട്ടു നില്ക്കാനും എത്ര തകര്‍ന്ന അവസ്ഥയിലും പിടിച്ചു നില്‍ക്കാനുമുള്ള അസാമാന്യമായ കഴിവിന്റെ ദൃഷ്ടാന്തം കൂടിയാണത്. അതാണ് യുദ്ധവീരന്മാരെ സൃഷ്ടിക്കുന്നത്. അങ്ങനെ മനുഷ്യനില്‍ ഒളിഞ്ഞിരിക്കുന്ന വിനാശകാരിത്വത്തിന്റെ പാരമ്യമായും, സഹനശക്തിയുടെ ദൃഷ്ടാന്തവുമായി ഒരേ സമയം യുദ്ധങ്ങള്‍ മാറുമെന്നത് ഇതിലെ ഏറ്റവും വലിയ വിരോധാഭാസവും.
യുദ്ധത്തില്‍ നേരിട്ടു പങ്കെടുത്ത ഒരാള്‍ക്ക് അതിന്റെ അനുഭവം എന്തായിരിക്കും? ലോകയുദ്ധചരിത്രത്തിലെ ഏറ്റവും ഭീകരവും നിര്‍ണ്ണായകവുമായ ഒരു നിമിഷത്തില്‍ ജീവനോടെ ഉണ്ടായിരുന്ന ഒരാളോട് സംസാരിച്ചാലോ? അത്തരമൊരു അനുഭവമാണ് ഞാന്‍ ഇപ്രാവശ്യം നിങ്ങളോടു പങ്കുവെയ്ക്കുന്നത്.
ദൂരെ നരച്ച നീലനിറത്തിനകത്ത് ചന്ദ്രക്കലപോലെ ഒരു കടല്‍ത്തീരം കാണാം. അതാണ് ഒമാഹ ബീച്ച്. ഫ്രാന്‍സിന്റെ വടക്കന്‍ തീരം. നോര്‍മാന്‍ഡി. അന്ന് 1944 ജൂണ്‍ മാസം ആറാം തീയ്യതി. കടലും ആകാശവും വേര്‍തിരിയുന്നതൊന്നുമല്ല അവിടെ കാഴ്ച. വിവിധ വലിപ്പത്തിലുള്ള കൊച്ചുകപ്പലുകള്‍, പ്രസിദ്ധമായ ഹിഗ്ഗിന്‍സ് ബോട്ടുകള്‍ എന്നിവ കണക്കുകളില്ലാത്ത വിധം ആ കടല്‍ത്തീരത്തേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ്. കരയിലെ മണല്‍ത്തിട്ടയില്‍ ഇടിച്ചിറങ്ങാനുള്ള ജലവാഹനങ്ങളുടെ വമ്പന്‍ നിരയാണത്. അതില്‍ നിന്നും കരയിലേക്കു ഓടിക്കയറുന്ന പട്ടാളക്കാര്‍ക്കു നേരെ കരയില്‍ നിന്ന് ഇടതടവില്ലാതെ മുഴങ്ങുന്ന വെടിയൊച്ചകളുടെ ഘോഷം. ഓരോ നിമിഷത്തിലും എണ്ണിത്തീരാത്തത്രയും വെടിയുണ്ടകള്‍ സൈനികരെ നിലംപരിശാക്കിക്കൊണ്ടിരുന്നു. ചിലത് വെള്ളത്തിനുള്ളിലേക്ക് ചീറിപ്പായുന്നു. തെറിച്ചുപൊന്തുന്ന കടല്‍വെള്ളം. ചിലതിനൊപ്പം ചോരയും. പൊട്ടിത്തെറിക്കുന്ന ഗ്രെനേഡുകള്‍ വേറേയുമുണ്ട്. സൈനികരുടെ ശരീരങ്ങള്‍ കര തൊടുന്നതിനു മുമ്പേ നിലവിളിയോടെ തിരയില്‍ മുങ്ങുന്നതു കാണാം. തിരമാലകള്‍ ആഞ്ഞടിച്ചുകൊണ്ടേയിരിക്കുന്നതു പോലെ യൂണിഫോമിട്ട മനുഷ്യനിരകളും മുന്നോട്ടാഞ്ഞു കൊണ്ടേയിരുന്നു. കരയ്‌ക്കെത്തുമ്പോഴേക്കും അതില്‍ പകുതിയിലധികം പേരും ചോരയിലും തിരയിലും പുതഞ്ഞ് തീരത്തടിയുകയോ അപ്രത്യക്ഷമാകുകയോ ചെയ്യുന്നുമുണ്ട്. എങ്കിലും വെടിയൊച്ചകള്‍ നിലയ്ക്കുന്നുണ്ടായിരുന്നില്ല. ആര്‍ത്തലച്ചു വന്നുകൊണ്ടേയിരുന്ന മനുഷ്യത്തിരകളുമതെ. ആയിരക്കണക്കിന് ജീവനുകള്‍ പിടഞ്ഞു വീണുകൊണ്ടിരിക്കുമ്പോള്‍ അത്രയും തന്നെ സൈനികര്‍ വീണ്ടും പൊരുതിയിറങ്ങിക്കൊണ്ടിരിക്കുക. ലോകചരിത്രത്തിലൊരിക്കലും സംഭവിച്ചിട്ടില്ലാത്ത ഒന്നായിരുന്നു അന്ന് ആ കടല്‍ത്തീരത്തു സംഭവിച്ചത്.
‘അന്നേ ദിവസം ഒരു ഹിഗ്ഗിന്‍സ് ബോട്ടില്‍ നിന്നും ചാടിയിറങ്ങാന്‍ തയ്യാറായായിരുന്നു എന്റെ നില്പ്. കൈയ്യിലെ എം 1 ഗരാന്റ് റൈഫിള്‍ മുറുകെപ്പിടിച്ചുകൊണ്ട്. നെഞ്ചിടിപ്പ് അതിന്റെ പാരമ്യത്തിലാണ്. ദീര്‍ഘചതുരത്തിലൊരു കൂടു പോലേയാണ് ഈ പുതിയ ജലവാഹനം. നോര്‍മാന്‍ഡിയിലിടിച്ചിറക്കാനായി പ്രത്യേകം തയ്യാറാക്കിയവ. കരയിലെത്താനായാല്‍ അതിന്റെ മുന്‍വശം അപ്പാടെ തുറക്കും. എല്ലാവര്‍ക്കുമിറങ്ങാനായി.
‘ഗോ… ഗോ… ഗോ’ എന്ന ഓഫീസറുടെ അലര്‍ച്ച കേട്ടോ എന്നു പോലുമോര്‍മ്മയില്ല.
ഝടുതിയില്‍ കടല്‍വെള്ളത്തിലേക്കു ചാടിയിറങ്ങിയതു മാത്രം മനസ്സില്‍ തെളിയുന്നുണ്ട്. അരയ്‌ക്കൊപ്പം വെള്ളത്തിലേക്ക്. തിരമാലകളെ വകഞ്ഞു മാറ്റിക്കൊണ്ട് മുന്നോട്ട്. നേരെ മുന്നില്‍ നൂറു വാരയകലെയുള്ള കരയില്‍ നിന്നും കണ്ണഞ്ചിപ്പിക്കും ഇടിമിന്നല്‍ പ്രവാഹമെന്നോണം തുരുതുരാ യന്ത്രത്തോക്കുകള്‍ ഗര്‍ജ്ജിക്കുന്നു. ആ വെടി നിരകള്‍ക്കിടയിലൂടെ വെള്ളത്തില്‍ നിന്ന് കരയിലേക്കു പാഞ്ഞുകയറി ജര്‍മ്മന്‍ സൈനികര്‍ക്കപ്പുറത്തേക്കെത്തണം. അതാണ് തന്നെയേല്പിച്ച കര്‍ത്തവ്യം. ഈ കടല്‍ത്തീരത്ത് ഇന്നും ചിലപ്പോള്‍ നാളെയുമായി തുരുതുരാ ഇടിച്ചിറക്കപ്പെടുന്ന ഒന്നരലക്ഷത്തോളം സൈനികരുടേയെല്ലാം ലക്ഷ്യം അതു തന്നെ.’
ചറപിറാ ചെയ്യുന്ന വെടിയുണ്ടകള്‍ക്കിടയില്‍ യുദ്ധഭൂമിയില്‍ നിരായുധനായി, നഗ്‌നനായി നില്ക്കുന്നതു പോലെയായിരുന്നു അത്. ഇതുപോലൊരു ആള്‍പ്പെരുപ്പത്തിനിടയില്‍ ഇത്രയും ഏകാന്തത ജീവിതത്തിലൊരിക്കലും ആരും അനുഭവിച്ചിരിക്കാനിടയില്ല. തന്നെ വിഴുങ്ങുന്ന സ്തബ്ധതയോ, ആസകലം വിറപ്പിച്ചു കൊണ്ടിരുന്ന ഭയമോ ഒന്നും തന്നെ ബാധിക്കാതെയാവുന്ന നിമിഷം. തൊട്ടു മുന്നിലുള്ള കടല്‍ത്തീരം അകന്നകന്നുപോകുന്നതു പോലെ. അല്ലെങ്കില്‍, മുന്നിലേക്കുള്ള ചുവട് മരണത്തിന്റെ കുപ്പായമാകുന്നതുപോലെ. കാലില്‍ തടയുന്നത് അലയും തിരയും മണലും മാത്രമല്ല, കൂട്ടുകാരുടെ ചേതനയറ്റ ശരീരങ്ങള്‍ കൂടിയാണ്. ഇരുവശങ്ങളിലും ചിലപ്പോള്‍ കൈകള്‍, ചോരയില്‍ പൊതിഞ്ഞ പാടെ തകര്‍ന്ന മുഖങ്ങള്‍ പൊടുന്നനെയുയര്‍ന്നു വന്നേക്കും. അതിനിടയില്‍ ഒരു വെടിയുണ്ട തന്റെയും ജീവനെടുത്തേക്കാം. മണല്‍ത്തിട്ടയോടടുക്കുന്തോറും മരണത്തിന്റെ മുഖം കൂടുതല്‍ തെളിയും. കെട്ടുപിണഞ്ഞ ശരീരങ്ങള്‍ എണ്ണാനാവാത്ത വിധം വീണു കിടക്കുകയാണെങ്ങും.
നിറച്ച ചാക്കുകള്‍ക്കു പിന്നിലൊളിക്കുന്നതു പോലെത്തന്നെയാണ് ഈ മൃതസുഹൃത്തുകള്‍ക്കു പിന്നിലും മറഞ്ഞിരിക്കേണ്ടി വരുന്നത്. ഓരോ നിമിഷത്തിലും പുതുതായി വാങ്ങിച്ചെടുക്കുന്ന ജീവനു വേണ്ടി.
നമ്മെ അപ്പാടെ കീഴ്‌പ്പെടുത്തുന്ന മരണത്തിന് അതിന്റേതായ ഒരു വാചാലതയുണ്ട്. ശരീരഭാഗങ്ങള്‍ ചിതറിത്തെറിക്കുന്ന സ്‌ഫോടനങ്ങളില്‍ മുഴങ്ങുന്ന നിശ്ശബ്ദതയുമുണ്ടതിന്.
‘വഴിയില്‍ പൊഴിഞ്ഞു വീഴുന്ന ശരീരങ്ങളെ ഒഴിവാക്കി മുന്നോട്ട് എന്ന ചിന്ത മാത്രം ബാക്കി വെയ്ക്കുന്ന അതിജീവനമന്ത്രം. ആ മന്ത്രം, ഒരൊറ്റയൊന്നു കൊണ്ടുമാത്രമാണ് ഇന്നേക്ക് ആ ദിവസം കഴിഞ്ഞ് 71 വര്‍ഷങ്ങള്‍ക്കു ശേഷം നിങ്ങളോട് എനിക്ക് സംസാരിക്കാനാവുന്നത്. വിസ്മയത്തോടെയും ഭയത്തോടേയുമല്ലാതെ ഓര്‍ക്കാനാവാത്ത ആ നിമിഷങ്ങള്‍! ‘
തൊണ്ണൂറ്റി രണ്ടാം വയസ്സിന്റെ കിതപ്പും ഇടര്‍ച്ചയും അതിനേക്കാളേറെ ഊര്‍ജ്ജവും ആത്മവിശ്വാസവുമായിരുന്നു ആ ശബ്ദത്തില്‍. എന്നോടു സംസാരിച്ചുകൊണ്ടിരുന്ന ആ സൈനികന്റെ വാക്കുകള്‍ക്കു മുന്നിലാകട്ടെ ഞാന്‍ അമ്പരന്നു നില്ക്കുകയും. അദ്ദേഹം പങ്കുവെച്ചു കൊണ്ടിരുന്നതോ ഹിറ്റ്‌ലറുടെ പരാജയത്തിനു തുടക്കമിട്ട 1944 ജൂണ്‍ ആറ് എന്ന ഡി-ഡെ യുടെ ഓര്‍മ്മകളും. ഒരിക്കലും ഇനിയും ആവര്‍ത്തിക്കേണ്ടി വരല്ലേയെന്ന് പ്രാര്‍ത്ഥിക്കപ്പെടുന്ന ആ ലോകയുദ്ധത്തിന്റെ ഗതി നിര്‍ണ്ണയിച്ച ദിവസത്തിന്റെ പൊരുതല്‍ നിമിഷങ്ങള്‍ ഞാന്‍ കൂടുതല്‍ ആവേശത്തോടെ ഒപ്പിയെടുക്കാന്‍ ശ്രമിച്ചു.
ന്യൂ ഓര്‍ലിയന്‍സിലെ രണ്ടാം ലോകമഹായുദ്ധ സ്മാരകത്തില്‍ വെച്ചായിരുന്നു ഞാനദ്ദേഹത്തെ കണ്ടുമുട്ടിയത്. പണ്ട്, സേവിംഗ് പ്രൈവറ്റ് റ്യാന്‍ എന്ന സിനിമ കാണവെ, അതില്‍ അത്ഭുതകരമാം വിധം സ്റ്റീവന്‍ സ്പീല്‍ബെര്‍ഗ് പുനരാവിഷ്‌കരിച്ച ഡി-ഡെ നിമിഷങ്ങളുടെ കാഴ്ചയില്‍ തിയ്യേറ്ററില്‍ വെറുങ്ങലിച്ചിരുന്ന എന്നെ എനിക്കന്നേരം ഓര്‍ക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ആ നിമിഷങ്ങളെല്ലാം ജീവനോടെ അതിലും എത്രയോ മടങ്ങ് ഭീകരതയോടെ നേരിട്ടനുഭവിച്ചയാളാണ് ഈ മുന്നില്‍ നില്ക്കുന്നത് എന്ന ചിന്ത എന്നെ തീര്‍ത്തും നിശ്ചലനാക്കി.
ഡി-ഡെ അല്ലെങ്കില്‍ ഓപ്പറേഷന്‍ നെപ്ട്യൂണ്‍ എന്ന പേരില്‍ പ്രശസ്തമായ 1944 ജൂണ്‍ ആറിന് സഖ്യകക്ഷികള്‍ ഫ്രാന്‍സിനേയും തുടര്‍ന്ന് യൂറോപ്പിനെയപ്പാടേയും ഹിറ്റ്‌ലറില്‍ നിന്ന് രക്ഷിക്കാനായി നോര്‍മാന്‍ഡി കടല്‍ത്തീരത്ത് ആഞ്ഞടിക്കുകയായിരുന്നു. ഒന്നര ലക്ഷത്തോളം സൈനികരാണ് അന്ന് സഖ്യകക്ഷികള്‍ക്കു വേണ്ടി പൊരുതിയത്. അതില്‍ പതിനായിരത്തിലധികം പേര്‍ ആ കടല്‍ത്തീരത്ത് അന്നേ ദിവസം മരിച്ചുവീണു. എങ്കിലും യൂറോപ്പിന്റെ വടക്കന്‍ തീരത്ത് ഒരുക്കിയുയര്‍ത്തിയിരുന്ന അറ്റ്‌ലാന്റിക് മതിലിനെ പിന്തള്ളി സഖ്യകക്ഷികളെ റഷ്യയുടെ ചുവപ്പന്‍ സേനയ്‌ക്കൊപ്പം വിജയത്തിലേക്ക് നയിച്ചത് ആ ഡി-ഡേ പോരാട്ടമായിരുന്നു എന്നത് ഒരു ചരിത്രസത്യം മാത്രം.
രണ്ടാം ലോകയുദ്ധത്തിന്റെ ഏറ്റവും ഗംഭീരമായ കാഴ്ചാശേഖരം ന്യൂ ഓര്‍ലിയന്‍സിലാണ്. അതു തേടിയായിരുന്നു ഞാന്‍ കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു മെയ് മാസത്തില്‍ അവിടെയെത്തിയതും. വേദനയുടേയും മരണത്തിന്റേയും രക്തമുറയുന്ന ആ നിമിഷങ്ങളിലൂടെ സഞ്ചരിക്കാനുള്ള ഒരവസരമായിരുന്നു അത്.
ഹിഗ്ഗിന്‍സ് ബോട്ട്
ഡി ഡേയെ വിജയിപ്പിച്ചത് പ്രത്യേകമായി രൂപകല്പന ചെയ്ത ഹിഗ്ഗിന്‍സ് ബോട്ടുകളായിരുന്നു എന്ന് ഐസന്‍ഹോവര്‍ പറഞ്ഞിട്ടുണ്ട്. ആന്‍ഡ്രു ഹിഗ്ഗിന്‍സ് എന്നയാള്‍ ഈ ന്യൂ ഓര്‍ലിയന്‍സ് നഗരത്തില്‍ വെച്ചാണത്രെ ഡി-ഡേയില്‍ പങ്കെടുത്ത എണ്ണത്തില്‍ ഇരുപതിനായിരത്തോളം വരുന്ന ആ ബോട്ടുകളെല്ലാം നിര്‍മ്മിച്ചെടുത്തത്. മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനു വെച്ചിരുന്ന ഹിഗ്ഗിന്‍സ് ബോട്ടുകളൊന്നില്‍ കയറി ഒമാഹ തീരത്ത് ഇടിച്ചിറങ്ങുന്നതുപോലെ അതിനിടയില്‍ ഞാനൊന്ന് സങ്കല്പിച്ചു നോക്കുകയും ചെയ്തു. പറയാന്‍ എന്തെളുപ്പം. അതിലെ പട്ടാളക്കാര്‍ അന്നു നേരിട്ട അനുഭവം വാക്കുകളില്‍ ഒതുങ്ങുകയില്ല. മരണക്കൂട്ടത്തില്‍ നിന്ന് ജീവന്‍ ചീന്തിയെടുക്കുന്നതുപോലെയാണത്.
ആ കാഴ്ചകള്‍ കണ്ടുനടക്കുന്നതിനിടയില്‍ വെച്ചായിരുന്നു ഡി-ഡെയില്‍ ഒമാഹ കടല്‍ത്തീരത്തു പൊരുതിയിറങ്ങിയ ബെന്‍ എന്ന ആ സൈനികനെ ഞാന്‍ പരിചയപ്പെട്ടതും. ഒട്ടും മടി കൂടാതെ ആ പഴയ നിമിഷങ്ങള്‍ എന്നോട് അയവിറക്കാന്‍ അദ്ദേഹം തയ്യാറാവുകയും ചെയ്തു.
അദ്ദേഹത്തോടൊപ്പം നിന്ന് എന്റെ ജീവിതത്തിലെ ആദ്യത്തെ സെല്‍ഫിയും പിറന്നു. എനിക്കെന്നും ഓര്‍മ്മിച്ചു വെയ്ക്കാനായി ഒരു നിമിഷം.
ഡി-ഡേയില്‍ (ഓപ്പറേഷന്‍ നെപ്ട്യൂണ്‍)പങ്കെടുത്ത സൈനികന്‍ ബെന്നിനൊപ്പം ലേഖകന്‍
എങ്കിലും, ബെന്‍ എന്ന ആ വൃദ്ധസൈനികനോട് വിട പറഞ്ഞിറങ്ങുമ്പോള്‍, അദ്ദേഹത്തെപ്പോലെ വെറും പതിനെട്ടു വയസ്സില്‍ സൈനികനായി വേഷമിട്ട ഏണസ്റ്റ് ഹെമിംഗ് വേയുടെ വാക്കുകളാണ് മനസ്സിലേക്ക് ഓടിയെത്തിയത്.
‘എത്രയൊക്കെ അവശ്യമെന്ന് കരുതിയാലും, എത്രയൊക്കെ ന്യായീകരിക്കപ്പെട്ടാലും, യുദ്ധം ഒരു കുറ്റകൃത്യമല്ല എന്നു മാത്രം ആരും വിചാരിക്കരുത്.’ അതിന് മാപ്പില്ല. Operation Neptune, The Normandy landings and the Horrors of War history
Content Summary; Operation Neptune, The Normandy landings and the Horrors of War history
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.