ധിഷണയിൽ തീ നിറച്ച പി. ഗോവിന്ദപ്പിള്ള ജീവിച്ചിരിപ്പുണ്ടെങ്കിൽ ഇപ്പോൾ നൂറ് വയസ്സ് തികഞ്ഞേനെ. പി. ജി യുടെ മകൻ എം. ജി രാധാകൃഷ്ണൻ പറയുന്നു: അച്ഛൻ എപ്പോഴും പറയുമായിരുന്നു. ഞാൻ ആത്മകഥ എഴുതുകയാണെങ്കിൽ അതിന്റെ തലക്കെട്ട് ഇതാവും: “പശ്ചാത്താപ ലേശമില്ലാത്ത കമ്യൂണിസ്റ്റ്!” ( മുൻ കമ്യൂണിസ്റ്റ് എന്ന് അറിയപ്പെടാൻ അദ്ദേഹം ഒരിക്കലും ആഗ്രഹിച്ചില്ല ). 2010 ൽ ഇത് പോലൊരു ഹജ്ജ് തീർഥാടന കാലത്തിന്റെ അവസാന നാളുകളിൽ പി. ഗോവിന്ദപ്പിള്ള സൗദി അറേബ്യ സന്ദർശിക്കാനെത്തി. അദ്ദേഹത്തോടൊപ്പം ചെലവഴിക്കാൻ കഴിഞ്ഞ ഒരു പകൽ എനിക്ക് മറക്കാൻ കഴിയില്ല.
ആദിമാതാവ് ഹവ്വയുടെ ഖബറിടം സ്ഥിതി ചെയ്യുന്ന സൗദിയിലെ ജിദ്ദയിലുള്ള ശ്മശാനത്തിന്റെ സൂക്ഷിപ്പുകാരൻ ആദിൽ മുഹമ്മദിന് ഞാൻ പി. ഗോവിന്ദപ്പിള്ളയെ പരിചയപ്പെടുത്തി. മഖ്ബറ ഉമ്മുനുഹവ്വ (ഹവ്വാ ഉമ്മയുടെ ഖബറിടം) എന്നറിയപ്പെടുന്ന ശാന്തവും വിശാലവുമായ ശ്മശാനത്തിന്റെ കവാടം തുറക്കുന്നതും കാത്ത് നിരവധി ഇന്തോനേഷ്യൻ തീർഥാടകർ അന്നേരം അവിടെ കാത്ത് നിൽപ്പുണ്ടായിരുന്നു. സ്ത്രീകളായിരുന്നു ഏറെയും. ഗേറ്റ് തുറന്നതും അവരത്രയും കൊടുങ്കാറ്റ് പോലെ ശ്മശാനം സന്ദർശിക്കാൻ അകത്തേക്ക് ഇരച്ചുകയറി. യെമനിലെ തായിസ് സ്വദേശിയായ ആദിൽ മുഹമ്മദുമായി ഇതിനകം ഗാഢസൗഹൃദത്തിലായിക്കഴിഞ്ഞിരുന്ന പി.ജി ഗേറ്റിനു പുറത്ത് നിന്ന് ശ്മശാനത്തിലേക്ക് കണ്ണയച്ചു. ശ്മശാനം കാണാനെത്തിയ ഇന്തോനേഷ്യക്കാരുടെ മുഖങ്ങളിൽ മിന്നിപ്പൊലിഞ്ഞ വികാരഭേദങ്ങൾ ശ്രദ്ധിക്കുകയായിരുന്നു അദ്ദേഹം. മാനവകുലത്തിന്റെ മാതാവിനൊപ്പം അന്തിയുറങ്ങുന്ന എണ്ണമറ്റ മനുഷ്യരുടെ സ്മരണകൾ സ്പന്ദിക്കുന്ന അസ്ഥിത്തറകൾ. നമ്പറിട്ട ഓരോ കല്ലിനു ചുവട്ടിലും ജീവിതയാത്ര അവസാനിച്ചവരുടെ നിതാന്ത നിദ്ര. ആത്മാവുകളുടെ അദൃശ്യമായ ചിറകടി. ‘ജിദ്ദ’ എന്ന അറബി വാക്കിന് മുത്തശ്ശിയെന്നർഥം. മുത്തശ്ശിയ്ക്കു മുമ്പിൽ വഴിഞ്ഞൊഴുകുന്ന വാൽസല്യത്തിന്റെ കണ്ണീർധാരകൾക്ക് സാക്ഷ്യം വഹിച്ചാണ് ശ്മശാനത്തിൽ നിന്ന് പി. ജി മടങ്ങിയത്.
പിന്നീട് ഞങ്ങൾ പി.ജിയെ കൊണ്ടുപോയത് പ്രാചീന ജിദ്ദയുടെ പുരാവൃത്തങ്ങളത്രയും പുനരാവിഷ്‌ക്കരിച്ച മുനിസിപ്പൽ മ്യൂസിയമായ നസീഫ് ഹൗസിലേക്ക്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള കത്തി, വാൾ, ആയുധങ്ങൾ, കരകൗശലവസ്തുക്കൾ എന്നിവയും വൈദ്യുതിയെത്താത്ത കാലത്ത് നഗരത്തിലാകെ കഴുതപ്പുറത്ത് കുടിവെള്ളമെത്തിച്ചിരുന്ന ജലസംഭരണിയും കാൺകെ പി.ജിയുടെ ചരിത്രകൗതുകമുണർന്നു. കൊച്ചു കുട്ടിയുടെ കൗതുകം ആ കണ്ണുകളിൽ ഞാൻ കണ്ടു. കാൽനടയാത്രയ്ക്കിടെ നഗരവീഥികളിലെ വിവിധ രാജ്യക്കാരായ ഓരോ കച്ചവടക്കാരുമായും പി.ജി പരിചയപ്പെടുന്നതും സൗഹൃദം സ്ഥാപിക്കുന്നതും കാണാമായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള, വിവിധ ഭാഷകൾ സംസാരിക്കുന്ന, സങ്കരസംസ്‌കൃതികളുടെ സംഗമത്തിനു മുമ്പിൽ പി.ജി. വിസ്മയാധീനനായി നിന്നു.
വിവിധയിനം ഈന്തപ്പഴങ്ങളുടെ കമ്പോളം, അറബ് പുരാതനവേഷവിധാനങ്ങളുടെ വർണ്ണലോകം, മരുഭൂമിയിൽ വിളഞ്ഞതും ഇറക്കുമതി ചെയ്തതുമായ പഴം, പച്ചക്കറികൾ എന്നിവയുടെ ശേഖരം… ഇതെല്ലാം നോക്കി അദ്ദേഹം അത്ഭുതം കൂറി. മരുഭൂമിയുടെ മടിയിൽ പിറന്ന കലർപ്പേശാത്ത അറബികളായ ‘ബദു’ക്കളും മറ്റും പല്ല് തേക്കാനുപയോഗിക്കുന്ന ഔഷധപ്രധാനമായ ‘മിസ്‌വാക്ക്’ (പഴയകാല ടൂത്ത്ബ്രഷ്) വിൽക്കുന്ന തെരുവ് വാണിഭക്കാരനെ പി.ജിക്കു നന്നായി ബോധിച്ചു.
അവിടെ നിന്നു മടങ്ങുംവഴിയാണ് ജുഫാലി പള്ളിയ്ക്കകത്ത് നിന്ന് ഒരു സംഘം ആഫ്രിക്കൻ തീർഥാടകർ പുറത്തേക്കു വരുന്നത് കണ്ടത്. കറുത്ത് ആജാനബാഹുക്കളായ സ്ത്രീപുരുഷന്മാർ. അവരിൽ പ്രായം ചെന്ന, മറൂൺ തൊപ്പിയണിഞ്ഞ ഒരാളെ- കോഫി അന്നാന്റെ മുഖഛായയാണയാൾക്ക്- ഞാൻ സലാം ചൊല്ലി പരിചയപ്പെട്ടു. നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന ആ തീർഥാടകൻ സെനഗലിന്റെ തലസ്ഥാനമായ ഡാക്കർ സ്വദേശിയാണ്. ഹജ് നിർവഹിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനിടെ, നഗരം കാണാനും അൽപ്പം ഷോപ്പിംഗിനുമായാണ് ജിദ്ദയിൽ തങ്ങിയിട്ടുള്ളത്.
സെനഗൽ എന്നു കേട്ടപ്പോൾ ഞാൻ പി.ജി.യോട് പറഞ്ഞു: സഖാവെ, ഇവർ സേംബെന ഉസ്മാന്റെ നാട്ടുകാരാണ്. പി.ജിയുടെ മുഖം വിടർന്നു. അത്ഭുതത്തോടെഅദ്ദേഹം ‘കോഫി അന്നാനെ’ ഹസ്തദാനം ചെയ്തു. പ്രസിദ്ധ ആഫ്രിക്കൻ എഴുത്തുകാരനും സിനിമാസംവിധായകനും നടനുമൊക്കെയായ സേംബെന ഉസ്മാനെക്കുറിച്ച് പി. ഗോവിന്ദപ്പിള്ള പണ്ട് ‘കഥ’ മാസികയിൽ തന്റെ സ്ഥിരം സാഹിത്യവിചാരം കോളത്തിലെഴുതിയത് വായിച്ചതിന്റെ ഓർമയിലാണ് ഞാനങ്ങനെ പറഞ്ഞത്. (പി.ജിയുടെ ഈ കോളങ്ങൾ പൂർണമായും ഞാൻ വെട്ടിയെടുത്ത് ഫയൽ ചെയ്തിരുന്നുവെന്നറിഞ്ഞപ്പോൾ പി.ജി. പറഞ്ഞു: ദയവ് ചെയ്ത് എനിക്കത് വേണം, എന്റെ ആ ലേഖനങ്ങൾ പലതും നഷ്ടപ്പെട്ടുപോയി).
സെനഗലീസ് ഹാജിമാരോട് വിട പറയുമ്പോഴും പി.ജി ഏറെ നേരം അവരുടെ ചടുലമാർന്ന നടത്തവും ചലനങ്ങളും ശ്രദ്ധിക്കുന്നത് കണ്ടു. നൂഡിൽസ് മുടിയുള്ള കറുത്ത സുന്ദരികളും സുന്ദരന്മാരും. ഗൂഗിളും വിക്കിപീഡിയയും പ്രചാരത്തിലാകും മുമ്പ് സേംബെന ഉസ്മാനെ അറിയുകയും അദ്ദേഹത്തെ വായിക്കുകയും സെനഗലീസ് സാഹിത്യത്തെക്കുറിച്ച് ആധികാരികമായി എഴുതുകയും ചെയ്ത ആദ്യമലയാളി തീർച്ചയായും പി.ജി തന്നെ. സേംബെന ഉസ്മാനെക്കുറിച്ച്: പാവപ്പെട്ടൊരു മുസ്‌ലിം മൽസ്യത്തൊഴിലാളിയുടെ മകനായി സെനഗലിലെ കുഗ്രാമത്തിൽ ജനിച്ച ഉസ്മാൻ മാതൃഭാഷയായ വൊലോഫിനു പുറമെ ഫ്രഞ്ചും ഇംഗ്ലീഷും പഠിച്ചു. പ്രിൻസിപ്പലുമായി വഴക്കിട്ട് പഠനം നിർത്തി. പിന്നീട് ഫ്രഞ്ച് സൈന്യത്തിൽ ചേർന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം സൈനികസേവനം മതിയാക്കി ഫ്രാൻസിൽ നിന്നു മടങ്ങി. തുടർന്ന് എഴുത്തും വായനയും ഒപ്പം കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനവും. ഏറെക്കാലം നീണ്ടു നിന്ന സെനഗലീസ് റെയിൽവെ സമരത്തിൽ പങ്കെടുത്ത ഉസ്മാന്റെ മനസ്സിൽ വിപ്ലവത്തിന്റെ സ്ഫുലിംഗം വീണു. പ്രക്ഷോഭാനുഭവങ്ങൾ നോവലായി: ‘ഗോഡ്‌സ് ബിറ്റ്‌സ് ഓഫ് വുഡ്’.
തുടർന്ന് സെനഗലീസ് കമ്യൂണിസ്റ്റ് പാർട്ടി നേതൃനിരയിലെത്തി. വിയറ്റ്‌നാമിലെ അമേരിക്കൻ അധിനിവേശത്തിനെതിരെ പേന കൊണ്ട് പൊരുതി. വർണ്ണവിവേചനത്തിന്റെ തിക്താനുഭവങ്ങൾ ചിത്രീകരിച്ച ഉസ്മാന്റെ പ്രസിദ്ധ നോവലാണ് ‘ദ ബ്ലാക്ക് ഡോക്കർ’. വെള്ളക്കാരിയായ ഭാര്യയുമായി നാട്ടിലെത്തുന്ന ആഫ്രിക്കൻ തൊഴിലാളിയുടെ കഥ പറയുന്ന ഓ കൺട്രി, മൈ ബ്യൂട്ടിഫുൾ പീപ്പിൾ എന്ന നോവൽ ഏറെ പ്രശസ്തമായി. നിരവധി പുരസ്‌കാരങ്ങൾ ഉസ്മാനെത്തേടിയെത്തി. സോവ്യറ്റ് യൂണിയനും ചൈനയും ക്യൂബയും ഉസ്മാനെ ആദരിച്ചു. മോസ്‌കോയിലെ ഗോർക്കി തിയേറ്ററിൽ ഒരു വർഷത്തെ ചലച്ചിത്ര സംവിധാനകോഴ്‌സിനു ചേർന്ന ഉസ്മാൻ, നിരവധി സിനിമകൾ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തു. കാൻ ഫിലിം ഫെസ്റ്റിവലിൽ ഉസ്മാന്റെ സിനിമകൾ പ്രദർശിപ്പിക്കുകയും നിരവധി അംഗീകാരങ്ങൾ നേടുകയും ചെയ്തു. സെനഗലിന്റെ നഗരജീവിതത്തിനേറ്റ ധർമഭൃംശത്തെക്കുറിച്ചുള്ള രചന പൂർത്തിയാക്കിയാണ് 2007 ജൂൺ ഒമ്പതിന് സേംബെന ഉസ്മാൻ ഈ ലോകത്തോട് വിട വാങ്ങിയത്.
അസ്തമയരാശിയിൽ ചെങ്കടലിന്റെ ചാരുവർണ്ണങ്ങൾ തിളങ്ങുന്നത് കാൽപനികനായ ഒരു കവിയുടെ മനസ്സോടെയാണ് പി.ജി. നോക്കിക്കണ്ടത്. അറേബ്യൻ ആകാശത്തിനു ചുവടെ സാഗരത്തിരകളുടെ താളം ആസ്വദിച്ചുനിന്ന കമ്യൂണിസ്റ്റ് സൈദ്ധാന്തികനോട് ഞാൻ ചോദിച്ചു: സഖാവ് സന്ദർശിക്കാത്ത രണ്ടു രാജ്യങ്ങളാണ് റഷ്യയും ചൈനയുമെന്ന് മനോരമയിൽ വന്ന ഒരഭിമുഖത്തിൽ വായിച്ചതോർക്കുന്നു. എന്ത് കൊണ്ടാണ് അങ്ങനെ സംഭവിച്ചത്? സഖാവിന്റെ അടുത്ത ബന്ധുക്കളായ എം.എനും പി.കെ.വിയുമൊക്കെ സി.പി.ഐയിലും താങ്കൾ സി.പി.എമ്മിലുമായത് കൊണ്ടാണോ സോവ്യറ്റ് യൂണിയനിലേക്കുള്ള യാത്ര നടക്കാതെ പോയത്? പി.കെ.വിയെക്കുറിച്ച് പറഞ്ഞപ്പോൾ പി.ജിയുടെ കണ്ണുകൾ ആർദ്രമാകുന്നത് ഞാൻ ശ്രദ്ധിച്ചു. പിന്നീട് അദ്ദേഹം പറഞ്ഞു: റഷ്യയും ചൈനയും സന്ദർശിക്കാതിരുന്നത് ബോധപൂർവമല്ല.
ബോംബെ സെന്റ് സേവ്യേഴ്‌സ് കോളേജിൽ പഠിക്കുന്ന കാലം. ലണ്ടൻ സ്‌കൂൾ ഓഫ് എക്കണോമിക്‌സിൽ അച്ഛൻ എനിക്ക് പ്രവേശനം തരപ്പെടുത്തി. പക്ഷേ ബോംബെ പഠനകാലത്ത് ഭീകരപ്രവർത്തകൻ എന്ന പേരിൽ എന്റെ പാസ്‌പോർട്ട് കണ്ടു കെട്ടിയിരുന്നു. ലണ്ടനിൽ പോകാൻ പറ്റിയില്ല. പിന്നെ പാസ്‌പോർട്ട് എനിക്ക് തിരിച്ചുകിട്ടിയത് മുപ്പത് വർഷത്തിനു ശേഷം. അതും വാജ്‌പേയ് താൽപര്യമെടുത്തത് കൊണ്ട്. ജനതാഗവൺമെന്റിന്റെ കാലത്ത്. ഞങ്ങളുടെ വീട്ടിൽത്തന്നെ പട്ടിക്കുട്ടിയും പശുവുമൊഴിച്ച് എല്ലാവരും വിദേശ യാത്ര നടത്തിയിട്ടുണ്ടെന്ന് കളി പറയാറുണ്ടായിരുന്നു. പക്ഷേ മുപ്പത് വർഷം ഇ.എം.എസിന്റേയും രണദിവെയുടെയുമൊക്കെ വിദേശയാത്രകൾ നോക്കിയിരിക്കാനേ എനിക്കു കഴിഞ്ഞുള്ളൂ. 1979 ൽ പാസ്‌പോർട്ട് എനിക്കു തിരിച്ചുകിട്ടിയപ്പോഴേക്കും സി.പി.എം സോവ്യറ്റ് യൂണിയനുമായി പിണക്കത്തിലായി. പിണക്കം മാറിയപ്പോഴേക്കും സോവ്യറ്റ് യൂണിയൻ തന്നെ ഇല്ലാതായി. ചൈനയിലും പോകാൻ കഴിഞ്ഞിട്ടില്ല. സ്‌ക്വയറിലെ ചൈനീസ് ഭരണാധികാരികളുടെ നിലപാടിനെതിരെ ലേഖനമെഴുതിയതിന് പാർട്ടിയുടെ അച്ചടക്കനടപടിക്ക് പി.ജി. വിധേയനായതും ചരിത്രം.
ഇന്ത്യയിലും ലോകത്താകെയും കമ്യൂണിസ്റ്റ് പാർട്ടികളുടെ ഇന്നത്തെ പാർലമെന്ററി രാഷ്ട്രീയത്തിലെ കനത്ത അപചയം, അധികാരാസക്തിയുടെ പിറകെ പോവുന്നത് കൊണ്ടാണെന്നും അധികാരം മനുഷ്യനെ ദുഷിപ്പിക്കുമെന്നും വർഷങ്ങൾക്ക് മുമ്പേ മുന്നറിയിപ്പ് നൽകിയ ക്രാന്തദർശിയായ വിപ്ലവകാരിയായിരുന്നു പി. ഗോവിന്ദപ്പിള്ള.
Content Summary: A reflective memoir of communist thinker P. Govinda Pillai during his visit to Jeddah, capturing his curiosity about history, people, and cultures. The piece also connects his lifelong Marxist convictions with conversations on literature, revolution, and global politics.
This post was last modified on May 26, 2026 2:43 pm
Leave a Comment