പേരൂര്‍ക്കട വ്യാജ മാല മോഷണ കേസില്‍ ബിന്ദുവിനെ പ്രതിയാക്കാൻ പൊലീസ് കള്ളക്കഥ മെനഞ്ഞതാണെന്നും ബിന്ദു നിരപരാധിയാണെന്നും ക്രൈംബ്രാഞ്ചിൻ്റെ കണ്ടെത്തൽ. മാല മോഷണം പോയതല്ലെന്നും ഓമനാ ഡാനിയലിന്റെ വീടിനുള്ളില്‍ നിന്നാണ് മാല കിട്ടിയതെന്നും ക്രൈംബ്രാഞ്ചിൻ്റെ അന്വേഷണത്തിൽ വ്യക്തമായി.
ഓർമ പ്രശ്നമുള്ള ഓമന മാല വീട്ടിലെ സോഫയുടെ താഴെ വെച്ച് മറക്കുകയായിരുന്നുവെന്ന് ക്രൈംബ്രാഞ്ചിൻ്റെ കണ്ടെത്തലിൽ പറയുന്നു. എന്നാല്‍ മാല വീടിനു പുറത്തുള്ള മാലിന്യ കൂമ്പാരത്തില്‍ നിന്നാണ് ലഭിച്ചതെന്നായിരുന്നു പോലീസിന്റെ വാദം.
ക്രൈംബ്രാഞ്ചിൻ്റെ അന്വേഷണത്തിൽ പൂർണ തൃപ്തയല്ലെന്നും തന്നെ ഉപദ്രവിച്ചവർക്ക് ശിക്ഷ ലഭിക്കണമെന്നും ബിന്ദു അഴിമുഖത്തോട് പറഞ്ഞു. ക്രൈംബ്രാഞ്ചിൻ്റെ അന്വേഷണത്തിൽ പൂർണമായും തൃപ്തയാണെന്ന പറയാൻ കഴിയില്ല. അന്വേഷണത്തിൽ ഞാൻ വിശ്വസിക്കുന്നു. എന്നാൽ എന്നെ അപമാനിച്ചവർ ജോലിയിൽ തുടരാൻ അർഹരല്ല. അവർക്കെതിരെ നിയമനടപടികൾ വന്നാൽ മാത്രമാണ് പൂർണമായും തൃപ്തി ലഭിക്കുന്നത്. പൊലീസ് സ്റ്റേഷനിലുള്ളിൽ ഞാൻ അനുഭവിച്ച വേദന ഒരിക്കലും എനിക്ക് മറക്കാൻ കഴിയുന്നതല്ല. ഒരു സ്ത്രീയെ ഇത്രയും മാനസികമായി ഉപദ്രവിച്ച പൊലീസുകാരെ വെറുതെ വിടരുതെന്നാണ് എനിക്ക് ഇപ്പോഴും പറയാനുള്ളത്. വാക്കുകൾ കൊണ്ടാണ് അവർ എന്നെ മുറിവേൽപ്പിച്ചത്. ഒരു ആത്മഹത്യയിലേക്ക് വരെ എന്നെ കൊണ്ടെത്തിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങിയിരുന്നു.
എസ്. ഐ പ്രസാദും എഎസ്ഐ പ്രസന്നനുമാണ് എന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത്. കാലിൻ്റെ പാദത്തിൽ അടിച്ചാൽ അവൾ സത്യം പറയും എന്നെല്ലാം പറഞ്ഞത് പ്രസന്നനായിരുന്നു. ആരെയും ഞാൻ വെറുതെ വിടില്ല.
ഓമന ഡാനിയലിന് ഓർമക്കുറവ് ഉണ്ടോയെന്ന കാര്യം എനിക്കറിയില്ല. ഓമന ഡാനിയൽ പൊലീസ് സ്റ്റേഷനിലെത്തി സോഫയുടെ താഴെ നിന്നും മാല കിട്ടിയെന്ന് പറഞ്ഞിട്ടും എൻ്റെ മേൽ തന്നെ കുറ്റം ചുമത്താനായിരുന്നു പൊലീസുകാർ ശ്രമം നടത്തിയത്. ഓരോ സ്ഥലത്ത് എത്തുമ്പോഴും ഓമന ഡാനിയൽ വാക്ക് മാറ്റി പറയുകയായിരുന്നു. പില്ലോ കവറിനടിയിൽ നിന്നും ലഭിച്ചു, മാലിന്യത്തിൽ നിന്ന് ലഭിച്ചു, ഇടവഴിയിൽ നിന്ന് ലഭിച്ചു ഇങ്ങനെ പല കള്ളങ്ങളാണ് അവർ പറഞ്ഞുകൊണ്ടിരുന്നത്. അന്നത്തെ പ്രശ്നം കാരണം ആരും തന്നെ എന്നെ വീട്ടുജോലിക്കായി വിളിക്കുന്നില്ല. വല്ലാത്ത അവസ്ഥയിലൂടെയാണ് ഇപ്പോഴും ഞാൻ കടന്ന് പോകുന്നത്, ബിന്ദു അഴിമുഖത്തോട് പറഞ്ഞു.
ചുള്ളിമാനൂര്‍ സ്വദേശി ബിന്ദുവിനെതിരെ ജോലിക്കു നിന്ന വീട്ടില്‍ നിന്നും സ്വര്‍ണ മാല കാണാനില്ലെന്ന വീട്ടുടമ ഓമന ഡാനിയലിന്റെ പരാതിയിലാണ് പേരൂര്‍ക്കട പോലീസ് കേസെടുത്തത്. പരാതി നല്‍കിയതിന് നാലു ദിവസം മുമ്പ് മാത്രം വീട്ടു ജോലിക്കെത്തിയ ബിന്ദുവിനെ പോലീസ് കസ്റ്റഡിലെടുത്തു. രാത്രിയില്‍ സ്റ്റേഷനിലിരുത്തി മാനസികമായി പീഡിപ്പിച്ചു. എന്നാല്‍ അടുത്ത ദിവസം നഷ്ടപ്പെട്ടെന്ന് പറഞ്ഞ സ്വര്‍ണം പരാതിക്കാരിയുടെ വീട്ടിന് പിന്നിലെ ചവറുകൂനയില്‍ നിന്നും കിട്ടിയെന്ന് ഓമന ഡാനിയല്‍ തന്നെ പോലീസിനെ അറിയിച്ചു. പിന്നാലെ പോലീസ് ബിന്ദുവിനെ വിട്ടയച്ചു. സംഭവത്തില്‍ എസ്‌ഐയെയും എഎസ്‌ഐയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറെ കോഴിക്കോടേക്ക് സ്ഥലം മാറ്റി.
Content Summary: peroorkada fake theft case; Not completely satisfied with the Crime Branch investigation
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.