ഓപ്പറേഷന്‍ സിന്ദൂര്‍; തകര്‍ന്നടിഞ്ഞ് പാക് ഓഹരി വിപണി

വിപണിയിൽ ആറു ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്

Pakisthan stock market crash

പഹൽ​ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിനുശേഷം പാകിസ്ഥാൻ ഓഹരി വിപണിയിൽ ആറു ശതമാനം ഇടിവ്. പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യ ഇന്നലെ ആക്രമിച്ചത്. ഓപ്പറേഷൻ സിന്ദൂരിന്റെ പശ്ചാത്തലത്തിലാണ് മെയ് 7 ബുധനാഴ്ച പാകിസ്ഥാൻ ഓഹരി വിപണിക്ക് കാര്യമായ തിരിച്ചടി നേരിട്ടത്.

പാകിസ്ഥാന്റെ പ്രധാന ഓഹരി വിപണി സൂചികയായ കറാച്ചി-100 ആണ് ബുധനാഴ്ചത്തെ ആദ്യ വ്യാപാരത്തിൽ 6,272 പോയിന്റ് അഥവാ ഏകദേശം 6 ശതമാനം ഇടിഞ്ഞത്. പഹൽഗാമിലെ ഭീകരാക്രമണത്തെത്തുടർന്ന്, കെഎസ്ഇ-100 സൂചിക 3.7 ശതമാനം ഇടിഞ്ഞിരുന്നു. ഈ ആഘാതത്തിൽ നിന്ന് കരകയറും മുമ്പാണ് അപ്രതീക്ഷിത തിരിച്ചടിയുണ്ടാവുന്നത്. 2025 ഏപ്രിൽ 22ന് ജമ്മു & കശ്മീരിൽ നടന്ന ഭീകരാക്രമണത്തിനുശേഷം പാകിസ്ഥാൻ ഓഹരി വിപണിയായ കെഎസ്ഇ-100 സൂചിക ഏകദേശം 4 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ പാകിസ്ഥാന്റെ ഓഹരി വിപണിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മിക്ക പാകിസ്ഥാനി കമ്പനികളുടെ ഓഹരിയിലും ആശങ്കയോടെയുള്ള വിറ്റൊഴിയൽ സമ്മർദ്ദമുള്ളതായാണ് സൂചന

കറാച്ചി സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ കെഎസ്ഇ-100 സൂചികയിൽ ഏപ്രിൽ 23 മുതൽ മെയ് 5 വരെ 3.7 ഇടിവാണ് രേഖപ്പെടുത്തിയത്. അതേ സമയം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾക്കിടയിലും ഇന്ത്യൻ ഓഹരി വിപണി ഉലയാതെ പിടിച്ചു നിൽക്കുകയാണ്. 2001ലെ പാർലമെന്റ് ആക്രമണം ഒഴിച്ചാൽ പാക്കിസ്ഥാനുമായുള്ള തർക്കത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഓഹരി സൂചികയ്ക്ക് കാര്യമായ തിരിച്ചടി നേരിട്ടട്ടില്ലെന്നാണ് റിപ്പോർട്ട്. വിദേശ പോർട്ഫോളിയോ നിക്ഷേപകർ (എഫ്പിഐ) നിലവിൽ വൻതോതിൽ ഇന്ത്യൻ ഓഹരികൾ വാങ്ങിക്കൂട്ടുന്നതും ഇന്ത്യയ്ക്ക് സഹായമാവുന്നുണ്ട്. കഴിഞ്ഞ 12 സെക്ഷനുകളിൽ മാത്രമായി ഇവർ 40,147 കോടി രൂപയാണ് ഇന്ത്യൻ ഓഹരികളിൽ നിക്ഷേപിച്ചത്. രണ്ടുവർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ നിക്ഷേപമാണിതെന്നാണ് വിലയിരുത്തലുകൾ

സെൻസെക്സ് തുടക്കത്തിൽ 692 പോയിന്റ് ഇടിഞ്ഞ് 80,641.07ൽ നിന്ന് 79,948.80 പോയിന്റ് പെട്ടെന്ന് തന്നെ 200 പോയിന്റിലധികം ഉയർന്ന് 80,845 എന്ന നിലയിലെത്തി. ഇന്ത്യൻ വിപണയിൽ ഏറ്റക്കുറച്ചിലുകളുണ്ടാവുന്നതായാണ് റിപ്പോർട്ട്. രാവിലെ 10 മണിയോടെ സെൻസെക്സ് വെറും 32 പോയിന്റ് അഥവാ 0.04 ശതമാനം ഇടിഞ്ഞ് 80,609 എന്ന നിലയിലെത്തി. അതേസമയം, നിഫ്റ്റി-50 19 പോയിന്റ് അഥവാ 0.08 ശതമാനം ഇടിഞ്ഞ് 24,361 എന്ന നിലയിലെത്തി.

ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനുമായുള്ള വാണിജ്യബന്ധം നിർത്തലാക്കുന്നതുൾപ്പെടെയുള്ള കടുത്ത നടപടികൾ ഇന്ത്യ സ്വീകരിച്ചിരുന്നു. ഇന്ത്യയുമായുള്ള സംഘർഷം പാകിസ്ഥാന്റെ സമ്പദ് വ്യവസ്ഥയെ കൂടുതൽ പ്രതിസന്ധിയിലാക്കിയേക്കാമെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു. പാകിസ്ഥാന് നൽകുന്ന രക്ഷാപാക്കേജ് പരിശോധിക്കണമെന്ന് ഐഎംഎഫിനോടും എഡിബിയോടും മറ്റും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതിന് പുറമേ പുറമെ, പാക്കിസ്ഥാനെ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്റെ (എഫ്എടിഎഫ്) ഗ്രേ ലിസ്റ്റിൽ‌ ഉൾപ്പെടുത്തണമെന്ന ആവശ്യവും ഇന്ത്യ ഉയർത്തിയിട്ടുണ്ട്. ​ഗ്രേ ലിസ്റ്റിൽ ഉൾപ്പെട്ടാൽ ‌ അതു പാക്കിസ്ഥാനിലേക്കുള്ള നിക്ഷേപം, വാണിജ്യം തുടങ്ങിയവയെ സാരമായി ബാധിക്കും. ഈ സാഹചര്യത്തിലാണ് പാക്കിസ്ഥാൻ ഓഹരിവിപണിയുടെ വീഴ്ച.

content summary: Pakistan’s stock market crashes 6 percentage as the Karachi Stock Exchange plunges following India’s Operation Sindoor

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment