പാറശാല ഷാരോണ്‍ രാജ് വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചു. അതിവിദഗ്ധമായ കൊലയാണ് നടന്നതെന്ന് കോടതി പറഞ്ഞു. പ്രായത്തിന്റെ ഇളവ് പ്രതിക്ക് നല്‍കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. കാരണം ഷാരോണിന്റെ പ്രായം തന്നെയാണ് പ്രതിക്കെന്നും കോടതി. മരണക്കിടക്കയില്‍ പോലും ഷാരോണ്‍ ഗ്രീഷ്മയെ സംശയിച്ചില്ല. പ്രണയത്തിന്റെ ആഴമാണ് വ്യക്തമാക്കുന്നത്. ഗ്രീഷ്മയുടെ സംശയത്തില്‍ നിര്‍ത്താന്‍ ഷാരോണ്‍ തയ്യാറായില്ലെന്നും വിധി പ്രസ്താവത്തില്‍ പറയുന്നു.
ഗ്രീഷ്മയുടെ അമ്മാവനും കേസിലെ മൂന്നാം പ്രതിയുമായ നിര്‍മല്‍ കുമാറിന് മൂന്ന് വര്‍ഷം തടവും രണ്ടുലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. കരഞ്ഞുകൊണ്ടാണ് ഗ്രീഷ്മ വിധി പ്രസ്താവം കേട്ടത്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. വിധികേട്ട് ഷാരോണിന്റെ പിതാവും ഗ്രീഷ്മയുടെ മാതാപിതാക്കളും പൊട്ടിക്കരഞ്ഞു.parasala sharon murder case
കാമുകനായിരുന്ന ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ കഷായത്തില്‍ കീടനാശിനി കലര്‍ത്തി കൊലപ്പെടുത്തി എന്നാണ് കേസ്. തട്ടിക്കൊണ്ടുപോകല്‍, വിഷം നല്‍കല്‍, കൊലപാതകം, പോലീസിനെ തെറ്റിദ്ധരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഗ്രീഷ്മയ്‌ക്കെതിരെ തെളിഞ്ഞത്. തെളിവുനശിപ്പിച്ചെന്ന കുറ്റമാണ് നിര്‍മലകുമാരന്‍ നായരുടേത്. മറ്റൊരു പ്രതിയായ ഗ്രീഷ്മയുടെ മാതാവ് സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു. വിധി കേള്‍ക്കാന്‍ ഷാരോണ്‍ രാജിന്റെ മാതാപിതാക്കളും കോടതിയില്‍ എത്തിയിരുന്നു.
ശിക്ഷാവിധിക്കായുള്ള വാദം ശനിയാഴ്ച പൂര്‍ത്തിയായിരുന്നു. ഗ്രീഷ്മയുടെ പ്രായം പരിഗണിച്ച് ശിക്ഷയില്‍ പരമാവധി ഇളവ് വേണമെന്നാണ് പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ ചെകുത്താന്റെ ചിന്താഗതിയുള്ള പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. 2022 ഒക്‌ടോബറിലായിരുന്നു കേരളത്തെ നടുക്കിയ കൊലപാതകം നടന്നത്.
നാല് വര്‍ഷമായി പ്രണയത്തിലായിരുന്നു ഷാരോണും ഗ്രീഷ്മയും. ഇരുവരുടെയും പ്രണയം ഗ്രീഷ്മയുടെ വീട്ടിലറിഞ്ഞതോടെ ബന്ധത്തില്‍ നിന്ന് പിന്‍മാറാന്‍ ഗ്രീഷ്മയോട് കുടുംബം ആവശ്യപ്പെടുകയും മറ്റൊരു വിവാഹാലോചന ഉറപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് ഷാരോണിനെ ബന്ധത്തില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും ഷാരോണ്‍ പിന്‍മാറാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് ഗ്രീഷ്മയും കുടുംബവും കൊലപാതകത്തിന് ആസൂത്രണം ചെയ്തതും നടപ്പാക്കിയതും.
2022 ഒക്ടോബര്‍ 14 ന് വീട്ടിലേക്ക് വിളിച്ചുവരുത്തി അമ്മയുടെയും അമ്മാവന്റെയും സഹായത്തോടെ കഷായത്തില്‍ പാരക്വറ്റ് എന്ന കളനാശിനി ചേര്‍ത്താണ് ഗ്രീഷ്മ ഷാരോണിന് നല്‍കിയത്. നൂറ് മില്ലിയോളം മരുന്ന് ഒരു ഗ്ലാസിലാക്കി ഒഴിച്ചുകൊടുത്തുവെന്നും അതിന്റെ കയ്പ് മാറാന്‍ ഫ്രിഡ്ജിലിരിക്കുന്ന ജ്യൂസ് പിന്നീട് കുടിക്കാന്‍ കൊടുത്തുവെന്നും ഗ്രീഷ്മ മൊഴി നല്‍കിയിരുന്നു. ഗ്രീഷ്മ സ്ഥിരമായി കഷായം കുടിക്കുന്നത് പറഞ്ഞ് ഷാരോണ്‍ കളിയാക്കുമായിരുന്നു. അതുകൊണ്ട് കുടിച്ച് നോക്കാന്‍ പറഞ്ഞാണ് ഷാരോണിന് കഷായം നല്‍കിയതെന്നും ഗ്രീഷ്മ പറഞ്ഞു. ഒക്ടോബര്‍ 25 നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഷാരോണ്‍ മരിക്കുന്നത്.
ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിന്റെ വിചാരണ നടപടികള്‍ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അംഗീകരിച്ചില്ല. ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 95 സാക്ഷികളാണുള്ളത്. 323 രേഖകളും 51 തൊണ്ടി മുതലുകളും പ്രോസിക്യൂഷന്‍ ഹാജരാക്കി.
ഷാരോണിന് സാമൂഹ്യവിരുദ്ധ പശ്ചാത്തലമുണ്ടെന്ന് ഗ്രീഷ്മ കുറ്റപ്പെടുത്തി. സ്വകാര്യ ചിത്രങ്ങള്‍ ഉപയോഗിച്ച് ഷാരോണ്‍ തന്നെ ബ്ലാക്മെയില്‍ ചെയ്തെന്നും ഗ്രീഷ്മ പറഞ്ഞു. നഗ്നചിത്രങ്ങള്‍ പുറത്തുവരുമെന്ന ഭയമാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്നും അതിനാല്‍ നീതീകരിക്കാവുന്ന കൊലപാതകമായി കാണണമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
കഷായം കുറിച്ച് നല്‍കിയെന്ന് പറഞ്ഞ ആയുര്‍വേദ ഡോക്ടറുടെയും ഓട്ടോ ഡ്രൈവറുടെയും മൊഴികള്‍ എതിരായതോടെ ഗ്രീഷ്മ ശരിക്കും കുടുങ്ങുകയായിരുന്നു. ഷാരോണിന്റെ സഹോദരന് അയച്ച ശബ്ദസന്ദേശങ്ങളും പോലീസിന് തുമ്പായി. ഒടുവില്‍ കേസില്‍ ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തുകയായിരുന്നു.parasala sharon murder case
Content Summary: parasala sharon murder case