വിമാനത്താവളങ്ങള്‍ അടച്ചു, വിമാനങ്ങള്‍ വഴിതിരിച്ചു വിടുന്നു; പ്രകോപനം തുടര്‍ന്നു പാകിസ്താന്‍

അതിര്‍ത്തിയില്‍ പാകിസ്താന്‍ നടത്തിയ വെടിവയ്പ്പില്‍ മൂന്നു സാധാരണക്കാര്‍ കൊല്ലപ്പെട്ടു

ഇന്ത്യയുടെ പഹല്‍ഗാം പ്രതികാരത്തിന് പിന്നാലെ പ്രകോപിതരായി പാകിസ്താന്‍. ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപം പാകിസ്താന്‍ ടാങ്കുകള്‍ ഉപയോഗിച്ച് ഇന്ത്യയിലേക്ക് വെടിവയ്പ്പ് നടത്തുകയാണ്. ഈ ആക്രമണത്തില്‍ മൂന്നു സാധാരണക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഇന്ത്യന്‍ സൈന്യം അറിയിച്ചത്. പാകിസ്താനിലെയും പാക് അധിനിവേശ കശ്മാരിലെയും ഒമ്പത് ഭീകരവാദ കേന്ദ്രങ്ങളില്‍ ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തിന് പിന്നാലെയാണിത്. പഹല്‍ഗാമില്‍ 26 നിരപരാധികളെ കൊന്നൊടുക്കിയതിന് പ്രതികാരമാണ് ഇന്ത്യ നടത്തിയത്.

പാക് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ വഴിതിരിച്ചു വിടുകയും വിമാനത്താവളങ്ങള്‍ താത്കാലികമായി അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ളതോ, പ്രധാനപ്പെട്ട ഇന്ത്യന്‍ വ്യോമസേന താവളങ്ങളോട് ചേര്‍ന്നുള്ളതോ ആയ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനത്തെ ഇപ്പോഴത്തെ സാഹചര്യം ബാധിച്ചിട്ടുണ്ട്. ശ്രീനഗര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ബുധനാഴ്ച്ച പൂര്‍ണമായി നിര്‍ത്തിവയ്ക്കും. ഇവിടെ നിന്നോ, ഇങ്ങോട്ടോ വിമാന സര്‍വീസുകള്‍ ഉണ്ടാകില്ല.

പാകിസ്താനിലും പാക് അധീന കശ്മീരിലമായി ഒമ്പത് ഭീകര കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്നാണ് സൈന്യം പറയുന്നത്. ഇതില്‍ നാലെണ്ണം പാകിസ്താനിലെ പഞ്ചാബിലുള്ള ബഹാവല്‍പൂര്‍, മുരിദ്‌കെ, പിഒകെയിലെ മുസാഫറാബാദ്, കോട്ലി എന്നിവയാണെന്നാണ് വിവരം. ഈ നഗരങ്ങളെല്ലാം ഭീകര ക്യാമ്പുകളുടെ കേന്ദ്രങ്ങളാണെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക് വ്യോമപാത തിരഞ്ഞെടുത്ത മിക്ക അന്താരാഷ്ട്ര വിമാനങ്ങളും വഴി തിരിച്ചു വിട്ടതായി റിപ്പോര്‍ട്ടുണ്ട്. അന്താരാഷ്ട്ര സര്‍വീസുകള്‍ പാക് ആകാശം ഒഴിവാക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ പറയുന്നത്, നിലവിലെ സാഹചര്യവും വ്യോമാതിര്‍ത്തിയിലെ മാറ്റങ്ങളും ഉത്തരേന്ത്യയിലെ ചില വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസുകളെ ബാധിച്ചിട്ടുണ്ടെന്നാണ്. ബുധനാഴ്ച ശ്രീനഗര്‍ വിമാനത്താവളത്തില്‍ നിന്നോ അങ്ങോട്ടേക്കോ യാത്ര വിമാനങ്ങള്‍ സര്‍വീസ് നടത്തില്ലെന്നും ഇന്‍ഡിഗോ അറിയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പാകിസ്താനെ ഒഴിവാക്കുകയാണെന്നും, എന്നാല്‍ പാക് വിമാനങ്ങള്‍ നിശ്ചയിക്കപ്പെട്ട റൂട്ടുകളില്‍ തന്നെ സര്‍വീസ് തുടരുന്നുണ്ടെന്നുമാണ് ഫ്‌ളൈറ്റ് ട്രാക് സര്‍വീസ് ആയ ഫ്‌ളൈറ്റ് റഡാര്‍ 24 പങ്കുവച്ച എക്‌സ് പോസ്റ്റില്‍ പറയുന്നത്. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യയ്ക്കും പാകിസ്താനും ഇടയില്‍ സംഘര്‍ഷം ഉടലെടുത്ത പശ്ചാത്തലത്തില്‍ നേരത്തെ തന്നെ പല അന്താരാഷ്ട്ര വിമാന സര്‍വീസുകളും പാക് വ്യോമപാത ഉപേക്ഷിച്ചിരുന്നു. ഏതാനും സര്‍വീസുകള്‍ മാത്രമായിരുന്നു പാക് ആകാശത്തിലൂടെ പറന്നിരുന്നത്. ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാകിസ്താന്‍ വിലക്കും ഏര്‍പ്പെടുത്തിയിരുന്നു.  Operation Sindoor updates; Flights diverted, airports shut. 3 civilians killed in artillery fire by Pakistan

Content Summary; Operation Sindoor updates; Flights diverted, airports shut. 3 civilians killed in artillery fire by Pakistan

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment