ബ്രസീല്‍, ജര്‍മനി, ജപ്പാന്‍, ഓസ്ട്രിയ; ഫുട്‌ബോള്‍ ടീമുകളെയായിരുന്നു അവര്‍ രഹസ്യനാമങ്ങളായി ഉപയോഗിച്ചത്. അവരുടെ പദ്ധതിക്കിട്ട പേര്; ഓപ്പറേഷന്‍ കോപ്പ 2022(ഓപ്പറേഷന്‍ ലോകകപ്പ് 2022)! ഫുട്‌ബോളുമായി ബന്ധപ്പെട്ട എന്തോ ഒന്ന്? അല്‍പ്പം സംശയത്തോടെ നിങ്ങള്‍ ആലോചിച്ചുവല്ലേ!
ഒരു കളി കളിക്കാനുള്ള തീരുമാനം തന്നെയായിരുന്നു, അതുപക്ഷേ മനുഷ്യ ജീവന്‍ വച്ചായിരുന്നു. ലക്ഷ്യം കിരീടമായിരുന്നില്ല, അധികാരമായിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ബ്രസീലില്‍ പരാജയപ്പെട്ടു പോയൊരു അട്ടിമറി പദ്ധതിയായിരുന്നു ഓപ്പറേഷന്‍ കോപ്പ 2022. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെ വധിച്ച് ഭരണം അട്ടിമറിച്ച് വീണ്ടും അധികാരത്തില്‍ എത്താന്‍ ഒരു മുന്‍ പ്രസിഡന്റും-ജെയര്‍ ബോള്‍സനാരോ-സംഘവും ആസൂത്രണം ചെയ്ത ഹീനമായ തന്ത്രം. ഒടുവില്‍ സത്യങ്ങളെല്ലാം പുറത്തു വന്നു. ബോള്‍സനാരോയെ 27 വര്‍ഷത്തെ തടവിന് സുപ്രീം കോടതി വിധിച്ചു.
2023 ജനുവരി ഒന്നിന് അധികാരമേറുന്നതില്‍ നിന്നും പ്രസിഡന്റ് ലൂയിസ് ഇനാഷ്യോ ലുല ഡി സില്‍ല എന്ന ലുല, വൈസ് പ്രസിഡന്റ് ജെറാള്‍ഡോ ആല്‍ക്മിന്‍, സുപ്രീം കോടതി ജഡ്ജി അലക്‌സാേ്രണ്ട ഡി മൊറേസ് എന്നിവരെ വധിക്കാനായിരുന്നു പദ്ധതി.
ഈ അട്ടിമറി പദ്ധതിയിലെ കൊലയാളികള്‍ക്ക് ഒരു രഹസ്യ സിഗ്നല്‍ ഗ്രൂപ്പ് ഉണ്ടായിരുന്നു. ഈ രഹസ്യ ഗ്രൂപ്പിലെ സന്ദേശങ്ങള്‍ പിന്നീട് ഡീകോഡ് ചെയ്‌തെടുത്തിരുന്നു. അങ്ങനെയാണ് ഗ്രൂപ്പിലുണ്ടായിരുന്നവര്‍ ഉപയോഗിച്ചിരുന്ന പേരുകള്‍ അവരുടെ ഫുട്‌ബോള്‍ പ്രേമത്തില്‍ നിന്നുണ്ടായവയായിരുന്നുവെന്ന് മനസിലാകുന്നത്.
‘ അവര്‍ക്ക് ഓരോരുത്തര്‍ക്കും ഓരോ ടീമിന്റെ പേരായിരുന്നു” തന്നെയും വധിക്കാന്‍ ശ്രമിച്ച സംഘത്തെ അപലപിച്ചുകൊണ്ട് ജഡ്ജി മൊറേസ് നടത്തിയ വിശദീകരണത്തില്‍ പറയുന്നു.
സുപ്രീം കോടതി ജഡ്ജിയായ മൊറേസിനെ വധിക്കാനുള്ള പദ്ധതി അവസാന നിമിഷമാണ് ഫുട്‌ബോള്‍ പ്രേമികളായ കൊലയാളി സംഘം വേണ്ടെന്നു വച്ചത്.
2022 ഡിസംബര്‍ 15 രാവിലെ ഒമ്പത് മണിക്ക് സിഗ്നല്‍ ഗ്രൂപ്പിലെ ഒരു മെസേജ് ഇങ്ങനെയായിരുന്നു; ഞാന്‍ ലക്ഷ്യത്തിന് വളരെ അടുത്തുണ്ട്, നിങ്ങള്‍ ഈ മത്സരം ഉപേക്ഷിക്കാന്‍ പോവുകയാണോ? ‘ ഓസ്ട്രിയ’ ആയിരുന്നു മെസേജ് അയച്ചത്. ഈ സമയം അയാള്‍ ബ്രസീല്‍ തലസ്ഥാനമായ ബ്രസീലിയായിലുള്ള മൊറേസിന്റെ വസതിക്ക് സമീപം ഉണ്ടായിരുന്നു.
‘ ഉപേക്ഷിച്ചു’; ഓസ്ട്രിയയുടെ സന്ദേശത്തിന് മറുപടി അയച്ചത് ‘ ജര്‍മനി’ ആയിരുന്നു.
ഓപ്പറേഷന്‍ കോപ്പ 2022 (ഓപ്പറേഷന്‍ വേള്‍ഡ് കപ്പ് 2022) എന്ന് പേരിട്ടിരുന്ന അട്ടിമറി പദ്ധതിയില്‍ കുറഞ്ഞത് ആറ് പ്രത്യേക സേനാ സൈനികോദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുണ്ടായിരുന്നു. ഒരു സിനിമാറ്റിക് പ്ലോട്ട് പോലെയുള്ള ഈ ആസൂത്രണമാണ് ബ്രസീലിന്റെ മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയ്ക്കെതിരായ ചരിത്രപരമായ വിചാരണയുടെ കാതല്‍. 2022 ലെ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ നേതാവായ ലുലയോട് പരാജയപ്പെട്ടതിനെത്തുടര്‍ന്ന് രാജ്യത്ത് അട്ടിമറി നടത്താന്‍ ശ്രമിച്ചതിനാണ് വ്യാഴാഴ്ച ബോള്‍സോനാരോയെ 27 വര്‍ഷം തടവിന് ശിക്ഷിച്ചത്.
ബുള്ളറ്റ് പ്രൂഫ് കാര്‍ തകര്‍ക്കാന്‍ കഴിവുള്ള ‘അങ്ങേയറ്റം ശക്തമായ ആയുധങ്ങള്‍’ ഉപയോഗിച്ച് തന്നെ ‘നിര്‍വീര്യമാക്കാന്‍’ കൊലയാളികള്‍ പദ്ധതിയിട്ടിരുന്നുവെന്നാണ് മൊറേസ് പറയുന്നത്. ഏതെങ്കിലും പൊതു പരിപാടിയില്‍ വച്ച് വിഷമോ അല്ലെങ്കില്‍ അവയവങ്ങള്‍ തകരാറിലാക്കുന്ന മയക്കുമരുന്നോ നല്‍കി ലുലയെ കൊല്ലാനും ആലോചിച്ചിരുന്നതായും ജഡ്ജി പറയുന്നു.
ജീവിച്ചിരിക്കുന്നതില്‍ ഞാന്‍ നന്ദിയുള്ളവനാകുന്നു’ എന്നായിരുന്നു തന്നെ വിഷം കൊടുത്തു കൊല്ലാനുള്ള പദ്ധതി വിവരങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ ലുലയുടെ വാക്കുകള്‍.
എന്നാല്‍ ഇതെല്ലാം ‘ വെറും കഥകള്‍’ മാത്രമാണ് എന്നാണ് ബോള്‍സനാരോ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
പക്ഷേ മൊറേസ് പറയുന്നത്, മുന്‍ പ്രസിഡന്റിന് ഓപ്പറേഷന്‍ വേള്‍ഡ് കപ്പ് 2022 നെക്കുറിച്ച് എല്ലാ കാര്യങ്ങളും അറിയാമായിരുന്നുവെന്നും ഗ്രീന്‍ ആന്‍ഡ് യെല്ലോ ഡാഗര്‍(അട്ടിമറി പദ്ധതി) ഗൂഢാലോചനയുടെ ഭാഗമായിരുന്നു തീവ്രവലതുപക്ഷ നേതാവ് എന്നതിന് ധാരാളം തെളിവുകള്‍ ഉണ്ടെന്നുമാണ്.
ഏറ്റവും ഗുരുതരമായൊരു തെളിവ്, തീവ്രവാദ സ്വഭാവമുള്ള ആ രഹസ്യ ഓപ്പറേഷന്റെ ബ്ലൂപ്രിന്റിന്റെ ഒരു പകര്‍പ്പ് 2022 ഡിസംബര്‍ 6 ന് മാരിയോ ഫെര്‍ണാണ്ടസ് എന്ന സൈനിക ജനറല്‍ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ വച്ചാണ് അച്ചടിച്ചതെന്നാണ്. കഴിഞ്ഞ വര്‍ഷം ജനറല്‍ ഫെര്‍ണാണ്ടസ് അറസ്റ്റിലായിരുന്നു. ഗൂഢാലോചന നടക്കുന്ന സമയത്ത് ബോള്‍സോനാരോ ഭരണകൂടത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു ഫെര്‍ണാണ്ടസ്.
ഈ ബ്ലൂ പ്രിന്റ് ഏതെങ്കിലും ഗുഹയിലോ, തീവ്രവാദി സങ്കേതത്തിലോ അല്ല അച്ചടിച്ചത്, പ്രസിഡന്റിന്റെ കൊട്ടാരത്തിലാണ്. ബ്രസീലിയന്‍ സര്‍ക്കാരിന്റെ ഇരിപ്പിടത്തില്‍ വച്ച്് അച്ചടിച്ചതാണ്. പ്രസിഡന്റ് ജെയര്‍ മെസിയാസ് ബോള്‍സോനാരോ അവിടെ ഉണ്ടായിരുന്നപ്പോള്‍; ബോള്‍സോനാരോയുടെ വിചാരണയുടെ അവസാനത്തില്‍ മൊറേസ് ചൊവ്വാഴ്ച സുപ്രീം കോടതിയില്‍ പറഞ്ഞ കാര്യങ്ങളാണ്.
വളരെ വിശദമായ ആസൂത്രണമാണ് അവര്‍ നടത്തിയിരുന്നത്. അതിന്റെ വിജയസാധ്യതകള്‍, ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ എന്തായിരിക്കാം, ഏതൊക്കെ ആയുധങ്ങള്‍ ഉപയോഗിക്കണം എന്നീ കാര്യങ്ങള്‍ പോലും അതില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട് എന്നാണ് മൊറേസ് കൂട്ടിച്ചേര്‍ത്തത്.
യുക്രെയ്‌നിലെ യുദ്ധക്കളത്തില്‍ ഉപയോഗിക്കുന്ന അസോള്‍ട്ട് റൈഫിളുകള്‍, ബെല്‍റ്റ് ഘടിപ്പിച്ച മെഷീന്‍ ഗണ്‍, സ്വീഡിഷ് ടാങ്ക് വേധ ആയുധം എന്നീ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ ഗൂഢാലോചനക്കാര്‍ പദ്ധതിയിട്ടിരുന്നുവെന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത്തരം ആയുധങ്ങള്‍ സാധാരണയായി പോരാട്ട ഗ്രൂപ്പുകള്‍ ഉപയോഗിക്കുന്നവയാണെന്നും പോലീസ് പറയുന്നു.
കോടതി വിചാരണ വൈകിയതിനാല്‍ മാത്രമാണ് ജഡ്ജി മൊറേസിനെ വധിക്കാനുള്ള പദ്ധതി ഉപേക്ഷിക്കപ്പെട്ടതെന്നാണ് അന്വേഷകര്‍ പറയുന്നത്. അതിലും പ്രധാനമായി പറയേണ്ടത്, ബോള്‍സോനാരോയുടെ അട്ടിമറി ഗൂഢാലോചനയെ അംഗീകരിക്കാന്‍ സൈന്യത്തിന്റെയും വ്യോമസേനയുടെയും കമാന്‍ഡര്‍മാര്‍ വിസമ്മതിച്ചതാണ്.
1889 ല്‍ സ്വതന്ത്രമായതിന് ശേഷം ബ്രസീലില്‍ പല അട്ടിമറി ശ്രമങ്ങളും നടന്നിട്ടുണ്ടെങ്കിലും ഇതുവരെ അധികാരത്തിന് വേണ്ടി ആളെ കൊല്ലുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്തതിന്റെ വാര്‍ത്തകളുണ്ടായിട്ടില്ല. അതിനര്‍ത്ഥം അത്തരം ആലോചനകള്‍ ഉണ്ടായിട്ടില്ലെന്നല്ല. ഇതാദ്യമായാണ് ഒരു ഗൂഢാലോചന അന്വേഷിച്ച് കണ്ടെത്തുന്നതും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ശിക്ഷിക്കുന്നതും. Operation World cup, 2022; A conspiracy to assassinate the President and stage a coup in Brazil
Content Summary; Operation World cup, 2022; A conspiracy to assassinate the President and stage a coup in Brazil
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.