June 04, 2026 |
Share on

അന്യഗ്രഹജീവികള്‍ ഉണ്ടോ? രഹസ്യ യുഎഫ്ഒ ഫയലുകള്‍ പുറത്തു വിട്ട് അമേരിക്ക

ബഹിരാകാശത്തെ അജ്ഞാത വെളിച്ചങ്ങള്‍ മുതല്‍ അന്യഗ്രഹജീവികള്‍ വരെ; യു.എസ് സര്‍ക്കാരിന്റെ യു.എഫ്.ഒ ഫയലുകള്‍ പരസ്യപ്പെടുത്തി

ഭൂമിയിലെ ഔദ്യോഗിക സംവിധാനങ്ങളുടെ ഭാഗമായ ഡ്രോണുകള്‍, കാലാവസ്ഥാ ബലൂണുകള്‍, പരീക്ഷണാടിസ്ഥാനത്തിലുള്ള ചാരവിമാനങ്ങള്‍, റോക്കറ്റ് വിക്ഷേപണങ്ങള്‍ എന്നിവയെല്ലാം പലപ്പോഴും ആകാശത്ത് വിചിത്രമായ കാഴ്ചകള്‍ക്ക് വഴിമാറാറുണ്ട്. എങ്കിലും, ആകാശത്ത് മിന്നിമറയുന്ന നിഗൂഢ വസ്തുക്കളെക്കുറിച്ചുള്ള മനുഷ്യന്റെ കൗതുകം അവസാനമില്ലാതെ തുടരുകയാണ്. ഈ സാഹചര്യത്തില്‍, അജ്ഞാത ആകാശ പ്രതിഭാസങ്ങളെ സംബന്ധിച്ച് തങ്ങളുടെ പക്കലുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനുള്ള ഒരുക്കത്തിലാണ് അമേരിക്കന്‍ ഭരണകൂടം. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍ യുഎഫ്ഒകളുമായി ബന്ധപ്പെട്ട ഇതുവരെ വെളിപ്പെടുത്താത പുതിയ ഫയലുകള്‍ പുറത്തുവിട്ടു.

1990-കളിലെ സയന്‍സ് ഫിക്ഷന്‍ സിനിമകളെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള ഗ്രാഫിക്‌സുകളോടു കൂടിയ വെബ്പേജിലൂടെയാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. ഇതൊരു വാഗ്ദാനത്തിന്റെ പൂര്‍ത്തീകരണമാണെന്ന് വിശേഷിപ്പിച്ച പ്രസിഡന്റ് ട്രംപ്, മുന്‍ സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ സുതാര്യത കാണിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും പുതിയ രേഖകളിലൂടെ ആകാശത്ത് യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് ജനങ്ങള്‍ക്ക് സ്വയം തീരുമാനിക്കാമെന്നും ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

പുറത്തുവിട്ട രേഖകളില്‍ 1960-കളിലെ ബഹിരാകാശ മത്സരകാലത്തെ സുപ്രധാന വിവരങ്ങളുണ്ട്. അപ്പോളോ 11 ദൗത്യത്തില്‍ പങ്കെടുത്ത നീല്‍ ആംസ്‌ട്രോങ്, ബസ് ആല്‍ഡ്രിന്‍, മൈക്കല്‍ കോളിന്‍സ് എന്നിവരെ 1969-ല്‍ സാങ്കേതികമായി ചോദ്യം ചെയ്തതിന്റെ വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. യാത്രയ്ക്കിടെ ക്യാബിനുള്ളില്‍ ചില പ്രകാശങ്ങള്‍ മിന്നുന്നത് കണ്ടുവെന്നും ലേസറിനോട് സാമ്യമുള്ള തിളക്കമുള്ള പ്രകാശ സ്രോതസ്സ് ശ്രദ്ധയില്‍പ്പെട്ടുവെന്നും ബസ് ആല്‍ഡ്രിന്‍ വെളിപ്പെടുത്തിയത് ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, അന്യഗ്രഹ ജീവികളുമായി മനുഷ്യര്‍ കണ്ടുമുട്ടാനുള്ള വിദൂര സാധ്യതയെപ്പോലും നേരിടാന്‍ അമേരിക്ക തയ്യാറെടുത്തിട്ടില്ലെന്ന ആശങ്ക പങ്കുവെക്കുന്ന 1963-ലെ ഒരു മെമ്മോറാണ്ടവും പുറത്തുവന്നിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി യുഎഫ്ഒകളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാന്‍ അമേരിക്കയുടെ മേല്‍ വലിയ സമ്മര്‍ദ്ദമുണ്ട്. അതിന്റെ നാള്‍വഴികള്‍ പരിശോധിച്ചാല്‍ താഴെ പറയുന്നവ പ്രധാനമാണ്:

2019 മെയ് മാസത്തില്‍, നാവികസേന പൈലറ്റുമാര്‍ കണ്ട വിചിത്രമായ ആകാശ പ്രതിഭാസങ്ങളെക്കുറിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്‍ജിനുകളോ ഇന്ധനം പുറത്തുവിടുന്ന പുകയോ കാണാനില്ലാത്ത ഈ വസ്തുക്കള്‍ അതിവേഗത്തില്‍ സഞ്ചരിച്ചതായാണ് പൈലറ്റുമാര്‍ പറഞ്ഞത്. തുടര്‍ന്ന് 2021 ജൂണില്‍ നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറുടെ ഓഫീസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ 2004 മുതല്‍ കണ്ട 143 വിശദീകരിക്കാനാകാത്ത സംഭവങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. 2021 നവംബറില്‍ ഇത്തരം പ്രതിഭാസങ്ങളെക്കുറിച്ച് പഠിക്കാന്‍ പെന്റഗണ്‍ പുതിയ അന്വേഷണ സംഘത്തെ തന്നെ നിയോഗിച്ചു.

2022 മെയ് മാസത്തില്‍ നടന്ന കോണ്‍ഗ്രസ് ഹിയറിംഗില്‍, ഒരു സൈനിക വിമാനത്തിന് അരികിലൂടെ മിന്നിമറയുന്ന തിളക്കമുള്ള ഗോളാകൃതിയിലുള്ള വസ്തുവിന്റെ വീഡിയോ ഉദ്യോഗസ്ഥര്‍ പ്രദര്‍ശിപ്പിച്ചു. അതേ വര്‍ഷം ജൂണില്‍ നാസയും ഇത്തരം പ്രതിഭാസങ്ങളെക്കുറിച്ച് പഠിക്കാന്‍ ഒരു സംഘത്തെ നിയോഗിച്ചു. 2022 ഡിസംബറില്‍ പ്രസിഡന്റ് ബൈഡന്‍ ഒപ്പിട്ട ബില്ല് പ്രകാരം 1945 മുതലുള്ള യുഎഫ്ഒ ചരിത്രരേഖകള്‍ പരിശോധിക്കാന്‍ പെന്റഗണിന് അനുമതി നല്‍കി. ഇതിനുശേഷം 2023 സെപ്റ്റംബറില്‍ നാസ തങ്ങളുടെ ആദ്യത്തെ യുഎപി ഗവേഷണ ഡയറക്ടറെ നിയമിച്ചു.

എന്നാല്‍ 2024 മാര്‍ച്ചില്‍ പുറത്തുവന്ന പെന്റഗണ്‍ റിപ്പോര്‍ട്ട്, അന്യഗ്രഹ ജീവികളെ കണ്ടതായോ അവരെക്കുറിച്ചുള്ള വിവരങ്ങള്‍ സര്‍ക്കാര്‍ ഒളിപ്പിച്ചുവെച്ചതായോ ഉള്ള വാദങ്ങളെ തള്ളിക്കളഞ്ഞു. 2026 ഫെബ്രുവരിയില്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമ ഒരു യൂട്യൂബ് അഭിമുഖത്തില്‍ അന്യഗ്രഹ ജീവികള്‍ ഉണ്ടെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും എന്നാല്‍ അവര്‍ ആരുമായും ബന്ധപ്പെട്ടതായി തന്റെ ഭരണകാലത്ത് തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കി. ഇതിനെത്തുടര്‍ന്ന് ട്രംപ് ഒബാമയ്‌ക്കെതിരെ രംഗത്തുവരികയും അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള രഹസ്യരേഖകള്‍ പുറത്തുവിടാന്‍ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

2026 മെയ് മാസത്തില്‍, സ്റ്റീഫന്‍ കോള്‍ബെര്‍ട്ടുമായുള്ള അഭിമുഖത്തില്‍ ഒബാമ വീണ്ടും തന്റെ നിലപാട് വ്യക്തമാക്കി. സര്‍ക്കാര്‍ ഇത്തരം വലിയ രഹസ്യങ്ങള്‍ ഒളിപ്പിച്ചുവെക്കാന്‍ അത്ര സമര്‍ത്ഥരല്ലെന്നും ‘കുഞ്ഞന്‍ പച്ച മനുഷ്യരെ’ സര്‍ക്കാര്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പരിഹസിച്ചു. എങ്കിലും പുതിയ രേഖകള്‍ പുറത്തുവന്നതോടെ ആകാശത്തെ നിഗൂഢതകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായിരിക്കുകയാണ്.

Content Summary: The Pentagon has released “never-before-seen” UFO files following a directive from the Trump administration.

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×