‘ദ ഖാസി അറ്റാക്ക്’ എന്ന ബോളിവുഡ് ചിത്രം 1971ലെ യുദ്ധത്തില്‍ പങ്കെടുത്ത പാകിസ്ഥാന്‍ മുങ്ങിക്കപ്പല്‍ പിഎന്‍എസ് ഖാസിയുമായി ബന്ധപ്പെട്ടതാണ്. രണ്ടാംലോക മഹായുദ്ധകാലത്ത് അമേരിക്കന്‍ നാവികസേനയുടെ ഭാഗമായിരുന്ന ഖാസി ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ നിയോഗിച്ച നാല് മുങ്ങിക്കപ്പലുകളില്‍ ഒന്നായിരുന്നു. യുദ്ധങ്ങളില്‍ നാവികസേനയുടെ പങ്ക് എടുത്ത് കാട്ടുന്ന ചിത്രങ്ങള്‍ ഇന്ത്യന്‍ സിനിമയില്‍ വളരെ കുറവാണ്. 1961ല്‍ ഗോവയെ പോര്‍ച്ചുഗീസ് അധീനതയില്‍ നിന്ന് മോചിപ്പിക്കുന്നതിനായുള്ള സൈനിക നടപടിയില്‍ കരസേന മാത്രമല്ല ഇന്ത്യന്‍ നാവികസേനയും പങ്ക് വഹിച്ചിരുന്നു. 1971ലെ യുദ്ധകാലത്ത് പാകിസ്ഥാനിലെ പ്രധാന തുറമുഖ നഗരവും നാവികസേനാ കേന്ദ്രവുമായ കറാച്ചിയില്‍ ഇന്ത്യന്‍ നേവി ശക്തമായ ആക്രമണം നടത്തിയിരുന്നു.
1987ല്‍ മാല്‍ദീവ്‌സില്‍ പ്രസിഡന്റ് അബ്ദുള്‍ ഗയൂമിന്റെ ഗവണ്‍മെന്റിനെ അട്ടിമറിച്ച മെര്‍സനറീസിനെതിരെ ഇന്ത്യന്‍ നാവികസേന ഓപ്പറേഷന്‍ കാക്റ്റസ് എന്ന പേരില്‍ സൈനിക നടപടിയുമായി രംഗത്തെത്തി. 1987 മുതല്‍ 90 വരെ വലിയ ദുരന്തമായി തീര്‍ന്ന ശ്രീലങ്കയിലെ ഐപികെഫിന്റെ ദൗത്യത്തിന് സഹായവുമായി ഇന്ത്യന്‍ നേവിയുണ്ടായിരുന്നു. ഓപ്പറേഷന്‍ പവന്‍ എന്നാണ് 1988ലെ നാവികസേനാ നടപടി അറിയപ്പെടുന്നത്. മറൈന്‍ കമാന്‍ഡോസ് എന്നറിയപ്പെടുന്ന പ്രത്യേക സേനയേയും ഇന്ത്യ നിയോഗിച്ചിരുന്നു.
ഇന്ത്യന്‍ നാവികസേനയുടെ യുദ്ധരംഗത്തെ പങ്കും അത് 1971ലെ യുദ്ധത്തില്‍ പിഎന്‍എസ് ഖാസി എന്ന കപ്പല്‍ മുക്കിയതായും പറയുന്ന ചിത്രമാണ് ദ ഖാസി അറ്റാക്ക്. ഹിന്ദിയിലും തെലുങ്കിലുമായി ദ്വിഭാഷ ചിത്രമായി വരുന്ന ഖാസി അറ്റാക്കിന്റെ സംവിധായകന്‍ സങ്കല്‍പ് ആണ്. കെകെ മേനോല്‍, റാണ ദഗുബട്ടി, ഓം പുരി. അതുല്‍ കുല്‍കര്‍ണി, തപ്‌സി പന്നു തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ചിത്രം ഫെബ്രുവരി 17ന് തീയറ്ററുകളിലെത്തും.
പാകിസ്ഥാനി യുദ്ധവിമാനങ്ങള്‍ ഇന്ത്യയില്‍ വ്യോമാക്രമണം ശക്തമാക്കിയതിന് പിന്നാലെയാണ് ഇന്ത്യന്‍ നാവികസേന ശക്തമായി രംഗത്തെത്തിയത്. അതേസമയം കിഴക്കന്‍ തീരത്തെ പ്രധാന തുറമുഖങ്ങളിലൊന്നും ഇന്ത്യന്‍ നേവിയുടെ ഈസ്റ്റേണ്‍ കമാന്‍ഡിന്റെ ആസ്ഥാനവുമായ വിശാഖപട്ടണം ലക്ഷ്യം വച്ച് പാകിസ്ഥാന്‍ നേവി ആക്രമണം നടത്തിയിരുന്നു. ആ സമയത്ത് ഇന്ത്യന്‍ നാവികസേനയുടെ ഒരേയൊരു വിമാനവാഹിനി കപ്പലായിരുന്ന ഐഎന്‍എസ് വിക്രാന്ത് അവിടെയാണ് ഉണ്ടായിരുന്നത്. 1971 നവംബര്‍ 14ന് വിശാഖപട്ടണത്ത് ആക്രമണം നടത്തുന്നതിനായി പിഎന്‍എസ് ഖാസി എത്തിയിരുന്നു. ഐഎന്‍എസ് വിക്രാന്ത് തന്നെയായിരുന്നു പ്രധാന ലക്ഷ്യം. എന്നാല്‍ കപ്പല്‍ അപ്പോഴേക്കും ആന്‍ഡമാന്‍ തീരത്തേയ്ക്ക് മാറ്റിയിരുന്ന കാര്യം പാകിസ്ഥാന് മനസിലായിരുന്നില്ല.
1971 ഡിസംബര്‍ മൂന്നിന് ഐഎന്‍എസ് അക്ഷയ് നടത്തിയ പ്രട്രോളിംഗിനിടെയാണ് പിഎന്‍എസ് ഖാസിയെ സ്‌ഫോടനത്തില്‍ തകര്‍ന്ന രൂപത്തില്‍ കണ്ടെത്തിയത്. മുങ്ങിക്കപ്പലിലുണ്ടായിരുന്നവരെല്ലാം കൊല്ലപ്പെട്ടിരുന്നു. ഇന്ത്യന്‍ നേവിയാണ് ഖാസിയെ മുക്കിയതെന്നും അതല്ല, അകത്തെ സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ അപകടമാണെന്നും വാദങ്ങളുണ്ട്. ഏതായാലും പിഎന്‍എസ് ഖാസിയുടെ തകര്‍ച്ച യുദ്ധത്തില്‍ ഇന്ത്യക്ക് നേട്ടമായി. ഖാസി അറ്റാക് എന്ന ചിത്രം പറയുന്നത് പിഎന്‍എസ് ഖാസിയെ വേട്ടയാടി പിടിക്കാന്‍ ഇന്ത്യന്‍ നേവിയ്ക്ക് കഴിഞ്ഞു എന്നാണ്. 18 ദിവസത്തെ ദൗത്യമാണ് ഇതിന് പിന്നിലുണ്ടായിരുന്നത്.
ടോം ക്ലാന്‍സിയുടെ ഹോളിവുഡ് ചിത്രം ഹണ്ട് ഫോര്‍ റെഡ് ഒക്ടോബറാണ് ഖാസി അറ്റാക്കിന്റെ പ്രചോദനമെന്ന് വ്യക്തം. ശീതയുദ്ധ കാലത്ത് അമേരിക്കയുടേയും സോവിയറ്റ് യൂണിയന്റേയും നാവികസേനകള്‍ തമ്മിലുള്ള സംഘര്‍ഷവും പ്രത്യേകിച്ച് മുങ്ങിക്കപ്പലുകള്‍ ഉപയോഗിച്ചുള്ള ആക്രമണവുമാണ് ചിത്രം പറയുന്നത്. ഇന്ത്യന്‍ നാവികസേനയുടെ നീക്കങ്ങള്‍ അതിനാടകീയതയോടെയും അതിഭാവുകത്വത്തോടെയും അവതരിപ്പിക്കപ്പെടുന്നത് ഇതാദ്യമല്ല. അക്ഷയ് കുമാര്‍ നായകനായ റൂസ്തം, സണ്ണി ഡിയോള്‍ ഒരു നാവികസേനാ കമാന്‍ഡോയായി വന്ന യാഷ് ചോപ്ര ചിത്രം ഡര്‍ (1993), അശോക് കൗളിന്റെ ഫൊര്‍ഗെറ്റബില്‍ പരം വീര്‍ ചക്ര (1995) തുടങ്ങിയവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ്.

പിഎന്‍എസ് ഖാസി (1964ല്‍ കറാച്ചി തുറമുഖത്ത്)