July 13, 2025 |

രഹസ്യമായി ജാമ്യം നേടാമെന്ന് കരുതി, എന്നാൽ ഇത്തവണ ലിവിയയെ ഭാഗ്യം തുണച്ചില്ല; ഇനി ഉത്തരം ലഭിക്കേണ്ടത് എന്തിന് എന്ന ചോദ്യത്തിന്

അന്വേഷണ സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്

ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമയായ ഷീല സണ്ണിയെ വ്യാജലഹരിക്കേസിൽ കുടുക്കിയ കേസിൽ മരുമകളുടെ സഹോദരി ലിവിയയെ ഇക്കഴിഞ്ഞ ദിവസമാണ് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. കേസിൽ ആരോപിതയായ ഷീലയ്ക്ക് ഈയൊരു ദിവസത്തിന് വേണ്ടി യാതനയുടെ രണ്ട് വർഷക്കാലമാണ് താണ്ടേണ്ടി വന്നത്. ദുബായിൽ നിന്ന് മുംബൈയിൽ വിമാനമിറങ്ങിയപ്പോഴായിരുന്നു ലിവിയ പിടിയിലാവുന്നത്. കേരളത്തിലെത്തി മുൻകൂർ ജാമ്യം എടുക്കാനായിരുന്നു ലിവിയയുടെ പദ്ധതി. അതിനിടയിലാണ് പോലീസിന്റെ പിടിയിലാവുന്നത്. അന്വേഷണ സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

ലിവിയയെ പിടികൂടിയതിൽ സന്തോഷമെന്ന് അഴിമുഖത്തോട് പ്രതികരിച്ച് ഷീല സണ്ണി. ലിവിയയുടെ അറസ്റ്റ് രേഖപ്പെടുത്തി ചോദ്യം ചെയ്യുമ്പോഴായിരിക്കും കൂടുതൽ വിവരങ്ങൾ അറിയുക. ലിവിയയെ പിടികൂടിയതോടെ സംഭവത്തിലെ സത്യാവസ്ഥ പുറത്തുവരും. അതിന് വേണ്ടിയാണ് ഞാൻ കാത്തിരിക്കുന്നത്. കേസിലെ രണ്ടാം പ്രതിയും വ്യാജ മയക്കുമരുന്ന് കേസിലെ സൂത്രധാരനുമായ നാരായണദാസ് ഇപ്പോഴും റിമാന്റിലാണ്. ഈ സാഹചര്യത്തിൽ ജാമ്യം ലഭിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യാൻ ലിവിയയെ സഹായിച്ചത് ആരാണെന്ന കാര്യത്തിലും സംശയമുണ്ടെന്ന് ഷീല സണ്ണി വ്യക്തമാക്കി.

മകന്റെ വിവാഹം കഴിഞ്ഞ് ഒരു വർഷവും മൂന്ന് മാസവും പൂർത്തിയായ 2023ലെ ആ ഫെബ്രുവരി മാസത്തിലായിരുന്നു ഷീല സണ്ണിയുടെ ജീവിതമാകെ മാറ്റിമറിച്ച സംഭവമുണ്ടാവുന്നത്. ഷീലയുടേത് പോലെ തന്നെ ഒരു ഇടത്തരം കുടുംബം രണ്ട് പെൺമക്കൾ. മകന്റെ കൂട്ടുകാരന്റെ അമ്മ വഴി വന്ന ബന്ധത്തിൽ ആദ്യം താത്പര്യം തോന്നിയിരുന്നില്ലെങ്കിലും മകന്റെ ഇഷ്ടത്തിനസുരിച്ച് വിവാഹത്തിന് സമ്മതം മൂളുകയായിരുന്നു. എന്നാൽ തുടക്കത്തിലെ ആ താത്പര്യക്കുറവ് വിവാഹത്തിന് ശേഷം ഒരിക്കലും ഇരുവർക്കുമിടയിൽ ഉണ്ടായിട്ടില്ല. ഷീല സണ്ണിയുടെ മരുമകളുടെ അനിയത്തിയാണ് ലിവിയ. വളരെ ബോൾഡായ ഒരു പെൺകുട്ടി. വിവാഹ സമയത്തെ കാര്യങ്ങളെല്ലാം മുന്നിൽ നിന്ന് നോക്കി നടത്തിയിരുന്നത് അവളായിരുന്നു. ലിവിയയെക്കുറിച്ച് അന്ന് ഷീലയും കുടുംബവും കൂടുതൽ തിരക്കിയിരുന്നില്ല. ബാംഗ്ലൂരിൽ പഠിക്കുന്നുവെന്ന് മാത്രം അറിയാം. ഇതിനെക്കുറിച്ച് വീട്ടുകാർക്കും കൂടുതൽ വ്യക്തതയില്ലെന്ന് ഒരിക്കൽ സംസാരത്തിൽ മനസിലായിരുന്നതായി ഷീല സണ്ണി പറഞ്ഞു.

മകന്റെ വിവാഹത്തിന് ശേഷം കുറച്ചു തവണ ലിവിയ വീട്ടിൽ വന്ന് നിന്നിട്ടുണ്ട്. അന്നെല്ലാം വളരെ സ്നേഹത്തോടെയാണ് എന്നോട് ഇടപെട്ടിരുന്നത്. അവർക്ക് എന്നോട് വിദ്വേഷമുണ്ടാവുന്ന തരത്തിൽ യാതൊരു ഇടപെടലുകളും ഞാൻ നടത്തിയിരുന്നില്ലെന്ന് ഷീല സണ്ണി വ്യക്തമാക്കിയിരുന്നു. പിന്നെ എന്ത് കാരണത്തിന്റെ പുറത്താണ് ലിവിയയും നാരായണദാസും ചേർന്ന് തന്നെ കുടുക്കിയതെന്ന സംശത്തിലാണ് ഷീല സണ്ണി ഇപ്പോഴും. തനിക്ക് മുൻപരിചയമോ കേട്ടുകേൾവിയോ ഇല്ലാത്ത ഒരാൾ ഈ കേസിലെ കൂട്ടുപ്രതിയായതും ഷീലയെ ആശ്ചര്യപ്പെടുത്തി.

മയക്കുമരുന്ന് കൈവശം സൂക്ഷിച്ചുവെന്നാരോപിച്ച് ഷീല സണ്ണിയെ അറസ്റ്റ് ചെയ്യുന്നതിന്റെ തലേദിവസം മരുമകളും സഹോദരി ലിവിയയും വീട്ടിലുണ്ടായിരുന്നു. അറസ്റ്റ് ചെയ്ത് സമയത്ത് മകനാണ് ഭാര്യയുടെ അനിയത്തി ബാംഗ്ലൂരിലാണെന്ന വിവരം പറയുന്നത്. അപ്പോഴും ഷീല സണ്ണി മകനോട് തർക്കികുകയാണ് ചെയ്തത്. എന്നാൽ ജയിലില്‍ കിടക്കുന്ന സമയത്ത് ഓരോന്ന് കണക്ട് ചെയ്ത് ആലോചിക്കുന്ന സമയത്താണ് സംശയം ശക്തിപ്പെടുന്നത്. അറസ്റ്റ് ചെയ്യുന്നതിന്റെ തലേദിവസം തന്റെ വണ്ടി മരുമകളും അനിയത്തിയും ചേര്‍ന്ന് കൊണ്ട് പോയതെല്ലാം ഷീലയ്ക്ക് ഓര്‍മ്മ വരുന്നത് അപ്പോഴായിരുന്നു.

ഷീല കൈവശം മയക്കുമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന് പറഞ്ഞു കൊണ്ട് എക്സൈസിന് ലഭിച്ച ഫോൺ കോളിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഈ ഇന്റര്‍നെറ്റ് കോളിന്റെ ഉറവിടം പരിശോധിച്ചപ്പോഴാണ് നാരായണദാസിലേക്ക് എത്തുന്നത്. ഇതിനു പുറമേ ലിവിയയുടെ അക്കൗണ്ടില്‍ നിന്ന് ഇയാളുടെ അക്കൗണ്ടിലേക്ക് തിരിച്ചും പണം ട്രാന്‍സ്ഫര്‍ ചെയ്തിരിക്കുന്നതിന്റെയും തെളിവുകള്‍ ലഭിച്ചു അതോടെ ലിവിയയുടെ ബന്ധവും വ്യക്തമായി.

ഷീല സണ്ണി മരുമകളുടെ സ്ഥലം തട്ടിയെടുക്കാന്‍ നോക്കിയെന്ന് ലിവിയ പറഞ്ഞതായി ലിവിയയുടെ സ്പോൺസറും സംഭവത്തിന്റെ സൂത്രധാരനുമായ നാരായണദാസ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. ലിവിയയെയും മരുമകളെയും ചോദ്യം ചെയ്താല്‍ മാത്രമേ ഇതിന് പിന്നിലെ യഥാര്‍ത്ഥ കാരണം വ്യക്തമാവൂ അതിനുള്ള കാത്തിരുപ്പിലായിരുന്നു താനെന്ന് കണ്ട് മടങ്ങുമ്പോൾ ഷീല സണ്ണി പറഞ്ഞിരുന്നു. തനിക്ക് നീതി ലഭിക്കുമെന്ന് ഷീലയുടെ പ്രതീക്ഷ ഇനിയും അസ്തമിച്ചിട്ടില്ല.

content summary: Chalakudy fake drug case Prime suspect Liviya in custody, and the next question is Why did she frame Sheela Sunny?

Leave a Reply

Your email address will not be published. Required fields are marked *

×