പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൂടുതൽ ഭീകരരെ തിരിച്ചറിഞ്ഞു. ഒന്നര വർഷം മുൻപാണ് പാക് ഭീകരർ മേഖലയിലേക്ക് നുഴഞ്ഞു കയറിയതെന്നാണ് ലഭിക്കുന്ന വിവരം.
ആക്രമണം നടത്തിയ മൂന്ന് ഭീകരരെയാണ് തിരിച്ചറിഞ്ഞത്. പാകിസ്ഥാൻ സ്വദേശികളായ ഹാസിം മൂസ, അലിഭായ്, ആദിൽ ഹുസൈൻ തോക്കർ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇവരുടെ രേഖ ചിത്രങ്ങൾ ജമ്മു കാശ്മീർ പൊലീസ് പുറത്തുവിട്ടു. ഇവർ കഴിഞ്ഞ ഒന്നര വർഷമായി സൗത്ത് കാശ്മീരിലെ വിവിധ സ്ഥലങ്ങളിൽ ഒളിച്ചു കഴിയുകയായിരുന്നു. ഹാസിം മൂസയെയും അലിഭായെയും രണ്ട് വർഷത്തോളമായി കശ്മീർ താഴ്വരയിൽ സ്ഥിരമായി കാണാറുണ്ടായിരുന്നുവെന്നാണ് പോലീസ് അറിയിക്കുന്നതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
2023 സെപ്റ്റംബറിലാണ് ഹാസിം മൂസ കശ്മീരിലേക്ക് നുഴഞ്ഞ് കയറിയതായി കരുതപ്പെടുന്നത്. ശ്രീനഗറിന് സമീപമുള്ള ബുദ്ഗാം ജില്ലയാണ് ഇയാൾ ആക്രമണം ആസൂത്രണം ചെയ്യാനായി തിരഞ്ഞെടുത്തത്. മൂസക്ക് പിന്നാലെ അലിയും കശ്മീരിലേക്ക് എത്തുകയായിരുന്നു. തുടർന്ന് അലി ശ്രീനഗറിന്റെ സമീപത്തുള്ള ദച്ചിഗാം വനത്തിനുള്ളിൽ ഒളിച്ച് താമസിക്കുകയായിരുന്നു. ദച്ചിഗാം ദേശീയോദ്യാനം ട്രാലിലേക്കും അവിടെ നിന്ന് പഹൽഗാമിലേക്കും ബന്ധിപ്പിക്കുന്നതാണ്.
പോലീസ് രേഖകൾ പ്രകാരം, ആദിൽ ഹുസൈൻ തോക്കർ 2018 ൽ പാകിസ്ഥാനിലേക്ക് പോവുകയും ശേഷം കഴിഞ്ഞ വർഷം താഴ്‌വരയിൽ തിരിച്ചെത്തുകയുമായിരുന്നു. തെക്കൻ കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ ഗുരെ ഗ്രാമത്തിൽ താമസിക്കുന്ന തോക്കർ, മികച്ച പരീശീലനം ലഭിച്ച ഭീകരവാദിയാണെന്നാണ് പോലീസ് പറയുന്നത്. തീവ്രവാദികളുടെ ഗൈഡായാണ് ഇയാൾ പ്രവർത്തിച്ചിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
ദൃക്‌സാക്ഷി വിവരണങ്ങളുടെ അടിസ്ഥാനത്തിലാണ് ഭീകരരുടെ രേഖാചിത്രങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. സംഘത്തിലെ നാലാമത്തെ ഭീകരനെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടത്തിവരികയാണെന്നാണ് പോലീസ് വൃത്തങ്ങൾ അറിയിക്കുന്നത്. നാലാമത്തെയാൾ തദ്ദേശീയനോ പാകിസ്ഥാനിയോ ആയിരിക്കാമെന്നും അയാളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ തങ്ങൾ ശ്രമിക്കുകയാണെന്നും ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
മേഖലയെക്കുറിച്ചും ഇന്ത്യൻ സൈന്യത്തെക്കുറിച്ചും കൃത്യമായ അവലോകനം നടത്തി ആസൂത്രണം ചെയ്ത ആക്രമണമായിരുന്നു പഹൽഗാമിലേതെന്ന് മറ്റൊരു ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. ആക്രമണം നടന്നു കഴിഞ്ഞാലുണ്ടാകുന്ന പ്രത്യാക്രമണത്തിന്റെ സമയത്തെക്കുറിച്ച് ഭീകരർക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു. ബൈസാരനിൽ കാൽനടയായി മാത്രമേ എത്തിച്ചേരാൻ സാധിക്കൂ.
സുരക്ഷാ ഏജൻസികൾക്ക് മേഖലയിലേക്ക് എത്തിച്ചേരാൻ കുറഞ്ഞത് ഒരു മണിക്കൂർ സമയമെങ്കിലും ആവശ്യമാണ്. ഇത് മനസിലാക്കിയ ഭീകരർ അവിടെ താമസിച്ച് ഭൂപ്രദേശത്തെക്കുറിച്ച് കൂടുതൽ പഠിക്കുകയായിരുന്നു. സ്ഥലത്തിന്റെ ഓഫ്-റോഡ് സ്വഭാവം അക്രമികൾക്ക് കൃത്യം നടത്തിയ ശേഷം വനത്തിനുള്ളിലേക്ക് രക്ഷപ്പെടാൻ മതിയായ സമയവും നൽകി, മുതിർന്ന ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
അതേസമയം, സംഭവം നടക്കുന്ന സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്ന 42 പ്രദേശവാസികളുടെ മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്ര ഏജൻസികളുടെ വൃത്തങ്ങൾ അറിയിച്ചു. അക്രമികൾ പോകുന്നത് വരെ മരത്തിന് മുകളിൽ രണ്ട് മണിക്കൂർ വരെ ഒളിച്ചിരിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികളിലൊരാളായ ഒരു പ്രാദേശിക ഫോട്ടോഗ്രാഫർ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
കഴിഞ്ഞ ദിവസം എൻഐഎയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ ഒരു സംഘം കുറ്റകൃത്യം നടന്ന സ്ഥലം വീണ്ടും സന്ദർശിക്കുകയും ദൃക്‌സാക്ഷികളെ കാണുകയും ചെയ്തിരുന്നു. ലോക്കൽ പോലീസിൽ നിന്ന് അന്വേഷണം ഏജൻസി ഏറ്റെടുക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏപ്രിൽ 22 നാണ് 26 സഞ്ചാരികളുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണം നടന്നത്.
Content Summary: Pahalgam terror attack; Who are the terrorists who infiltrated and hid in Kashmir a year and a half ago