June 18, 2026 |
Share on

ഓപ്പറേഷന്‍ സിന്ദൂര്‍; സിന്ദൂരം നോക്കി മതം കണ്ടുപിടിച്ചവര്‍ക്കുള്ള മറുപടിയോ? ബഹവല്‍പൂരും മുരിദ്‌കെയും ലക്ഷ്യമിട്ടതിനും കാരണമുണ്ട്

ബാലകോട്ട് വ്യോമാക്രമണത്തിനും സര്‍ജിക്കല്‍ സ്‌ട്രൈക്കിനും അപ്പുറം പ്രത്യേകതയുണ്ട് ഓപ്പറേഷന്‍ സിന്ദൂറിന്

ഇന്ത്യ സമീപ കാലങ്ങളില്‍ നടത്തിയ ഏറ്റവും വലിയൊരു സൈനിക ഓപ്പറേഷനായാണ് ഓപ്പറേഷന്‍ സിന്ദൂര്‍ വിലയിരുത്തപ്പെടുന്നത്. പാകിസ്താനിലും പാക് അധിനിവേശ കശ്മീരിലുമായി ഒമ്പത് തീവ്രവാദ കേന്ദ്രങ്ങളിലാണ് ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയത്. പഹല്‍ഗാമില്‍ 26 നിരപരാധികളെ കൊന്നതിനുള്ള പ്രതികാരം. തിരിച്ചടിക്കുമെന്നത് രാജ്യത്തിന്റെ പ്രതിജ്ഞയായിരുന്നു. അത് നിറവേറ്റി. സമീപ വര്‍ഷങ്ങളിലൊന്നും ഇന്ത്യ ഇങ്ങനെയൊരു പ്രത്യാക്രമണം നടത്തിയിട്ടില്ല. 2019 ലെ ബാലകോട്ട് വ്യോമാക്രമണത്തിനും ഉറി സൈനിക ക്യാമ്പില്‍ നടത്തിയ ഭീകരാക്രമണത്തിന് പിന്നാലെ നടപ്പാക്കിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനും ശേഷം ഇന്ത്യന്‍ സൈന്യം നടത്തുന്ന മറ്റൊരു സുപ്രധാന നീക്കമാണ് ഓപ്പറേഷന്‍ സിന്ദൂര്‍.

ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ചുള്ള ക്യത്യമായ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. ആക്രമണത്തിന്റെ സ്വഭാവമോ, ഉപയോഗിച്ച ആയുധങ്ങളെക്കുറിച്ചോ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. എങ്കിലും സൂചനകള്‍ പ്രകാരം ഇന്ത്യ നടത്തിയത് മിസൈല്‍ ആക്രമണമാണെന്നാണ് പറയുന്നത്. രാവിലെ പ്രതിരോധ മന്ത്രി മാധ്യമങ്ങളെ കാണുമെന്ന് വിവരമുണ്ട്. ഈ സമയത്ത് ഓപ്പറേഷനുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വിട്ടേക്കാം.

ബാലകോട് വ്യോമാക്രണവും,സര്‍ജിക്കല്‍ സ്‌ട്രൈക്കും ഇന്ത്യയുടെ പ്രത്യാക്രമണങ്ങള്‍ തന്നെയായിരുന്നുവെങ്കിലും, അവ നിശ്ചിത കേന്ദ്രം മാത്രം ലക്ഷ്യം വച്ചുള്ളതായിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിലാകട്ടെ, ഇന്ത്യ വ്യത്യസ്തമായ ഒമ്പത് കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതും ആക്രമിച്ചതും. പാകിസ്താനിലും പാക് അധിനിവേശ കശ്മീരിലുമുള്ള ഒമ്പത് തീവ്രവാദ കേന്ദ്രങ്ങളാണ് തകര്‍ത്തതെന്ന് ഇന്ത്യന്‍ സൈന്യം പറയുന്നു. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ബഹവല്‍പൂര്‍, മുരിദ്‌കെ എന്നിവിടങ്ങളിലും, പാക് അധിനിവേശ കശ്മീരിന്റെ തലസ്ഥാനമായ മുസാഫര്‍ബാദിലെ കോട്‌ലിയിലും ഇന്ത്യന്‍ ആക്രമണം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടങ്ങളെല്ലാം തന്നെ ഭീകരവാദ കേന്ദ്രങ്ങളാണ്.

താര്‍ മരുഭൂമിക്ക് കുറുകെ, രാജസ്ഥാന്‍ അതിര്‍ത്തിക്ക് അഭിമുഖമായുള്ള പാക് പ്രദേശമാണ് ബഹവല്‍പൂര്‍. മൗലാന മസൂദ് അസ്ഹറിന്റെ നേതൃത്വത്തിലുള്ള ഭീകര സംഘടനയായ ജെയ്ഷ് -ഇ-മുഹമ്മദിന്റെ ശക്തി കേന്ദ്രമാണിവിടം. 1999 ഡിസംബറില്‍ അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്ക് തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനമായ ഐസി-814 ലെ യാത്രക്കാര്‍ക്ക് പകരമായി ഇന്ത്യ കൈമാറിയ മൂന്ന് ഭീകരരില്‍ ഒരാളാണ് മൗലാന മസൂദ് അസ്ഹര്‍. 1968 ല്‍ മസൂദ് അസഹര്‍ ജനിച്ചത് ഇവിടെയാണ്. ബഹവല്‍പൂര്‍ വാര്‍ത്ത പ്രാധാന്യം നേടുന്ന മറ്റൊരു സംഭവം, ഇവിടെയാണ് പാകിസ്താന്‍ ഭരിച്ച ഏകാധിപതി സിയ-ഉള്‍-ഹഖ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ടത്.

ലഹോറിന് സമീപത്തുള്ള നഗരമാണ് മുരിദ്‌കെ. മുംബൈ ഭീകരാക്രമണം നടത്തിയ ഹാഫിസ് സയീദിന്റെ നേതൃത്വത്തിലുള്ള ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ ആസ്ഥാനമാണ്ഇവിടം. ലഷ്‌കര്‍-ഇ-തൊയ്ബയുടെ ബേസ് ക്യാമ്പായ മര്‍കസ്-ഇ-തൊയ്ബ മുരിദ്‌കെയിലാണ് സ്ഥിതി ചെയ്യുന്നത്.

ജമ്മുവിലെ നിയന്ത്രണ രേഖയ്ക്ക് അപ്പുറം സ്ഥിതി ചെയ്യുന്ന പ്രദേശമാണ് പാക് അധിനിവേശ കശ്മീരിലെ കോട്‌ലി. ഇന്ത്യന്‍ പ്രദേശങ്ങളാണ് പൂഞ്ച് , കോട്‌ലിയുടെ വടക്കു കിഴക്കായും, രജൗറി തെക്ക് പടിഞ്ഞാറായും അതിര്‍ത്തി പങ്കിടുന്നു. പാക് അധിനിവേശ കശ്മീരിന്റെ തലസ്ഥാനമാണ് മുസാഫര്‍ബാദ്. ബാരാമുള്ളയും കുപ്‌വാരയും മുസാഫര്‍ബാദിന്റെ കിഴക്കായി വരും. മുസാഫര്‍ബാദ് ഭീകരവാദികളുടെ പ്രധാന കേന്ദ്രമാണ്. പാകിസതാന്‍ സൈന്യത്തിന്റെ സഹായത്തോടെ ഭീകര സംഘടനകള്‍ ഇവിടെ ആസ്ഥാനമാക്കിയാണ് ഇന്ത്യയിലേക്ക് ഭീകരരെ നുഴഞ്ഞു കയറ്റി വിടുന്നത്. ഇന്ത്യയെ സംബന്ധിച്ച് ഏറെ അപകടകരമായൊരു സ്ഥലം.

പഹല്‍ഗാമില്‍ ഭീകരര്‍ ചെയ്തത്, പുരുഷന്മാരെ തിരഞ്ഞു പിടിച്ചു കൊല്ലുകയായിരുന്നു. മതം നോക്കിയായിരുന്നു ഭീകരര്‍ മനുഷ്യരെ കൊന്നത്. സിന്ദൂരം തൊട്ട് സ്ത്രീകളുടെ ഭര്‍ത്താക്കന്മാരെ ഹിന്ദുക്കളാണെന്ന് ഉറപ്പിച്ച് പോയിന്റ് ബ്ലാങ്കില്‍ വെടിവച്ചു കൊല്ലുകയായിരുന്നു. ഈ ക്രൂരതയാണ്, ഇന്ത്യന്‍ പ്രത്യാക്രമണത്തിന് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന കോഡ് നെയിം നല്‍കിയതിന് പിന്നില്‍ എന്നൊരു സൂചനയുണ്ട്.

പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം, പാകിസ്താനെതിരേ ഇന്ത്യ നയതന്ത്ര തിരിച്ചടികള്‍ നടത്തിയിരുന്നു. അത് കൂടാതെ സൈനികമായ പ്രതികരണവും ഉണ്ടാകുമെന്ന മുന്നറിയിപ്പും അയല്‍ക്കാര്‍ക്ക് നല്‍കിയിരുന്നു. അത് ഇന്ത്യയുടെ പ്രതിജ്ഞ കൂടിയായിരുന്നു.

ചൊവ്വാഴ്ച്ച വൈകുന്നേരം പാകിസ്താനുമായുള്ള അന്താരാഷ്ട്ര അതിര്‍ത്തി പ്രദേശത്ത് ഇന്ത്യന്‍ വ്യോമസേന അതിന്റെ ശക്തി പ്രകടനം തെളിയിച്ചുകൊണ്ടുള്ള സൈനികാഭ്യാസങ്ങള്‍ നടത്തിയിരുന്നു. എല്ലാ യുദ്ധവിമാനങ്ങളെയും പങ്കെടുപ്പിച്ച് കൊണ്ട് നടത്തിയ മുന്‍കൂട്ടി നിശ്ചയിച്ച പതിവ് പരിശീലനമായിരുന്നു നടത്തിയതെന്നായിരുന്നു വ്യോമസേന അറിയിച്ചിരുന്നത്.

പാക് സൈനിക കേന്ദ്രങ്ങള്‍ തൊടാതെ, ഭീകരവാദ കേന്ദ്രങ്ങള്‍ മാത്രമാണ് ഇന്ത്യ ആക്രമിച്ചത്. വളരെ കൃത്യതയോടെയും അളന്നു തൂക്കിയുള്ളതുമായ ആക്ഷന്‍ എന്നാണ് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് പരാമര്‍ശിക്കുന്നത്. പാകിസ്താന്റെ സൈനിക കേന്ദ്രങ്ങളിലൊന്നും ആക്രമണം നടത്തിയിട്ടില്ലെന്നാണ് മന്ത്രാലയം ഉറപ്പിച്ചു പറയുന്നത്. ലക്ഷ്യങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും അവ നടപ്പാക്കിയതിലും ഇന്ത്യ ശരിയായ സംയമനം പാലിച്ചിരുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. പഹല്‍ഗാം ആക്രമണത്തിന്റെ ഉത്തരവാദികളെ ശിക്ഷിക്കുമെന്ന വാക്ക് പാലിച്ചിരിക്കുകയാണെന്നും ഇന്ത്യ ലോകത്തെ അറിയിക്കുന്നു.  Operation Sindoor; Reason behind the codename, and-its a largest strike in recent times

Content Summary;  Operation Sindoor; Reason behind the codename, and-its a largest strike in recent times

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×