June 04, 2026 |
Share on

‘എപ്സ്റ്റീൻ ഫയൽ’ പ്രതിഷേധം, പ്രതിഷേധക്കാരന് നേരെ നടുവിരൽ ഉയർത്തി ട്രംപ്

സംഭവത്തിൽ വൈറ്റ് ഹൗസ് വ്യക്തമായ പ്രതികരണം നടത്തിയിട്ടില്ല

മിഷിഗണിലെ ഫോർഡ് ഫാക്ടറി സന്ദർശനത്തിനിടെ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് നേരെയുണ്ടായ പ്രതിഷേധത്തിന്, ട്രംപ് അശ്ലീല ആം​ഗ്യം കാണിച്ചതായി റിപ്പോർട്ട്. പ്രതിഷേധക്കാരിൽ ഒരാളോട് ട്രംപ് അശ്ലീലം കലർന്ന രീതിയിൽ പ്രതികരിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.

ഫോർഡ് പ്ലാന്റ് സന്ദർശിക്കുന്നതിനിടെ ട്രംപിനെതിരെ പ്രതിഷേധക്കാർ താഴെ തടിച്ചുകൂടുകയും പ്രതിഷേധിക്കുകയും ചെയ്തു. ഇതിനിടയിൽ ഒരാളുടെ ശബ്ദം മാത്രം ഉയർന്ന് എന്തോ വിളിച്ചു പറയുന്നത് ട്രംപിന്റെ ശ്രദ്ധയിൽപ്പെട്ടതും ട്രംപ് ആദ്യം ദേഷ്യത്തോടെ നോക്കി. പിന്നീട് നടുവിരൽ ഉയർത്തി അയാൾക്ക് നേരെ കാണിക്കുകയായിരുന്നു. ഡെട്രോയിറ്റിലെ ഫോർഡ് എഫ്-150 ഫാക്ടറിയുടെ സന്ദർശനത്തിനിടെയാണ് സംഭവമെന്ന് ദി ​ഗാർഡിയൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

കുട്ടികളെ പീഡിപ്പിക്കുന്നവരുടെ സംരക്ഷകൻ (pedophile protector) എന്ന് പ്രതിഷേധക്കാരിലൊരാൾ ട്രംപിനെ വിളിച്ചുവെന്നും ഇതിൽ പ്രകോപിതനായ ട്രംപ് ആ വ്യക്തിക്ക് നേരെ നടുവിരൽ ഉയർത്തിക്കാട്ടിയെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.

അതേസമയം, ട്രംപിൻ്റെ മറുപടിയെക്കുറിച്ച് വൈറ്റ് ഹൗസ് വ്യക്തമായ പ്രതികരണം നടത്തിയിട്ടില്ല. ഒരാൾ ട്രംപിനെതിരെ ആക്രോശിച്ചപ്പോൾ ട്രംപ് ഉചിതമായ രീതിയിൽ മറുപടി നൽകി എന്നാണ് സംഭവത്തെക്കുറിച്ച് വൈറ്റ് ഹൗസ് വക്താവ് സ്റ്റീവൻ ച്യൂങ് പറഞ്ഞത്.

ലൈംഗിക കുറ്റവാളിയായിരുന്ന ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട രഹസ്യ രേഖകൾ പുറത്തുവിടാൻ ട്രംപ് ഭരണകൂടം വൈകുന്നതാണ് ഈ പ്രതിഷേധത്തിന് കാരണം. എപ്സ്റ്റീന്റെ ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ ഈ ഫയലുകൾ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയിൽ വലിയ രീതിയിൽ പ്രതിഷേധം നടക്കുന്നുണ്ട്.

എപ്സ്റ്റീൻ കേസിലെ ഇരകളുടെ സ്വകാര്യത സംരക്ഷിക്കാനാണ് ഫയലുകൾ പുറത്തുവിടാൻ വൈകുന്നതെന്നാണ് ട്രംപ് ഭരണകൂടത്തിൻ്റെ നിലപാട്.
എന്നാൽ ട്രംപ് ഈ രേഖകളെ ഒരു തട്ടിപ്പ് എന്ന് വിളിച്ച് തള്ളിക്കളയാനാണ് ശ്രമിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക ചൂഷണം ചെയ്ത കേസിൽ വിചാരണ കാത്തിരിക്കെ, 2019ൽ ന്യൂയോർക്ക് ജയിലിൽ വച്ച് എപ്‌സ്റ്റീനെ ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എപ്‌സ്റ്റീനുമായി വളരെ അടുത്ത ബന്ധം സൂക്ഷിച്ചിരുന്നയാൾ കൂടിയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എപ്സ്റ്റീൻ ഫയലിൽ ട്രംപിനെതിരെയും ആരോപണമുണ്ടായിരുന്നു.

Content Summary: Paedophile protector’: Video shows Trump giving heckler the middle finger

Leave a Reply

Your email address will not be published. Required fields are marked *

×