March 27, 2025 |

എല്ലാം ഓക്കെ അല്ലേ അണ്ണാ ?

ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി പൃഥ്വിരാജും ഉണ്ണി മുകുന്ദനും

മലയാളസിനിമയുടെ തകർച്ച പ്രവചിച്ച നിര്‍മ്മാതാവ് ജി സുരേഷ് കുമാറിനെതിരെയുള്ള ആന്റണി പെരുമ്പാവൂരിന്റെ വിമര്‍ശനത്തിന് പൃഥ്വിരാജിന്റെ ഐക്യദാർഡ്യം. ഫേസ്ബുക്കില്‍ ആന്‍റണി പങ്കുവച്ച പോസ്റ്റ് പൃഥ്വിരാജ് ഷെയര്‍ ചെയ്തു കൊണ്ടാണ് ഐക്യദാർഡ്യം പ്രഖ്യാപിച്ചത്. എല്ലാം ഓകെ അല്ലേ അണ്ണാ, എന്ന് പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു. പൃഥ്വിരാജിന് പുറമേ നടൻമാരായ ഉണ്ണി മുകുന്ദൻ, അജു വർഗീസ് തുടങ്ങിയവരും ആന്റണി പെരുമ്പാവൂരിന് പിന്തുണയറിയിച്ചിട്ടുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച് മോഹൻലാൽ നായകനായി എത്തുന്ന എമ്പുരാന്റെ സംവിധായകൻ കൂടിയാണ് പൃഥ്വിരാജ്.

ആന്റണി പെരുമ്പാവൂരിന്റെ പ്രതികരണത്തിന് പിന്തുണ അറിയിച്ച് കൊണ്ട് സംവിധായകൻ വിനയനും രംഗത്തെത്തിയിട്ടുണ്ട്. മലയാള സിനിമാ മേഖലയിൽ പരിഹരിക്കപ്പെടേണ്ടതായ നിരവധി പ്രശ്നങ്ങൾ ഉണ്ടന്നും അതിനെപ്പറ്റിയൊക്കെ നിർമ്മാതാവ് സുരേഷ്കുമാർ കഴിഞ്ഞ ദിവസം പ്രതികരിച്ചതിലും തെറ്റില്ല. എന്നാൽ നിർമ്മാതാക്കളുടെ സംഘടന ജൂൺ മാസം മുതൽ സമരം ചെയ്യുന്നുവെല്ലാം പ്രഖ്യാപനം നടത്തേണ്ടത് പ്രസിഡന്റോ സെക്രട്ടറിയോ ആണെന്നും ആന്റണി പെരുമ്പാവൂർ ഈ എഫ് ബി പോസ്റ്റിൽ പറഞ്ഞിരിക്കുന്ന പലകാര്യത്തോടും അതുകൊണ്ടു തന്നെ താൻ യോജിക്കുന്നുവെന്നും വിനയൻ ഫേസ്ബുക്കിൽ കുറിച്ചു.

മലയാള സിനിമ തകർച്ചയുടെ വക്കിലാണെന്നും പല നിർമാതാക്കളും നാടുവിട്ട് പോകേണ്ട അവസ്ഥയിലാണ് ഉള്ളത് എന്നായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രസ് മീറ്റിൽ ജി സുരേഷ് കുമാർ പറഞ്ഞത്. മലയാള സിനിമയ്ക്ക് താങ്ങാവുന്നതിന്റെ പത്തിരട്ടിയാണ് താരങ്ങൾ പ്രതിഫലമായി വാങ്ങുന്നതെന്നും ഒരു പ്രതിബദ്ധതയും ഈ മേഖലയോട് അവർക്കില്ല എന്നും സുരേഷ് കുമാർ പറഞ്ഞു. ഇതിന് പ്രതികരണവുമായിട്ടാണ് ആന്റണി പെരുമ്പാവൂർ എത്തിയത്. യുവതാരങ്ങളുടെ അമിതമായ പ്രതിഫലം കാരണം മലയാള സിനിമകൾ നഷ്ടത്തിലേക്കു കൂപ്പുകുത്തുന്നുവെന്നും കഴിഞ്ഞ മാസം മാത്രമുണ്ടായ നഷ്ടം 110 കോടിയാണെന്നും സുരേഷ് കുമാർ ആരോപിച്ചിരുന്നു.

ആന്റണിയുടെ പോസ്ററിന് താഴെ സമ്മിശ്ര പ്രതികരണങ്ങളാണ് എത്തുന്നത്. സിനിമാ മേഖലയിൽ നിർമ്മാതാക്കൾ നേരിടുന്ന പ്രതിസന്ധികളെന്ന തരത്തിൽ നിർമ്മാതാവും നടനുമായ സുരേഷ് കുമാർ ഉന്നയിച്ച കാര്യങ്ങൾക്കുള്ള മറുപടി പോസ്റ്റാണ് ആന്റണി പങ്കുവെച്ചത്. സിനിമാ മേഖല ജൂണ്‍ 1 മുതല്‍ സമരം ആരംഭിക്കുമെന്നും വിവിധ സിനിമാ സംഘടനകള്‍ ചേര്‍ന്നെടുത്ത തീരുമാനമാണെന്നും സുരേഷ് കുമാർ പറഞ്ഞിരുന്നു. എന്നാൽ, സംഘടനയെ പ്രതിനിധീകരിച്ച് ആരാണ് ഇതൊക്കെ പറയാന്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തിയത്, എന്താണ് അതിനു പിന്നിലെ ചേതോവികാരം എന്നൊക്കെയുള്ള കാര്യങ്ങളില്‍ വ്യക്തത വേണ്ടതുണ്ടെന്നും ഒരു സംഘടനയെ പ്രതിനിധീകരിമ്പോള്‍, ആ സംഘടനയിലെ ഭൂരിപക്ഷം അംഗീകരിക്കുന്നതും ബോധ്യപ്പെട്ടതുമായ കാര്യങ്ങളാണ് പൊതുവേദിയില്‍ അവതരിപ്പിക്കേണ്ടത്. അപ്പോഴേ സംഘടനയിലെ ഭൂരിപക്ഷത്തിന് ആ അഭിപ്രായത്തിനോടൊപ്പം നില്‍ക്കാനും പിന്തുണയ്ക്കാനും സാധിക്കൂ. സംഘടനയില്‍ അഭിപ്രായ സമന്വയമില്ലാത്ത കാര്യങ്ങള്‍ വ്യക്തിപരമായി പൊതുസമക്ഷം അവതരിപ്പിക്കാന്‍ അദ്ദേഹം തയാറായതുകൊണ്ടുമാത്രം, അതേ സ്വാതന്ത്ര്യം എടുത്തുകൊണ്ട്, ഞാനും ചിലതു ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുപറയുകയാണെന്നാണ് ആന്റണി കുറിച്ചത്.

അഭിനേതാക്കള്‍ സിനിമ നിര്‍മിക്കുന്നത് പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നുവെന്ന നിര്‍മാതാവ് ജി.സുരേഷ്കുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ നടൻ വിനായകനും പ്രതികരണവുമായി എത്തിയിരുന്നു. അഭിനേതാക്കള്‍ സിനിമ നിര്‍മിക്കേണ്ട എന്ന് ഭാര്യയോടും മകളോടും പോയി പറഞ്ഞാല്‍ മതിയെന്നും ഇത് ഇന്ത്യയാണെന്നും വിനായകൻ ഫേസ്‌ബുക്കിൽ കുറിച്ചു. സിനിമ സുരേഷ്കുമാറിന്‍റെയും കൂടെ നില്‍ക്കുന്നവരുടെയും കുടുംബസ്വത്തല്ലെന്നും വിനായകന്‍ കൂട്ടിച്ചേര്‍ത്തു.

content summary: Prithviraj, Unni Mukundan back Antony Perumbavoor as he takes on Suresh Kumar for comments on film industry

×