മൂന്നു ദിവസത്തില്‍ കൊന്നത് 300 ല്‍ അധികം മനുഷ്യരെ, അതില്‍ കുട്ടികളും സ്ത്രീകളും. ഗാസയില്‍ ഇസ്രയേല്‍ തുടരുന്ന വംശഹത്യ. ഓരോ ദിവസവും അവര്‍ ആക്രമണത്തില്‍ രൂക്ഷത കൂട്ടുകയാണ്. ഹമാസിന്റെ സമ്പൂര്‍ണനാശം എന്ന് പറയുമ്പോഴും ഇല്ലാതാകുന്നത് ഗാസയിലെ സാധാരണ ജനങ്ങളാണ്. ഒരു മനുഷ്യവംശത്തെ തന്നെയാണ് ഇല്ലാതാക്കി കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 140 ല്‍ അധികം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. വ്യാഴാഴ്ച്ച മുതലുള്ള കണക്കില്‍ 300 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് പലസ്തീന്‍ ആരോഗ്യമന്ത്രാലയം പറയുന്നത്. മാര്‍ച്ചില്‍ വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ന്നതിനുശേഷം ഏറ്റവും മരാകമായ യുദ്ധഘടത്തിലൂടെയാണ് ഇപ്പോള്‍ ഗാസ കടന്നു പോകുന്നത്. ഗാസയിലേക്കുള്ള മാനുഷിക സഹായങ്ങള്‍ ഇസ്രായേല്‍ പൂര്‍ണമായും തടഞ്ഞിരിക്കുകയാണ്. ഇതോടെ പലസ്തീന്‍ പ്രദേശം കടുത്ത ക്ഷാമം നേരിടുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വരെ ഗാസ നേരിടുന്ന ക്ഷാമത്തില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഒരുവശത്ത് മനുഷ്യത്വവിരുദ്ധമായി മാനുഷിക സഹായങ്ങള്‍ തടഞ്ഞ് പലസ്തീനികളെ പട്ടിണി മരണത്തിലേക്ക് തള്ളിയിടുമ്പോള്‍ തന്നെയാണ് മറുവശത്ത് ബോംബാക്രമണം നടത്തിയും മനുഷ്യരെ കൊന്നൊടുക്കുന്നത്.
ശനിയാഴ്ച്ച അര്‍ദ്ധരാത്രി മുതല്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ആശുപത്രിയില്‍ എത്തി തുടങ്ങിയെന്നാണ് വടക്കന്‍ ഗാസയിലെ ഇന്തോനേഷ്യന്‍ ആശുപത്രി ഡയറക്ടര്‍ മര്‍വാന്‍ അല്‍-സുല്‍ത്താന്‍ പറഞ്ഞത്. 58 മൃതദേഹങ്ങള്‍ ഇതുവരെ കിട്ടിയെന്നായിരുന്ു ശനിയാഴ്ച്ച പുലര്‍ച്ചെ ആശുപത്രി ഡയറക്ടര്‍ പറഞ്ഞത്. നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നും മര്‍വാന്‍ അല്‍-സുല്‍ത്താന്‍ പറയുന്നുണ്ട്. റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ 24 മണിക്കൂറില്‍ 146 പേര്‍ കൊല്ലപ്പെട്ടുവെന്നാണ്.
ഇസ്രയേല്‍ തുടരുന്ന വ്യോമാക്രമണത്തില്‍ വെള്ളിയാഴ്ച യുഎന്‍ മനുഷ്യാവകാശ മേധാവി വോള്‍ക്കര്‍ ടര്‍ക്ക് അപലപിച്ചിരുന്നു. ബോംബാക്രമണം പലസ്തീനികളെ നാടുകടത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്നും അത് വംശീയ ഉന്മൂലനത്തിന് തുല്യമാണെന്നുമായിരുന്നു ടര്‍ക്കര്‍ പറഞ്ഞത്. ഇപ്പോള്‍ തുടരുന്ന ബോംബാക്രമണവും മാനുഷിക സഹായം നിഷേധിക്കലും അടിവരയിടുന്നത് അന്താരാഷ്ട്ര നിയമങ്ങള്‍ വെല്ലുവിളിച്ചുള്ള വംശീയ ഉന്മൂലനമാണ് ഗാസയില്‍ ഇസ്രയേല്‍ ഉദ്ദേശിക്കുന്നതെന്നാണ് വോള്‍ക്കര്‍ ടര്‍ക്ക് പരാതിപ്പെടുന്നത്. ശനിയാഴ്ച ബാഗ്ദാദില്‍ നടന്ന അറബ് ലീഗ് ഉച്ചകോടിയില്‍ സംസാരിക്കവെ സ്ഥിരമായ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും തുര്‍ക്കിന്റെ അതേ അഭിപ്രായങ്ങളായിരുന്നു ആവര്‍ത്തിച്ചത്.
അതേസമയം ഇസ്രയേല്‍ തങ്ങളുടെ ആക്രമണത്തെ ന്യായീകരിക്കുകയാണ്. ഇപ്പോള്‍ നടക്കുന്ന ബോംബാക്രമണങ്ങള്‍ ഓപ്പറേഷന്‍ ഗിഡിയന്‍സ് ചാരിയറ്റ്‌സിന്റെ തുടക്കമാണെന്നാണ് ഇസ്രയേല്‍ പ്രതിരോധ സേന(ഐഡിഎഫ്) പറയുന്നത്. ഗാസയില്‍ ഇസ്രയേലിന്റെ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് തങ്ങളെന്നാണ് ഐഡിഎഫ് പറയുന്നത്. അതിര്‍ത്തികളില്‍ തങ്ങളുടെ സൈനിക ശക്തി വര്‍ദ്ധിപ്പിക്കുകയാണ് ഇസ്രയേല്‍. കൂടാതെ അവര്‍ പ്രത്യേക മേഖലകളുടെ നിയന്ത്രണം പൂര്‍ണമായി ഏറ്റെടുക്കാനും തയ്യാറെടുക്കുകയാണ്. ബന്ദികളെ പൂര്‍ണമായി മോചിപ്പിക്കാന്‍ ഹമാസിനെ നിര്‍ബന്ധിതരാക്കുകയാണ് ഉപരോധവും വ്യോമാക്രണവും കൊണ്ട് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നാണ് ഇസ്രയേലിന്റെ ന്യായം. ഹമാസിന്റെ തടങ്കലില്‍ ഇപ്പോഴും 57 ബന്ദികള്‍ ബാക്കിയുണ്ടെന്നാണ് ഇസ്രയേല്‍ പറയുന്നത്. Over 300 people killed in three days; complaint that Israel is carrying out ethnic cleansing in Gaza
Content Summary; Over 300 people killed in three days; complaint that Israel is carrying out ethnic cleansing in Gaza
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.