പഹല്‍ഗാം ആക്രമണത്തിന് ശേഷം രാജ്യതാല്‍പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട് പാര്‍ലമെന്ററി പാനല്‍. രാജ്യതാല്‍പര്യത്തിനെതിരെ പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ക്കും, പ്ലാറ്റ്‌ഫോമുകള്‍ക്കുമെതിരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു എന്ന് അറിയാന്‍ താല്‍പര്യപ്പെടുന്നതായി പാര്‍ലമെന്ററി പാനല്‍ വ്യക്തമാക്കി. രാജ്യതാല്‍പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആളുകളും പ്ലാറ്റ്‌ഫോമുകളും അക്രമത്തിന് കാരണമുണ്ടാക്കുന്നതിനാലാണ് വിശദാംശങ്ങള്‍ തിരക്കുന്നതെന്ന് പാനല്‍ ചൂണ്ടിക്കാണിച്ചു.
ചില സോഷ്യൽ മീഡിയ ഇൻഫഌവൻസർമാരും, പ്ലാറ്റ്‌ഫോമുകളും രാജ്യതാൽപര്യത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നതായും, ഇത് അക്രമങ്ങളുണ്ടാകാൻ കാരണമായേക്കാമെന്നും ചൂണ്ടിക്കാണിച്ച് ഇൻഫർമേഷൻ ടെക്‌നോളജി സ്റ്റാന്റിങ് കമ്മിറ്റി, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിനും, ഐടി മന്ത്രാലയത്തിനും കത്തയച്ചിട്ടുണ്ട്. ബിജെപി എംപി നിഷാകന്ത് ദുബെയുടെ നേതൃത്വത്തിലുള്ള പാര്‍ലമെന്ററി കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സ്റ്റാന്‍ഡിങ് കമ്മിറ്റിയാണ് അക്രമണ സാധ്യത നിരീക്ഷിച്ചത്.
ഇരു മന്ത്രാലയങ്ങളുടെയും സെക്രട്ടറിമാർക്ക് അയച്ച കത്തിൽ, 2000ലെ ഐടി ആക്ട്, 2021ലെ ഐടി നിയമങ്ങൾ എന്നിവ പ്രകാരം സ്വീകരിച്ച നടപടികളുടെ വിശാദാംശങ്ങൾ എന്നിവ പാനൽ ആവശ്യപ്പെട്ടിട്ടുണ്ട്. മെയ് 8 വ്യാഴാഴ്ച്ചയ്ക്കകം വിവരങ്ങൾ നൽകണമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ദേശിയ സുരക്ഷയ്ക്ക് കോട്ടം തട്ടുന്നതും, രാജ്യതാല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായതുമായ നിരവധി പോസ്റ്റുകള്‍ വ്യത്യസ്ത സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്നായി നിരോധിച്ചിട്ടുണ്ട്.
എന്നാല്‍ മെമോറാണ്ടത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിഷയത്തെക്കുറിച്ച് തനിക്ക് അറിയിപ്പ് ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്ന് പാനല്‍ അംഗമായ തൃണമൂല്‍ കോണ്‍ഗ്രസ് എംപി സാകേത് ഗോഖലെ എക്‌സില്‍ കുറിച്ചു. ചട്ടമനുസരിച്ച്, കമ്മിറ്റിയുടെ അംഗീകാരമില്ലാതെ ചെയര്‍പേഴ്‌സണ്‍ മാത്രം വിചാരിച്ചാല്‍ പ്രസ്താവന നടത്താന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഗോഖലെ തന്റെ എക്‌സ് പോസ്റ്റ് അല്‍പ സമയത്തിന് ശേഷം നീക്കം ചെയ്യുകയും ചെയ്തു.
സുപ്രീം കോടതിക്കെതിരെ അടക്കം ആരോപണങ്ങള്‍ ഉന്നയിക്കുകയും, വിവാദ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തിട്ടുള്ള നേതാവാണ് ദുബെ. പഹല്‍ഗാം വിഷയത്തില്‍ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്ന വിശദീകരണം ഏറെ പ്രധാനപ്പെട്ടതാണ്. ആക്രമണത്തിന് ശേഷം രാജ്യത്തുണ്ടായ സുരക്ഷ വീഴ്ച്ചയെ സംബന്ധിച്ച് ധ്രുവ് റാഠി അടക്കമുള്ള സോഷ്യല്‍ മീഡിയ ഇന്‍ഫഌവന്‍സര്‍മാര്‍ പങ്കുവച്ച വീഡിയോകള്‍ ഏറെ ജനപിന്തുണയും നേടിയിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലായി നിരവധി പാകിസ്ഥാൻ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഇന്ത്യ നിരോധിച്ചിരുന്നു. ഇതിന് പിന്നാലെ ചില ഇന്ത്യൻ ഇൻഫഌവൻസർമാർക്കെതിരെയും എഫ്‌ഐആർ ചുമത്തിയിട്ടുണ്ട്. ഈ സംഭവങ്ങൾക്ക് പിന്നാലെയാണ് പാർലമെന്ററി പാനലിന്റെ കത്ത്.
content summary; Parliament panel asks for a report on action against social media platforms acting against national interest