സംസ്ഥാനത്ത് വേനല്‍ കടുക്കുന്നു. വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ താപനില 37°C വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ഉയര്‍ന്ന ചൂടിനൊപ്പം അന്തരീക്ഷത്തിലെ ഈര്‍പ്പവും സൂര്യനില്‍ നിന്നുള്ള മാരകമായ അള്‍ട്രാവയലറ്റ് രശ്മികളുടെ സാന്നിധ്യവും ആരോഗ്യത്തിന് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.
മാര്‍ച്ച് 22 ഞായറാഴ്ച വരെ കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളില്‍ താപനില 37°C വരെയും, തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള മറ്റ് എട്ട് ജില്ലകളില്‍ 36°C വരെയും ഉയരാന്‍ സാധ്യതയുണ്ട്. മലയോര മേഖലകളിലൊഴികെ മിക്കയിടങ്ങളിലും മാര്‍ച്ച് 20 മുതല്‍ 22 വരെ അതികഠിനമായ ചൂട് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്.
അള്‍ട്രാവയലറ്റ് രശ്മികളുടെ സാന്നിധ്യം കണക്കിലെടുത്ത് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വിവിധയിടങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൊട്ടാരക്കര, കോന്നി, ചെങ്ങന്നൂര്‍, ചങ്ങനാശ്ശേരി, മൂന്നാര്‍, തൃത്താല, പൊന്നാനി, ഒല്ലൂര്‍ എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും
കളമശ്ശേരി, ബേപ്പൂര്‍, മാനന്തവാടി, ധര്‍മ്മടം, ഉദുമ എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടുമാണ് ദുരന്തനിവാരണ അതോറിറ്റി പ്രഖ്യാപിച്ചിരിക്കുന്നത്.
പൊതുജനങ്ങള്‍ക്കുള്ള പ്രധാന ജാഗ്രതാ നിര്‍ദേശങ്ങള്‍
സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം എന്നിവ ഒഴിവാക്കാന്‍ താഴെ പറയുന്ന മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കുക:
രാവിലെ 11 മുതല്‍ വൈകിട്ട് 3 വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക. ഈ സമയത്താണ് ഏറ്റവും കൂടുതല്‍ ചൂടും UV വികിരണവും അനുഭവപ്പെടുന്നത്.
യാത്ര ചെയ്യുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ മാത്രം യാത്ര തുടരുക. കൈവശം എപ്പോഴും ഒരു കുപ്പി ശുദ്ധജലം കരുതുക. ദാഹമില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കുക. നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ എന്നിവ പകല്‍ സമയത്ത് ഒഴിവാക്കുക. സംഭാരം, ഇളനീര്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക.
അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കാന്‍ മറക്കരുത്. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് ശീലമാക്കുക.
ചൂട് കൂടുന്നതിനനുസരിച്ച് ഗര്‍ഭിണികളും കുട്ടികളും പ്രായമായവരും പ്രത്യേകം ശ്രദ്ധിക്കണം. ഗര്‍ഭിണികളില്‍ ഹീറ്റ് സ്‌ട്രോക്ക് സാധ്യത കൂടുതലായതിനാല്‍ ദൂരയാത്രകള്‍ ഒഴിവാക്കുകയും ശരീരം മുഴുവന്‍ മൂടുന്ന അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്യുക. നിര്‍ജലീകരണം ഗര്‍ഭസ്ഥ ശിശുവിനെപ്പോലും ബാധിക്കാമെന്നതിനാല്‍ പ്രത്യേക ശ്രദ്ധ വേണം. കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കുക, പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക.
രാവിലെ 11 മുതല്‍ 3 മണി വരെ കുട്ടികളെ പുറത്ത് കൊണ്ടുപോകുന്നത് ഒഴിവാക്കുക. കുട്ടികളും പ്രായമായവരും നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ഇടയ്ക്കിടെ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
നിര്‍മ്മാണ തൊഴിലാളികള്‍, കര്‍ഷകര്‍, വഴിയോരക്കച്ചവടക്കാര്‍ എന്നിവര്‍ ജോലി സമയം പുനഃക്രമീകരിക്കണം. ഈ സമയത്തത് ജോലി ചെയ്യുന്നവര്‍ക്ക് കൃത്യമായ വിശ്രമവും കുടിവെള്ളവും ഉറപ്പാക്കാന്‍ തൊഴിലുടമകള്‍ ശ്രദ്ധിക്കണം.
കടുത്ത ചൂടില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ട്. മാലിന്യശേഖരണ കേന്ദ്രങ്ങള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ ഫയര്‍ ഓഡിറ്റ് നടത്തുകയും സുരക്ഷ ഉറപ്പാക്കണമെന്നും ദുരന്തനിവാരണ സേന മുന്നറിയിപ്പ് നല്‍കുന്നു. വനമേഖലകളില്‍ കാട്ടുതീ പടരാന്‍ സാധ്യതയുള്ളതിനാല്‍ വിനോദസഞ്ചാരികളും പരിസരവാസികളും ജാഗ്രത പാലിക്കണം.
കന്നുകാലികളെ ഉച്ചവെയിലില്‍ മേയാന്‍ വിടരുത്. വളര്‍ത്തുമൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും വെള്ളം ലഭ്യമാക്കണം.
സമുദ്രങ്ങളിലെ ചൂട് കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ നാലിരട്ടിയായി വര്‍ധിച്ചുവെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. 1980-കളില്‍ 0.06°C ആയിരുന്ന സമുദ്രോപരിതല ചൂട് ഇപ്പോള്‍ 0.32°C ആയി ഉയര്‍ന്നിരിക്കുന്നു. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഇതിന്റെ അളവ് വീണ്ടും വര്‍ധിക്കുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. സമുദ്രതാപനം വര്‍ധിക്കുന്നത് പ്രളയം, വരള്‍ച്ച, കടല്‍നിരപ്പ് ഉയരല്‍ എന്നിവയ്ക്ക് കാരണമാകും. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുക എന്നതല്ലാതെ മറ്റൊരു മാര്‍ഗ്ഗമില്ലെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
Content Summary: Kerala heatwave alert: temperatures to hit 37°C; UV Index orange alert issued for several districts