പഹൽ​ഗാം പരാമർശം; സൂര്യകുമാർ യാദവിനെതിരെ ഐസിസി നടപടി, മാച്ച് ഫീയുടെ 30% പിഴ ചുമത്തി

താൻ കുറ്റക്കാരനല്ലെന്ന് വ്യക്തമാക്കി സൂര്യകുമാർ യാദവ്

Suryakumar Yadav

ഏഷ്യാ കപ്പ് മത്സരത്തിൽ പാകിസ്ഥാനെതിരായ ഗ്രൂപ്പ് റൗണ്ടിലെ ആദ്യ മത്സരത്തിന് പിന്നാലെ പഹൽ​ഗാം ഭീകരാക്രമണത്തെക്കുറിച്ച് നടത്തിയ പരാമർശത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെതിരെ നടപടിയുമായി ഐസിസി. മാച്ച് ഫീയുടെ 30 ശതമാനം പിഴയാണ് താരത്തിന് ചുമത്തിയത്.

സെപ്റ്റംബർ 14ന് നടന്ന മത്സരത്തിൽ പാകിസ്ഥാനെതിരെ ഏഴു വിക്കറ്റ് വിജയം നേടിയ ശേഷം, ജയം പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കും ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടിയിൽ പങ്കെടുത്ത എല്ലാ സൈനികർക്കുമായി സമർപ്പിക്കുന്നു എന്ന സൂര്യകുമാർ യാദവിന്റെ പ്രസ്താവനയാണ് നടപടിക്ക് കാരണമായത്. ടൂർണമെന്റ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഐസിസി വിധിക്കെതിരെ ഇന്ത്യ അപ്പീൽ നൽകിയിട്ടുണ്ടെന്നാണ് സൂചന. ടൂർണമെന്റ് അവസാനിക്കുന്നതുവരെ ഐസിസി ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തുവിട്ടേക്കില്ല എന്നും വൃത്തങ്ങൾ അറിയിച്ചു. ഞായറാഴ്ചയാണ് ടൂർണമെന്റിന്റെ ഫൈനൽ.

പാകിസ്ഥാനെതിരെ നേടിയ വിജയം പഹൽഗാം ഭീകരാക്രമണത്തിലെ ഇരകൾക്കും ഇന്ത്യൻ സൈനികർക്കും സമർപ്പിച്ച സൂര്യകുമാറിന്റെ നടപടിക്കെതിരെ പാകിസ്ഥാൻ ഐസിസിക്ക് പരാതി നൽകിയിരുന്നു. ഇത് രാഷ്ട്രീയപരമായ പരാമർശമാണെന്ന് പാകിസ്ഥാൻ ആരോപിച്ചു.

എന്നാൽ താൻ കുറ്റക്കാരനല്ലെന്ന് വ്യക്തമാക്കി സൂര്യകുമാർ യാദവ് ഐസിസി മാച്ച് റഫറി റിച്ചി റിച്ചാർഡ്‌സണിനോട് നിലപാടറിയിച്ചിരുന്നു. ടൂർണമെന്റിൽ ഇനി രാഷ്ട്രീയ പ്രസ്താവനകൾ നടത്തരുതെന്ന് സൂര്യകുമാർ യാദവിന് നിർദേശം നൽകിയിട്ടുണ്ടെന്നാണ് വിവരം. ഇന്ത്യൻ നായകനെതിരെ പി.സി.ബിയിൽ നിന്നു രണ്ടു പരാതികൾ ലഭിച്ചതായി മാച്ച് റഫറി വെള്ളിയാഴ്ച രാവിലെ സ്ഥിരീകരിച്ചിരുന്നു. ഇക്കാര്യം ബോധിപ്പിച്ചുകൊണ്ട് ഇന്ത്യൻ ടീം മാനേജ്മെന്റിന് ഇ മെയിൽ അയക്കുകയും ചെയ്തു. പരാതിയും, ഒപ്പം സമർപ്പിച്ച തെളിവുകളും പരിശോധിച്ചപ്പോൾ, സൂര്യകുമാറിന്റെ പരാമർശങ്ങൾ കായികരംഗത്തിന്റെ പ്രതിച്ഛായക്ക് കോട്ടം വരുത്തുന്നതാണെന്നും ഇന്ത്യൻ ക്യാപ്റ്റനെതിരെ നടപടി സ്വീകരിക്കേണ്ടതാണെന്നും ഇ മെയിലിൽ ​അറിയിച്ചു.

ഏപ്രിലിൽ നടന്ന പഹൽഗാം ഭീകരാക്രമണവും തുടർന്ന് മേയിൽ നടത്തിയ ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടിക്കും പിന്നാലെ ഇരു ടീമുകളും ക്രിക്കറ്റ് കളത്തിൽ മുഖാമുഖമെത്തിയോടെ മത്സരത്തിന് രാഷ്ട്രീയ-നയതന്ത്ര പോരിന്റെ മാനവും കൈവന്നിരുന്നു. മത്സരം ബഹിഷ്കരിക്കണമെന്നും വ്യാപക ആവശ്യമുയർന്നു. പക്ഷേ, കളിക്കാനായിരുന്നു ബി.സി.സി​.ഐയുടെയും കേന്ദ്ര സർക്കാറിന്റെയും തീരുമാനം. കളി തുടങ്ങിയപ്പോൾ ടോസിനിടെ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പാകിസ്ഥാൻ നായകൻ സൽമാൻ ആഗയെ ഹസ്തദാനം ​ചെയ്യാൻ വിസമ്മതിച്ചത് പിന്നീട് ഏറെ വിവാദമായി.

Also read: ഏഷ്യാ കപ്പ് വിവാദം: ഹസ്തദാനം നല്‍കിയില്ല, ഇന്ത്യന്‍ ടീമിനെതിരെ പരാതി നല്‍കി പാകിസ്ഥാന്‍

Content Summary: Pahalgam remark; ICC takes action against Suryakumar Yadav, fined 30% of match fee

This post was last modified on September 27, 2025 7:49 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment