June 04, 2026 |
Share on

‘ഓപ്പറേഷൻ സിന്ദൂറിൽ മരിച്ചവർ പാകിസ്ഥാന്റെ രക്തസാക്ഷികൾ’; പഹൽ​ഗാം ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ലാഹോറിൽ

ഇന്ത്യ വിരുദ്ധ റാലിയിൽ പങ്കെടുത്തതായി റിപ്പോർട്ട്

ലഷ്ഖർ ഇ ത്വയ്ബ കമാൻഡറും പഹൽ​ഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായ സെയ്ഫുള്ള കസൂരിയെ പാകിസ്ഥാനിൽ നടന്ന ഇന്ത്യ വിരുദ്ധ റാലിയിൽ കണ്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പാകിസ്ഥാനിലെ ലാഹോറിൽ മർകസി മുസ്ലീം ലീ​ഗ് സംഘടിപ്പിച്ച റാലിയിലാണ് സെയ്ഫുള്ള കസൂരി പങ്കെടുത്തതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. കസൂരിക്കൊപ്പം ലഷ്ഖർ ഇ ത്വയ്ബ സ്ഥാപകൻ ഹാഫിസ് സഈദിന്റെ മകൻ, തൽഹ സഈദും റാലിയിൽ പങ്കെടുത്തതായാണ് ലഭിക്കുന്ന വിവരം. ഹാഫിസ് സഈദിൻ യുഎൻ ഭീകരനായി പ്രഖ്യാപിച്ചിരുന്നു.

ഏപ്രിൽ 22 ന് 26 ഇന്ത്യക്കാരുടെ ജീവനെടുത്ത പഹൽ​ഗാം ഭീകരാക്രമണത്തിന് നേതൃത്വം കൊടുത്തത് സെയ്ഫുള്ള കസൂരിയാണെന്നാണ് റിപ്പോർട്ടുകളിൽ വ്യക്തമാക്കിയിരുന്നത്. ലഷ്ഖർ ഇ ത്വയ്ബയുടെ സഹോദര സംഘടനയായ ദി റസിസ്റ്റൻസ് ഫ്രണ്ടിലെ ഭീകരരാണ് ആക്രണമണം നടത്തിയതെന്ന് ഇന്ത്യൻ സർക്കാർ സ്ഥിരീകരിച്ചിരുന്നു.

ഇന്ത്യാ വിരുദ്ധ റാലിക്കിടെ മുദ്രാവാക്യങ്ങൾ വിളിക്കുന്ന സെയ്ഫുള്ള കസൂരിയുടെ വീഡിയോ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട ഭീകരവാദികളെ രക്തസാക്ഷികൾ എന്നാണ് സെയ്ഫുള്ള കസൂരി റാലിക്കിടെ നടന്ന പ്രസം​ഗത്തിൽ പറയുന്നത്. പഹൽ​ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരനായാണ് തന്നെ കുറ്റപ്പെടുത്തുന്നതെന്നും ഇപ്പോൾ തന്റെ പേര് ലോകം മുഴുവൻ പ്രസിദ്ധമാണെന്നും കസൂരി പറയുന്നതായി ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു.

ഇന്ത്യ തിരയുന്ന ഭീകരൻ ഹാഫിസ് സയ്യിദിന്റെ അനുയായിയായ സെയ്ഫുള്ള കസൂരി, ലഷ്ഖർ ഇ ത്വയ്ബയുടെ മുതിർന്ന കമാൻഡറാണ്. പാകിസ്ഥാനിൽ നിരവധി ഇന്ത്യ വിരുദ്ധ പ്രസം​ഗങ്ങൾ നടത്തിയതിൽ കുപ്രസിദ്ധനാണ് സെയ്ഫുള്ള കസൂരി.

രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണത്തിനാണ് ഏപ്രിൽ 22 ന് ഇന്ത്യ സാക്ഷ്യം വഹിച്ചത്. കൊല്ലപ്പെട്ട വിനോദസഞ്ചാരികളിൽ ഒരു മലയാളിയും ഉൾപ്പെട്ടിരുന്നു.

Content Summary: Pahalgam terror attack mastermind in Pakistan’s Lahore

Leave a Reply

Your email address will not be published. Required fields are marked *

×