June 26, 2026 |
Share on

ഏറ്റവും കുറഞ്ഞ താപനില -71.2 ഡിഗ്രി സെല്‍ഷ്യസ്; തണുപ്പിന്റെ ധ്രുവം എന്നറിയപ്പെടുന്ന റഷ്യന്‍ ഗ്രാമത്തിന്റെ വിശേഷങ്ങള്‍

ലോകത്തിലെ ഏറ്റവും തണുത്ത മനുഷ്യവാസ കേന്ദ്രമാണ് റഷ്യയിലെ ഒയിംയാകോണ്‍

ലോകത്തിലെ ഏറ്റവും തണുത്ത മനുഷ്യവാസ കേന്ദ്രമാണ് റഷ്യയിലെ ഒയിംയാകോണ്‍. ഈ ഗ്രാമത്തില്‍ ശൈത്യകാലത്ത് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില മൈനസ് 71.2 ഡിഗ്രി സെല്‍ഷ്യസാണ്. ‘തണുപ്പിന്റെ ധ്രുവം’ എന്നാണ് ഈ ഗ്രാമം അറിയപ്പെടുന്നത്. ജനുവരിയില്‍ ഇവിടെ അനുഭവപ്പെടുന്ന ശരാശരി താപനില പൂജ്യത്തിന് താഴെ 50 ഡിഗ്രി സെന്റി ഗ്രേഡാണ്.

വെറും 500 പേര്‍ മാത്രമാണ് ഇവിടെ താമസിക്കുന്നത്. ഭക്ഷ്യയോഗ്യമായ പച്ചക്കറികളൊന്നും വളരുന്ന കാലാവസ്ഥയല്ല ഇവിടെ. അതിനാല്‍ ഹിമകലമാന്റെയും കുതിരയുടെയും ഇറച്ചിയാണ് പ്രധാന ആഹാരം. പക്ഷെ ഇവിടെ നിന്നും ആര്‍ക്കും പോഷകക്കുറവ് അനുഭവപ്പെടുന്നില്ല എന്നത് മറ്റൊരു അത്ഭുതം. ധാരാളം പാല് കുടിക്കുന്നതു കൊണ്ടാണ് ഇതെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.

‘ഉറയാത്ത ജലം’ എന്നാണ് ഒയിംയാകോണിന്റെ അര്‍ത്ഥം. സ്ഥലത്ത് ഒരു ചൂടു ഉറവ ഉള്ളതുകൊണ്ടാണ് ഇങ്ങനെ ഒരു പേര് വന്നത്. കല്‍ക്കരിയും വിറകുമാണ് ചൂട് കണ്ടെത്താനും പാചകത്തിനും ഉപയോഗിക്കുന്നത്. സാധനങ്ങളും മറ്റും വാങ്ങാന്‍ ഒരു കട മാത്രമേ പ്രദേശത്തുള്ളു. ഒരു സ്‌കൂളുണ്ട്. പക്ഷെ താപനില -52 ഡിഗ്രിയില്‍ താഴെയായാല്‍ സ്‌കുള്‍ പൂട്ടിയിടും. ഉന്നത വിദ്യാഭ്യാസത്തിനും മറ്റും രണ്ടു ദിവസം യാത്ര ചെയ്ത് ജില്ല തലസ്ഥാനമായ യൂകുട്‌സ്‌ക് നഗരത്തിലെത്തണം. അവിടെ രണ്ട് വിമാനത്താവളങ്ങളും സ്‌കൂളുകളും തീയേറ്ററുകളും മ്യൂസിയങ്ങളും മറ്റുമുണ്ട്.

കാറുകള്‍ മുഴുവന്‍ സമയവും സ്റ്റാര്‍ട്ട് ചെയ്ത് ഇടുന്നവരാണ് ഇവര്‍. കാരണം നിറുത്തിയാല്‍ തണുപ്പുകാരണം പിന്നെ സ്റ്റാര്‍ട്ടാവണം എന്നില്ല. മൊബൈല്‍ റേഞ്ച് ഉണ്ടെങ്കിലും ഒരു മാതിരി ഫോണുകളൊന്നും ഈ തണുപ്പില്‍ പ്രവര്‍ത്തിക്കില്ല. ശവമടക്കാണ് മറ്റൊരു വെല്ലുവിളി. മഞ്ഞ് നീക്കി നിലമൊരുക്കാന്‍ ഒരു ദിവസം എടുക്കും. പിന്നീട് അവിടെ ഒരു ആഴി ഒരുക്കി ചൂടാക്കുന്നു. പിന്നീട് ചെറിയ കുഴി കുത്തി അവിടെ കല്‍ക്കരി കനലുകള്‍ നിറയ്ക്കുന്നു. ഇങ്ങനെ രണ്ട്, മൂന്ന് ദിവസം കൊണ്ടാണ് ഒരു ശവക്കുഴി തയ്യാറാവുന്നത്.

എന്നു കരുതി വര്‍ഷം മുഴുവന്‍ ഇതാണ് അവസ്ഥയെന്ന് തെറ്റിദ്ധക്കുകയും വേണ്ട. ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ താപനില 30 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ട്. സമുദ്ര നിരപ്പില്‍ നിന്നും വെറും 750 മീറ്റര്‍ മാത്രമാണ് ഒയിംയകോണിന്റെ ഉയരം.

കൂടുതല്‍ വായനയ്ക്കും ചിത്രങ്ങള്‍ക്കും: https://goo.gl/hz2Nls

Leave a Reply

Your email address will not be published. Required fields are marked *

×