ഇലോൺ മസ്കിന്റെ കനേഡിയൻ പൗരത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം സമർപ്പിച്ച് കനേഡിയൻ പൗരന്മാർ. റദ്ദാക്കൽ ആവശ്യപ്പെട്ട നിവേദനത്തിൽ 1,50,000 പേരാണ് ഒപ്പു വച്ചത്. കാനഡക്ക് മേലുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും ഇലോൺ മസ്കിന്റെയും രാജ്യവിരുദ്ധ നയങ്ങൾക്ക് എതിരെയുള്ള കാനഡയുടെ പ്രതികരണമാണ് ഈ നിവേദനം. ട്രംപിന്റെ രണ്ടാം ഭരണകാലഘട്ടം ആരംഭിച്ചത് മുതൽ അയൽരാജ്യമായ കാനഡക്കെതിരെ ട്രംപ് ഉപദ്രവകരമായ നീക്കങ്ങളാണ് നടത്തുന്നത് ഇതിന് മസ്ക് പൂർണ്ണ പിന്തുണ നൽകിയിരുന്നു. കാനഡയെ കീഴടക്കി അമേരിക്കയുടെ 51ാംമത്തെ സംസ്ഥാനമാക്കി മാറ്റുമെന്ന് പലപ്പോഴായി ട്രംപ് ഭീഷണി ഉയർത്തിയിരുന്നു.
ബ്രിട്ടീഷ് കൊളംബിയൻ എഴുത്തുകാരിയായ ക്വാലിയ റീഡ് ആണ് പൗരന്മാരെ പ്രതിനിധീകരിച്ച് ഹൌസ് ഓഫ് കോമൺസിൽ നിവേദനം സമർപ്പിച്ചത്. ന്യൂ ഡെമോക്രാറ്റിക് പാലമെന്ററി അംഗവും മസ്ക് വിമർശകയുമായ ചാർലി ആംഗസ് നിവേദനത്തെ പിൻതുണയ്ക്കുകയും ചെയ്തു. മസ്കിന് മാതാവ് വഴിയാണ് കനേഡിയൻ പൗരത്വം ലഭിച്ചത്. കാനഡയിലെ പ്രധാന നഗരങ്ങളിൽ ഒന്നായ സസ്കെച്ചവാൻ ആണ് മസ്കിന്റെ മാതാവിന്റെ ജന്മദേശം. ഫെബ്രുവരി 20ന് ആണ് മസ്കിനെതിരെയുള്ള നിവേദനം റീഡ് സമർപ്പിക്കുന്നത്. കാനഡയുടെ ദേശീയ താത്പര്യങ്ങളെ ചോദ്യം ചെയ്യുന്ന പ്രവർത്തിയാണ് മസ്കിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളതെന്ന് നിവേദനത്തിൽ പരാമർശിക്കുന്നു. ട്രംപിന്റെ തീരുവ പരിഷ്കരണ നയത്തിന്റെ ആദ്യ ഭീഷണി ഉയർന്നത് കാനഡയ്ക്ക് മേൽ ആയിരുന്നു. കനേഡിയൻ ഉത്പന്നങ്ങൾക്ക് മേൽ 25 ശതമാനം തീരുവ ഉയർത്തുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. കാനഡയുടെ പരമാധികാരം ഇല്ലാതാക്കാൻ ശ്രമിക്കുന്ന വിദേശ രാജ്യത്തിന്റെ ഇടപെടലാണ് മസ്കിലൂടെ നടക്കുന്നതെന്ന് പരാതിയിൽ പരാമർശിക്കുന്നു. ഇതുപ്രകാരം മസ്കിന്റെ പൗരത്വം റദ്ദാക്കാനുള്ള നടപടികൾ അതിവേഗം ആരംഭിക്കണമെന്ന് കനേഡിയൻ പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോയോട് ആവശ്യപ്പെടുന്നു.
നേരത്തെയും കനേഡിയൻ സർക്കാരിന്റെ നയങ്ങൾക്കും തീരുമാനങ്ങൾക്കും എതിരെ പലപ്പോഴായി ആഞ്ഞടിച്ച വ്യക്തി കൂടിയാണ് ഇലോൺ മസ്‌ക്. അഭിപ്രായ സ്വാതന്ത്ര്യത്തിന് മേൽ ട്രൂഡോ സർക്കാർ കടന്നുകയറ്റം നടത്തുന്നതായി മസ്‌ക് ആരോപിച്ചിരുന്നു. കൂടാതെ തിരഞ്ഞെടുപ്പിൽ ട്രൂഡോ സർക്കാർ നിലംപൊത്തുമെന്ന പ്രവചനവും മസ്ക് നടത്തിയിരുന്നു. തീരുവ പരിഷ്കരത്തിന്റെ ആദ്യ ഭാഗമായി മെക്സിക്കോ, ചൈന, കാനഡ എന്നിവയ്ക്കെതിരെയുള്ള തീരുവകളായിരുന്നു ട്രംപ് ആദ്യം ഉയർത്തിയത്. യുഎസിലേക്കുള്ള അനധികൃത കുടിയേറ്റവും അനധികൃതമായ മരുന്നുകളുടെ ഒഴുക്കും തടയാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നായിരുന്നു വാദം. കാനഡയിൽ കയറ്റുമതി ചെയ്യുന്ന എല്ലാ സാധനങ്ങൾക്കും 25 ശതമാനം തീരുവ ചുമത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവിലും ട്രംപ് ഒപ്പ് വച്ചിരുന്നു.
content summary: Over 150,000 Canadians have signed a petition calling for the revocation of Musk’s citizenship.