June 04, 2026 |

പ്രത്യേക പദവി നീക്കിയതിന് പിന്നാലെ കശ്മീരിലെ സുരക്ഷയും കുറച്ചോ?

പഹല്‍ഗാം ആക്രമണം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

പ​ഹൽ​ഗാം ഭീകരാക്രമണത്തിന്റെ ഞെട്ടലിൽ നിന്ന് രാജ്യം ഇപ്പോഴും വിടുതൽ നേടിയിട്ടില്ല. രാജ്യത്തെയാകമാനം നടുക്കിയ പഹൽ​ഗാം ഭീകരാക്രമണത്തിൽ 26ഓളം നിരപരാധികളാണ് കൊല്ലപ്പെട്ടത്. 2019ൽ മോദി സർക്കാർ കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം കശ്മീർ പ്രദേശത്തെ സുരക്ഷ സംവിധാനം ശക്തമായാണോ പ്രവർത്തിക്കുന്നതെന്ന സംശയം ബാക്കിയാക്കുകയാണ് പ​ഹൽ​ഗാം ആക്രമണം.

2019 മുതൽ പ്രദേശത്തെ സുരക്ഷാ സംവിധാനത്തിന് മേൽ പ്രധാനമന്ത്രിയ്ക്ക് നേരിട്ട് നിയന്ത്രണമുണ്ട്. ജമ്മു കശ്മീരിൽ തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർ സംവിധാനം ഉണ്ടെങ്കിലും കേന്ദ്ര സർക്കാരിനായിരിക്കും സുരക്ഷാ സംവിധാനത്തിന്റെ കാര്യത്തിൽ പരമാധികാരം. കശ്മീരിലെ സുരക്ഷ സംവിധാനത്തെക്കുറിച്ച് വിലയിരുത്താനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തിൽ ഏപ്രിൽ 8ന് ശ്രീന​ഗറിൽ വച്ച് നടന്ന യോ​ഗത്തിൽ നിന്ന് കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ ഒഴിവാക്കിയതായി മുൻപ് ദി വയർ റിപ്പോർട്ട് ചെയ്തിരുന്നു.

അപ്രതീക്ഷിതമായ ഭീകരാക്രമണങ്ങൾ പ്രദേശത്ത് തുടരെ സംഭവിക്കുമ്പോഴും ക-ൃത്യമായ സുരക്ഷ ഉറപ്പു വരുത്താൻ സർക്കാരിന് സാധിച്ചിട്ടുണ്ടെന്നാണ് കേന്ദ്രത്തിന്റെ വാദം. മോദി സർക്കാർ‍ തീവ്രവാദത്തിനെതിരെ സീറോ ടോളറൻസ് നയം നടപ്പിലാക്കിയത് പ്രദേശത്തെ സുരക്ഷ സംവിധാനം ശക്തിപ്പെടുത്താൻ സഹായകമായെന്നാണ് കഴിഞ്ഞ ജൂലൈയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ലോക്സഭയിൽ നൽകിയ മറുപടി. 2026 മാർച്ച് 21നകം രാജ്യത്ത് നിന്ന് തീവ്രവാദത്തെ പൂർണ്ണമായും തുടച്ചു നീക്കുമെന്നും അമിത്ഷാ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വർഷങ്ങളായി സംഭവിച്ച ഭീകരാക്രമണങ്ങളുടെ കണക്കുകൾ കൂടി അവതരിപ്പിച്ചു കൊണ്ടായിരുന്നു അമിത്ഷായുടെ വാദം. 2018നെ അപേക്ഷിച്ച് 2023ൽ ഭീകരാക്രമണങ്ങൾ 228ൽ നിന്ന് 46 ആയി കുറഞ്ഞുവെന്നും, ആക്രമണങ്ങളിൽ കൊല്ലപ്പെട്ട സാധാരണ ജനങ്ങളുടെ എണ്ണം 55ൽ നിന്ന് 14 ആയും കൊലപ്പെട്ട സുര​​ക്ഷ ഉദ്യോ​ഗസ്ഥരുടെ എണ്ണം 91ൽ നിന്ന് 30 ആയി കുറഞ്ഞതും ഇതിന് തെളിവായി ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടിയത്.

എന്നാൽ ഇതിൽ നിന്ന് വിരുദ്ധമായ കണക്കുകളാണ് സൗത്ത് ഏഷ്യ ടെററിസം പോർട്ടൽ പങ്കു വയ്ക്കുന്നത്. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തതോടെ സുരക്ഷയിലുണ്ടായ ഏറ്റക്കുറച്ചിലുകൾ അമിത്ഷായുടെ വാദത്തെ തള്ളിക്കളയുന്നു. 2018ൽ നിന്ന് 2019ൽ എത്തുമ്പോഴേക്കും ഭീകരാക്രമണങ്ങളുടെ എണ്ണം 597ൽ നിന്ന് 369 ആയി കുറഞ്ഞിരുന്നെങ്കിലും അതേ വർഷം പ്രദേശത്തിന്റെ പ്രത്യേക പദവി നീക്കം ചെയ്തതോടെ വൻതോതിലാണ് ആക്രമണങ്ങളുണ്ടായിരിക്കുന്നത്. 2020ൽ 415ഉം, 2020ൽ 460 ആക്രമണങ്ങളുമാണ് ഉണ്ടായിട്ടുള്ളത്.

2018 മുതൽ 2023 വരെ സംഭവിച്ച ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണത്തിൽ കുറവ് വന്നതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നെങ്കിലും 2024ൽ കൊല്ലപ്പെട്ടവരുടെ എണ്ണം വർദ്ധിച്ചതായാണ് കണക്കുകൾ രേഖപ്പെടുത്തുന്നത്. സുരക്ഷാ സേനകളുടെ മരണനിരക്കിലും ഏറ്റക്കുറച്ചിലുകളുണ്ട് സുരക്ഷാ സേന ഉദ്യോ​ഗസ്ഥരുടെ മരണനിരക്ക് 2019 ൽ 78 ൽ നിന്ന് 2020 ൽ 56 ഉം 2021 ൽ 45 ഉം 2022 ൽ 30 ഉം ആയി കുറഞ്ഞു. എന്നാൽ വീണ്ടും 2023ലേക്ക് എത്തുമ്പോൾ 33 ആയി നേരിയ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വർഷം ഏപ്രിൽ 19 വരെയുള്ള കണക്കുകൾ പ്രകാരം എട്ട് മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

സുരക്ഷ സംവിധാനത്തിലുണ്ടാവുന്ന അസ്ഥിരതയാണ് ഈ വിവരങ്ങൾ വ്യക്തമാക്കുന്നത്. 2018മായി താരതമ്യപ്പെടുത്തുമ്പോൾ 2019ൽ മരണനിരക്കിലുണ്ടായ കുറവ് സർക്കാരിന്റെ മികവായി ചൂണ്ടിക്കാണിക്കാൻ കഴിയുമെങ്കിലും സ്ഥിരവും സമഗ്രവുമായ പുരോഗതി സുര​ക്ഷ സംവിധാനത്തിലുണ്ടെന്ന അവകാശവാദം ഉന്നയിക്കാൻ സാധിക്കില്ല. ഇന്നലത്തെ ആക്രമണത്തോടെ 2024ൽ സിവിലിയൻ സുരക്ഷയിൽ ഉണ്ടായ പുരോഗതി കീഴ്മേൽ മറിഞ്ഞു. പ്രത്യേക പദവി റദ്ദാക്കി ആറ് വർഷങ്ങൾക്ക് ശേഷവും, ജമ്മു കശ്മീരിലെ സുരക്ഷാ സംവിധാനം അശക്തമാണ്.
content summary: The Pahalgam terror attack raises serious questions about whether the security system in Kashmir is truly effective after the reading down of Article 370

Leave a Reply

Your email address will not be published. Required fields are marked *

×