ആധാറും പാസ്‌പോർട്ടും മതിയാകില്ല; ഇന്ത്യൻ പൗരത്വത്തിനുള്ള തെളിവെന്ത്?

ഏറ്റവും ആധികാരികമായി കണക്കാക്കപ്പെടുന്ന പാസ്‌പോർട്ടും ആധാർ കാർഡും പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകളല്ല എന്നാണ് സർക്കാരും കോടതികളും വ്യക്തമാക്കുന്നത്. പിന്നെ എന്താണ് ഇന്ത്യൻ പൗരത്വത്തിനുള്ള തെളിവാകുന്നത്?

ഇന്ത്യൻ പാസ്‌പോർട്ട് യാത്രാരേഖ മാത്രമാണെന്നും പൗരത്വരേഖയല്ലെന്നും കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. പാസ്‌പോർട്ട് സേവാ ദിനത്തിൽ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഈ പ്രസ്താവന ആശയക്കുഴപ്പത്തിന് ഇടയാക്കിയിരുന്നു.

എന്നാൽ ഇത് നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന പുതിയ തീരുമാനമല്ലെന്നും നേരത്തെ തന്നെ നിലവിലുള്ളതാണെന്നും പിന്നാലെ കേന്ദ്രസർക്കാർ വ്യക്തമാക്കി. ഒരാൾ ഇന്ത്യൻ പൗരൻ ആണെന്ന് സർക്കാരിന് ബോധ്യപ്പെട്ടതിനാലാണ് അയാൾക്ക് പാസ്‌പോർട്ട് നൽകുന്നത്. ചില പ്രത്യേക സാഹചര്യങ്ങളിൽ ഇന്ത്യൻ പൗരത്വം ഇല്ലാത്തവർക്കും പാസ്‌പോർട്ട് അനുവദിക്കാൻ ചട്ടമുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.

പാസ്‌പോർട്ട് പൗരത്വത്തിനുള്ള തെളിവല്ലെന്ന് 2013ൽ ബോംബെ ഹൈക്കോടതി പരാമർശിച്ചിരുന്നു. വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കവെ, ആധാർ കാർഡ് പൗരത്വത്തിനുള്ള തെളിവല്ലെന്നും വെറുമൊരു തിരിച്ചറിയൽ രേഖ മാത്രമാണെന്നും സുപ്രീംകോടതിയും നിരീക്ഷിച്ചിരുന്നു.

എന്തുകൊണ്ട് പാസ്‌പോർട്ട് പൗരത്വരേഖയാകുന്നില്ല?

പാസ്‌പോർട്ട് പൗരത്വം തെളിയിക്കുന്നതിനുള്ള രേഖയാകില്ലെന്ന് ആവർത്തിക്കുമ്പോഴും, ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കുന്നവർ മാതാപിതാക്കൾ ഇന്ത്യൻ പൗരൻമാരാണെന്ന് തെളിയിക്കുന്നതിന് അവരുടെ പാസ്‌പോർട്ടിന്റെ പകർപ്പ് ഹാജരാക്കണമെന്ന് 2003ലെ പൗരത്വ ചട്ടത്തിൽ പറയുന്നുണ്ട്. ഇന്ത്യൻ പൗരൻമാരാണെന്ന് ബോധ്യപ്പെടുന്നവർക്ക് മാത്രമാണ് പാസ്‌പോർട്ട് അനുവദിക്കുന്നത് എന്നതിനാൽ ഒരാൾ ഇന്ത്യൻ പൗരനാണെന്നതിന്റെ ശക്തമായ തെളിവായാണ് പ്രായോഗികമായി പാസ്‌പോർട്ടിനെ കണക്കാക്കുന്നത് എന്നതിനാലാണിത്. മാത്രമല്ല, പാസ്‌പോർട്ട് നൽകുന്നതിനുള്ള നടപടിക്രമങ്ങൾ കർശനമായതിനാൽ യോഗ്യതയുള്ളവർക്ക് മാത്രമാണ് ലഭിക്കുന്നതെന്നതും പാസ്‌പോർട്ടിന്റെ ആധികാരികത ഉറപ്പിക്കുന്നു.
എന്നാൽ നിയമപരമായി പാസ്‌പോർട്ട് പൗരത്വരേഖയായി കണക്കാക്കുന്നതിന് പാസ്‌പോർട്ട് നിയമത്തിൽ തന്നെ തടസ്സങ്ങളുണ്ട്. ഇന്ത്യൻ പൗരത്വമില്ലാത്തയാൾക്കും പൊതുതാത്പര്യവും അവശ്യ സാഹചര്യങ്ങളും കണക്കിലെടുത്ത് യാത്രാ ആവശ്യത്തിനായി പാസ്‌പോർട്ട് അനുവദിക്കാൻ സർക്കാരിന് സാധിക്കുമെന്ന് പാസ്‌പോർട്ട് നിയമത്തിന്റെ സെക്ഷൻ 20 വ്യക്തമാക്കുന്നുണ്ട്. ഇന്ത്യൻ പാരമ്പര്യമുള്ള ഒരാൾ ജിയോ പൊളിറ്റിക്കൽ കാരണങ്ങളാൽ രാജ്യമില്ലാത്തയാളായി മാറുമ്പോഴും, ഇന്ത്യയിലുള്ള ആരെങ്കിലും രാജ്യമില്ലാത്തയാളായി മാറുമ്പോഴും അവർക്ക് വിദേശയാത്ര അത്യാവശ്യമാവുകയാണെങ്കിൽ സർക്കാർ പാസ്‌പോർട്ട് അനുവദിക്കും. ടിബറ്റൻ അഭയാർഥികൾക്കും ശ്രീലങ്കൻ തമിഴർക്കും ഇത്തരത്തിൽ യാത്രാരേഖയായി പാസ്‌പോർട്ട് നൽകിയിട്ടുണ്ട്.

എന്താണ് പൗരത്വത്തിന് തെളിവ്?

ലോകം മുഴുവൻ സ്വീകാര്യതയുള്ള, ഏറ്റവും ആധികാരികമായി കണക്കാക്കപ്പെടുന്ന പാസ്‌പോർട്ടും എവിടെയും തിരിച്ചറിയൽ രേഖയായി ഉപയോഗിക്കുന്ന ആധാർ കാർഡും ഉൾപ്പെടെയുള്ളവ പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകളല്ല എന്നാണ് സർക്കാരും കോടതികളും വ്യക്തമാക്കുന്നത്. പിന്നെ എന്താണ് ഇന്ത്യൻ പൗരത്വത്തിനുള്ള തെളിവാകുന്നത്?

പൗരത്വം എന്നത് ഒരു നിയമപരമായ പദവിയായാണ് ഇന്ത്യയിൽ കണക്കാക്കപ്പെടുന്നത്. മറ്റു പല രാജ്യങ്ങളെയും പോലെ എല്ലാവർക്കും പൗരത്വ സർട്ടിഫിക്കറ്റ് നൽകുന്ന രീതി ഇന്ത്യയിൽ ഇല്ല. ആരാണ് ഇന്ത്യൻ പൗരൻ എന്നത് ഇന്ത്യൻ ഭരണഘടനയുടെ 5 മുതൽ 11 വരെയുള്ള ആർട്ടിക്കിളുകളിലും 1955ലെ ഇന്ത്യൻ പൗരത്വ നിയമത്തിലും നിർവചിക്കുന്നുണ്ട്. എന്നാൽ പൗരത്വത്തിന്റെ തെളിവായി ഒരു രേഖയും ഇതിൽ ചൂണ്ടിക്കാട്ടുന്നില്ല.

ദേശീയ പൗരത്വ രജിസ്റ്റർ, പൗരത്വ ഭേദഗതി നിയമം എന്നിവയുമായി ബന്ധപ്പെട്ട് 2019 ഡിസംബർ 20-ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ പുറത്തിറക്കിയ വിശദീകരണത്തിൽ ജനനത്തീയതിയും ജനിച്ച സ്ഥലവുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിച്ച് പൗരത്വം തെളിയിക്കാമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിനായി സ്വീകരിക്കാവുന്ന രേഖകൾ ഏതെല്ലാമെന്നതിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്നും വ്യക്തമാക്കുന്നു.

ആധാർ കാർഡ്, പാസ്‌പോർട്ട്, വോട്ടർ ഐഡി, പാൻ കാർഡ്, ജനന സർട്ടിഫിക്കറ്റ് എന്നിവയിലേതെങ്കിലും പൗരത്വത്തിനുള്ള തെളിവാണോ എന്നതിനുള്ള ചോദ്യത്തിന് 2020 ഫെബ്രുവരിയിൽ ആഭ്യന്തര മന്ത്രാലയം പാർലമെന്റിൽ മറുപടി നൽകിയിരുന്നു. ജനനം വഴിയോ വംശപാരമ്പര്യം വഴിയോ അല്ലെങ്കിൽ രജിസ്‌ട്രേഷനിലൂടെയോ കുറേക്കാലം ഇന്ത്യയിൽ ജീവിക്കുമ്പോൾ നാച്ചുറലൈസേഷനിലൂടെയോ ആണ് ഇന്ത്യൻ പൗരത്വം ലഭിക്കുന്നതെന്നും 1955ലെ പൗരത്വ നിയമമാണ് ഇതിന്റെ അടിസ്ഥാനമെന്നുമായിരുന്നു ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം.

1955ലെ പൗരത്വ നിയമപ്രകാരം ഒരാൾക്ക് ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് നാല് വഴികളാണുള്ളത്.

  1. ജനനം വഴി ലഭിക്കുന്ന പൗരത്വം
  2. വംശപാരമ്പര്യം വഴി ലഭിക്കുന്നത്
  3. റജിസ്‌ട്രേഷനിലൂടെ ലഭിക്കുന്നത്
  4. നാച്ചുറലൈസേഷൻ വഴിയുള്ളത്

ഇത് കൂടാതെ ഏതെങ്കിലും പ്രദേശം ഇന്ത്യയുടെ ഭാഗമായി കൂട്ടിച്ചേർക്കപ്പെടുമ്പോൾ അവിടത്തെ ജനങ്ങൾ ഇന്ത്യൻ പൗരൻമാരായി മാറും.

1950-നും 1987-നും ഇടയിൽ ഇന്ത്യയിൽ ജനിച്ചവർക്ക് ജൻമാവകാശമായി ഇന്ത്യൻ പൗരത്വം ലഭിക്കും. 1987-നും 2003-നും ഇടയിൽ ജനിച്ചവർക്ക് പൗരത്വം ലഭിക്കണമെങ്കിൽ അവരുടെ ജനനസമയത്ത് മാതാപിതാക്കളിൽ ആരെങ്കിലും ഇന്ത്യൻ പൗരത്വമുള്ളവരായിരിക്കണം.
2003-നുശേഷം ജനിച്ചവർക്ക് പൗരത്വം ലഭിക്കണമെങ്കിൽ മാതാപിതാക്കളിൽ ആരെങ്കിലും ഇന്ത്യൻ പൗരത്വമുള്ളവരായിരിക്കുകയും മറ്റേയാൾ അനധികൃത കുടിയേറ്റക്കാരല്ലാതിരിക്കുകയും ചെയ്യണം.
മാതാപിതാക്കളിൽ ആരെങ്കിലും ഇന്ത്യൻ പൗരത്വമുള്ളവരാണെങ്കിൽ ഇന്ത്യക്ക് പുറത്ത് ജനിച്ചവർക്ക് ഇന്ത്യൻ പൗരത്വം അനുവദിക്കും. എന്നാൽ ഒരുവർഷത്തിനുള്ളിൽ ജനനം ഇന്ത്യൻ കോൺസുലേറ്റിൽ നിയമപ്രകാരം രജിസ്റ്റർ ചെയ്തിരിക്കണം.
വിവാഹത്തിലൂടെയും പൂർവികബന്ധത്തിലൂടെയോ ഇന്ത്യൻ പൗരൻമാരുമായി ബന്ധമുള്ളവർക്കാണ് റജിസ്‌ട്രേഷനിലൂടെ പൗരത്വം നേടാനാകുന്നത്.
12 മാസത്തിലധികം തുടർച്ചയായി ഇന്ത്യയിൽ ജീവിച്ച അനധികൃത കുടിയേറ്റക്കാരല്ലാത്തവർക്ക് നാച്ചുറലൈസേഷൻ വഴി പൗരത്വം അനുവദിക്കും. 12 മാസം തുടർച്ചയായി താമസിക്കുന്നതിന് മുമ്പുള്ള 14 വർഷങ്ങളിൽ 11 വർഷമെങ്കിലും ഇന്ത്യയിൽ ജീവിച്ചവരായിരിക്കണം അപേക്ഷകർ.

ചില സന്ദർഭങ്ങളിൽ ഈ വ്യവസ്ഥകളെല്ലാം മറികടന്നുകൊണ്ടും സർക്കാർ പൗരത്വം അനുവദിക്കാറുണ്ട്. ശാസ്ത്രം, തത്വചിന്ത, കല, സാഹിത്യം, ലോക സമാധാനം, മനുഷ്യ പുരോഗതി തുടങ്ങിയ മേഖലകളിൽ അതുല്യമായ സംഭാവനകൾ നൽകിയ വ്യക്തിത്വങ്ങൾക്കാണ് ഇത്തരത്തിൽ വ്യവസ്ഥകൾ മറികടന്ന് പൗരത്വം നൽകുന്നത്. ടിബറ്റൻ ആത്മീയനേതാവ് ദലൈ ലാമ, പാകിസ്ഥാനി ഗായകൻ അദ്‌നൻ സമി തുടങ്ങിയവർക്ക് അങ്ങനെയാണ് ഇന്ത്യൻ പൗരത്വം ലഭിച്ചത്.

content summary: indian passport and aadhaar not proof of citizenship

This post was last modified on June 26, 2026 5:25 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment