മൂന്നു ലക്ഷത്തിന്റെ കാറിന് 30 ലക്ഷം; കേരളത്തിലെത്തിയത് 20 വാഹനങ്ങള്‍

ഭൂട്ടാനില്‍ നിന്നും ഇന്ത്യയില്‍ മൊത്തം 150 വാഹനങ്ങള്‍ എത്തിയെന്നാണ് വിവരം

toyota land cruiser

ടൊയോട്ട ലാൻഡ് ക്രൂസറും ലാൻഡ് റോവറും ഉൾപ്പെടെ ഹിമാചൽ പ്രദേശിൽ രജിസ്റ്റർ ചെയ്ത ഭൂട്ടാൻ സൈന്യത്തിന്റെ വാഹനങ്ങൾ കേരളത്തിലേക്ക് കടത്തിയതായി രഹസ്യാന്വേഷണ റിപ്പോർട്ടുകൾ. ഈ റാക്കറ്റ് വഴി ഏകദേശം 150 വാഹനങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവന്നിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഇതിൽ 20 എണ്ണം ഉയർന്ന വിലയ്ക്ക് കേരളത്തിൽ വിറ്റഴിക്കുകയും ചെയ്തതയായി റിപ്പോർട്ടിൽ പറയുന്നു.

കടത്തിയ വാഹനങ്ങൾ

ഉയർന്ന സൈനിക ഉദ്യോഗസ്ഥർ ഉപയോഗിച്ചിരുന്ന ലാൻഡ് ക്രൂസർ, ലാൻഡ് റോവർ എസ്.യു.വി.കൾ ഉൾപ്പെടെയുള്ള ആഡംബര വാഹനങ്ങളാണ് ഇത്തരത്തിൽ ഇന്ത്യയിലേക്ക് കടത്തിയത്. കൂടാതെ, പട്രോളിങ്ങിനായി ഉപയോഗിക്കുന്ന ടാറ്റ എസ്.യു.വി.കളും, കാർഗോ വാഹനങ്ങളും ഇന്ത്യയിലെത്തിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

വിലയിലെ വ്യത്യാസമാണ് ഇതിൽ ഞെട്ടിക്കുന്നത്. ഭൂട്ടാനിൽ ഒരു ലക്ഷം രൂപയ്ക്ക് വാങ്ങിയ കാർ കേരളത്തിൽ 10 ലക്ഷം രൂപയ്ക്കും, മൂന്ന് ലക്ഷം രൂപയുടെ വാഹനം 30 ലക്ഷം രൂപയ്ക്കും വിറ്റഴിച്ചതായി കണ്ടെത്തി. ഈ വാഹനങ്ങൾക്ക് അടയ്‌ക്കേണ്ട ഭീമമായ ഇറക്കുമതി നികുതി ഒഴിവാക്കുന്നതിനായി, ഇവ ഹിമാചൽ പ്രദേശിലെ വ്യാജ വിലാസങ്ങളിൽ രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇന്ത്യയിലെ വാഹനങ്ങളാണെന്ന് തോന്നിപ്പിക്കാൻ ഹിമാചൽ പ്രദേശിലെ ‘എച്ച്.പി.’ രജിസ്‌ട്രേഷനാണ് ഉപയോഗിച്ചത്. കേരളത്തിലെത്തിയ ശേഷം നമ്പർ പ്ലേറ്റുകൾ മാറ്റിയതായും വിവരമുണ്ട്.

ശിക്ഷാ നടപടികൾ

ഇത്തരത്തിൽ നികുതി വെട്ടിച്ച് വാഹനം സ്വന്തമാക്കിയവർ ഇറക്കുമതി നികുതിയും പിഴയും അടയ്‌ക്കേണ്ടി വരും. വാഹനത്തിന്റെ രൂപം മാറ്റിയതിനും ശിക്ഷാ നടപടികൾ നേരിടേണ്ടി വരും. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മോട്ടോർ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാഹനങ്ങളിൽ ചിലത് ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. അന്വേഷണം അവസാന ഘട്ടത്തിലായതിനാൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാനാകില്ലെന്ന് അധികൃതർ അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്ത് പരാതിയിൽ നടന്മാരായ ദുൽഖർ സൽമാൻ്റെയും പൃഥ്വിരാജിൻ്റെയും അമിത് ചക്കാലക്കലിൻറെയും വീട്ടിൽ കസ്റ്റംസ് ഇന്ന് പരിശോധന നടത്തിയിരുന്നു. അതേസമയം, വാഹനക്കടത്തിൽ നടന്മാർക്ക് നേരിട്ട് പങ്കുണ്ടോ എന്ന കാര്യത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

Content Summary: ‘Operation Numkhor’; Land Cruiser and Rover bought for 3 lakh in Bhutan sold for 30 lakh in Kerala.

This post was last modified on September 23, 2025 5:39 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment