പാക് അധിനിവേശ കശ്മീരിലെ ഒമ്പത് കേന്ദ്രങ്ങള്‍ ഇന്ത്യ ആക്രമിച്ചതിന് പിന്നാലെ അതിര്‍ത്തി പട്ടണമായ പൂഞ്ചില്‍ പാക് സൈന്യത്തിന്റെ ഷെല്ലാക്രമണം രൂക്ഷം. സംഘര്‍ഷത്തെ തുടര്‍ന്ന് പൂഞ്ച് നിവാസകള്‍ സുരക്ഷിതമായ താവളങ്ങളിലേക്ക് മാറി.
1971 ലെ ഇന്ത്യ-പാക് യുദ്ധത്തിന് ശേഷം ഉണ്ടായ ഏറ്റവും വലിയ പീരങ്കി വെടിവെയ്പ്പില്‍ അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ 16 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഷെല്ലാക്രമണത്തെ തുടര്‍ന്ന് ഒരു ആരാധനാലയവും വിദ്യാഭ്യാസ സ്ഥാപനവും വനം വകുപ്പ് ഓഫീസും ബസ് സ്റ്റാന്റും തകര്‍ന്നു. പൂഞ്ചിലെ ഡംഗസ് മേഖലയിലെ ഒരു കുടുംബത്തില്‍ ഷെല്ലുകള്‍ പതിച്ചതിനെ തുടര്‍ന്ന് 14 വയസ്സുള്ള പെണ്‍കുട്ടിയും അവളുടെ സഹോദരന്‍ 12 കാരനും കൊല്ലപ്പെട്ടു. ഇവരുടെ പിതാവിനും പരുക്കേറ്റു. മറ്റൊരു കുടുംബത്തിലെ സഹോദരങ്ങളായ 14 ഉം 12 ഉം വയസ് പ്രായമുള്ള കുട്ടികളും കൊല്ലപ്പെട്ടു.
സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആയിരക്കണക്കിന് ആളുകളെയാണ് പൂഞ്ചില്‍ നിന്നും ഒഴിപ്പിച്ചിരിക്കുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ഷെല്ലാക്രമണം നിലച്ചപ്പോള്‍ ആളുകള്‍ പലായനം ചെയ്യുകയായിരുന്നു. സുരന്‍കോട്ട്, മണ്ഡി, ജമ്മു തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് കൂടുതല്‍ പേരും പലായനം ചെയ്തിരിക്കുന്നത്.
പൊതുഗതാഗത സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ ആളുകള്‍ തലയില്‍ ലഗേജുകള്‍ ചുമന്നുകൊണ്ടാണ് സുരന്‍കോട്ടിലേക്ക് നടന്നുനീങ്ങിയത്. പലരും കന്നുകാലികള്‍ ഉള്‍പ്പെടെയാണ് പ്രദേശത്ത് നിന്ന് പലായനം ചെയ്യന്നത്. എടിഎമ്മുകളില്‍ ആവശ്യത്തിന് പണമില്ലാത്തതും പ്രദേശവാസികളെ അലട്ടിയിരുന്നു. സാധാരണക്കാരെ ലക്ഷമിട്ടാണ് ആക്രമണം നടത്തുന്നതെന്ന് പലായനം ചെയ്യുന്നവര്‍ പറയുന്നു.
സംഘര്‍ഷം രൂക്ഷമാകുന്നതിന് മുമ്പ് വരെ പൂഞ്ചിലെ ഏറ്റവും തിരക്കേറിയ ബസ് സ്റ്റാന്റ് പോലും ഇന്ന് വിജനമായിരിക്കുകയാണ്. കഴിഞ്ഞദിവസം പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഷെല്ലിലൊന്ന് പതിച്ചത് പൂഞ്ചിലെ ബസ് സ്റ്റാന്റിലാണ്. സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്ത പല വാഹനങ്ങള്‍ക്കും ആക്രമണത്തില്‍ സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
പൂഞ്ച് അതിര്‍ത്തി പ്രദേശത്തെ മലമുകളില്‍ നിലയുറപ്പിച്ച പാക് സൈനികര്‍ സാധാരണക്കാരായ കശ്മീരികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പാക് പ്രകോപനം തുടരുന്ന സാഹചര്യത്തിലാണ് അതിര്‍ത്തിയില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചത്. ഉറി, കുപ് വാര മേഖലകളില്‍ നിന്നുള്ളവരെയും സുരക്ഷിത താവളങ്ങളിലേക്ക് മാറ്റി. pakistan attack; poonch is empty
Content Summary: pakistan attack; poonch is empty
Leave a Comment