ഇന്ത്യന്‍ യൂണിയനില്‍ ചേരാന്‍ വിസമ്മതിച്ച്, വിഘടിച്ച് നിന്ന ഹൈദ്രാബാദ് നാട്ടുരാജ്യത്തെ വെറും അഞ്ച് ദിവസം കൊണ്ട് ഇന്ത്യന്‍ യൂണിയനില്‍ കൂട്ടിച്ചേര്‍ത്ത സൈനിക നീക്കമാണ് ഓപ്പറേഷന്‍ പോളോ.
‘ഇന്ത്യയുടെ ഹൃദയഭാഗത്തുള്ള ഒരു അര്‍ബുദം പോലെ ഹൈദ്രാബാദിന്റെ ഇന്നത്തെ ഗതി തുടരാന്‍ നമുക്ക് അനുവദിക്കാനാവില്ല. നൈസാമിന് യുക്തിസഹമായി ഒന്നും കാണാന്‍ കഴിയുന്നില്ലെങ്കില്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ട ഒരു രോഗമാണിത്. ഹൈദ്രാബാദ് നഷ്ടപ്പെട്ടാല്‍ കശ്മീരും നഷ്ടമാവും.’
സര്‍ദാര്‍ വല്ലഭായ് പട്ടേല്‍
ഇന്ത്യന്‍ ആഭ്യന്തര മന്ത്രി, 1948 സെപ്റ്റംബര്‍.
”ഓപ്പറേഷന്‍ നിര്‍ണ്ണായകവും വേഗത്തിലുമായിരുന്നു. നമ്മുടെ സൈന്യം കൃത്യതയോടെ നീങ്ങി, ജീവഹാനിയും സ്വത്തും പരമാവധി കുറയ്ക്കുമെന്ന് ഉറപ്പാക്കി. ചരിത്രത്തിലെ ഏറ്റവും ചെറിയ സൈനിക നടപടികളില്‍ ഒന്നായിരുന്നു ഓപ്പറേഷന്‍ പോളോ, ഹൈദ്രാബാദ് വെറും അഞ്ച് ദിവസത്തിനുള്ളില്‍ കീഴടങ്ങി.’
മേജര്‍ ജനറല്‍ ജെ. എന്‍ ചൗധരി
ഓപ്പറേഷന്‍ പോളോ കമാന്‍ഡര്‍
1948 സെപ്റ്റംബറിലെ ഒരു പകലില്‍, ഡല്‍ഹിയിലെ ഇന്ത്യയിലെ ആദ്യത്തെ ഗവര്‍ണര്‍ ജനറലായ സി. രാജഗോപാലാചാരിയുടെ ഓഫീസിലേക്ക് അതിവേഗം പായുന്ന ആ കാറില്‍ സഞ്ചരിക്കുന്നത് ഒരു സുപ്രധാന യാത്രക്കാരനായിരുന്നു. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ശക്തനായ ബ്യൂറോക്രാറ്റും ആഭ്യന്തര മന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ വലംകൈയുമായ വി.പി മേനോനായിരുന്നു ആ കാറിലെ യാത്രക്കാരന്‍.
ഇന്ത്യയിലെ നാട്ടുരാജ്യങ്ങളുടെ സംയോജനമെന്ന അതിസങ്കീര്‍ണമായ കൂട്ടിച്ചേര്‍ക്കല്‍ വിദഗ്ധമായി, നിര്‍വ്വഹിച്ച വ്യക്തിയായിരുന്നു ഒറ്റപ്പാലംകാരന്‍ വാപ്പാല പങ്കുണ്ണി മേനോന്‍ എന്ന വി.പി. മേനോന്‍. ആഭ്യന്തര മന്ത്രിയായ ഉരുക്കു മനുഷ്യന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ വലംകൈയായ ഉദ്യോഗസ്ഥന്‍. ഇന്ത്യന്‍ യൂണിയനില്‍ ലയിക്കാന്‍ എതിര്‍ത്ത കശ്മീര്‍ രാജാവ് ഹരിസിങ്ങിനെ മെരുക്കി ലയന കരാറില്‍ ഒപ്പ് വെയ്പിച്ചത് വിപിയുടെ നയതന്ത്രജ്ഞത ഒന്ന് കൊണ്ട് മാത്രമായിരുന്നു. ഇന്ത്യയിലെ എല്ലാ നാട്ടുരാജാക്കന്മാരെയും അദ്ദേഹം ജാഗ്രതയോടെ എന്നാല്‍ വേണ്ട നയത്തോടെ കൈകാര്യം ചെയ്തു. ആര്‍ക്കും വഴങ്ങാത്ത, ആര്‍ക്കും പ്രവചിക്കാനാവാത്ത സ്വഭാവക്കാരായ ഇന്ത്യന്‍ രാജാക്കന്മാരെ അനുനയിപ്പിച്ച് നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂണിയനില്‍ ചേരുകയെന്ന മനുഷ്യസാധ്യമല്ലാത്ത സൂക്ഷ്മ ദൗത്യമായിരുന്നു വി.പി. മേനോന്‍ അന്ന് നിര്‍വ്വഹിച്ചത്.
ഇന്ത്യയിലെ 565 നാട്ടുരാജ്യങ്ങളിലെ രാജാക്കന്മാരെ വി.പി. മേനോന്‍ നേരിട്ട് കണ്ട് ചര്‍ച്ച നടത്തി അനുനയിപ്പിച്ചാണ് ഇത് സാധിച്ചത്. ആ സമയത്ത് പല നാടകീയ മുഹൂര്‍ത്തങ്ങളിലൂടെയും വി.പി. സഞ്ചരിച്ചു. ഒരിടത്ത് കരാറില്‍ ഒപ്പിട്ട ശേഷം യുവാവായ ജോഡ് പൂര്‍ മഹാരാജാവ് ഒരു കൈത്തോക്ക് എടുത്ത് വി.പി. യുടെ നേരെ നീട്ടി അലറി… ‘നിങ്ങളുടെ ഭീഷണിക്ക് ഞാന്‍ വഴങ്ങുന്നില്ല’ വി.പി. ശാന്തനായി പറഞ്ഞു. ‘ഞാന്‍ നിങ്ങളുടെ ഏറ്റവും ശുഭകാംക്ഷിയാണെന്ന് മനസ്സിലാക്കാന്‍ നിങ്ങളുടെ യുവത്വം അനുവദിക്കുന്നില്ല. എന്നിട്ട് നെഞ്ച് കാണിച്ച് വി.പി. പറഞ്ഞു ‘തിരുമേനി വെടിവെച്ചോളു’ അല്‍പ്പസമയം നിര്‍ന്നിമേഷനായി നിന്ന ശേഷം തോക്ക് താഴെയിട്ട് ജോഡ്പൂര്‍ രാജാവ് വി.പിയുടെ കാലില്‍ കെട്ടിപ്പിടിച്ച് കരഞ്ഞു.
മറ്റൊരു രാജാവ്, ബറോഡയിലെ ഗെയ്ക്ക് വാദ് രാജാവ് കരാറില്‍ ഒപ്പ് വെച്ച ശേഷം കരഞ്ഞു കൊണ്ട് വി.പി മേനോന്റെ കൈകളിലേക്ക് കുഴഞ്ഞു വീണു. സംയോജന കരാറില്‍ ഒപ്പു വെച്ച എല്ലാ ഇന്ത്യന്‍ നാട്ടുരാജാക്കമാര്‍ക്കും വി.പി.മേനോന്റെ ന്യായ ദീക്ഷയില്‍ ഉറച്ച വിശ്വാസമായിരുന്നു.
നാട്ടുരാജ്യ സംയോജനത്തില്‍ വി.പി. മേനോന്‍ നേരിട്ട അവസാന കീറാമുട്ടിയായിരുന്നു ഹൈദ്രാബാദ് നാട്ടുരാജ്യവും അതിന്റെ ഭരണാധികാരി നൈസാമും. സര്‍ദാര്‍ പട്ടേലിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ ‘സംയോജനം നടന്നില്ലെങ്കില്‍ ഇന്ത്യയുടെ വയറ്റിലെ ഒരു കാന്‍സറായി മാറാന്‍ പോകുന്ന ഹൈദരാബാദ്’. കശ്മീരുമായി വൈകാരികമായി അടുപ്പം പുലര്‍ത്തിയിരുന്ന, ഷെയ്ഖ് അബ്ദുള്ളയുടെ സുഹൃത്തായ ജവഹര്‍ലാല്‍ നെഹ്റുവില്‍ നിന്ന് വ്യത്യസ്തമായി, ഹൈദരാബാദിനെ ഇന്ത്യയില്‍ സംയോജിപ്പിക്കാന്‍ സര്‍ദാര്‍ പട്ടേല്‍ ദൃഢനിശ്ചയം ചെയ്തിരുന്നു. ഒരു മുസ്ലീം ഭരണാധികാരി ഭരിച്ച നാട്ടുരാജ്യമായ ജുനഗഡ് എതിര്‍പ്പുകള്‍ ഇല്ലാതാക്കി പിടിച്ചടക്കി ഇന്ത്യയില്‍ ലയിപ്പിച്ചത് സര്‍ദാര്‍ പട്ടേലിന്റെ തന്ത്രപരമായ വൈദഗ്ധ്യത്തിന് ഉദാഹരണമായിരുന്നു.
സ്വാതന്ത്യത്തിന്റെ വെളിച്ചം 1947 ല്‍ ഇന്ത്യയില്‍ ആദ്യമായി പ്രകാശിച്ചപ്പോള്‍ ഇന്ത്യന്‍ യൂണിയന്റെ ഐക്യത്തിന് കരിനിഴലായി ആ നാട്ടുരാജ്യവും ഭരണാധികാരിയും നിലകൊണ്ടു. ഡെക്കാന്‍ പീഠഭൂമിയില്‍ വ്യാപിച്ചുകിടക്കുന്ന, ഇന്നത്തെ മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവയുടെ ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിശാലമായ ഒരു ഭൂപ്രദേശമായ ഹൈദരാബാദ്, ഇന്ത്യയെന്ന സ്വതന്ത്ര രാജ്യത്തിന് വിലങ്ങുതടിയായി ഒരു നിഗൂഢതയായി തുടര്‍ന്നു. ഹൈദ്രാബാദിലെ സ്ഥിതിഗതികള്‍ അനുദിനം വഷളായി കൊണ്ടിരിക്കുകയാണ്. ലയനവുമായി ബന്ധപ്പെട്ട സുപ്രധാനമായ പരിഹാര ചര്‍ച്ചയ്ക്ക് ഗവര്‍ണ്ണര്‍ ജനറലിന്റെ ഓഫീസിലേക്ക് പോകുകയായിരുന്നു വി.പി. മേനോന്‍.
വഴിയില്‍ അദ്ദേഹത്തിന്റെ കാറ് തടഞ്ഞു നിറുത്തപ്പെട്ട് ഒരു സുപ്രധാന സന്ദേശം അദ്ദേഹത്തിന് ഒരു സന്ദേശവാഹകന്‍ കൈമാറി. ഒരു നാട്ടുരാജ്യമായ ഹൈദ്രാബാദിലെ അരക്ഷിതാവസ്ഥ അതിന്റെ പാരമ്യത്തില്‍ എത്തിയിരുന്നത് നെഹ്‌റുവിനും പട്ടേലിനും രാജാജിക്കും നന്നായി അറിയാമായിരുന്നു. ഇന്ത്യയിലോ പാക്കിസ്ഥാനിലോ ചേരാന്‍ എല്ലാ നാട്ടുരാജ്യങ്ങള്‍ക്കും അവസരം നല്‍കിയത് നിലനില്‍ക്കെ ഹൈദ്രാബാദിന്റെ ഭാവിതീരുമാനം നിര്‍ണ്ണായകമായിരുന്നു. അതിനിടയില്‍ നൈസാം ആയുധശേഖരണം നടത്തുകയും, കോടിക്കണക്കിന് രൂപ പാക്കിസ്ഥാന്റെ ലണ്ടന്‍ അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു.
ഇന്ത്യന്‍ യൂണിയനില്‍ ചേരാതെ ഹൈദ്രാബാദിനെ പാക്കിസ്ഥാന്‍ പിന്‍തുണയുള്ള സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിക്കാനായിരുന്നു നൈസാമിന്റെ ഒരുക്കം. ഇതെല്ലാം അവസാനത്തെ ക്യാബിനറ്റ് മീറ്റിങ്ങില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിവരിക്കുകയും സൈനിക നടപടിയിലൂടെ ഭരണാധികാരിയായ നൈസാമിന്റെ തോന്നിവാസം അവസാനിപ്പിക്കണമെന്നായിരുന്നു ആഭ്യന്തര മന്ത്രിയായ ഉരുക്കു മനുഷ്യന്‍ പട്ടേലിന്റെ വാദം. ഉടനടി പട്ടാളത്തെ നിയോഗിച്ച് ഹൈദ്രാബാദിലെ ഭീകരവാഴ്ചക്ക് അറുതി വരുത്തണമെന്നാവശ്യപ്പെടുകയും ചെയ്തു.
ഒരു സ്വപ്ന ജീവിയായ ജവഹര്‍ലാല്‍ നെഹ്‌റു കാര്യങ്ങളെ വിലയിരുത്താതെ അതിനെ എതിര്‍ത്തു. ‘നിങ്ങളൊരു തികഞ്ഞ വര്‍ഗീയ വാദിയാണ് നിങ്ങളുടെ നിര്‍ദേശത്തിന് ഞാനൊരിക്കലും കൂട്ടുനില്‍ക്കില്ല’ സമനില തെറ്റിയ നെഹ്‌റു പറഞ്ഞു. പട്ടേല്‍ അക്ഷ്യോഭ്യനായി തന്റെ കടലാസുകളുമെടുത്ത് മുറിവിട്ടിറങ്ങി പോയി. അതിന് ശേഷം പട്ടേല്‍ ക്യാബിനറ്റ് മീറ്റിംഗുകളില്‍ പങ്കെടുക്കാതെയായി. ജവഹര്‍ലാല്‍ നെഹ്‌റുവുമായി നേരിട്ട് സംസാരിക്കാതെയായി.
ഉസ്മാൻ അലി ഖാൻ, ആസാഫ് ജാ VII, ഹൈദരാബാദ് നൈസാം തൻ്റെ ഔദ്യോഗിക രാജകീയ വേഷത്തിൽ
ഇതിനിടെ ഹൈദ്രാബാദില്‍ കാര്യങ്ങള്‍ കൈവിടാന്‍ തുടങ്ങി. അപകടം മനസിലാക്കിയ ഗവര്‍ണര്‍ ജനറല്‍ രാജാജി പട്ടേലിനെയും നെഹ്‌റുവിനേയും അനുരഞ്ജിപ്പിച്ച് ഇതിന് പോംവഴി കണ്ടെത്തണമെന്ന് ഉറപ്പിച്ചു ഒരു അടിയന്തര യോഗം വിളിച്ചു. ഈ സുപ്രധാന യോഗത്തില്‍ പങ്കെടുക്കാനാണ് വി. പി. മേനോന്‍ ഗവര്‍ണര്‍ ജനറലിന്റെ ഓഫീസിലേക്ക് കാറില്‍ എത്തിയത്.
സര്‍ദാര്‍ വല്ലഭായ് പട്ടേലും ജവഹര്‍ ലാല്‍ നെഹ്‌റുവും എത്തിയതോടെ യോഗം ആരംഭിച്ചു. ഹൈദ്രാബാദിലെ സ്ഥിതിഗതികള്‍ വിവരിച്ച ശേഷം എത്രയും പെട്ടെന്ന് സൈനിക നടപടിയിലുടെ ഈ ദുരവസ്ഥ അവസാനിപ്പിക്കണമെന്ന് രാജാജി ആവശ്യപ്പെട്ടു. ‘നമ്മുടെ കരസേന റെഡിയാണ്’ അദ്ദേഹം തറപ്പിച്ചു പറഞ്ഞു.
അന്താരാഷ്ട്ര തലത്തില്‍ ഇതു കാരണമുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ചായിരുന്നു നെഹ്‌റുവിന്റെ വേവലാതി. അപ്പോള്‍ രാജാജി തന്റെ ബ്രഹ്‌മാസ്ത്രം എടുത്ത് പ്രയോഗിച്ചു. വി.പി. മേനോന്‍ കാറില്‍ വരുമ്പോള്‍ സന്ദേശ വാഹകന്‍ കാറ് തടഞ്ഞ് നല്‍കിയ കത്തായിരുന്നു രാജാജിയുടെ ആയുധം. രണ്ട് ദിവസം മുന്‍പ് ഹൈദ്രബാദിലെ ഒരു കോണ്‍വെന്റില്‍ 70 വയസ് പ്രായമായ ഒരു കന്യാസ്ത്രീയെ ഹൈദ്രാബാദിലെ കൂലിപ്പട്ടാളമായ റസാക്കര്‍മാര്‍ മാനഭംഗപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ എഴുതിയ കത്തായിരുന്നു അത്.
കത്ത് വായിച്ച നെഹ്‌റുവിന്റെ മുഖം ചുവന്നു. ക്ഷോഭം കൊണ്ട് വിറച്ചു. മേശയില്‍ കൈ കൊണ്ട് ആഞ്ഞടിച്ച് ചാടിയെഴുന്നേറ്റ് രോഷത്തോടെ നെഹ്‌റു പറഞ്ഞു ‘ഇനി ഒരു നിമിഷം താമസിക്കരുത് ഇവറ്റകളെ മര്യാദ പഠിപ്പിക്കാന്‍ !’
ഉടനെ രാജാജി വി.പി. മേനോടു പറഞ്ഞു. ‘വി.പി. ഉടനെ കമാന്‍ഡര്‍ക്ക് നിര്‍ദ്ദേശം നല്‍കൂ. തയ്യാറാക്കിയ സൈനിക നടപടി ആരംഭിക്കാന്‍’ അവിടെ നിന്ന് തന്നെ വി.പി. മേനോന്‍ കരസേനാധിപന് ഫോണ്‍ ചെയ്തു.
‘ഓപ്പറേഷന്‍ പോളോ’ ഉടന്‍ ആരംഭിക്കുക
ഹൈദ്രാബാദിനെ ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ക്കാനുള്ള സൈനിക നടപടി അപ്പോള്‍ ആരംഭിച്ചു.
ഇന്ത്യയില്‍ ഏറ്റവും അധികം പോളോ കളി മൈതാനങ്ങള്‍ ഉള്ളത് ഹൈദ്രാബാദിലാണ് 17 പോളോ മൈതാനങ്ങള്‍. അതിനാല്‍ ഓപ്പറേഷന്‍ പോളോ എന്ന് പേര് ഉചിതമായിരുന്നു. ഈ സൈനിക നടപടിയിലൂടെ ഇന്ത്യയിലെ ഉരുക്കു മനുഷ്യന്‍ സര്‍ദാര്‍ പട്ടേല്‍ ചരിത്രത്തിലെ തന്റെ പോളോ കളിയാരംഭിച്ചു. ആ കളിയില്‍ പങ്കാളിയായത് പോളോവടിയോ കുതിരയോ പന്തോ അല്ല. ഇന്ത്യന്‍ സേനയുടെ ടാങ്കുകളും യന്ത്രതോക്കുകളുമായിരുന്നു. അതുപയോഗിച്ചായിരുന്നു പട്ടേല്‍ ഇന്ത്യയുടെ നിര്‍ണ്ണായകമായ കളി കളിച്ചത്.
1948 സെപ്റ്റംബര്‍ 13 ന് ഇന്ത്യന്‍ സൈന്യം ഹൈദ്രാബാദില്‍ പ്രവേശിച്ചു. ഹൈദ്രാബാദിനെ ഇന്ത്യയോട് സംയോജിപ്പിക്കാനുള്ള സൈനിക നീക്കമായ ഓപ്പറേഷന്‍ പോളോ 108 മണിക്കൂര്‍ നീണ്ടുനിന്നു, ആ കളിയില്‍ സര്‍ദാര്‍ പട്ടേലും ഇന്ത്യയും വിജയം നേടി. സെപ്റ്റംബര്‍ 18 ന് ഹൈദ്രാബാദ് ഒടുവില്‍ ഇന്ത്യയുടെ ഭാഗമായി.
ഏറ്റവും വിചിത്രമെന്ന് പറയാവുന്ന ഇന്ത്യയിലെ ആ നാടുവാഴിക്ക് അഞ്ചടി മൂന്നിഞ്ച് പൊക്കവും 40 കിലോഗ്രാം തുക്കമേ ഉണ്ടായിരുന്നുള്ളൂ. നിരന്തരമായ വെറ്റില മുറുക്കു മൂലം അയാളുടെ പല്ലുകള്‍ ദ്രവിച്ച് ചുവന്നിരുന്നു. ഒരു രാജാവിന്റെ യാതൊരു ആകാര സവിശേഷതയില്ലാത്ത അയാളുടെ മറ്റ് ചില സവിശേഷതകള്‍ സമാനതയില്ലാത്തതായിരുന്നു. ഹൈദ്രാബാദ് നൈസാം എന്നറിയപ്പെട്ട ഉസ്മാന്‍ അലിഖാന്‍ ഇന്ത്യ സ്വതന്ത്രമായ വര്‍ഷം 1947 ല്‍ ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായിരുന്നു. അതിന്റെ മറുവശമെടുത്താല്‍ ഏറ്റവും സമ്പന്നനായ അറു പിശുക്കനും. നൈസാമിനെപ്പോലെ അയാളുടെ പിശുക്കിന്റെ കഥകളും ലോക പ്രസിദ്ധമായിരുന്നു.
ഹൈദ്രാബാദ് നൈസാമും ജേക്കബ് രത്നവും
തീന്‍ മേശയില്‍ നിരത്തി ഭക്ഷണം വിളമ്പാവുന്ന നൂറ് സ്വര്‍ണ്ണത്തളികകള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. പക്ഷേ നവാബ് ഭക്ഷണം കഴിച്ചത് ഒരു പഴയ നാകത്തളികയില്‍. നൈസാമിന് ഹൃദയസംബന്ധമായ അസുഖം ബാധിച്ചപ്പോള്‍ ബോംബെയില്‍ നിന്ന് വന്ന ഡോക്ടര്‍മാര്‍ കൊണ്ടുവന്ന കാര്‍ഡിയോഗ്രാം പ്രവര്‍ത്തിച്ചില്ല കാരണം കൊട്ടാരത്തിലേക്കുള്ള വൈദ്യുതി രാജാവ് വെട്ടിക്കുറച്ചിരുന്നു. അദ്ദേഹത്തിന്റെ കൊട്ടാരത്തിലെ അറകളില്‍ കല്‍ക്കരി കൊട്ടകളില്‍ നവരത്‌നങ്ങള്‍ കുന്നുകൂടി പൊടി പിടിച്ചു കിടന്നു. ചെറു നാരങ്ങയുടെ വലുപ്പത്തിലുള്ള പ്രസിദ്ധമായ രത്‌നം ‘ജേക്കബ്’ അദ്ദേഹത്തിന്റെ മേശയില്‍ ഒരു പേപ്പര്‍ വെയ്റ്റായി ഉപയോഗിച്ചു. കൊട്ടാരത്തിലെ അറകളില്‍ സ്വര്‍ണ്ണക്കട്ടികള്‍ നിറഞ്ഞ് ഭാരം താങ്ങാനാവാതെ ഭാരവണ്ടികള്‍ ചക്രങ്ങള്‍ മണ്ണില്‍ പൂണ്ടു പൊടി പിടിച്ചു കിടന്നു. 20 ലക്ഷം പവന്‍ മൂല്യമുള്ള നാണയശേഖരം പത്രക്കടലാസില്‍ നൈസാം പൊതിഞ്ഞു സൂക്ഷിച്ചു. വജ്രങ്ങള്‍, വൈഢൂര്യങ്ങള്‍, പുഷ്യരാഗങ്ങള്‍, ഗോമേദകങ്ങള്‍ തുടങ്ങിയ രത്‌നങ്ങള്‍ തരം തിരിക്കാതെ കൂനയായി കിടന്നു. കൂടിക്കിടന്ന സ്വര്‍ണ്ണ നാണയങ്ങള്‍ കൊട്ടാരത്തിലെ എലികള്‍ക്ക് കാര്‍ന്ന് തിന്ന് പല്ലുകള്‍ മൂര്‍ച്ച വെയ്ക്കാന്‍ മാത്രം പ്രയോജനപ്പെട്ടു..
ഇതൊക്കെയാണെങ്കിലും ബ്രിട്ടീഷുകാരുടെ മിത്രമായിരുന്നു അദ്ദേഹം എല്ലാ കാലത്തും. ഈസ്റ്റ് ഇന്ത്യ കമ്പനിയുമായി പല നാട്ടുരാജ്യങ്ങളും കലഹിച്ചപ്പോള്‍ ഹൈദ്രാബാദ് അതില്‍ നിന്ന് ഒഴിഞ്ഞു നിന്നു. ഒന്നാം ലോക മഹായുദ്ധക്കാലത്ത് സഖ്യകക്ഷികള്‍ക്കെതിരെ ടര്‍ക്കിയിലെ മുസ്ലിം ഭരണാധികാരി ഓട്ടോമന്‍ ഖലീഫ യുദ്ധം പ്രഖ്യാപിച്ചപ്പോള്‍ ലോകമെമ്പാടുമുള്ള മുസ്ലിങ്ങളോട് പിന്‍തുണയ്ക്കായ് ആഹ്വാനം ചെയ്തു. സഖ്യകക്ഷികള്‍ക്കെതിരെ നീങ്ങാന്‍ ലോകമെമ്പാടുമുള്ള ഇസ്ലാം ആത്മീയ നേതാവായ ഖലീഫ ആവശ്യപ്പെട്ടു. ഇന്ത്യയിലെ മുസ്ലീങ്ങള്‍ അതനുസരിച്ചപ്പോള്‍ നൈസാം തന്റെ ഉറച്ച പിന്‍തുണ ബ്രിട്ടീഷുകാരടങ്ങുന്ന സഖ്യ കക്ഷികള്‍ക്ക് നല്‍കി. കൂടാതെ സഖ്യകക്ഷികളുടെ യുദ്ധഫണ്ടിലേക്ക് രണ്ട് കോടി പവന്‍ സംഭാവന നല്‍കി. അതില്‍ സംപ്രീതരായ ബ്രിട്ടീഷ് ഗവണ്‍മെന്റ് അദ്ദേഹത്തിന് രാജാവ് എന്നര്‍ത്ഥമുള്ള ‘എക്‌സാള്‍ട്ടഡ്’ പദവി നല്‍കി. ഇന്ത്യയിലെ രാജാക്കന്മാരില്‍ നൈസാമിന് മാത്രം ഉപയോഗിക്കാവുന്നതായിരുന്ന ആ പദവി.
ഹൈദരാബാദിന്റെ നാട്ടുരാജ്യത്തിന്റെ വേരുകള്‍ 1712-ല്‍ മുഗള്‍ സാമ്രാജ്യത്തിന്റെ ഒരു സാമന്തരാജ്യമായി തുടങ്ങുന്നു. 1759-ല്‍ മാത്രമാണ് ഹൈദ്രാബാദ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി കരാറുകളില്‍ ഒപ്പുവെച്ചത്. 1803-ലെ ഒരു ഉടമ്പടിയില്‍, ഹൈദ്രാബാദിന്റെ പരമാധികാരം അംഗീകരിക്കുന്നതിന് ബ്രിട്ടീഷുകാര്‍ രാജാവിന് ഉറപ്പ് നല്‍കി.
ബ്രിട്ടീഷുകാര്‍ക്ക് അനുകൂലമായി, മുഴുവന്‍ ഉപഭൂഖണ്ഡത്തിലും ഒരു സാമ്രാജ്യം സ്ഥാപിക്കുക എന്ന അവരുടെ ലക്ഷ്യത്തോട് ആജീവനാന്ത വിശ്വസ്തത പുലര്‍ത്തുമെന്ന് നൈസാം വാഗ്ദാനം ചെയ്തു. മുഗള്‍ ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം, ഡെക്കാന്‍ മേഖലയില്‍ ഒരു ശക്തികേന്ദ്രമായിരുന്ന മറാത്തകളുമായി അദ്ദേഹത്തിന്റെ മുന്‍ഗാമികള്‍ നിരവധി ഏറ്റുമുട്ടലുകള്‍ നടത്തി., മറാത്താ ആധിപത്യം തകര്‍ന്നതോടെ, ബ്രിട്ടീഷുകാരുടെ പിന്തുണയോടെ നൈസാമിന് ഡെക്കാനില്‍ എതിര്‍പ്പില്ലാതെ ഭരിക്കാന്‍ കഴിഞ്ഞു. തെക്ക് മദ്രാസ് മുതല്‍ വടക്ക് മധ്യപ്രദേശ് വരെ തന്റെ പ്രദേശത്തിന്റെ അതിര്‍ത്തികള്‍ വ്യാപിപ്പിക്കാന്‍ നൈസാമിന് കഴിഞ്ഞു.
1857-ലെ ശിപ്പായി ലഹള- കലാപസമയത്ത്, ഹൈദ്രാബാദ് നാട്ടുരാജ്യം കലാപകാരികള്‍ക്ക് ഒരു പിന്തുണയും നല്‍കിയില്ല, ഈ നിലപാട് അക്കാലത്ത് നൈസാമിന് ബ്രിട്ടീഷ് സര്‍ക്കാരില്‍ നിന്ന് ‘വിശ്വസ്ത സഖ്യകക്ഷി’ എന്ന പാരമ്പര്യ നാമം നേടിക്കൊടുത്തു.
ഒന്നാം ലോകമഹായുദ്ധസമയത്ത് ഏകദേശം നൂറു ദശലക്ഷം ഡോളറും (രണ്ട് കോടി പവന്‍) പണമായും മറ്റ് സാധനങ്ങളായും സംഭാവന ചെയ്തുകൊണ്ടും ഹൈദ്രാബാദ് സൈനിക യൂണിറ്റുകള്‍ വിന്യസിച്ചുകൊണ്ടും നാട്ടുരാജ്യം വീണ്ടും ബ്രിട്ടീഷുകാര്‍ക്ക് പിന്തുണ നല്‍കി.
ബ്രിട്ടീഷുകാരുടെ അഭ്യര്‍ത്ഥനപ്രകാരം, നൈസാമിന്റെ നേതൃത്വത്തില്‍ ഹൈദ്രാബാദ് സര്‍ക്കാര്‍, 1914 നവംബറില്‍ ഓട്ടോമന്‍ സുല്‍ത്താന്റെ ഫത്വയ്ക്കെതിരെ സഖ്യകക്ഷികള്‍ക്കനുകൂലമായി ഒരു ഔപചാരിക പ്രഖ്യാപനം പുറപ്പെടുവിച്ചു. ബ്രിട്ടീഷ് അധികാരികള്‍ എല്ലാ സമയത്തും നൈസാമിന്റെ തുടര്‍ച്ചയായ പിന്തുണ വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ചിരുന്നു.
നൈസാം തൻ്റെ മന്ത്രിമാരോടൊത്ത്
സ്വന്തമായി വിമാനവും വെടി കോപ്പുകളും ഉണ്ടായിരുന്ന നൈസാമിന് ഇല്ലാതെ പോയത് രണ്ട് പ്രധാന ഘടകങ്ങളായിരുന്നു. ജനപിന്തുണയും ഒരു തുറമുഖവും. അദ്ദേഹത്തിന്റെ ജനസംഖ്യയില്‍ ഭൂരിപക്ഷം വരുന്ന 88 ശതമാനത്തിലധികം ഹിന്ദുക്കള്‍, മുസ്ലിം ഭരണാധികാരിയായ നൈസാമിനെ വെറുത്തിരുന്നു. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടാനുള്ള തീരുമാനം സര്‍ കോണ്‍റാഡ് കോര്‍ഫീല്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ നൈസാം ഉറക്കെ പ്രഖ്യാപിച്ചു. ‘ഞാന്‍ സ്വതന്ത്രനാകും’
ലയന ചര്‍ച്ചകളുടെ മുന്നോടിയായി സര്‍ദാര്‍ പട്ടേല്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ പ്രതിനിധിയായി കെ.എം. മുന്‍ഷിയെ ഹൈദരാബാദിലേക്ക് അയച്ചു. ‘കെ.എം. മുന്‍ഷി നല്‍കിയ വസ്തുതകള്‍ ഒരു സങ്കീര്‍ണമായ പ്രശ്‌നത്തിലേക്ക് ഹൈദ്രാബാദിനെ നൈസാം തള്ളിവിടുകയാണെന്ന് തെളിയിക്കുന്നതായിരുന്നു. ഇന്ത്യന്‍ യുണിയനില്‍ ചേരാതെ സ്വതന്ത്രമായി നില്‍ക്കാനായിരുന്നു നൈസാമിന്റെ തീരുമാനം. അത് നൈസാം തുറന്നു പറയുകയും ചെയ്തു. ഹൈദരാബാദ് കറന്‍സി, നാണയനിര്‍മ്മാണം, സൈന്യം എന്നിവയില്‍ തങ്ങള്‍ സ്വയം പര്യാപ്തമാണെന്നും തന്റെ സംസ്ഥാനത്തിന്റെ സ്വാതന്ത്ര്യം നിലനിര്‍ത്തുമെന്നും നൈസാം ഉറപ്പിച്ചു.
1947 ഓഗസ്റ്റില്‍ ഇന്ത്യയുടെ വൈസ്രോയി മൗണ്ട് ബാറ്റന്‍ പ്രഭു നൈസാമിന് എഴുതി. ‘ഹൈദ്രബാദിന്റെ ഭാവിക്കായ് ഒരു ‘ജനഹിതപരിശോധന’ ബ്രിട്ടീഷ് ഓഫീസര്‍മാരുടെ മേല്‍നോട്ടത്തില്‍ നടത്താം’. ജനഹിത പരിശോധന നടന്നാല്‍ തന്റെ 80 % വരുന്ന ജനങ്ങള്‍ എന്താണ് അഭിലഷിക്കുക എന്ന് നന്നായി അറിയാവുന്ന നൈസാം അത് നിരസിച്ചു. ‘ഹൈദ്രബാദിന്റെ ഇപ്പോഴത്തെ ഭരണവും പ്രശ്‌നങ്ങളും ‘ജനഹിതപരിശോധന’ എന്ന ചോദ്യം ഒരിക്കലും ഉയര്‍ത്തുന്നില്ല’ നൈസാം മറുപടിയെഴുതി. ഇന്ത്യയിലോ പാക്കിസ്ഥാനിലോ ഭാഗമാകാത്ത ഹൈദ്രാബാദിനെ, ബ്രിട്ടന്‍ അംഗീകരിക്കില്ല, അതിനര്‍ത്ഥം കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളില്‍ നിന്ന് അംഗീകാരമോ പിന്‍തുണയോ ലഭിക്കില്ല. മൗണ്ട് ബാറ്റന്‍ നൈസാമിന് മുന്നറിയിപ്പ് നല്‍കി.
പോര്‍ച്ചുഗലില്‍ നിന്ന് അവരുടെ കോളനിയായ ഗോവ വാങ്ങി അതുവഴി കടലാക്രമണത്തില്‍ നിന്ന് സുരക്ഷിത്വം നേടാന്‍ നൈസാം ശ്രമിക്കുന്നുവെന്നും 200 ദശലക്ഷം രൂപ പാക്കിസ്ഥാന് നല്‍കി മുഹമ്മദലി ജിന്നയുടെ പിന്‍തുണ ഉറപ്പാക്കിയെന്നും ചില റിപ്പോര്‍ട്ടുകള്‍ ഡല്‍ഹിക്ക് ലഭിച്ചു.
ഭൂരിപക്ഷം വരുന്ന ഹിന്ദുക്കള്‍ക്ക് ആയുധങ്ങള്‍ നല്‍കി ഒരു കലാപത്തിലൂടെ നൈസാമിനെ സ്ഥാനഭ്രഷ്ടനാക്കണമെന്ന ഒരു അഭിപ്രായം ഉന്നതതലത്തില്‍ വന്നെങ്കിലും സര്‍ദാര്‍ പട്ടേല്‍ അത് പരിഗണിക്കാതെ തള്ളിക്കളഞ്ഞു. 1920 കളുടെ മധ്യത്തില്‍, സംസ്ഥാനത്തെ ജനസംഖ്യയുടെ 80 ശതമാനത്തിലധികവും വരുന്ന ഹിന്ദു സംഘടനകള്‍, നൈസാമിന്റെ ഭരണത്തിന്‍ കീഴില്‍ തങ്ങളുടെ ശബ്ദങ്ങളും ആവശ്യങ്ങളും അടിച്ചമര്‍ത്തപ്പെട്ടതായി കണ്ടത് അവരുടെ അസംതൃപ്തിക്ക് ആക്കം കൂട്ടി.
ഹിന്ദുക്കളുടെ നേതൃത്വത്തിലുള്ള സ്റ്റേറ്റ് റിഫോംസ് അസോസിയേഷന്‍, ഹൈദ്രാബാദിലെ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ കൂടുതല്‍ പ്രാതിനിധ്യം ആവശ്യപ്പെടുകയും അവരുടെ സംഖ്യാബലവും രാഷ്ട്രീയ സ്വാധീനവും വര്‍ദ്ധിപ്പിക്കാനും ശ്രമിച്ചു. നൈസാമിന്റെ ഉദ്യോഗസ്ഥര്‍ ഇവയൊക്കെ പരിഗണിക്കാതെ തള്ളിക്കളഞ്ഞു. 1930-കളോടെ, ഹൈദരാബാദിലെ ഹിന്ദു ഭൂരിപക്ഷത്തിന് ഒരിക്കലും ലഭിക്കാത്ത അവകാശങ്ങളും അവസരങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ ഉയര്‍ത്തിക്കാട്ടുന്ന ഒരു വിമര്‍ശകരായി ഹിന്ദു മഹാസഭ രംഗത്തെത്തി.
1937-ല്‍, ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഹിന്ദു മഹാസഭ ഒരു കമ്മിറ്റി വിളിച്ചുകൂട്ടി, അടുത്ത വര്‍ഷം, സ്വാമി രാമാനന്ദ തീര്‍ത്ഥ ഹൈദരാബാദ് സംസ്ഥാനത്ത്, തങ്ങള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യമുള്ള ഒരു സര്‍ക്കാരിനായി ശക്തമായി വാദമാരംഭിച്ചു. താമസിയാതെ ഒരു ക്രൂരമായ പൊതു സുരക്ഷാ നിയമം മൂലം അത് അടിച്ചമര്‍ത്തപ്പെട്ടു, ഇത് നിരവധി അറസ്റ്റുകളിലേക്കും 1946 വരെ തുടര്‍ന്നുള്ള സംഘടനയുടെ നിരോധനത്തിലേക്കും നയിച്ചു. ഇന്ത്യ സ്വതന്ത്രമായപ്പോള്‍ സംസ്ഥാനം കടുത്ത സംഘര്‍ഷത്തിലേക്ക് നീങ്ങുമെന്ന് ഉറപ്പായി.
ഹൈദ്രാബാദില്‍ 1928 ല്‍ ബഹാദൂര്‍ യാര്‍ ജംഗ് എന്ന നേതാവ് സ്ഥാപിച്ച സാമൂഹിക പ്രസ്ഥാനമാണ് മജ്ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീന്‍ (IMU) എന്ന സംഘടന. ഒമ്പത് ലക്ഷം പേര്‍ അംഗങ്ങളുള്ള ആ പ്രസ്ഥാനത്തില്‍ ഒരു ലക്ഷം പേര്‍ സൈനിക പരിശീലനം നേടിയവരായിരുന്നു. അര്‍ദ്ധസൈനികരായ ഇവര്‍ ‘റസാക്കര്‍’ സേന എന്നറിയപ്പെട്ടു. അറബിയില്‍ നിന്ന് കടം കൊണ്ട റസാക്കര്‍ എന്ന പദത്തിനര്‍ത്ഥം സന്നദ്ധഭടന്മാര്‍ എന്നാണ്. 1944 ല്‍ ബഹാദൂര്‍ യാര്‍ ജംഗ് ദൂരുഹ സാഹചര്യങ്ങളില്‍ കൊല്ലപ്പെട്ടു. പുകവലിക്കുന്ന ഹുക്കയില്‍ വിഷം കലര്‍ത്തി ജംഗിനെ കൊല്ലുകയായിരുന്നു. ഉത്തര്‍ പ്രദേശില്‍ അതുവരെ അജ്ഞാതനായിരുന്ന, ഒരു മുന്‍ അഭിഭാഷകനായ കാസിം റസ്വിയെന്നയാള്‍ ഈ സംഘടനയുടെ നേതൃത്വം ഏറ്റെടുത്തു. ഒരു മതഭ്രാന്തനായിരുന്ന അയാള്‍ തന്റെ ഉന്മാദമതവീര്യം റസാക്കര്‍ സേനയിലേക്ക് പകര്‍ന്നു.
തിളങ്ങുന്ന കണ്ണുകളും, താടിയും ഉള്ള ഒരു മനുഷ്യന്‍ എന്ന് വി.പി. മേനോന്‍ റിസ് വിയെ വിശേഷിപ്പിച്ചു. സംസാരിക്കാന്‍ തുടങ്ങിയ നിമിഷം തന്നെ അയാള്‍ ഉന്മാദത്തിന്റെ അതിരുകളുള്ള ഒരു മതഭ്രാന്തനാണെന്ന് എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞു, വി.പി. മേനോന്‍ പറഞ്ഞു. മറ്റുള്ളവര്‍ അയാളെ നൈസാമിന്റെ ‘ഫ്രാങ്കന്‍സ്‌റ്റൈന്‍’ എന്നാണ് വിശേഷിപ്പിച്ചത് അത് അര്‍ത്ഥവത്തായിരുന്നു. അയാള്‍ തികച്ചും മതഭ്രാന്തനായ ഒരു നേതാവായിരുന്നു.
ശക്തനായ ഒരു പ്രഭാഷകനായിരുന്ന റിസ് വി, ഇന്ത്യന്‍ യൂണിയനില്‍ ഹൈദ്രാബാദ് കീഴടങ്ങുന്നതില്‍ പ്രതിഷേധിച്ച് പൊതു റാലികള്‍ നടത്തി. കയ്യില്‍ വാളുമായി മരിക്കുന്നത് എല്ലായ്‌പ്പോഴും പേനയിലൂടെ വംശനാശം സംഭവിക്കുന്നതിനേക്കാള്‍ നല്ലതാണ്, ലയനത്തെ സൂചിപ്പിച്ച് അദ്ദേഹം തന്റെ അനുയായികളോട് പറഞ്ഞു. ബംഗാള്‍ ഉള്‍ക്കടലിലെ വെള്ളം ഉപയോഗിച്ച് നൈസാമിന്റെ കാലുകള്‍ കഴുകുമെന്ന് അയാള്‍ ശപഥം ചെയ്തു. ഞങ്ങള്‍ മഹ്‌മൂദ് ഗസ്‌നവിയുടെ ചെറുമക്കളും ബാബറിന്റെ മക്കളുമാണ്. വേണ്ടി വന്നാല്‍ ചെങ്കോട്ടയില്‍ ‘അസഫ് ജാഹി’ (നൈസാമിന്റെ പതാക) പതാക ഞങ്ങള്‍ ഉയര്‍ത്തും. ഡെക്കാനിലെ മുസ്ലീം ശക്തിയുടെ ആധിപത്യം നിലനിര്‍ത്താന്‍ അവസാന നിമിഷം വരെ പട നയിക്കുമെന്ന് എല്ലാ റസാക്കറുകളും അല്ലാഹുവിന്റെ നാമത്തില്‍ പ്രതിജ്ഞയെടുത്തു. ഹൈദ്രാബാദില്‍ കോണ്‍ഗ്രസ് എന്തെങ്കിലും സമ്മര്‍ദ്ദം ചെലുത്തിയാല്‍, ഇന്ത്യയിലെ ഏറ്റവും പുരാതന രാജവംശത്തിന് വേണ്ടി രാജ്യത്തെ എല്ലാ ഇസ്ലാം വിശ്വാസികളെയും അണി നിരത്തുമെന്ന് റസാക്കര്‍മാരും റിസ്വിയും പ്രഖ്യാപിച്ചു.
ലയന ചര്‍ച്ച നടന്നുകൊണ്ടിരിക്കെ റിസ് വി മുഹമ്മദ് അലി ജിന്നയെ ഹൈദ്രാബാദിലേക്ക് ക്ഷണിച്ചു. ജിന്ന ഹൈദാബാദിലെത്തി ഹുസ്സൈന്‍ സാഗര്‍ മൈതാനത്ത് ഗാന്ധിജി, നെഹ്‌റു, പട്ടേല്‍ എന്നിവരെ നിശിതമായി വിമര്‍ശിച്ചുകൊണ്ടു പ്രസംഗിച്ചു. അതോടെ ജിന്നയുടെ പിന്‍തുണ ശക്തമായി ഉണ്ടെന്ന ധാരണ റിസ് വിയെ കൂടുതല്‍ ആവേശഭരിതനാക്കി. ഇന്ത്യന്‍ സൈന്യം ഹൈദ്രാബാദ് ആക്രമിച്ചാല്‍ ഇന്ത്യയുമായി യുദ്ധം പ്രഖ്യാപിക്കുമെന്ന് മുഹമ്മദലി ജിന്ന വാക്കു തന്നിട്ടുണ്ടെന്ന് റിസ് വി, നൈസാമിനെ ധരിപ്പിച്ചതോടെ നൈസാം റിസ്വിയെ നേതാവായി കണക്കാക്കി.
ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകളുടെ ഫലമായി ഒരു താല്‍ക്കാലിക കരാറില്‍ നൈസാം ഒപ്പുവെച്ചു. കരാറില്‍ ഒപ്പിട്ട ഇന്ത്യന്‍ സൈന്യത്തിന്റെ ഉന്നതര്‍ ഉടനടി ഹൈദ്രാബാദ് നാട്ടുരാജ്യത്തിലെ പ്രധാന ‘നഗരമായ സെക്കന്തറാബാദിലുള്ള എല്ലാ സൈനിക സാമഗ്രികളും അവിടെ നിന്ന് ആവഡി, കിര്‍ക്കി, ഡെഹു, പുല്‍ഗാം എന്നീ സൈനിക ഡിപ്പോകളിലക്ക് മാറ്റി.
റസാക്കർ സേനയുടെ മേധാവി കാസിം റിസ് വി
അതേസമയം ഇന്ത്യന്‍ ഭരണകൂടവുമായി താല്‍ക്കാലിക കരാര്‍ നിലവിലിരിക്കെ, നൈസാം വിചിത്രമായ രണ്ട് തീരുമാനങ്ങള്‍ നടപ്പിലാക്കി. ഹൈദ്രാബാദില്‍ നിന്ന് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്കുള്ള ലോഹത്തിന്റെ കയറ്റുമതി പെട്ടെന്ന് നിറുത്തിയതായിരുന്നു ആദ്യത്തേത്. നിലവിലെ ഇന്ത്യന്‍ രൂപാനോട്ടുകള്‍ ഹൈദ്രാബാദ് നാട്ടുരാജ്യത്ത് അംഗീകൃതമല്ലാതാക്കി. റസാക്കറുമാരുടെ നേതൃത്വമേറ്റെടുന്ന കാസിം റിസ് വി, പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുകയും മാര്‍ച്ച് 31 ഒരാഴ്ച ‘ആയുധ ശേഖരണ വാരമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തതോടെ കാര്യങ്ങളുടെ പോക്ക് എന്തെന്ന് വ്യക്തമായിരുന്നു.
താല്‍ക്കാലിക കരാര്‍ നിലവില്‍ വന്ന ശേഷം 1948 ഏപ്രിലില്‍ ഇന്ത്യന്‍ സേന ഹൈദ്രാബാദില്‍ നിന്ന് പിന്‍വാങ്ങിയതോടെ റസാക്കര്‍മാര്‍ സംസ്ഥാനത്ത് അഴിഞ്ഞാട്ടം നടത്തി. ആരെതിര്‍ത്താലും റസാക്കര്‍മാര്‍ അവരെ കൊന്നൊടുക്കി. Hyderabad under Nizam എന്ന പുസ്തകത്തില്‍ പി.വി. കേറ്റ് എഴുതി, ‘സ്ത്രീകള്‍ റസാക്കര്‍മാരുടെ ബലാത്സംഗത്തിനും തട്ടിക്കൊണ്ടുപോകലിനും ഇരയായി. റസാക്കര്‍മാരുടെ ക്രൂരതകള്‍ കാരണം ആയിരക്കണക്കിന് ഹിന്ദുക്കള്‍ക്ക് സംസ്ഥാനത്ത് നിന്ന് പലായനം ചെയ്ത് വിവിധ ക്യാമ്പുകളില്‍ അഭയം തേടേണ്ടിവന്നു’.
ഹൈദ്രാബാദ് പ്രശ്‌നത്തില്‍ സൈനിക നടപടി അനിവാര്യമാണെന്ന് വളരെ മുന്‍പേ വി.പി. മേനോന്‍ മനസ്സിലാക്കിയിരുന്നു. താല്‍ക്കാലിക കരാര്‍ ഒപ്പ് വെച്ചപ്പോള്‍ തന്നെ അത് മേനോന്‍ പട്ടേലിനെ അറിയിച്ചിരുന്നു. സൈനിക നടപടിയെ ഒരിക്കലും ജവഹര്‍ ലാല്‍ നെഹ്‌റു അനുവദിക്കില്ലെന്നറിയാവുന്നതിനാല്‍ പട്ടേലും വി.പി മേനോനും വേണ്ട സമയത്ത് പ്രവര്‍ത്തിക്കാന്‍ ഒരു സൈനിക പദ്ധതി നേരത്തെ കരസേനാ മേധാവിയുമായി ആലോചിച്ച് തയ്യാറാക്കിയിരുന്നു.
ഇംഗ്ലീഷുകാരനായ ബുഷര്‍ ആയിരുന്നു ഇന്ത്യയുടെ സൈന്യത്തിന്റെ മേധാവി. ഇന്ത്യന്‍ ദേശീയ നേതാക്കളെ ശത്രുക്കളായി കണ്ടിരുന്ന പാക്കിസ്ഥാന്റെ സൈനിക മേധാവിയുമായി അടുപ്പം പുലര്‍ത്തിയിരുന്ന ബുഷറിന്റെ നിലപാടുകള്‍ നിര്‍ണ്ണായകമായിരുന്നതിനാല്‍ അയാളെ രഹസ്യമായി നിരീക്ഷിച്ചിരുന്നു. നിര്‍ണ്ണായകമായ ഓപ്പറേഷന്‍ പോളോ ആരംഭിക്കുന്നതിന് മുന്‍പ് അയാള്‍ പാക്ക് സൈനിക മേധാവിയുമായി സംസാരിച്ച ടെലിഫോണ്‍ സംഭാഷണം ചോര്‍ത്തി. ഇന്ത്യ ഇന്ന് ആക്രമണം തുടങ്ങും – വേണ്ടത് ചെയ്യുക എന്നൊരു വാചകം അതിലുണ്ടായിരുന്നു. സംഭാഷണം ഫ്രഞ്ചിലും ആയിരുന്നു. ഉടനടി വി.പി. മേനോന്‍ ബുഷറിനെ ചെന്ന് കണ്ട് വിശദീകരണം ആവശ്യപ്പെട്ടു. തെളിവ് കാണിച്ച് അയാളെ ചോദ്യം ചെയ്തപ്പോള്‍ അയാള്‍ക്ക് ഉത്തരമില്ലാതിരുന്നു. അയാള്‍ മാപ്പു പറഞ്ഞു. രാജി വെച്ച് തന്റെ സ്ഥാനം ഒഴിയാന്‍ അയാള്‍ തയ്യാറായി. വി.പി. മേനോന്‍ ഉടനെ അയാളില്‍ നിന്ന് രാജി എഴുതി വാങ്ങി. പിന്നീട് ജനറല്‍ കരിയപ്പ ഇന്ത്യയുടെ പുതിയ സൈന്യാധിപനായി സ്ഥാനമേറ്റു.
ഒന്നാം ആര്‍മി ഡിവിഷന്റെ കമാന്‍ഡറും കരസേനയിലെ മേജര്‍ ജനറല്‍ ജയന്തോ നാഥ് ചൗധരി ഓപ്പറേഷന്‍ പോളോയില്‍ ഇന്ത്യന്‍ സേനയെ നയിച്ചു. സതേണ്‍ കമാന്‍ഡന്റ് ജി. ഒ.സി. ലെഫ്റ്റനല്‍ ജനറല്‍ രാജേന്ദ്ര സിന്‍ജി സൈനിക ഏകോപനം നിര്‍വ്വഹിച്ചു.
ലയന ശേഷം ജവഹർ ലാൽ നെഹ്റു, സൈനിക മേധാവി ജെ.എൻ ചൗധരി. എന്നിവരോടൊപ്പം നൈസാം
1943 സെപ്റ്റംബര്‍ 13 വെളുപ്പിന് 4 മണിക്ക് ഓപ്പറേഷന്‍ പോളോ ആരംഭിച്ചു. ഹൈദ്രാബാദിന് വേണ്ടിയുള്ള യുദ്ധം ആരംഭിച്ചു. ഇന്ത്യന്‍ സൈന്യത്തിന്റെ കാലാള്‍പ്പട, കവചിത യൂണിറ്റുകള്‍, ടാങ്കുകള്‍ എന്നിവ സംസ്ഥാനത്തിന്റെ അതിര്‍ത്തി കടന്നു. രാജ്യത്തിനുള്ളിലെ, ഒരു രാജ്യത്തിന് വേണ്ടിയുള്ള യുദ്ധം! സോളാപ്പൂര്‍ – സെക്കന്ത്ബാദ് ഹൈവേയിലൂടെ ഇന്ത്യന്‍ സൈന്യത്തിലെ 7-ാം ബ്രിഗേഡ് ഹൈദ്രാബാദിലേക്ക് മുന്നേറി. ഹൈദ്രാബാദ് പ്രധാനമന്ത്രി മിര്‍ ലൈക്ക് അലി ഇന്ത്യന്‍ സൈന്യത്തെ വെല്ലുവിളിച്ച് തങ്ങള്‍ക്ക് ഒരു ദശലക്ഷം സൈനികരുണ്ടെന്ന് വീമ്പ് പറഞ്ഞിരുന്നു. എന്നാല്‍ നൈസാമിന്റെ സൈന്യവും, റസാക്കര്‍മാരും അച്ചടക്കമുള്ളതും പ്രൊഫഷണലുമായ ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തിക്ക് മുന്നില്‍ നിഷ്പ്രഭമാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ആയിരക്കണക്കിന് വരുന്ന റസാക്കര്‍ സേന തോക്കും, വാളും, കുന്തങ്ങളുമായി ഇന്ത്യന്‍ സൈന്യത്തെ നേരിട്ടു. സുശക്തമായ ഇന്ത്യന്‍ സൈന്യത്തിന് നേരെ കല്ലേറ് വരെ നടത്തിയായിരുന്നു അപരിഷ്‌കൃതരായ റസാക്കര്‍മാരുടെ വിചിത്രമായ പ്രത്യാക്രമണം…
ഓപ്പറേഷന്‍ പോളോയിലെ ഏറ്റവും നാടകീയമായ നിമിഷങ്ങളിലൊന്ന് പഞ്ചാബ് റെജിമെന്റിലെ ഹവല്‍ദാര്‍ അമര്‍ സിംഗ് ഒരു നിര്‍ണായക പാലം പിടിച്ചെടുത്തതാണ്. ചടുലമായ നീക്കത്തില്‍, ബല്ലാര്‍ഷായ്ക്ക് സമീപമുള്ള പെന്‍ഗംഗ നദിക്ക് കുറുകെയുള്ള 300 മീറ്റര്‍ ബോറി പാലം പിടിച്ചെടുക്കാനുള്ള ഉയര്‍ന്ന അപകടസാധ്യതയുള്ള ദൗത്യം സിംഗ് ഏറ്റെടുത്തു. 17 സൈനികരുടെ ഒരു സംഘം ഒരു മണല്‍ച്ചാക്കുകള്‍ നിരത്തിയ ഒരു ചരക്ക് തീവണ്ടിയുടെ വാഗണില്‍ വേഗത്തില്‍ സഞ്ചരിച്ച് അപ്രതീക്ഷിതമായി നടത്തിയ ആക്രമണത്തിലൂടെ, അവിടെയുണ്ടായിരുന്ന സൈനികരെ വകവരുത്തി ഹൈദ്രാബാദ് സൈന്യത്തെ ഞെട്ടിച്ച് ബോറി പാലം പിടിച്ചെടുത്തു.
നഗരങ്ങള്‍ വേഗത്തില്‍ പിടിച്ചെടുക്കാനായി വാര്‍ത്താ വിതരണ ലൈനുകള്‍ വിച്ഛേദിച്ച് നൈസാമിന്റെ സൈന്യത്തെ ഒറ്റപ്പെടുത്തുന്നതിനും വേണ്ടി ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി. മര്‍മ്മ പ്രധാന സ്ഥാനങ്ങള്‍ ഇന്ത്യന്‍ വേഗത്തില്‍ കീഴടക്കിയതും പിടിച്ചെടുത്തതും നൈസാമിന്റെ സൈന്യത്തിന് പ്രതിരോധിക്കാനുള്ള അവസരം ഇല്ലാതാക്കി.
ഓപ്പറേഷൻ പോളോ ആരംഭിച്ചപ്പോൾ ഇന്ത്യൻ സൈന്യം ഹൈദ്രാബിലേക്ക് നീങ്ങുന്നു.1948, സെപ്റ്റംബർ 13
നൈസാമിന്റെ സൈന്യത്തിന് യുദ്ധത്തിനിടയില്‍ നേരിട്ട അപ്രതീക്ഷിത തിരിച്ചടികളിലൊന്ന് സ്വന്തം പാളയത്തില്‍ തന്നെയായിരുന്നു. ഒന്നാം ലോക മഹായുദ്ധത്തില്‍ ഹൈദ്രാബാദ് നൈസാമിന്റെ സൈന്യത്തിലെ ഒരു ബറ്റാലിയന്‍ പങ്കെടുത്തിരുന്നു. അന്ന് യുദ്ധത്തില്‍ നഷ്ടമായ പടക്കോപ്പുകള്‍ക്ക് പകരം ഇന്ത്യന്‍ സേനയില്‍ നിന്ന് ആയുധങ്ങള്‍ നല്‍കാന്‍ ഒരു വ്യവസ്ഥ നൈസാം നേടിയിരുന്നു. അതനുസരിച്ച് സെക്കന്തറാബാദിലെ ഇന്ത്യന്‍ സൈനിക ഡിപ്പോവില്‍ നിന്ന് ആയുധങ്ങള്‍ നല്‍കി. നൈസാമിന്റെ സൈനിക ആസ്ഥാനത്തു നിന്ന് തോക്കുകള്‍ക്കുള്ള ഇന്ത്യന്‍ സൈന്യത്തിലെ ഇന്‍ഡന്റ് വന്നപ്പോള്‍ ഇന്ത്യക്കെതിരെ ഈ തോക്കുകള്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് കണ്ട ഡിവിഷനിലെ ബുദ്ധിമാനായ ഒരു ഉദ്യോഗസ്ഥന്‍ കൊടുക്കാന്‍ വെച്ച വലിയ തോക്കുകളിലെ റീക്കോയില്‍ സംവിധാനം എടുത്തു കളഞ്ഞു. ഭാരമേറിയ തോക്കില്‍ നിന്ന് ഉണ്ട പായുമ്പോള്‍ തോക്ക് ശക്തിയോടെ പിന്നിലേക്ക് ചലിക്കും. വെടിയുണ്ട പോയിക്കഴിഞ്ഞാല്‍ ബാക്കിയുള്ള വെടിമരുന്ന് പുറത്തുവന്ന് ഉപയോഗിച്ച പട്ടാളക്കാരനെ തന്നെ നശിപ്പിക്കും. ആ ചലനത്തെ നിയന്ത്രിക്കുന്ന സംവിധാനമാണ് റീക്കോയില്‍. തോക്കുകള്‍ നല്‍കിയ നൈസാമിന്റെ പട്ടാള ഉദോഗസ്ഥന് ഇതേക്കുറിച്ച് അറിയാത്തതിനാല്‍ യുദ്ധത്തിനിടയില്‍ വെടിയുതിര്‍ത്തപ്പോള്‍ ദുരന്തമായി മാറി. തോക്കില്‍ ഉപയോഗിച്ച ഷെല്ല് പിറകോട്ട് ചീറിപ്പാഞ്ഞ് വെടി വെച്ചവരെയെല്ലാം കൊന്നു.
സെപ്റ്റംബര്‍ 17 ന് ഹൈദ്രാബാദിന് സമീപം ഇന്ത്യന്‍ സേന എത്തി. ഇതിനകം കനത്ത തിരിച്ചടി നേരിട്ട് അനേകം ആള്‍ നാശം സംഭവിച്ച റസാക്കര്‍മാര്‍ ജീവനും കൊണ്ട് തിരിഞ്ഞോടി. വൈകിട്ട് 4.18 ന് നൈസാമിന്റെ പ്രധാനമന്ത്രി ലൈക്ക് അലി ഹൈദ്രാബാദ് സൈന്യം നിരുപാധികം കീഴടങ്ങിയതായി റേഡിയോ പ്രക്ഷേപണത്തിലൂടെ പ്രഖ്യാപിച്ചു. ”നേടാന്‍ കഴിയാത്ത ഒരു കാര്യത്തിനായി അനാവശ്യമായി ജീവനാശം സംഭവിക്കാന്‍ പാടില്ല. അതിനാല്‍ സഹിഷ്ണുതയോടെ, കീഴടങ്ങുന്നു, നൈസാമിന്റെ സന്ദേശം പ്രധാനമന്ത്രി വായിച്ചു.
1948 സെപ്റ്റംബര്‍ 17-ന് ഹൈദ്രാബാദ് സൈനിക കമാന്‍ഡര്‍ – ഇന്‍ ചീഫ് സയ്യിദ് അഹമ്മദ് എല്‍ എദ്രൂസ് ഇന്ത്യന്‍ കമാന്‍ഡര്‍ ജെ. എന്‍. ചൗധരിക്ക് കീഴടങ്ങി. അദ്ദേഹം ലൈഫ് മാഗസിനിലെ ലേഖകന്‍ റോബര്‍ട്ട് ലുബാറിനോട് പറഞ്ഞു: ‘അത് ജീവന്‍ വെച്ചുള്ള കളിയായിരുന്നു. ഞങ്ങള്‍ ഞങ്ങളുടെ പരമാവധി ശ്രമിച്ചു. 1948 സെപ്റ്റംബറിലെ ആ മണ്‍സൂണ്‍ ദിനത്തില്‍, ഉച്ചതിരിഞ്ഞ് കീഴടങ്ങല്‍ ഒപ്പ് വെയ്ക്കുമ്പോള്‍ ഇഡദ്രൂസ് തന്റെ മുഖത്തെ കറുത്ത കണ്ണട അഴിച്ചു മാറ്റിയില്ല. ഒരുപക്ഷേ അത് അദ്ദേഹത്തിന്റെ കണ്ണുകളിലെ ദുഃഖം മറയ്ക്കാനായിരിക്കാം. ഇന്ത്യന്‍ സൈനികാധികാരികള്‍ അദ്ദേഹത്തിന് വ്യക്തിപരമായ സ്വാതന്ത്ര്യം ഉറപ്പുനല്‍കി. നൈസാമിന്റെയും ഹൈദ്രാബാദ് സൈന്യത്തിന്റെയും അവസാനത്തെ സര്‍വ്വ സൈന്യാധിപനായ ഇദ്രൂസ് തന്റെ സൈന്യത്തെ പിരിച്ചുവിട്ട് അവസാന ഉത്തരവിറക്കി.
ലയന ശേഷം ഹൈദ്രാബാദ് നൈസാം ആഭ്യന്തര മന്ത്രി സർദാർ വല്ലഭായ് പട്ടേലിനോടൊപ്പം
ഇന്ത്യന്‍ സൈന്യം ഹൈദ്രാബാദിന്റെ സമീപം എത്തിയപ്പോള്‍, ഐക്യരാഷ്ട്രസഭ സൈനിക നീക്കം തടയുന്ന ഒരു പ്രമേയം പാസാക്കുമെന്ന് നൈസാമും ഇദ്രൂസും പ്രതീക്ഷിച്ചിരുന്നു. അത് വിഫലമായി. പിന്നീട് ഇദ്രുസിനെ അല്‍പ്പകാലം തടവിലിട്ടിരുന്നു. നൈസാം ഇതിനകം ഇന്ത്യയോട് കൂറ് പ്രഖ്യാപിച്ചു. ഓപ്പറേഷന്‍ പോളോക്ക് രണ്ട് നാള്‍ മുന്‍പ് കറാച്ചിയില്‍ നിന്ന് വന്ന ദുരന്ത വാര്‍ത്ത – ‘മുഹമ്മദ് അലി ജിന്ന അന്തരിച്ചു.’ എന്നത് നൈസാമിന്റെ അവസാന പ്രതീക്ഷകളും തകര്‍ത്തിരുന്നു. ഇന്ത്യന്‍ സൈന്യത്തെ കൈകാര്യം ചെയ്യും എന്ന് വീമ്പടിച്ച കാസിം റിസ് വി നൈസാം കൈവിട്ടതോടെ അപ്രതൃക്ഷനായി. റസാക്കര്‍മാരെ ഇന്ത്യന്‍ സൈന്യം നിലംപരിശാക്കിയതോടെ അയാള്‍ ഓടി രക്ഷപ്പെട്ടു. പിന്നീട് അയാളെ വാറംഗലില്‍ നിന്ന് പിടികൂടി തടവിലിട്ടു. ഏഴ് വര്‍ഷത്തെ തടവ് ശിക്ഷക്ക് ശേഷം മോചിതനായ അയാള്‍ പാക്കിസ്ഥാനിലേക്ക് പോയി. അവിടെ അഭയാര്‍ത്ഥിയായി മരിച്ചു.
ഓപ്പറേഷന്‍ പോളോയില്‍ 42 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. 97 പേര്‍ക്ക് പരിക്കേറ്റു, 24 പേരെ കാണാതായി. ഹൈദ്രാബാദ് സൈന്യത്തില്‍ 490 സൈനികര്‍ മരിച്ചു, 122 പേര്‍ക്ക് പരിക്കേറ്റു. റസാക്കര്‍ക്ക് ഇതിലും വലിയ നഷ്ടങ്ങള്‍ നേരിട്ടു. അവരില്‍ 2,727 പേര്‍ കൊല്ലപ്പെടുകയും 3,364 പേരെ പിടികൂടി ജയിലിലടയ്ക്കുകയും ചെയ്തു.
ഹൈദ്രാബാദ് ഇന്ത്യന്‍ യൂണിയനില്‍ ലയിച്ച ശേഷം ഓപ്പറേഷന്‍ പോളോയ്ക്ക് നേതൃത്വം നല്‍കിയ ലെഫ്റ്റനന്റ് കേണല്‍ ജെ.എന്‍. ചൗധരി 18 മാസത്തേക്ക് ഹൈദ്രാബാദിന്റെ സൈനിക ഗവര്‍ണറായി ചുമതലയേറ്റു. അതിനുശേഷം എം.കെ. വെള്ളോടിയുടെ കീഴില്‍ ഒരു പ്രവിശ്യാ സര്‍ക്കാര്‍ ആദ്യ പൊതുതെരഞ്ഞെടുപ്പ് വരെ ഭരിച്ചു.
ഇന്ത്യന്‍ സര്‍ക്കാര്‍ നടത്തിയ സൈനിക നടപടിയായ ഓപ്പറേഷന്‍ പോളോയില്‍ വലിയ തോതിലുള്ള അക്രമവും ജീവഹാനിയും ഉണ്ടായെന്ന് വ്യാപകമായ ആരോപണം ഉയര്‍ന്നു. മരണസംഖ്യയുടെ കണക്കുകള്‍ വളരെ വ്യത്യസ്തമാണ്, പക്ഷേ ആ ഓപ്പറേഷനിലും തുടര്‍ന്നുള്ള വര്‍ഗീയ കലാപത്തിലും 10,000 മുതല്‍ 2,00,000 വരെ ആളുകള്‍ കൊല്ലപ്പെട്ടുവെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു. സംഭവങ്ങളുടെ കുഴപ്പം നിറഞ്ഞ സ്വഭാവവും സമഗ്രമായ രേഖകളുടെ അഭാവവും കാരണം കൃത്യമായ എണ്ണം ചരിത്രകാരന്മാര്‍ക്കിടയില്‍ ഇപ്പോഴും ചര്‍ച്ചാവിഷയമാണ്.
ഓപ്പറേഷന്‍ പോളോയില്‍ സൈന്യം നടത്തിയ അതിക്രമങ്ങളെക്കുറിച്ചുള്ള ആരോപണങ്ങള്‍ പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. അന്വേഷണത്തിനായി ഇന്ത്യ രൂപീകരിച്ച സുന്ദര്‍ലാല്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍, പ്രധാനമായും മഹാരാഷ്ട്ര, കര്‍ണാടക ജില്ലകളിലെ വര്‍ഗീയ കലാപങ്ങളില്‍ 26,000 മുതല്‍ 40,000 വരെ മുസ്ലീങ്ങള്‍ കൊല്ലപ്പെട്ടുവെന്ന് പറയുന്നു.
ബഹാദൂർ യാർ ജംഗ്, മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻ (IMU) സംഘടന സ്ഥാപകൻ
പണ്ഡിറ്റ് സുന്ദര്‍ലാല്‍, കാസി അബ്ദുള്‍ ഗഫാര്‍, മൗലാന മിസ്രി എന്നിവരടങ്ങുന്ന മൂന്നംഗ കോണ്‍ഗ്രസ് നേതാക്കളുടെ ഒരു സംഘം 1948 ഡിസംബറില്‍ മൂന്നാഴ്ച ഹൈദ്രാബാദില്‍ പര്യടനം നടത്തി ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അവരുടെ റിപ്പോര്‍ട്ട് വളരെ ഞെട്ടിപ്പിക്കുന്നതായിരുന്നു. സുന്ദര്‍ലാല്‍ സംഘം സംസ്ഥാനത്തുടനീളമുള്ള ഡസന്‍ കണക്കിന് ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചു.
2013 ല്‍ ബിബിസിയുടെ ‘ഹൈദരാബാദ് 1948: ഇന്ത്യയുടെ നിഗൂഢ കൂട്ടക്കൊല’ എന്ന ഒരു ഡോക്യുമെന്ററിയില്‍ പറയുന്ന സുന്ദര്‍ലാല്‍ കമ്മിറ്റിയുടെ നിരീക്ഷണങ്ങള്‍ ഇങ്ങനെ പറയുന്നു:
‘ഞങ്ങളുടെ പര്യടനത്തിനിടെ, ചുരുക്കം ചില സ്ഥലങ്ങളില്‍, സൈനികര്‍ ഹിന്ദു ജനക്കൂട്ടത്തെ മുസ്ലീം കടകളും വീടുകളും കൊള്ളയടിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചില സന്ദര്‍ഭങ്ങളില്‍ നിര്‍ബന്ധിക്കുകയും ചെയ്തു.’ എന്നിരുന്നാലും, മറ്റ് പല സന്ദര്‍ഭങ്ങളിലും ഇന്ത്യന്‍ സൈന്യം നന്നായി ഇടപെടുകയും, പെരുമാറുകയും മുസ്ലീങ്ങളെ സംരക്ഷിക്കുകയും ചെയ്തു’
സുന്ദര്‍ലാല്‍ കമ്മിറ്റി റിപ്പോര്‍ട്ട് 2013 വരെ പരസ്യമാക്കിയിരുന്നില്ല. റസാക്കര്‍മാര്‍ എന്നറിയപ്പെടുന്ന 2,00,000 ശക്തരായ പ്രാദേശിക സൈന്യത്തിനും എന്ത് സംഭവിച്ചു? എന്നൊക്കെ അവ്യക്തമായിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റു ആ റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ തയാറായില്ല. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം അത് രഹസ്യമായി പ്രചരിക്കാന്‍ തുടങ്ങിയപ്പോള്‍ അന്ന് പ്രധാനമന്ത്രിയായ ഇന്ദിരാ ഗാന്ധി ‘ദേശീയ സുരക്ഷക്ക് അപകടകരം’ എന്ന് വിശേഷിപ്പിച്ച് അതിന്റെ പ്രസിദ്ധീകരണം നിരോധിച്ചു. 2013ല്‍ പുറത്തുവന്ന A.G.Noorani യുടെ The Destruction of Hyderabad എന്ന പുസ്തകത്തിന്റെ അനുബന്ധമായി ചേര്‍ത്ത് ആദ്യമായി സുന്ദര്‍ലാല്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നു.
നൈസാമിന്റെ ദുരാഗ്രഹവും ബുദ്ധിശ്യൂന്യതയുമാണ് ഹൈദ്രാബാദില്‍ നടന്ന കലാപവും അനിഷ്ടസംഭവങ്ങളെന്നും, പതിനായിരങ്ങളുടെ ജീവനും സ്വത്ത് വകകള്‍ നഷ്ടപ്പെട്ടതിനും ഉത്തരവാദി വികലമായ ആ ഭരണാധികാരിയാണെന്നും ചരിത്രകാരന്മാര്‍ ഏകപക്ഷീയമായി വിലയിരുത്തുന്നു. നാട്ടുരാജ്യ സംയോജന ചര്‍ച്ചകള്‍ക്കായ് നിയമിച്ച ഹൈദ്രാബാദിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥനായ കെ.എം. മുന്‍ഷിയെ വീട്ടുതടങ്കലിലാക്കിയ നടപടി തന്നെ നൈസാമിന്റെ ഭരണം ആ സമയത്ത് എങ്ങനെയായിരുന്നു എന്ന് വ്യക്തമാക്കുന്നു.
ഹൈദ്രാബാദിലെ സൈനിക നടപടിയെ ബ്രിട്ടീഷ് പത്രങ്ങള്‍ രൂക്ഷമായി വിമര്‍ശിച്ചു. ബ്രിട്ടണിലെ ഒരു നിയമസഭയായ ഹൗസ് ഓഫ് കോമണ്‍സില്‍ ഇതേക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നു. ‘ഇന്ത്യ ഒരു യുദ്ധ പ്രവണതയുള്ള രാജ്യമായി വളരാന്‍ ശ്രമിക്കുകയാണ്’ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഏണസ്റ്റ് ബെവന്‍ ആരോപിച്ചു.’ സമാധാനപരമായ ലയനത്തിന് വേണ്ടി ഹൈദ്രാബാദില്‍ നൈസാമുമായി നടന്ന അനേക വട്ടചര്‍ച്ചകളെ കുറിച്ച് ഒന്നും അറിയാത്തവരാണ് ഈ വിമര്‍ശകര്‍. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന്റെ അവസാന വാക്കായ വി.പി. മേനോന്‍ The Story of the Integration of the Indian States (1956) എന്ന തന്റെ പ്രശസ്തമായ പുസ്തകത്തില്‍ ഇതിനെ നിഷേധിച്ച് എഴുതി.
വി.പി. മേനോൻ, സർദാർ പട്ടേൽ , ജവഹർലാൽ നെഹ്റു
562 നാട്ടുരാജ്യങ്ങളെ ഇന്ത്യയോട് സംയോജിപ്പിക്കുന്നതിലും, നയതന്ത്രവും നിര്‍ണായക നടപടികളും സംയോജിപ്പിച്ചതിലും സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ നേതൃത്വം നിര്‍ണായകമായിരുന്നു. ഓപ്പറേഷന്‍ പോളോ ഹൈദ്രാബാദിന്റെ 2,12,000 ചതുരശ്ര കിലോമീറ്ററും 17 ദശലക്ഷം ജനങ്ങളേയും കൂട്ടിച്ചേര്‍ത്തു ഇന്ത്യയുടെ ഭാഗമാക്കി.. വിഭജനത്തിനുശേഷം ഇന്ത്യയുടെ പ്രദേശം അഞ്ച് ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വികസിപ്പിച്ചതിലും ‘ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍’ എന്ന പേര് അന്വര്‍ത്ഥമാക്കി സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ തന്റെ സങ്കീര്‍ണമായ ജോലി വിജയകരമായി നിര്‍വഹിച്ചു.
1948 സെപ്റ്റബര്‍ 18 ന് 108 മണിക്കൂര്‍ മാത്രം നീണ്ടുനിന്ന ഓപ്പറേഷന്‍ പോളോ വിജയകരമായി ഇന്ത്യന്‍ സൈന്യം പൂര്‍ത്തിയാക്കി. ഹൈദ്രാബാദ് ഒടുവില്‍ ഇന്ത്യയുടേതായി. ഹൈദ്രാബാദ് സംസ്ഥാനത്തുടനീളമുള്ള പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഇന്ത്യന്‍ ത്രിവര്‍ണ്ണ പതാക പാറിക്കളിച്ചു. Operation Polo: The military action that integrated Hyderabad into India
Content Summary: Operation Polo: The military action that integrated Hyderabad into India
Leave a Comment