യുദ്ധം അവസാനിപ്പിക്കാന്‍ പാകിസ്താന്‍; ഇറാനും യുഎസിനും ഇടയില്‍ മധ്യസ്ഥതയ്ക്ക് ശ്രമിക്കുന്നു

ഇറാന്‍ സൈനിക നേതൃത്വവുമായുള്ള ബന്ധവും ട്രംപുമായുള്ള സൗഹൃദവുമാണ് പാകിസ്താന്‍ ഉപയോഗിക്കുന്നത്‌

Iran-US- pakistan mediation

അമേരിക്കയും ഇസ്രയേലും ഇറാനെതിരെ നടത്തുന്ന യുദ്ധം അവസാനിപ്പിക്കാന്‍ പാകിസ്താന്‍ മധ്യസ്ഥതയ്‌ക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇറാന്റെ സൈനിക നേതൃത്വവുമായുള്ള ബന്ധവും ഡൊണാള്‍ഡ് ട്രംപുമായുള്ള സൗഹൃദവും പ്രയോജനപ്പെടുത്തിയാണ് പാകിസ്താന്‍ ഈ നീക്കം നടത്തുന്നത് എന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ ആഴ്ച തന്നെ ഇസ്ലാമാബാദില്‍ വച്ച് ട്രംപ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കാന്‍ പാകിസ്താന്‍ സന്നദ്ധത അറിയിച്ചതായി ചര്‍ച്ചകളെക്കുറിച്ച് അറിവുള്ള രണ്ട് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയെന്നും അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ഞായറാഴ്ച പാകിസ്താന്‍ സൈനിക മേധാവി ആസിം മുനീര്‍ ട്രംപുമായി സംസാരിച്ചതായാണ് വിവരം. ഇതിന് പിന്നാലെ തിങ്കളാഴ്ച പാകിസ്താന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷെഹ്ബാസ് ഷെരീഫ് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമായി ചര്‍ച്ച നടത്തി. ഇറാന്റെ ഊര്‍ജ്ജ നിലയങ്ങള്‍ തകര്‍ക്കുമെന്ന ഭീഷണി ട്രംപ് പിന്‍വലിച്ചതിന് തൊട്ടുപിന്നാലെയാണ് പാകിസ്താന്‍, ഇറാന്‍ നേതാക്കളുടെ ഈ സംഭാഷണം നടന്നത്. യുദ്ധം അവസാനിപ്പിക്കാന്‍ ഇറാനുമായി ‘വളരെ നല്ലതും ഫലപ്രദവുമായ’ ചര്‍ച്ചകള്‍ നടന്നുവെന്നും അതിനാല്‍ ആക്രമണം തല്‍ക്കാലം മാറ്റിവെക്കുകയാണെന്നുമാണ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചത്.

പാകിസ്താന്റെ മധ്യസ്ഥ നീക്കങ്ങളാണോ എണ്ണവില കുത്തനെ ഇടിയാന്‍ കാരണമായ ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നിലെന്ന് വ്യക്തമല്ല. ട്രംപിന്റെ ചര്‍ച്ചകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ വൈറ്റ് ഹൗസ് തയ്യാറായിട്ടില്ല. ഇതൊരു തന്ത്രപ്രധാനമായ നയതന്ത്ര വിഷയമാണെന്നും മാധ്യമങ്ങളിലൂടെ ഇതില്‍ ചര്‍ച്ചയ്ക്കില്ലെന്നുമാണ് വൈറ്റ് ഹൗസ് അറിയിച്ചത്. മുന്‍പ് മധ്യസ്ഥ ശ്രമങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന തുര്‍ക്കിയും വെടിനിര്‍ത്തലിനായി ഇറാനുമായും ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫുമായും ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. പാകിസ്താന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ഇഷാഖ് ദാര്‍ തന്റെ തുര്‍ക്കിഷ് സഹപ്രവര്‍ത്തകനുമായി തിങ്കളാഴ്ച സംസാരിച്ചു. ഇതിന് പുറമെ ഈജിപ്ത്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളും ചര്‍ച്ചകളില്‍ സജീവമാണ്.

അതേസമയം, യുദ്ധം തുടങ്ങിയ ശേഷം അമേരിക്കയുമായി നേരിട്ട് ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നാണ് ഇറാന്റെ നിലപാട്. എന്നാല്‍ ചില പ്രാദേശിക രാജ്യങ്ങള്‍ മധ്യസ്ഥതയ്ക്ക് ശ്രമിക്കുന്നുണ്ടെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം സമ്മതിച്ചു. യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ക്കായി ചില സൗഹൃദ രാജ്യങ്ങള്‍ വഴി അമേരിക്കയുടെ സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അതിന് തങ്ങളുടെ നിലപാടുകള്‍ക്കനുസരിച്ചുള്ള മറുപടി നല്‍കിയിട്ടുണ്ടെന്നും ഇറാന്‍ വക്താവ് ഇസ്മായില്‍ ബഖാഇ പറഞ്ഞു. ഹോര്‍മുസ് കടലിടുക്കുമായോ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിബന്ധനകളുമായോ ബന്ധപ്പെട്ട നിലപാടുകളില്‍ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യുദ്ധം നാലാം വാരത്തിലേക്ക് കടക്കുമ്പോള്‍ ഈ മധ്യസ്ഥ ശ്രമങ്ങള്‍ വിജയിക്കുമോ എന്ന കാര്യത്തില്‍ നയതന്ത്രജ്ഞര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. നിലവിലെ ശ്രമങ്ങള്‍ ഒരു ഔദ്യോഗിക ചര്‍ച്ച എന്നതിലുപരി പ്രാഥമിക ഘട്ടത്തിലുള്ള ആശയവിനിമയങ്ങള്‍ മാത്രമാണെന്ന് ഈ രംഗത്തുള്ളവര്‍ കരുതുന്നു. പല രാജ്യങ്ങളും സംഘര്‍ഷം കുറയ്ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും യുദ്ധം അവസാനിക്കുമെന്നതിന്റെ സൂചനയായി ഇതിനെ കാണാനാവില്ലെന്നാണ് ഏറ്റവും പുതിയ സംഭവവികാസങ്ങളെ വിദഗ്ധര്‍ വിലയിരുത്തുന്നത്. ഗള്‍ഫ് രാജ്യങ്ങളുടെ സമ്മര്‍ദ്ദം മൂലമാകാം ട്രംപ് തന്റെ ഭീഷണിയില്‍ നിന്ന് പിന്നോട്ട് പോയതെന്നും അവര്‍ വിലയിരുത്തുന്നു. തങ്ങളുടെ ഊര്‍ജ്ജ നിലയങ്ങള്‍ ആക്രമിച്ചാല്‍ മേഖലയിലെ ജല ശുദ്ധീകരണ ശാലകളും ഊര്‍ജ്ജ കേന്ദ്രങ്ങളും തകര്‍ക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

തങ്ങള്‍ നിര്‍ദ്ദേശിക്കുന്നതുപോലെ കപ്പല്‍ ഗതാഗതം അനുവദിച്ചില്ലെങ്കില്‍ ഇറാന്റെ വലിയ ഊര്‍ജ്ജ നിലയങ്ങള്‍ തകര്‍ക്കുമെന്ന് ശനിയാഴ്ച രാത്രി ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ലോകത്തെ എണ്ണ, വാതക വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന പാതയാണിത്. എന്നാല്‍ തിങ്കളാഴ്ച ട്രംപ് പറഞ്ഞത് അഞ്ച് ദിവസത്തേക്ക് ഇറാനെതിരായ ആക്രമണം നിര്‍ത്തിവയ്ക്കുന്നുവെന്നാണ്. ഒരു വിട്ടുവീഴ്ചയ്ക്ക് ഇരുഭാഗവും തയ്യാറാകുമെന്ന് കരുതുന്നില്ലെന്നും ട്രംപിന് താന്‍ തന്നെ ഉണ്ടാക്കിയ ഈ പ്രതിസന്ധിയില്‍ നിന്ന് എളുപ്പത്തില്‍ പിന്മാറാന്‍ കഴിയില്ലെന്നു ആഗോള വിദഗ്ധര്‍ പറയുന്നു.

സാധാരണയായി അമേരിക്കയും ഇറാനും തമ്മിലുള്ള മധ്യസ്ഥത ഒമാനും ഖത്തറുമാണ് വഹിക്കാറുള്ളത്. എന്നാല്‍ ജനീവയില്‍ നടന്ന ചര്‍ച്ചകള്‍ക്ക് പിന്നാലെ അമേരിക്കയും ഇസ്രയേലും യുദ്ധം ആരംഭിച്ചതോടെ പഴയ നയതന്ത്ര ബന്ധങ്ങള്‍ മരവിച്ചിരിക്കുകയാണ്. പാകിസ്താനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇറാനും ട്രംപിന്റെ മരുമകന്‍ ജാറെഡ് കുഷ്‌നര്‍, പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് എന്നിവര്‍ക്കും ഇടയില്‍ സന്ദേശങ്ങള്‍ കൈമാറുന്നതായാണ് വിവരം. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ പാകിസ്താന്‍ ക്രിയാത്മകമായ പങ്ക് വഹിക്കുമെന്ന് ഷെഹ്ബാസ് ഷെരീഫ് ഇറാന്‍ പ്രസിഡന്റിന് ഉറപ്പ് നല്‍കിയിട്ടുണ്ട്.

തങ്ങള്‍ അമേരിക്കയ്ക്കും ഇറാനും ഇടയില്‍ മധ്യസ്ഥത വഹിക്കുന്നുണ്ടെന്ന് ഇഷാഖ് ദാര്‍ റിയാദില്‍ നടന്ന യോഗത്തില്‍ സൂചിപ്പിച്ചിരുന്നു. അമേരിക്കന്‍ സൈനിക താവളങ്ങള്‍ ഇല്ലാത്തതും ഇറാന്റെ മിസൈല്‍ – ഡ്രോണ്‍ ആക്രമണങ്ങളില്‍ നിന്ന് ഒഴിഞ്ഞുനിന്നതുമായ ചുരുക്കം ചില അമേരിക്കന്‍ സഖ്യകക്ഷികളില്‍ ഒന്നാണ് പാകിസ്താന്‍. ഇത് അവര്‍ക്ക് ഇരുപക്ഷത്തും വിശ്വാസ്യത നേടിക്കൊടുത്തു. ഇറാന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഷിയാ മുസ്ലിം ജനസംഖ്യയുള്ള രാജ്യമാണ് പാകിസ്താന്‍. അതോടൊപ്പം ഗള്‍ഫ് രാജ്യങ്ങളുമായി, പ്രത്യേകിച്ച് സൗദി അറേബ്യയുമായി അടുത്ത പ്രതിരോധ ബന്ധവും ഇവര്‍ക്കുണ്ട്. കൂടാതെ, യുദ്ധം തുടരുന്നത് പാകിസ്താന്റെ ഇന്ധന ലഭ്യതയെ ബാധിക്കുമെന്നതിനാല്‍ സമാധാനം അവര്‍ക്കും അനിവാര്യമാണ്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമേനി പാകിസ്താന്‍ ജനതയോടുള്ള തന്റെ പ്രത്യേക താല്പര്യം അടുത്തിടെ വ്യക്തമാക്കിയതും ഈ സാഹചര്യത്തില്‍ ശ്രദ്ധേയമാണ്.

Content Summary: Pakistan to mediate between Iran and the Trump administration to end the Middle East war

This post was last modified on March 24, 2026 9:42 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment