ഇന്ത്യൻ സൈന്യത്തെ നേരിടാൻ ചൈനീസ് നിർമ്മിത യുദ്ധവിമാനങ്ങളാണ് പാകിസ്ഥാൻ ഉപയോഗിക്കുന്നതെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇന്ത്യ – പാക് സംഘർഷം മറ്റൊരു തലത്തിലേക്ക് നീങ്ങുകയും പാകിസ്ഥാന്റെ തീവ്രവാദ കേന്ദ്രങ്ങളിൽ ഇന്ത്യ ആക്രമണം നടത്തുകയും ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ ആശങ്കപ്പെടുന്ന രാജ്യവും ചൈനയാണ്.
യുദ്ധത്തിൽ പാശ്ചാത്യസാങ്കേതിക വിദ്യക്കെതിരെ ചൈനീസ് നിർമ്മിത സൈനിക ഉപകരണങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ആദ്യമായി മനസിലാക്കാൻ പോകുന്നത് ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിലൂടെയായിരിക്കും. ചൈനീസ് പ്രതിരോധ സ്റ്റോക്ക് ഇതിനകം തന്നെ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
ഫ്രഞ്ച് നിർമ്മിത യുദ്ധവിമാനമായ റഫേൽ ഉൾപ്പെടെയുള്ള ഇന്ത്യൻ വിമാനങ്ങളെ വെടിവച്ചു വീഴ്ത്താൻ ഏവിയേഷൻ ഇന്റസ്ട്രി കോർപ്പറേഷൻ ഓഫ് ചൈനയുടെ J-10C യുദ്ധവിമാനങ്ങൾ ഉപയോഗിച്ചതായാണ് പാകിസ്ഥാൻ അവകാശപ്പെടുന്നത്. സംഘർഷത്തിന് പിന്നാലെ ഏവിയേഷൻ ഇന്റസ്ട്രി കോർപ്പറേഷൻ ഓഫ് ചൈനയുടെ ചെങ്ഡു എയർക്രാഫ്റ്റിന്റെ ഓഹരികൾ ഈ ആഴ്ച 40 ശതമാനം ഉയർന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ചൈന ഒരു വലിയ യുദ്ധത്തിൽ ഏർപ്പെട്ടിട്ട് 40 വർഷത്തിലേറെ ആയെങ്കിലും പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ കീഴിൽ സൈന്യത്തെ സജ്ജരാക്കുന്നതിൽ രാജ്യം വൻതോതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. അത്യാധുനിക ആയുധങ്ങൾ പാകിസ്ഥാന് വിതരണം ചെയ്യുന്നതും ഇതിന്റെ ഭാഗമായാണ്. പാകിസ്ഥാന്റെ സമീപകാല ഇറക്കുമതി ആയുധങ്ങളിൽ 81ശതമാനവും ചൈനയിൽ നിന്നാണ്, അതിൽ യുദ്ധവിമാനങ്ങൾ, മിസൈലുകൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ എന്നിവയും ഉൾപ്പെടുന്നു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഈ സംഘർഷം ചൈന ഉയർന്നുവരവും യുഎസ് സ്വാധീനത്തെ വെല്ലുവിളിന്നതുമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
1947 ൽ സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഇന്ത്യയും പാകിസ്ഥാനും കശ്മീരിനെച്ചൊല്ലി മൂന്ന് യുദ്ധങ്ങൾ നടത്തിയിട്ടുണ്ട്. ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയൻ ഇന്ത്യയെ പിന്തുണച്ചപ്പോൾ യുഎസും ചൈനയും പാകിസ്ഥാനെ പിന്തുണച്ചിരുന്നു. എന്നാൽ ചരിത്രപരമായി ഇന്ത്യ അമേരിക്കയോട് നിഷ്പക്ഷത പാലിച്ചിട്ടുണ്ടെങ്കിലും, സമീപ വർഷങ്ങളിൽ യുഎസിനോട് കൂടുതൽ അടുത്തതായാണ് കാണാൻ സാധിക്കുന്നത്. നിലവിൽ ഇന്ത്യ യുഎസിൽ നിന്നും ഫ്രാൻസ്, ഇസ്രയേൽ പോലുള്ള സഖ്യകക്ഷികളിൽ നിന്നാണ് ആയുധങ്ങൾ വാങ്ങുന്നത്. സൈനിക ഉപകരണങ്ങൾക്കായി റഷ്യയെ കൂടുതലായി ആശ്രയിക്കുകയും ചെയ്യുന്നു. പാകിസ്ഥാൻ പ്രധാനമായും ചൈനീസ് ആയുധങ്ങൾ ഉപയോഗിക്കുകയും ഇന്ത്യ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും ആയുധങ്ങളെ ആശ്രയിക്കുകയും ചെയ്യുന്നതിനാൽ ഇവർ തമ്മിലുള്ള ഏതൊരു സംഘർഷവും ചൈനയും പാശ്ചാത്യ സൈനിക സാങ്കേതികവിദ്യയും തമ്മിലുള്ള ഒരു പരീക്ഷണമായി കണക്കാക്കപ്പെടുന്നു.
കശ്മീരിൽ 26 ഇന്ത്യൻ വിനോദസഞ്ചാരികളുടെ ജീവനെടുത്ത പഹൽഗാം ആക്രമണത്തിന് മറുപടിയായാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നടപ്പാക്കിയത്. ഇന്ത്യയുടെ ഫ്രഞ്ച് നിർമ്മിത റഫേൽ, റഷ്യൻ നിർമ്മിത സു-30 യുദ്ധവിമാനങ്ങൾ ഉപയോഗിച്ചാണ് ഇന്ത്യ തിരിച്ചടിച്ചതെന്നാണ് റിപ്പോർട്ട്. 125 വിമാനങ്ങൾ ഉൾപ്പെട്ട വ്യോമാക്രമണത്തിൽ മൂന്ന് റഫേൽ വിമാനങ്ങൾ ഉൾപ്പെടെ അഞ്ച് ഇന്ത്യൻ വിമാനങ്ങളെ ചൈനീസ് നിർമ്മിത ജെ-10സി ജെറ്റുകൾ വെടിവെച്ചിട്ടതായി പാകിസ്ഥാൻ അവകാശപ്പെട്ടു. എന്നാൽ ഇന്ത്യ അത് അംഗീകരിച്ചിട്ടില്ല. പാകിസ്ഥാന്റെ അവകാശവാദങ്ങൾ ശരിയാണെങ്കിൽ ചൈനീസ് ജെറ്റുകളും ആയുധങ്ങളും ആധുനിക പാശ്ചാത്യ സംവിധാനങ്ങളുമായി തുല്യമാണെന്നാണ് മനസിലാക്കാൻ സാധിക്കുന്നതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നതായി സിഎൻഎന്നിന്റെ റിപ്പോർട്ടിൽ പറയുന്നു. യുദ്ധത്തിൽ ചൈനീസ് ജെറ്റുകളുടെ വിജയകരമായ ഉപയോഗം ചൈനയുടെ ആഗോള ആയുധ വിൽപ്പനയും സൈനിക സാങ്കേതികവിദ്യയിലെ പ്രശസ്തിയും ഗണ്യമായി വർദ്ധിപ്പിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
റഫേലിന് സമാനമായ നൂതന റഡാറുകളും ആയുധങ്ങളുമുള്ള 4.5 ജനറേഷനിലെ ഒരു ആധുനിക യുദ്ധവിമാനമാണ് ജെ-10സി. 2022 മുതലാണ് പാകിസ്ഥാൻ ചൈനയിൽ നിന്ന് ഈ ജെറ്റുകൾ വാങ്ങാൻ തുടങ്ങിയത്. യുഎസ് നിർമ്മിത എഫ്-16 വിമാനങ്ങളും പാകിസ്ഥാൻ ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Content Summary: india- pak attack, pakistan uses chinese made jets, Chinese defense stocks are surging