കിഴക്കന്‍ ജറുസലേമിലെ പഴയ നഗരമതിലുകള്‍ക്ക് താഴെയുള്ള അല്‍-ബുസ്താന്‍ പരിസരങ്ങളില്‍ സമീപകാലത്തായി മുഴങ്ങുന്നത് ബുള്‍ഡോസറുകളുടെയും ജാക്ഹാമറുകളുടെയും കാതുതുളയ്ക്കുന്ന ശബ്ദങ്ങളാണ്. അധിനിവേശത്തിന് കീഴിലായ കിഴക്കന്‍ ജറുസലേമില്‍ നിന്ന് പലസ്തീന്‍ സ്വത്വത്തെ പൂര്‍ണ്ണമായും തുടച്ചുനീക്കിക്കൊണ്ട്, അവിടെ ജൂത ആധിപത്യം ഉറപ്പിക്കാനുള്ള ഇസ്രയേലിന്റെ പതിറ്റാണ്ടുകളായുള്ള ശ്രമങ്ങളുടെ ഭാഗമാണിതെങ്കിലും, ഇത്തവണ അല്‍-ബുസ്താനില്‍ കാര്യങ്ങള്‍ കൂടുതല്‍ ക്രൂരമായിരിക്കുന്നു. ഭരണകൂടത്തിന്റെ കൂലിത്തൊഴിലാളികള്‍ക്ക് പകരം പലസ്തീനികളെ അവരുടെ കൈകള്‍ കൊണ്ട് തന്നെ സ്വന്തം കുടുംബവീടുകള്‍ ഇടിച്ചുനിരത്തിക്കുകയാണ്.
അല്‍-അഖ്‌സ പള്ളിയുടെ നിഴലില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത്, അപ്പൂപ്പന്‍മാരുടെ കാലം മുതലുള്ള കുടുംബവീട് ഒരു വാടക ട്രാക്ടര്‍ ഉപയോഗിച്ച് തകര്‍ക്കുന്നത് നോക്കിനില്‍ക്കേണ്ടി വന്നൊരു ഹതഭാഗ്യനാണ് ജലാല്‍ അല്‍-തവില്‍. വീടിന്റെ മതിലുകള്‍ തകര്‍ത്ത് അവശിഷ്ടങ്ങള്‍ക്കിടയിലൂടെ തന്റെ 35 വര്‍ഷം പഴക്കമുള്ള മുന്തിരിവള്ളി കൂടി വേരോടെ പിഴുതെറിയേണ്ടി വന്ന അദ്ദേഹത്തിന് മുന്നില്‍ ഇസ്രയേല്‍ ഭരണകൂടം വെച്ചത് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദത്തിന്റെ തന്ത്രമായിരുന്നു. ജറുസലേം മുനിസിപ്പാലിറ്റി വന്ന് വീട് പൊളിച്ചാല്‍ അതിന് പിഴയായി 280,000 ഷെക്കല്‍ (ഏകദേശം 62 ലക്ഷത്തിലധികം രൂപ) ജലാല്‍ നല്‍കേണ്ടി വരുമായിരുന്നു. എന്നാല്‍ സ്വന്തമായി ആളുകളെ വെച്ച് പൊളിച്ചപ്പോള്‍ അതിന്റ പത്തിലൊന്ന് തുക മാത്രമാണ് ചിലവായത്. ‘ഭരണകൂടം വന്ന് പൊളിച്ചാല്‍ അവര്‍ ഭൂമി മുഴുവന്‍ നശിപ്പിക്കും, ഇത് ആത്മഹത്യയും കൊലപാതകവും തമ്മില്‍ തിരഞ്ഞെടുക്കുന്നത് പോലെയാണ്,’ ജലാല്‍ പറയുന്നു.
സില്വാന്‍ ജില്ലയുടെ ഭാഗമായ അല്‍-ബുസ്താനില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മാത്രം 57-ലധികം പലസ്തീന്‍ വീടുകളാണ് ഇത്തരത്തില്‍ തകര്‍ക്കപ്പെട്ടത്. വരും ആഴ്ചകളില്‍ എട്ടിലധികം വീടുകള്‍ കൂടി തകര്‍ക്കപ്പെടും. ഈ സ്ഥലത്ത് മൂന്ന് സഹസ്രാബ്ദങ്ങള്‍ക്ക് മുന്‍പ് സോളമന്‍ രാജാവ് വിശ്രമിച്ചിരുന്നു എന്ന് പറയപ്പെടുന്ന ഇടം കേന്ദ്രീകരിച്ച് ‘കിങ്‌സ് ഗാര്‍ഡന്‍’ എന്ന പേരില്‍ ഒരു ബൈബിള്‍ തീം പാര്‍ക്ക് നിര്‍മ്മിക്കാനാണ് ഇസ്രയേലിന്റെ പദ്ധതി. ജറുസലേമിന്റെ ജൂത ചരിത്രം മാത്രം ഉയര്‍ത്തിക്കാട്ടാന്‍ ലക്ഷ്യമിട്ടുള്ള ‘സിറ്റി ഓഫ് ഡേവിഡ്’ എന്ന പുരാവസ്തു പദ്ധതിയുടെ ഭാഗമാണിത്. എന്നാല്‍ ഇവിടുത്തെ അവശിഷ്ടങ്ങള്‍ ഡേവിഡ് രാജാവിന്റെ കാലഘട്ടത്തിന് മുന്‍പും പിന്‍പുമുള്ള മറ്റു കാലങ്ങളുടേതാണെന്നാണ് ഇസ്രയേലി പുരാവസ്തു ഗവേഷകരുടെ തന്നെ അഭിപ്രായം.
ജറുസലേമിലെ തുല്യാവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ‘ഇര്‍ അമീം’ എന്ന സംഘടനയിലെ സീനിയര്‍ ഗവേഷകനായ അവീവ് തതാര്‍സ്‌കി വ്യക്തമാക്കുന്നത്, അല്‍-ബുസ്താന്‍ എന്നത് പലസ്തീനികളെ ഭൂമിശാസ്ത്രപരമായും ചരിത്രപരമായും തുടച്ചുനീക്കുന്നതിന്റെ ഉദാഹരണമാണെന്നാണ്. ജറുസലേമിന്റെ ബഹുസംസ്‌കാര യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളാന്‍ ഇസ്രയേല്‍ തയ്യാറല്ലെന്നും ജൂതന്റേതല്ലാത്തതിനെയെല്ലാം തകര്‍ത്ത് പകരം ഇത്തരം പാര്‍ക്കുകള്‍ നിര്‍മ്മിച്ച് ചരിത്രത്തെ വക്രീകരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭാവിയില്‍ ഇവിടെയെത്തുന്ന ഇസ്രയേലികള്‍ക്ക് ഒരു ജനതയുടെ സ്വപ്നങ്ങളും ജീവിതങ്ങളും തകര്‍ത്താണ് ഈ പാര്‍ക്ക് നിര്‍മ്മിച്ചതെന്ന സത്യം അറിയാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തകര്‍ന്ന അന്താരാഷ്ട്ര പ്രതിരോധങ്ങള്‍
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഈ തീം പാര്‍ക്കിന്റെ ഭീഷണി അല്‍-ബുസ്താനിലുണ്ടായിരുന്നെങ്കിലും പലസ്തീനികളുടെ പ്രതിരോധവും അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങളും കാരണമാണ് ബുള്‍ഡോസറുകള്‍ ഇത്രയും കാലം മാറിനിന്നത്. എന്നാല്‍ 2023 ഒക്ടോബര്‍ 7-ലെ ഹമാസ് ആക്രമണവും തുടര്‍ന്നുണ്ടായ ഗാസ യുദ്ധവും അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് വീണ്ടും അധികാരത്തില്‍ വന്നതും ഈ പ്രതിരോധങ്ങളെല്ലാം തകര്‍ത്തു കളഞ്ഞു. വാഷിംഗ്ടണിന്റെ പൂര്‍ണ്ണ പിന്തുണയുള്ളതിനാല്‍ മറ്റ് വിദേശ രാജ്യങ്ങളുടെ ഇടപെടലുകള്‍ ഇപ്പോള്‍ ഫലപ്രദമാകുന്നില്ല.
തങ്ങള്‍ സ്വന്തം വീടിന്റെ പകുതി ഭാഗം പൊളിച്ചുമാറ്റിയിട്ടും ബാക്കി ഭാഗം കൂടി തകര്‍ക്കാന്‍ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ വീണ്ടും മുന്നറിയിപ്പ് നല്‍കിയതായി 60 കാരനായ മുഹമ്മദ് ഖൈ്വദര്‍ പറയുന്നു. കടുത്ത നടുവേദനയുള്ള അദ്ദേഹത്തിന് പ്രത്യേക പരിഗണന ആവശ്യമുള്ള ഒരു മകനും കിടപ്പിലായ വൃദ്ധമാതാവുമുണ്ട്. വീട് തകര്‍ത്താലും തങ്ങള്‍ ഇവിടെ ടെന്റ് അടിച്ച് താമസിക്കുമെന്നും മണ്ണുപേക്ഷിച്ച് എങ്ങോട്ടും പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അദ്ദേഹത്തിന്റെ 97 വയസ്സുള്ള അമ്മ യുസ്രയുടെ ജീവിതം ആധുനിക പലസ്തീന്‍ ചരിത്രത്തിന്റെ നേര്‍ക്കാഴ്ചയാണ്. 1948-ല്‍ ഇസ്രയേല്‍ സ്ഥാപിതമായ കാലത്തുണ്ടായ കൂട്ടക്കൊലപാതകങ്ങളുടെയും പലായനത്തിന്റെയും (നക്ബ) സമയത്ത് യാഫയില്‍ നിന്നും ഓടിപ്പോരേണ്ടി വന്നവരാണ് ഇവരുടെ കുടുംബം. പിന്നീട് യാലോ എന്ന ഗ്രാമത്തില്‍ അഭയം പ്രാപിച്ചെങ്കിലും 1967-ലെ ആറുദിന യുദ്ധത്തില്‍ ഇസ്രയേല്‍ ആ ഗ്രാമവും ഇവരുടെ വീടും തകര്‍ത്തു. തുടര്‍ന്ന് 1970-ല്‍ ജറുസലേമിലെ ജൂത ക്വാര്‍ട്ടേഴ്‌സില്‍ എത്തിയെങ്കിലും മൂന്ന് വര്‍ഷത്തിന് ശേഷം അവിടെ നിന്നും കുടിയൊഴിപ്പിക്കപ്പെട്ടു. അങ്ങനെയാണ് അവര്‍ സില്വാനില്‍ എത്തിയത്. താന്‍ ഇനിയൊരു പലായനത്തിന് തയ്യാറല്ലെന്നാണ് ആ വൃദ്ധ വ്യക്തമാക്കുന്നത്.
അല്‍-ബുസ്താനിലെ കമ്മ്യൂണിറ്റി ലീഡറായ ഫക്രി അബു ദിയാബിന്റെ നാല് തലമുറകള്‍ ജീവിച്ച വീട് 2024-ല്‍ തകര്‍ക്കപ്പെട്ടിരുന്നു. ഇപ്പോള്‍ അവശേഷിക്കുന്ന അടുക്കളയുടെ ഒരു ഭാഗത്തിനടുത്ത് ഒരു പോര്‍ട്ടബിള്‍ കാബിനിലാണ് അദ്ദേഹവും ഭാര്യ ആമിനയും താമസിക്കുന്നത്. ‘അവര്‍ ഞങ്ങളുടെ ഭൂതകാലവും ഓര്‍മ്മകളും സ്വപ്നങ്ങളും ഭാവിയുമാണ് തകര്‍ത്തത്,’ കത്തുന്ന ഹൃദയത്തോടെ അബു ദിയാബ് പറയുന്നു. തന്റെ വീട് പൊളിച്ചതിന് ഇസ്രയേല്‍ ഭരണകൂടം ചുമത്തിയ 43,000 ഷെക്കല്‍ പിഴ ഇപ്പോഴും പ്രതിമാസം 4,000 ഷെക്കല്‍ നിരക്കില്‍ അദ്ദേഹം അടച്ചുകൊണ്ടിരിക്കുകയാണ്. ഇതിനുപുറമെ വീട് പൊളിക്കുന്ന സമയത്ത് അവിടെ കാവല്‍ നിന്ന പോലീസ് ഉദ്യോഗസ്ഥര്‍ കഴിച്ച ഭക്ഷണത്തിന്റെ തുകയായ 9,000 ഷെക്കലും അദ്ദേഹത്തില്‍ നിന്നാണ് ഈടാക്കിയത്.
നിയമവിരുദ്ധ നിര്‍മ്മാണമെന്ന് ഇസ്രയേല്‍
അതേസമയം, അല്‍-ബുസ്താനിലെ വീടുകള്‍ നിയമവിരുദ്ധമായി നിര്‍മ്മിച്ചതാണെന്നാണ് ജറുസലേം മുനിസിപ്പാലിറ്റിയുടെ വാദം. ഈ പ്രദേശം ഒരിക്കലും പാര്‍പ്പിട ആവശ്യങ്ങള്‍ക്കായി നീക്കിവെച്ചിട്ടുള്ളതല്ലെന്നും പൊതുസ്ഥലങ്ങളുടെ ദൗര്‍ലഭ്യം നേരിടുന്ന ഇവിടെ നഗരവാസികള്‍ക്കായി പാര്‍ക്ക് നിര്‍മ്മിക്കുകയാണെന്നുമാണ് ഇസ്രയേല്‍ മാധ്യമങ്ങളോട് മുനിസിപ്പാലിറ്റി വ്യക്തമാക്കിയത്. താമസക്കാര്‍ക്ക് ബദല്‍ സംവിധാനങ്ങള്‍ ഒരുക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ താല്പര്യം കാണിച്ചില്ലെന്നും മുനിസിപ്പാലിറ്റി ആരോപിക്കുന്നു.
എന്നാല്‍ ഈ ആരോപണങ്ങള്‍ അബു ദിയാബ് പൂര്‍ണ്ണമായി തള്ളിക്കളയുന്നു. പച്ചപ്പ് നിലനിര്‍ത്തിക്കൊണ്ടുള്ള ഒരു മാസ്റ്റര്‍ പ്ലാന്‍ തങ്ങള്‍ മുന്‍പേ തന്നെ സമര്‍പ്പിച്ചിരുന്നതാണെന്നും എന്നാല്‍ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ഭരണകൂടം അത് തള്ളിക്കളയുകയായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവിടുത്തെ പല വീടുകളും ഇസ്രയേല്‍ അധിനിവേശത്തിന് മുന്‍പേ ഉള്ളതാണെന്നും കിഴക്കന്‍ ജറുസലേമില്‍ പലസ്തീനികള്‍ക്ക് കെട്ടിട നിര്‍മ്മാണ അനുമതി മനഃപൂര്‍വ്വം നിഷേധിക്കുന്ന മുനിസിപ്പാലിറ്റി, ജൂതന്മാര്‍ക്ക് യഥേഷ്ടം അനുമതി നല്‍കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറുസലേമിലും ജൂത കുടിയേറ്റക്കാര്‍ അനധികൃതമായി നിര്‍മ്മിക്കുന്ന ഔട്ട്പോസ്റ്റുകള്‍ക്കെതിരെ ഇത്തരം നിയമങ്ങളൊന്നും ബാധകമാകാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു അധ്യാപികയും സോഷ്യല്‍ വര്‍ക്കറുമായ അദ്ദേഹത്തിന്റെ ഭാര്യ ആമിന ആശങ്കപ്പെടുന്നത് കുട്ടികളുടെ ഭാവിയെക്കുറിച്ചാണ്. ‘ഒരു വീട് എന്നത് കുട്ടികളുടെ ഭാവി സ്വപ്നമാണ്. അത് തകര്‍ക്കപ്പെടുമ്പോള്‍ അവരുടെ സുരക്ഷിതത്വബോധമാണ് ഇല്ലാതാകുന്നത്. തങ്ങളെ സംരക്ഷിക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയുന്നില്ലെന്ന ചിന്ത കുട്ടികളില്‍ നിരാശയുണ്ടാക്കും,’ അവര്‍ പറഞ്ഞുനിര്‍ത്തി.
കടപ്പാട്; ദി ഗാര്‍ഡിയന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്റെ സ്വതന്ത്ര പരിഭാഷയാണിത്
Content Summary: Palestinians in East Jerusalem’s al-Bustan district are forced to demolish their own homes to make way for an Israeli biblical theme park
This post was last modified on May 17, 2026 10:56 am
Leave a Comment