15 വർഷമോ അതിൽ കൂടുതലോ പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കും 10 വർഷമോ അതിൽ കൂടുതലോ പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കും ഡൽഹിയിൽ ഇന്ധന നിരോധനം. വായു മലിനീകരണം തടയാൻ ലക്ഷ്യമിട്ടാണ് ഡൽഹി സർക്കാരിന്റെ നടപടി. രാജ്യ തലസ്ഥാനമായ ഡൽഹിയിൽ ഏറ്റവും കൂടുതൽ മലിനീകരണം ഉണ്ടാക്കുന്നത് വാഹനങ്ങളാണ്. പ്രാദേശിക ഉദ്വമന സ്രോതസ്സുകളിൽ നിന്നുമുള്ള മലിനീകരണത്തിന്റെ പകുതിയിലധികവും ഇവയിൽ നിന്നാണ് എന്ന് സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റ് (സിഎസ്ഇ) 2024 നവംബറിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് (CAQM) എൻസിആറിൽ ഉടനീളം എല്ലാത്തരം (ചരക്ക് വാഹനങ്ങൾ, വാണിജ്യ, വിന്റേജ്, ഇരുചക്ര വാഹനങ്ങൾ) കാലാവധി പൂർത്തിയായ വാഹനങ്ങൾക്കെതിരെയും കർശന നടപടികൾ നടപ്പിലാക്കുന്ന സ്റ്റാറ്റ്യൂട്ടറി നിർദ്ദേശം നമ്പർ 89 പുറപ്പെടുവിച്ചിട്ടുണ്ട്. ഡൽഹിയിൽ മാത്രം ഏകദേശം 62 ലക്ഷം വാഹനങ്ങളെയാണ് (61,14,728) ഈ നീക്കം ബാധിക്കുക. ഹരിയാനയിൽ 27.5 ലക്ഷം വാഹനങ്ങളും (2025 മാർച്ച് വരെ) ഉത്തർപ്രദേശിൽ 12.69 ലക്ഷവും രാജസ്ഥാനിൽ 6.2 ലക്ഷവും പഴക്കം ചെന്ന വാഹനങ്ങളാണുള്ളത്.
നിരോധനം എങ്ങനെ നടപ്പിലാക്കും?
പഴകിയ വാഹനങ്ങളുമായി കറങ്ങി നടക്കുന്നവരുടെ എണ്ണം കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന ഇന്ധന പമ്പുകളിൽ ഡൽഹി പോലീസ്, ട്രാഫിക് പോലീസ്, ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (എംസിഡി) ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഒരു വിന്യാസ പദ്ധതി ഗതാഗത വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. 1 മുതൽ 100 വരെയുള്ള എണ്ണക്കമ്പനികളിലെ ഇന്ധന സ്റ്റേഷനുകളിൽ ഡൽഹി പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും, 101 മുതൽ 159 വരെയുള്ള എണ്ണക്കമ്പനികളിലെ ഇന്ധന സ്റ്റേഷനുകളിൽ ഗതാഗത വകുപ്പ് 59 പ്രത്യേക ടീമുകളെ വിന്യസിക്കും. പഴയ വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കുന്നത് നിരീക്ഷിക്കുന്നതിനും തടയുന്നതിനുമായി 350 പെട്രോൾ പമ്പുകളിൽ ഓരോന്നിലും ഒരു ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ നിയമിക്കും. എൻഫോഴ്സ്മെന്റ് ഡ്രൈവ് സമയത്ത് ക്രമസമാധാന പാലനത്തിനായി ഓരോ പെട്രോൾ പമ്പിലും രണ്ട് അധിക പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. 498 ഇന്ധന സ്റ്റേഷനുകളിൽ സ്ഥാപിച്ചിട്ടുള്ള ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (ANPR) ക്യാമറകൾ ഉപയോഗിച്ചാണ് വാഹനങ്ങൾ തിരിച്ചറിയുന്നത്. വാഹൻ ഡാറ്റാബേസുമായി സംയോജിപ്പിച്ചിരിക്കുന്ന ഈ ക്യാമറകൾ നമ്പർ പ്ലേറ്റുകൾ ക്രോസ്-വെരിഫൈ ചെയ്യുകയും ഇന്ധന സ്റ്റേഷൻ ഓപ്പറേറ്ററെ അറിയിക്കുകയും ചെയ്യും. പഴയ വാഹനങ്ങൾ കണ്ടുകെട്ടുന്നതിനും നീക്കം ചെയ്യുന്നതിനുമായി ഈ വാഹനം എൻഫോഴ്സ്മെന്റ് ഏജൻസികളുമായി പങ്കിടും.
അടിസ്ഥാനപരമായ ആശങ്കകളും യാഥാർത്ഥ്യവും
അതേ സമയം ഒരു ട്രയൽ റൺ പോലും നടത്താതെ പദ്ധതി നേരിട്ട് നടപ്പിലാക്കിയ സർക്കാർ തീരുമാനത്തിനെതിരെ വലിയ വിമർശനവും ജനങ്ങളിൽ നിന്ന് ഉയരുന്നുണ്ട്.
‘ഇതുപോലുള്ള ഒരു വലിയ പദ്ധതി നടപ്പിലാക്കുന്നതിന് മുമ്പ് ഒരു ട്രയൽ റൺ നടത്തേണ്ടതായിരുന്നു. എൻഫോഴ്സ്മെന്റ് ടീം എത്ര കാലം ഇവിടെ തങ്ങും? 30 ദിവസം, 60 ദിവസം, 90 ദിവസം? അതിനുശേഷം നമ്മൾ എങ്ങനെ സാഹചര്യം കൈകാര്യം ചെയ്യും? പിഴ ഈടാക്കുന്നതിനാൽ വാഹനം നഷ്ടപ്പെടുമെന്ന ഭയവുമുണ്ട്. ഈ പദ്ധതി എൻസിആറിൽ ഉടനീളം ഒരേസമയം നടപ്പിലാക്കണം’ ഡൽഹിയിലെ പെട്രോൾ ഡീലറായ നിശ്ചൽ സിംഘാനിയ പറയുന്നു.
‘ഈ നീക്കത്തെക്കുറിച്ച് അറിവില്ലാത്ത ആളുകൾക്ക് ഇത് ഒരു ബുദ്ധിമുട്ടാണ്. 15 മുതൽ 30 ദിവസം വരെ നീണ്ടുനിൽക്കുന്ന ഒരു ട്രയൽ റൺ അനിവാര്യമായിരുന്നു. ഒരാഴ്ച നീണ്ടുനിൽക്കുന്ന ട്രയൽ എങ്കിലും ആവിശ്യമായിരുന്നു. ജനങ്ങളിൽ, പ്രത്യേകിച്ച് വിദ്യാഭ്യാസമില്ലാത്തവരിൽ അവബോധം സൃഷ്ടിക്കാൻ സർക്കാർ ഒന്നും ചെയ്തിട്ടില്ല. ഡൽഹിയിലൂടെ സഞ്ചരിക്കുന്നവരെ ഇത് സാരമായി ബാധിക്കും’ മോഹിത് എന്ന യാത്രക്കാരൻ അഭിപ്രായപ്പെട്ടു.
ഈ നീക്കം എങ്ങനെ നടപ്പിലാക്കാമെന്നതിൽ തങ്ങൾക്ക് പരിശീലനം ലഭിച്ചിട്ടില്ലെന്ന് ഡൽഹിയിലെ ഗ്രീൻ പാർക്കിലെ ഇന്ധന പമ്പ് ജീവനക്കാർ പറഞ്ഞു. നല്ല രീതിയിൽ പരിപാലിക്കുന്ന പഴയ വാഹനങ്ങൾ ധാരാളം ഉണ്ട്, അവ പരിസ്ഥിതിക്ക് ദോഷകരമാകണമെന്നില്ല. അവയെക്കുറിച്ച് ശരിയായ പരിശോധന നടത്തണം, അല്ലാത്തപക്ഷം അത് ആളുകൾക്ക് വലിയ ധന നഷ്ടമുണ്ടാക്കും. കൂടാതെ, എല്ലാ ഡ്രൈവർമാർക്കും സാധുവായ ഒരു PUCC (മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ്) ഉണ്ടായിരിക്കണം ഒരു ഇരുചക്ര വാഹന യാത്രികനും അഭിപ്രായപ്പെട്ടു.
content summary: Petrol, diesel ban on old vehicles in Delhi starts today