ഓസ്ട്രേലിയയിൽ വിമാനാപകടം, പറന്നുയരുന്നതിനിടെ തകർന്നു വീണു; 3 പേർക്ക് ദാരുണാന്ത്യം

ബല്ലാററ്റിലേക്ക് പോകുകയായിരുന്ന സ്വകാര്യ വിമാനമാണ് അപകടത്തിൽപ്പെട്ടത്

ഷെൽഹാർബർ എയർപോർട്ടിൽ വെച്ച് നടന്ന വിമാന അപകടത്തിൽ മൂന്ന് പേർ മരിച്ചു. ന്യൂ സൗത്ത് വെയിൽസിലെ വോളോൻഗോങ്ങിന് അടുത്തുള്ള വിമാനത്താവളത്തിൽ ശനിയാഴ്ച രാവിലെയാണ് സംഭവം.

രാവിലെ 10 മണിയോടെ പറന്നുയർന്ന വിമാനം ഉടൻ തകരുകയും തീ പിടിക്കുകയുമാണ് ചെയ്തത്. ഇത് ബല്ലാററ്റിലേക്ക് പോകുകയായിരുന്ന ഒരു സ്വകാര്യ വിമാനമായിരുന്നു എന്ന് ലേക്ക് ഇല്ലാവാര പോലീസ് ഡിസ്ട്രിക്റ്റ് ചീഫ് ഇൻസ്‌പെക്ടർ ആരോൺ വുൻഡർലിച്ച് മാധ്യമങ്ങളോട് പറഞ്ഞു.

ഇത് അങ്ങേയറ്റം ദുഃഖകരമായ ഒരു സംഭവമാണെന്ന് വുൻഡർലിച്ച് പറഞ്ഞു. വിമാനത്തിൽ ഉണ്ടായിരുന്നത് ഏകദേശം ഒരേ പ്രായത്തിലുള്ള മൂന്ന് വ്യക്തികളായിരുന്നു ഇവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. “സംഭവത്തിൽ ഉൾപ്പെട്ട മൂന്ന് പേരെയും ഔദ്യോഗികമായി തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്, അതിനാൽ ഈ ഘട്ടത്തിൽ അവർ ആരാണെന്നോ, അവരുടെ പ്രായം, അല്ലെങ്കിൽ എവിടെ നിന്നുള്ളവരാണെന്നോ ഉള്ള വിവരങ്ങൾ പുറത്തുവിടാൻ എനിക്ക് കഴിയില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്തിൻ്റെ പടിഞ്ഞാറ് ഭാഗത്തുള്ള ബാത്തുർസ്റ്റിലേക്ക് ലക്ഷ്യം വച്ചായിരുന്നു സ്വകാര്യ വിമാനം പറന്നതെന്ന് ചീഫ് ഇൻസ്പെക്ടർ ആരോൺ വുൻഡർലിച്ച് പറഞ്ഞു. വിമാനം ടാർമാക്കിൽ നിന്ന് പറന്നുയർന്ന് ഏകദേശം 30 മീറ്റർ ഉയരത്തിൽ എത്തിയിരുന്നു, ആ ഘട്ടത്തിൽ, വിമാനം ഇടതുവശത്തേക്ക് ചരിഞ്ഞ് ടാർമാക്കിൽ ഇടിച്ചതായി ദൃക്സാക്ഷികൾ വ്യക്തമാക്കി. തറയിൽ ഇടിച്ചതിനെത്തുടർന്ന് വിമാനത്തിന് തീ പിടിക്കുകയും വിമാനത്തിലുണ്ടായിരുന്ന മൂന്ന് പേരും മരണപ്പെടുകയും ചെയ്തു. അപകടസമയത്ത് വിമാനത്തിലുണ്ടായിരുന്നവരിൽ ഒരാൾ ഉടമ ആയിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു.

അപകടം നടക്കുന്ന സമയത്ത് പ്രാദേശിക റൂറൽ ഫയർ സർവീസ് (RFS) യൂണിറ്റ് വിമാനത്താവളത്തിൽ പരിശീലനം നടത്തുകയായിരുന്നു. അതു കൊണ്ട് തന്നെ 10-15 റൽ ഫയർ സർവീസ് വോളൻ്റിയർമാരും വിമാനത്താവളത്തിലെ ഹിസ്റ്റോറിക്കൽ എയർക്രാഫ്റ്റ് റിസ്റ്റോറേഷൻ സൊസൈറ്റി മ്യൂസിയത്തിലെ അം​ഗങ്ങളും ഉടൻ തന്നെ രക്ഷാപ്രവർത്തനങ്ങൾക്കായി എത്തിയതായി ഫയർ ആൻഡ് റെസ്ക്യൂ എൻ.എസ്.ഡബ്ല്യു ഇൻസ്പെക്ടർ ആൻഡ്രൂ ബാർബർ വ്യക്തമാക്കി.

അവർ മിനിറ്റുകൾക്കുള്ളിൽ സംഭവസ്ഥലത്ത് എത്തിയെങ്കിലും, തീ അനിയന്ത്രിതമായതിനാൽ യാത്രക്കാരെ രക്ഷിക്കാൻ സാധിക്കാതെ വന്നതായി ആൻഡ്രൂ ബാർബർ കൂട്ടിച്ചേർത്തു. വിമാനം പറന്നുയർന്ന് സെക്കൻഡുകൾക്കകം അപകടം സംഭവിച്ചതായി ഓസ്ട്രേലിയൻ ട്രാൻസ്പോർട്ട് സേഫ്റ്റി ബ്യൂറോയുടെ ചീഫ് കമ്മീഷണർ ആംഗസ് മിച്ചൽ പറഞ്ഞു.

കാൻബെറയിൽ നിന്നും മെൽബണിൽ നിന്നുമുള്ള അന്വേഷകരെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്, അവർ ശനിയാഴ്ച ഉച്ചയോടെ അവിടെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. അപകടത്തിൻ്റെ കാരണം കണ്ടെത്താൻ സാധിച്ചിട്ടില്ല. അന്വേഷണത്തിന് സമയം വേണ്ടി വന്നേക്കും. എന്നാൽ, വിമാനത്തിൻ്റെ മെയിൻ്റനൻസ് രേഖകൾ ഉൾപ്പെടെ എല്ലാ ഡാറ്റയും പരിശോധിക്കുമെന്നും മിച്ചൽ പറഞ്ഞു. എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കാൻ കുറച്ച് സമയമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും വലിയ അപകടങ്ങളിലൊന്നാണിത്.

content summary: Plane crash during takeoff in Australia kills 3 people

WATCH ON YOUTUBE ; ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കകം തകർന്ന് വീണ് വിമാനം

https://www.youtube.com/shorts/UxLCkljVyYA

This post was last modified on October 11, 2025 12:21 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment