‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ’യുമായി എംഒയു ഒപ്പിട്ട പരാഗ്വേയന്‍ ഉദ്യോഗസ്ഥന്‍ രാജിവച്ചു
ഇന്ത്യന്‍ വ്യാജ ദൈവം നിത്യാനന്ദയുടെ കൈലാസ രാജ്യവുമായി ധാരണപത്രം ഒപ്പു വച്ച പരാഗ്വേ ഉദ്യോഗസ്ഥന്റെ ജോലി തെറിച്ചു. പരാഗ്വേ കാര്‍ഷിക മന്ത്രാലയത്തിലെ ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്ന അര്‍ണാള്‍ഡോ ചമോറോയാണ് സാങ്കല്‍പ്പിക രാജ്യവുമായി കരാര്‍ ഒപ്പുവച്ചത്! ഒരു സ്വയം പ്രഖ്യാപിത ഇന്ത്യന്‍ ഗുരുവിന്റെ സാങ്കല്‍പ്പിക രാജ്യമായ ‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ’ത്തിന്റെ പ്രതിനിധികളുമായി താന്‍ എംഒയു(മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്‍ഡിംഗ്) ഒപ്പുവച്ചതായി ചമോറോ തന്നെയാണ് വെളിപ്പെടുത്തിയത്. പിന്നാലെ അദ്ദേഹത്തെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യുകയും ചെയ്തു.
ഇന്ത്യയില്‍ നിന്നും അറസ്റ്റ് ഭയന്ന് ഒളിച്ചോടിയ നിത്യാനന്ദ എന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവത്തിന്റെ മറ്റൊരു തട്ടിപ്പാണ് കൈലാസ എന്ന സ്വതന്ത്രരാജ്യം! കൈലാസയുടെ വെബ്സൈറ്റില്‍ ആ സാങ്കല്‍പ്പിക രാജ്യത്തെ വിശേഷിപ്പിച്ചിരിക്കുന്നത്, ‘ലോകമെമ്പാടുമുള്ള കുടിയിറക്കപ്പെട്ട ഹിന്ദുക്കളാല്‍ പുനരുജ്ജീവിപ്പിക്കപ്പെട്ട പുരാതന പ്രബുദ്ധ ഹിന്ദു നാഗരിക രാഷ്ട്രം’ എന്നാണ്. ലൈംഗിക പീഡനം ഉള്‍പ്പെടെ നിരവധി ക്രിമനല്‍ കേസുകള്‍ ചുമത്തപ്പെട്ട ഇന്ത്യയുടെ ‘ മോസ്റ്റ് വാണ്ടഡ്; ലിസ്റ്റിലുള്ള ആളാണ് നിത്യാനന്ദ.
തങ്കനും മാത്യുവിനും ഇടയിൽ നിൽക്കുന്ന കാതൽ
ഒക്‌ടോബോര്‍ 16ന് അര്‍ണാള്‍ഡോ ചാമോറയും ‘കൈലാസ’ പ്രതിനിധികളും ഒപ്പുവച്ച പ്രഖ്യാപനത്തില്‍ പറയുന്നത്, നിത്യാനന്ദയുടെ രാജ്യവുമായി നയതന്ത്രബന്ധം സ്ഥാപിക്കാനും, ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമെന്ന നിലയില്‍ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസയെ അംഗീകരിക്കാനും, ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെയുള്ള വിവിധ അന്താരാഷ്ട്ര സംവിധാനങ്ങളാല്‍ അംഗീകരിക്കപ്പെടുന്നതിനും പരാഗ്വ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുവെന്നാണ്. ഈ കരാറിന്റെ ഒരു കോപ്പി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു.
യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസയുടെ പ്രതിനിധികള്‍ താനുമായും കാര്‍ഷിക വകുപ്പ് മന്ത്രി കാര്‍ലോസ് ഗിമെന്‍സുമായും കൂടിക്കാഴ്ച്ച നടത്തിയിരുന്നുവെന്നാണ് ഒരു റേഡിയോ അഭിമുഖത്തില്‍ ചമോറോ പറഞ്ഞത്.
ഈ അഭിമുഖത്തില്‍ തന്നെ ചമോറോ ഒരു കാര്യം സമ്മതിക്കുന്നുണ്ട്; കൈലാസ എന്ന രാജ്യം എവിടെയാണ് സ്ഥിതി ചെയ്യുന്നതെന്ന കാര്യം അദ്ദേഹത്തിന് അറിയില്ലായിരുന്നു. പിന്നെ എന്തുകൊണ്ട് എംഒയു ഒപ്പിട്ടു എന്ന ചോദ്യത്തിനുള്ള മറുപടി; ജലസേചനം ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ അവര്‍ പരാഗ്വേയ്ക്ക് സഹായം വാഗ്ദാനം ചെയ്തതുകൊണ്ടാണെന്നാണ്!
അര്‍ണോള്‍ഡോ ചമോറയുടെ കുറ്റസമ്മതം പരാഗ്വയെ നാണക്കേടിലാക്കിയിരിക്കുകയാണ്. രാജ്യത്തിനകത്ത് ഈ സംഭവം വലിയ വിവാദങ്ങള്‍ക്ക് കാരമണായിട്ടുണ്ട്, ഒപ്പം സോഷ്യല്‍ മീഡിയയിലടക്കം വ്യാപക പരിഹാസങ്ങളും കുറ്റപ്പെടുത്തലും സര്‍ക്കാരിനെതിരേ ഉണ്ടായിരിക്കുകയാണ്.
ഒരു തട്ടിപ്പ് രാജ്യമുണ്ടാക്കി, അതിനകത്ത് പെട്ടുപോയവരെ പറ്റിച്ചുകൊണ്ടിരുന്നവര്‍, അന്താരാഷ്ട്ര തലത്തില്‍ കബളിപ്പിക്കല്‍ നടത്തി തുടങ്ങിയിരിക്കുന്നുവെന്നതാണ് ഈ സംഭവത്തിന്റെ മറ്റൊരു വശം. ഇതാദ്യമായാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസയുടെ പ്രതിനിധികള്‍ അന്താരാഷ്ട്ര നേതാക്കളെ കബളിപ്പിക്കുന്നതെന്നാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ആഗോള മാധ്യമങ്ങള്‍ പറയുന്നത്. ഈ വര്‍ഷമാദ്യം ജനീവയില്‍ നടന്നൊരു യുഎന്‍ യോഗത്തില്‍ കൈലാസയുടെ പ്രതിനിധികള്‍ കയറിപ്പറ്റുകയും അവിടെവച്ച് അമേരിക്കയുടെയും കാനഡയുടെയും ചില പ്രാദേശിക നേതാക്കളുമായി ഏതാനും കരാറുകളില്‍ ഒപ്പിടീപ്പിക്കുകയും ചെയ്തിരുന്നു. കൈലാസയുടെ സോഷ്യല്‍ മീഡിയ അകൗണ്ടില്‍ കരാര്‍ ഒപ്പിടലിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു, മരിയ അന്റോണിയോ, കര്‍പായ് മുനിസിപ്പാലിറ്റികളിലെ അധികാരികളുമായായിരുന്നു അന്നത്തെ കരാര്‍ ഒപ്പിടല്‍. ഇത്തരം കരാര്‍ ഒപ്പിടലുകളെല്ലാം കൈലാസയുടെ സോഷ്യല്‍ മീഡിയ പേജില്‍ വലിയ ആഘോഷമായി കൊണ്ടാടപ്പെടും. ജനീവയില്‍ നടന്ന രണ്ട് യു എന്‍ കമ്മിറ്റി മീറ്റിംഗുകളില്‍ കൈലാസയുടെ പ്രതിനിധികള്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
കഴിഞ്ഞ മാര്‍ച്ചില്‍ ന്യൂജഴ്‌സി മേയറിനെയും കബൡപ്പിച്ചിരുന്നു. ന്യൂവാര്‍ക്ക് സിറ്റി ഹാളില്‍ വച്ച് കൈലസയുമായി ഒരു ‘ സഹോദര നഗര’ കരാര്‍ ഒപ്പിടിപ്പിക്കുകയാണ് ചെയ്തത്. എന്നാല്‍ ഇതൊരു തട്ടിപ്പാണെന്ന് ന്യൂ ജഴ്‌സി അധികാരികള്‍ തിരിച്ചറിയുകയും കരാര്‍ നിലനില്‍ക്കുന്നതല്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അതേസമയം ഇത്തരത്തില്‍ കരാര്‍ ഒപ്പിടുന്നതിനു മുമ്പ് ഒന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുകയെങ്കിലും ആകാമായിരുന്നില്ലേ എന്നായിരുന്നു മേയര്‍ റാസ് ബറാക്കയ്‌ക്കെതിരേ ജനങ്ങളില്‍ നിന്നും ഉയര്‍ന്ന പരിഹാസം.
തട്ടിക്കൊണ്ടു പോകല്‍, ബലാത്സംഗം തുടങ്ങി നിരവധി കുറ്റങ്ങള്‍ ഇന്ത്യയില്‍ നിത്യാനന്ദയ്‌ക്കെതിരേയുണ്ട്. കേസുകള്‍ കൂടിയപ്പോഴാണ് ഇയാള്‍ ‘ സുരക്ഷിതനായി’ ഇന്ത്യയില്‍ നിന്നും കടന്നു കളഞ്ഞത്. ഇക്വഡോറിന്റെ തീരത്തുള്ള ഏതോ സ്വകാര്യ ദ്വീപിലാണ് നിത്യാനന്ദ ഇപ്പോഴുള്ളതെന്നും അവിടെയാണ് അയാള്‍ സ്വന്തമായൊരു രാജ്യം സ്ഥാപിച്ചിരിക്കുന്നതെന്നുമാണ് വിവരം. വിപുലമായൊരു ശിഷ്യസമ്പത്ത് ഇയാള്‍ക്കുണ്ട്. അതിലെ അതിസമ്പന്നരായ ശിഷ്യരെക്കൊണ്ടാണ് ഒരു സ്വകാര്യ ദ്വീപ് വാങ്ങിപ്പിച്ച് ഒരു രാജ്യം തന്നെ അയാള്‍ ഉണ്ടാക്കിയതെന്നാണ് കേള്‍ക്കുന്നത്. ലോകത്തിലെ ഏറ്റവും വലുതും പരിശുദ്ധവുമായ ഹിന്ദുരാജ്യം എന്നാണ് റിപ്പബ്ലിക് ഓഫ് കൈലാസത്തെ നിത്യാനന്ദ വിശേഷിപ്പിക്കുന്നത്. കൈലാസ രാജ്യത്തെ പൗരത്വത്തിനും പാസ്‌പോര്‍ട്ടിനും വേണ്ടിയുള്ള അപേക്ഷകള്‍ എല്ലാവര്‍ക്കും ലഭ്യമാണ്. ഈരേഴു പതിനാല്(ഹിന്ദു പുരാണം അനുസരിച്ചുള്ള 14 ലോകങ്ങള്‍) ലോകങ്ങളിലുള്ളമുള്ളവര്‍ക്ക് നിത്യാനന്ദയുടെ കൈലാസത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്. പക്ഷേ ഒരേരൊയരു നിബന്ധനയുണ്ട്; ഹിന്ദുക്കള്‍ക്ക് മാത്രമാണ് ഇവിടേക്ക് പ്രവേശനം!