അതിര്‍ത്തി യുദ്ധസമാനം; പ്രകോപനം തുടര്‍ന്ന് പാകിസ്ഥാൻ

ഇന്ത്യൻ പൗരന്മാരെ ലക്ഷ്യം വെച്ച് കൊണ്ടുള്ളതായിരുന്നു ആക്രമണമെന്നാണ് ലഭിക്കുന്ന വിവരം

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം തുടരുന്നതായി റിപ്പോർട്ട്. നിയന്ത്രണ രേഖയിലെ വിവിധയിടങ്ങളിൽ പാകിസ്ഥാൻ സൈന്യം ഷെല്ലാക്രമണവും വെടിവെയ്പ്പും നടത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ പൗരന്മാരെ ലക്ഷ്യം വെച്ച് കൊണ്ടുള്ളതായിരുന്നു ആക്രമണമെന്നാണ് ലഭിക്കുന്ന വിവരം. ഇന്ത്യൻ സൈന്യത്തിന്റെ ഭാ​ഗത്ത് നിന്നും പ്രകോപനമൊന്നും ഉണ്ടാകാതെയാണ് കഴിഞ്ഞ ദിവസം രാത്രിയിലും ശേഷവും ജമ്മു കശ്മീരിലെ നിയന്ത്രണ രേഖക്ക് സമീപമുള്ള ഇടങ്ങളിൽ പാക് സൈന്യം വെടിവെയ്പ്പ് നടത്തിയത്. അതേസമയം, ഇന്ത്യൻ സേന ആക്രമണത്തിനെതിരെ ശക്തമായി തിരിച്ചടിച്ചു. കുപ്വാര, ബാരാമുള്ള, ഉറി, അഖ്നൂർ എന്നിവക്ക് എതിർവശത്തുള്ള പ്രദേശങ്ങളെ ലക്ഷ്യമിട്ടാണ് ഷെല്ലാക്രമണം നടന്നത്.

മെയ് 7ന് രാത്രി നടന്ന ആക്രമണത്തിൽ മൂന്ന് കുട്ടികളും മൂന്ന് സ്ത്രീകളും ഉൾപ്പെടെ 12 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. അതിനിടെ പൂഞ്ചിലെ പാക് ആക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു. പഹൽ​ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ ഇന്ത്യൻ സൈന്യം പ്രത്യാക്രമണം നടത്തിയിരുന്നു. തുടർന്ന് അതിർത്തിയിൽ യുദ്ധ സമാനമായ അന്തരീക്ഷം ഉടലെടുക്കുകയായിരുന്നു.

പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ വീടുകളും വാഹനങ്ങളും വലിയ കെട്ടിടങ്ങളും തകർന്നതായും റിപ്പോർട്ടുകളുണ്ട്. പൂഞ്ച് ജില്ലയിലും ജമ്മു മേഖലയിലെ രജൗരിയിലുമാണ് കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചത്. പാക് ആക്രമണം അതിർത്തിയിലെ നിവാസികൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചതോടെ നൂറുകണക്കിന് താമസക്കാർ ഭൂഗർഭ ബങ്കറുകളിൽ അഭയം തേടാനോ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാനോ നിർബന്ധിതരായി.

ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമായി ഒമ്പത് കേന്ദ്രങ്ങളിലായി ഇന്ത്യ 24 മിസൈല്‍ ആക്രമണങ്ങൾ നടത്തി. ആക്രമണത്തിൽ ലഷ്‌കര്‍-ഇ-ത്വയ്ബ, ജയ്ഷ്-ഇ-മുഹമ്മദ് എന്നീ ഭീകര സംഘടനകളുടെ മധ്യനിര, മുതിര്‍ന്ന കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെ 70 ഭീകരര്‍ കൊല്ലപ്പെട്ടതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം പുലർച്ചെയാണ് ഇന്ത്യൻ സൈന്യം ഭീകര ക്യാമ്പുകൾ ആക്രമിച്ചത്. പഹൽ​ഗാം ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ നടപ്പാക്കിയത്. ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്ഥാനിലെ സാധാരണ ജനങ്ങള്‍ക്ക് ജീവഹാനിയുണ്ടാകാതിരിക്കാന്‍ സൈന്യം ശ്രദ്ധിച്ചതായി സംയുക്ത സേനാ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ആക്രമണത്തിനുള്ള ആയുധങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ ഇന്ത്യ പ്രത്യേകം ശ്രദ്ധ പുലര്‍ത്തി. ക്ലിനിക്കല്‍ കൃത്യതയോടെ ഭീകരകേന്ദ്രങ്ങളെ മാത്രം ലക്ഷ്യം വെച്ചുള്ള ആക്രമണത്തില്‍ ഒരു സിവിലിയനും പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും കേണല്‍ സോഫിയ ഖുറേഷി വ്യക്തമാക്കിയിരുന്നു. മൂന്ന് സൈനിക സേനകളും സംയുക്തമായാണ് ആക്രമണം നടത്തിയത്.

Content Summary: pak firing on indian border, border situation right now

This post was last modified on May 8, 2025 1:57 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment