പാകിസ്താനിലെ ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ച ഇന്ത്യന്‍ ഫൈറ്റര്‍ ജെറ്റുകളെ വെടിവച്ചിട്ടോ? അങ്ങനെയൊരു അവകാശവാദമാണ് പാകിസ്താന്‍ ഉയര്‍ത്തുന്നത്. ഇന്ത്യയുടെ അഞ്ച് വിമാനങ്ങള്‍ താഴെയിട്ടുവെന്നാണ് പാകിസ്താന്‍ മിലട്ടറിയുടെ വാദമെന്ന് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്നു റഫേല്‍ യുദ്ധവിമാനങ്ങളും, റഷ്യന്‍ നിര്‍മിത യുദ്ധ വിമാനങ്ങളായ Su-30, MiG-29 വിമാനങ്ങളും വെടിവച്ചിട്ടുവെന്നാണ് പാക് സൈന്യത്തിന്റെ വക്താവ് പറയുന്നത്. പാകിസ്താനില്‍ വന്ന് ആക്രമണം നടത്തിയതുകൊണ്ടാണ് ഇന്ത്യന്‍ വിമാനങ്ങളെ തങ്ങള്‍ ലക്ഷ്യമിട്ടതെന്നും പാക് വക്താവ് അവകാശപ്പെടുന്നുണ്ട്. രണ്ട് ഇന്ത്യന്‍ വിമാനങ്ങള്‍ തങ്ങള്‍ വീഴ്ത്തിയതായി ദി ഗാര്‍ഡിയനോടും പാക് അധികൃതര്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ഈ വാദം ശരിയാക്കാനുള്ള യാതൊരു തെളിവും ഇതുവരെ പാകിസ്താന്‍ പുറത്തു വിട്ടിട്ടുമില്ല.
എന്നാല്‍ പാകിസ്താന്റെ അവകാശവാദത്തിനെതിരേ ഇന്ത്യ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. അക്രമണം നടത്തിയ വിമാനങ്ങളും പൈലറ്റുമാരും സുരക്ഷിതരായി തന്നെ ഇന്ത്യയില്‍ തിരിച്ചെത്തിയെന്നും വാര്‍ത്തുകള്‍ വരുന്നുണ്ട്. റഫേല്‍ വിമാനങ്ങള്‍ നഷ്ടപ്പെട്ടുവെങ്കില്‍ അത് ഇന്ത്യക്ക് തിരിച്ചടിയാകുമെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പാകിസ്താന്‍, ചൈന അതിര്‍ത്തികളില്‍ റഫേല്‍ വിമാനങ്ങള്‍ ഇന്ത്യയുടെ പ്രധാന ആയുധമാണ്. ഇന്ത്യന്‍ സൈന്യത്തെ ആധുനികവല്‍ക്കരിക്കുക, റഷ്യന്‍ നിര്‍മ്മിത ഉപകരണങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുക, ആഭ്യന്തര ആയുധ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് റാഫേല്‍ യുദ്ധവിമാനം ഇന്ത്യന്‍ സൈന്യത്തില്‍ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂറിന് മുമ്പുള്ള കണക്ക് പ്രകാരം 36 റഫേല്‍ ഫൈറ്റര്‍ ജെറ്റുകള്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ ഭാഗമായി ഇപ്പോഴുണ്ട്. അതേസമയം നാവികസേന പ്രധാനമായും ഉപയോഗിക്കുന്നത് മിഗ്-29 ജെറ്റുകളാണ്. ഏപ്രില്‍ അവസാനത്തോടെ നാവികസേനയ്ക്ക് ലഭ്യമാകുന്ന വിധത്തില്‍ 63,000 കോടി (7.4 ബില്യണ്‍ ഡോളര്‍) വിലമതിക്കുന്ന 26 റാഫേല്‍ യുദ്ധവിമാനങ്ങള്‍ കൂടി വാങ്ങുന്നതിനായി ഇന്ത്യ തിങ്കളാഴ്ച ഫ്രാന്‍സിന്റെ ഡസ്സോള്‍ട്ട് ഏവിയേഷനുമായി കരാറില്‍ ഒപ്പുവച്ചിരുന്നു.
അതേസമയം, കശ്മീരിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു സ്‌കൂള്‍ കെട്ടിടത്തിന് മുകളിലായി ഒരു അജ്ഞാത വിമാനം തകര്‍ന്നു വീണതായും റിപ്പോര്‍ട്ടുണ്ട്. ബുധനാഴ്ച്ച പുലര്‍ച്ചെ, ഇന്ത്യ മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെയായാണ് വിമാനം തകര്‍ന്നു വീണതെന്നാണ് പൊലീസും നാട്ടുകാരും പറയുന്നത്. ആകാശത്ത് വലിയ തീഗോളങ്ങള്‍ പോലെ കണ്ടു, പിന്നാലെ പലതവണയായി സ്‌ഫോടന ശബ്ദങ്ങളും കേട്ടു എന്നാണ് പാംപോര്‍ മേഖലയിലെ വുയാന്‍ ഗ്രാമത്തില്‍ നിന്നുള്ള മുഹമ്മദ് യൂസഫ് ദര്‍ എന്നൊരു പ്രദേശവാസി മാധ്യമങ്ങളോട് പറഞ്ഞത്. തീയണയ്ക്കാന്‍ കഠിന ശ്രമം നടക്കുകയാണ്. സൈന്യവും പൊലീസും സംഭവ സ്ഥലം സീല്‍ ചെയ്തിരിക്കുകയാണ്. ഒരു യുദ്ധവിമാനം കശ്മരില്‍ തകര്‍ന്നു വീണതായി ഇന്ത്യന്‍ അധികൃതര്‍ റോയിട്ടേഴ്‌സിനോട് പ്രതികരിച്ചിട്ടുണ്ട്. പൈലറ്റിനെ ആശുപത്രിയിലേക്ക് കൊണ്ടു പോയിട്ടുണ്ടെന്നും പറയുന്നു. എന്നാല്‍ വുയാന്‍ മേഖലയില്‍ തകര്‍ന്നു വീണ വിമാനത്തെ കുറിച്ച് തന്നെയാണോ അധികൃതര്‍ പറഞ്ഞതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. An unknown aircraft has crashed on a school building in kashmir, Pakistan said they shot down five Indian fighter jets
ചിത്രത്തിന് കടപ്പാട്; തൗസീഫ് മുസ്തഫ/ എഎപി
Content Summary; An unknown aircraft has crashed on a school building in kashmir, Pakistan said they shot down five Indian fighter jets
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.