June 26, 2026 |
Share on

ഒന്‍പതുകാരനെ പിതാവ് വാനിനുള്ളില്‍ പൂട്ടിയിട്ടത് ഒന്നര വര്‍ഷത്തോളം

പൊലീസ് എത്തി വാഹനം തുറന്നപ്പോള്‍ കണ്ട കാഴ്ച്ച മനസ് മരവിപ്പിക്കുന്നതായിരുന്നു

ഒന്‍പത് വയസ്സുകാരനെ പിതാവ് സ്വന്തം വാനില്‍ പൂട്ടിയിട്ടത് ഒന്നരവര്‍ഷത്തോളം. കിഴക്കന്‍ ഫ്രാന്‍സിലെ ഹാജന്‍ബാക്ക് എന്ന ഗ്രാമത്തില്‍ നിന്നാണ് ക്രൂരതയുടെ ഈ വാര്‍ത്ത. 2024 നവംബര്‍ മുതല്‍ അതിക്രൂരമായ സാഹചര്യത്തില്‍ തടവില്‍ കഴിഞ്ഞ കുട്ടിയെ പോലീസെത്തിയാണ് മോചിപ്പിച്ചത്. വാഹനത്തിനുള്ളില്‍ നിന്ന് അസ്വാഭാവികമായ ശബ്ദങ്ങള്‍ കേള്‍ക്കുന്നു എന്ന അയല്‍വാസിയുടെ പരാതിയെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന ഈ വിവരം പുറംലോകമറിഞ്ഞത്.

സ്വിറ്റ്സര്‍ലന്‍ഡ്, ജര്‍മ്മനി അതിര്‍ത്തികളോട് ചേര്‍ന്നുള്ള ഗ്രാമത്തില്‍ നിര്‍ത്തിയിട്ടിരുന്ന വാനിന്റെ വാതില്‍ ബലമായി തുറന്നപ്പോഴാണ് പോലീസ് ആ ദാരുണമായ കാഴ്ച കണ്ടത്. കുന്നുകൂടിയ മാലിന്യങ്ങള്‍ക്കും മലമൂത്രവിസര്‍ജ്ജ്യങ്ങള്‍ക്കും ഇടയില്‍ തുണിയൊന്നുമില്ലാതെ ഒരു പുതപ്പ് മാത്രം പുതച്ച് ചുരുണ്ടുകൂടി കിടക്കുകയായിരുന്നു ആ കുട്ടി. മാസങ്ങളായി ഇരുന്നിരുന്നതിനാല്‍ കുട്ടിക്ക് നടക്കാനുള്ള ശേഷി നഷ്ടപ്പെടുകയും പോഷകാഹാരക്കുറവ് മൂലം ശരീരം മെലിയുകയും ചെയ്തിട്ടുണ്ടെന്ന് പ്രോസിക്യൂട്ടര്‍ നിക്കോളാസ് ഹെയ്റ്റ്‌സ് വ്യക്തമാക്കി.

കുട്ടിയെ മാനസികരോഗ്യ ചികിത്സാ കേന്ദ്രത്തില്‍ അയക്കാന്‍ തന്റെ പങ്കാളി ശ്രമിച്ചിരുന്നതായും, അതില്‍ നിന്ന് അവനെ സംരക്ഷിക്കാനാണ് വാനില്‍ താമസിപ്പിച്ചതെന്നുമാണ് 43-കാരനായ പിതാവ് പോലീസിനോട് പറഞ്ഞത്. കുട്ടിയുടെ 12-ഉം 10-ഉം വയസ്സുള്ള സഹോദരങ്ങള്‍ക്കൊപ്പം തൊട്ടടുത്തുള്ള ഫ്‌ലാറ്റിലായിരുന്നു പിതാവും പങ്കാളിയും താമസം. ദിവസവും രണ്ട് നേരം പിതാവ് ഭക്ഷണം എത്തിച്ചു നല്‍കുമായിരുന്നുവെന്നും കുപ്പിയിലായിരുന്നു മൂത്രമൊഴിച്ചിരുന്നതെന്നും കുട്ടി പോലീസിനോട് പറഞ്ഞു. 2024-ന്റെ അവസാനത്തിലാണ് അവസാനമായി കുളിച്ചതെന്നും കുട്ടി വെളിപ്പെടുത്തി.

കുട്ടി വാനില്‍ കഴിയുന്ന വിവരം തന്റെ പങ്കാളിക്ക് അറിയില്ലായിരുന്നു എന്നാണ് പിതാവ് അവകാശപ്പെടുന്നത്. എന്നാല്‍ അയല്‍വാസികളോട് ചോദിച്ചപ്പോള്‍, 2024 അവസാനത്തോടെ കുട്ടിയെ കാണാതായെന്നും എവിടെയോ സംരക്ഷണ കേന്ദ്രത്തിലാണെന്നാണ് വീട്ടുകാര്‍ പറഞ്ഞിരുന്നതെന്നും അവര്‍ അറിയിച്ചു. വാനില്‍ നിന്ന് ശബ്ദങ്ങള്‍ കേട്ടപ്പോള്‍ അത് പൂച്ചയാണെന്നാണ് പിതാവ് അയല്‍ക്കാരെ വിശ്വസിപ്പിച്ചിരുന്നത്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ അന്യായമായി തടങ്കലില്‍ വച്ചതിനും ഭക്ഷണവും ചികിത്സയും നിഷേധിച്ചതിനും പിതാവിനെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. കുട്ടിയുടെ ദുരവസ്ഥ കണ്ടില്ലെന്ന് നടിച്ചതിനും ക്രൂരത റിപ്പോര്‍ട്ട് ചെയ്യാത്തതിനും പിതാവിന്റെ പങ്കാളിക്കെതിരെയും കേസെടുത്തിട്ടുണ്ട്. നിലവില്‍ കുട്ടിയെയും സഹോദരങ്ങളെയും താല്‍ക്കാലിക സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഒരു സിനിമയില്‍ കാണുന്നതുപോലെയുള്ള ക്രൂരമായ അനുഭവമാണ് തങ്ങളുടെ കണ്മുന്നില്‍ നടന്നതെന്ന് തകര്‍ന്നുപോയ അയല്‍വാസികള്‍ പ്രതികരിച്ചു.

Content Summary: A nine-year-old boy was rescued after being locked in his father’s van since 2024,In Eastern France

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×