UPDATES

പി എം ആശ; കര്‍ഷകര്‍ക്കല്ല, വ്യാപാരികള്‍ക്ക് മാത്രം ഗുണമുണ്ടായ ഒരു പദ്ധതിയാണ് മോദി സര്‍ക്കാര്‍ രാജ്യത്ത് അടിച്ചേല്‍പ്പിച്ചത്

പരാജയപ്പെടുമെന്ന് ഉറപ്പായിരുന്നിട്ടും നടപ്പില്‍ വരുത്തിയ പദ്ധതി

                       

അഴിമതിക്ക് സാധ്യതയുണ്ടെന്ന ഒന്നിലധികം ആഭ്യന്തര മുന്നറിയിപ്പുകള്‍ അവഗണിച്ച് കൊണ്ടായിരുന്നു മോദി സര്‍ക്കാര്‍ ദേശീയതലത്തില്‍ കാര്‍ഷിക വില സംരക്ഷണ പദ്ധതി വിപുലീകരിച്ചതെന്ന് രേഖകള്‍. മധ്യപ്രദേശില്‍ പരാജയപ്പെട്ട പദ്ധതിയുടെ പരീക്ഷണമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിയതെന്നു കാണിക്കുന്ന ശക്തമായ തെളിവുകളാണ് ആഭ്യന്തര രേഖകള്‍ വെളിപ്പെടുത്തുന്നത്.

ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ മുന്നറിയിപ്പ് അവഗണിച്ചാണ് പദ്ധതി നടപ്പാക്കിയത്. അഴിമതിക്കാരായ വ്യാപാരികളെ സഹായിക്കാനാണ് പദ്ധതിയെന്നും കര്‍ഷകരെയല്ല പദ്ധതി ലക്ഷ്യം വയ്ക്കുന്നതും എന്ന വിമര്‍ശനം ഭൂരിഭാഗം സംസ്ഥാനങ്ങളും തുടക്കത്തിലെ ഉയര്‍ത്തിയിരുന്നു. എല്ലാ വിമര്‍ശനങ്ങളെയും അവഗണിച്ചു കേന്ദ്രസര്‍ക്കാര്‍ ഇത് സംസ്ഥാനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു.

പയര്‍വര്‍ഗങ്ങളുടെയും എണ്ണക്കുരുക്കളുടെയും വിലക്കയറ്റത്തില്‍ നിന്ന് കര്‍ഷകരെ സംരക്ഷിക്കാന്‍ എന്ന പേരില്‍, 2019 ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ആരംഭിച്ച ത്രിതല പ്രധാനമന്ത്രി ആശ പദ്ധതിയുടെ ഭാഗമായാണ് വിലക്കുറവ് പേയ്മെന്റ് സിസ്റ്റം (പിഡിപിഎസ്) എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന വില സംരക്ഷണ പദ്ധതി അവതരിപ്പിച്ചത്. സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം താങ്ങുവിലയേക്കാള്‍ (എംഎസ്പി) കര്‍ഷകര്‍ക്ക് വരുമാനം കുറയുന്ന സാഹചര്യത്തില്‍ വില വര്‍ദ്ധിപ്പിക്കുമെന്നും ഈ പദ്ധതി വാഗ്ദാനം ചെയ്തിരുന്നു.

മധ്യപ്രദേശ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച വില സംരക്ഷണ പദ്ധതി, ആരംഭിച്ച് ആറ് മാസത്തിനുള്ളില്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കുകയാണുണ്ടായത്. വ്യാപാരികള്‍ക്ക് വില ക്രമപ്പെടുത്താന്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പ്രക്രിയയില്‍ വന്ന ഒരു പിഴവാണ് ഇതിന് കാരണമായത്. എന്നിട്ടും മധ്യപ്രദേശ് സര്‍ക്കാരിന്റെ പദ്ധതി കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കുകയാണുണ്ടായത്.

ഇതുവരെ പുറത്തു വന്നിട്ടില്ലാത്ത ഔദ്യോഗിക രേഖകള്‍ ഉള്‍പ്പെടെയുള്ള കാബിനറ്റ് രേഖകളും ചൂണ്ടിക്കാണിക്കുന്നത് സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തിടുക്കം കാട്ടിയെന്നാണ്. നിതി ആയോഗിന്റെയും സംസ്ഥാന പദ്ധതി പരാജയപ്പെട്ടതിന്റെ കാരണം പരിശോധിക്കാന്‍ കേന്ദ്രം നിയോഗിച്ച പഠനവും ഉണ്ടായിട്ടും അതെല്ലാം കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുകയാണുണ്ടായത്.

ഭൂരിഭാഗം സംസ്ഥാനങ്ങളും പദ്ധതിയെ എതിര്‍ത്തിട്ടും പദ്ധതി പുനഃക്രമീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. പകരം, രൂപീകരണത്തില്‍ പിഴവുകള്‍ ഉണ്ടായിരുന്നിട്ടും പദ്ധതി നടപ്പിലാക്കാനുള്ള ഉത്തരവാദിത്തം സംസ്ഥാനങ്ങളുടെ മേല്‍ ചുമത്തുകയായിരുന്നുവെന്ന വിവരങ്ങളും രേഖകള്‍ വെളിപ്പെടുത്തുന്നു.

ഈ പദ്ധതി കോടിക്കണക്കിന് പാട്ടക്കാരായ കര്‍ഷകരെ ഒഴിവാക്കികൊണ്ട് ‘മറ്റൊരു പിശാചിനെ മറച്ചുപിടിച്ചു’ എന്ന ആഭ്യന്തര ആശങ്കകളെ മറികടക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുവെന്നും രേഖകള്‍ വെളിപ്പെടുത്തുന്നു. അതായത്, കര്‍ഷകന്റെ ഉല്‍പന്നത്തിന്റെ നാലിലൊന്ന് വരെയുള്ള നഷ്ടം മാത്രമേ ഇത് നികത്തുകയുള്ളൂ. ഉല്‍പ്പാദനത്തിന്റെ നാലിലൊന്ന് കവിയുന്ന കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഒരു സംസ്ഥാനം ആഗ്രഹിക്കുന്നുവെങ്കില്‍, മുഴുവന്‍ ബില്ലും ഒറ്റയ്ക്ക് അടയ്ക്കേണ്ടിവരും. കേന്ദ്രസര്‍ക്കാര്‍ ഒരു പിന്തുണയും നല്‍കില്ല. ഇതില്‍ നിന്നും കര്‍ഷകര്‍ക്ക് അവരുടെ മുഴുവന്‍ ഉല്‍പന്നങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കുന്നതിനെ തടയുന്നതിനാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത് മനസ്സിലാവും.

കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള ഉദ്ദേശ്യത്തെക്കുറിച്ച് സര്‍ക്കാര്‍ പരസ്യമായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ, അവരത് ആത്മാര്‍ത്ഥമായി ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്നതില്‍ ഉറപ്പില്ലായിരുന്നുവെന്ന് രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. കര്‍ഷകരുടെ വര്‍ദ്ധിച്ച വാങ്ങല്‍ ശേഷി മുതല്‍ പണപ്പെരുപ്പം വരെ ഉള്‍പ്പെടുന്ന കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ഗവണ്‍മെന്റ് ജാഗരൂകരായിരുന്നുവെന്ന് ആഭ്യന്തര രേഖകള്‍ വെളിപ്പെടുത്തുന്നു.

സാമ്പത്തിക വിദഗ്ധര്‍ക്ക് ഇത്തരം ചര്‍ച്ചകള്‍ സാധാരണമാണ്. എന്നാല്‍ കര്‍ഷകരുടെ കൈകളില്‍ കൂടുതല്‍ പണം നിക്ഷേപിക്കുന്നതിനും വിലക്കയറ്റം തടയുന്നതിനും ഏതെങ്കിലുമൊരു കാര്യം തിരഞ്ഞെടുക്കുന്നതില്‍ സര്‍ക്കാരിന് വ്യക്തതയില്ലാത്തത് കര്‍ഷകരെ പ്രതികൂലമായി ബാധിച്ചു. കര്‍ഷകര്‍ക്ക് ഉയര്‍ന്ന ആദായം വാഗ്ദാനം ചെയ്തിരുന്നെങ്കിലും കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഉപഭോക്തൃ വില അടിച്ചമര്‍ത്താനുള്ള പ്രതിജ്ഞാബദ്ധത സര്‍ക്കാരിനുണ്ടായിരുന്നില്ല.

ആദ്യം രാഷ്ട്രീയ ലാഭവിഹിതത്തിനായുള്ള നയം പ്രഖ്യാപിക്കുകയും പിന്നീട് അത് രൂപപ്പെടുത്തുകയും ചെയ്യുന്നതില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നിരന്തരം വിമര്‍ശനം നേരിടുന്നുണ്ട്. 2016-ല്‍, ഒറ്റരാത്രികൊണ്ട്, ഉയര്‍ന്ന മൂല്യമുള്ള കറന്‍സികളായ 500,1000 രൂപ നോട്ടുകളുടെ നിരോധനം, അവകാശപ്പെട്ട ലക്ഷ്യങ്ങളൊന്നും നല്‍കാതെ സാമ്പത്തിക അരാജകത്വത്തിലേക്ക് നയിച്ചത് അനുയോജ്യമായൊരു ഉദ്ദാഹരണമാണ്.

ദ്രുതഗതിയിലുള്ള നയരൂപീകരണം അഴിമതിക്കാരായ വ്യാപാരികള്‍ക്ക് പൊതുഫണ്ട് കീശയിലാക്കാന്‍ എങ്ങനെ അനുവദിച്ചുവെന്ന് റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവിന്റെ ഈ അന്വേഷണം കാണിക്കുന്നു. പക്ഷേ, ആത്യന്തികമായി, അഴിമതി നിറഞ്ഞ പദ്ധതി അതിന്റെ പാതയില്‍ തന്നെ നിന്നുപോവുകയായിരുന്നു, അത് പരിഷ്‌കരണം കൊണ്ടല്ല, മറിച്ച് സര്‍ക്കാരിന്റെ സ്വന്തം സാമ്പത്തിക കെടുകാര്യസ്ഥത കൊണ്ടായിരുന്നു എന്ന് മാത്രം.

നയപരമായ തെറ്റുകള്‍
2016 മുതല്‍ മോദി സര്‍ക്കാര്‍ പയറുവര്‍ഗങ്ങളുടെയും എണ്ണക്കുരുക്കളുടെയും ഉത്പാദനം വര്‍ധിപ്പിക്കാന്‍ കര്‍ഷകരെ പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങിയിരുന്നു. അതിനു കാരണം, മുന്‍ വര്‍ഷങ്ങളില്‍ ഇവയുടെ ഉല്‍പ്പാദനം കുറഞ്ഞത് വിപണിയില്‍ ഈ ഉല്‍പ്പന്നങ്ങളുടെ വില ഉയര്‍ത്തിയിരുന്നു എന്നതായിരുന്നു.

കേന്ദ്രസര്‍ക്കാര്‍ എണ്ണക്കുരുക്കള്‍ക്കും തിരഞ്ഞെടുത്ത പയര്‍വര്‍ഗങ്ങള്‍ക്കും മിനിമം താങ്ങുവില (എംഎസ്പി) ഉയര്‍ത്തി. കര്‍ഷകരില്‍ നിന്ന് ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായ വിലയാണ് എംഎസ്പി. ഗവണ്‍മെന്റിന്റെ ഉറപ്പായ വില കര്‍ഷകരെ കൂടുതല്‍ വളരാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു.

മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 2016-17 സാമ്പത്തിക വര്‍ഷത്തില്‍ പയറുവര്‍ഗങ്ങളുടെ ഉല്‍പ്പാദനം 41.5 ശതമാനവും എണ്ണക്കുരുക്കള്‍ 24 ശതമാനവും വര്‍ദ്ധിച്ചു.

അന്താരാഷ്ട്ര വിപണിയില്‍ നിന്ന് ഇവ രണ്ടും വലിയ അളവില്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. സര്‍ക്കാരിന്റെ ഈ നീക്കത്തെ അപ്പോള്‍ തന്നെ വിദഗ്ദ്ധര്‍ വിമര്‍ശിച്ചിരുന്നു. അതോടെ പയറുവര്‍ഗ്ഗങ്ങളും എണ്ണക്കുരുക്കളും ഇന്ത്യന്‍ വിപണിയില്‍ നിറഞ്ഞു കവിഞ്ഞു. തല്‍ഫലമായി, പല കര്‍ഷകരും തങ്ങളുടെ ഉല്‍പന്നങ്ങള്‍ പൊതു വിപണിയില്‍ മിനിമം താങ്ങുവിലയേക്കാള്‍ വളരെ താഴെയുള്ള വിലയ്ക്ക് വില്‍ക്കാന്‍ നിര്‍ബന്ധിതരായി.

സര്‍ക്കാര്‍ 2016 നവംബറില്‍ ഒറ്റരാത്രികൊണ്ട് ഉയര്‍ന്ന മൂല്യമുള്ള കറന്‍സിയുടെ 80% നഷ്ടപ്പെടുത്തിയത് പോലെ, സപ്ലൈ ഗ്ലട്ട് നല്‍കിയത് വിപരീത ഫലം മാര്‍ക്കറ്റില്‍ കൊണ്ട് വന്നു. പ്രാഥമിക തലങ്ങളില്‍ കാര്‍ഷിക വ്യാപാരം പ്രധാനമായും പണമായാണ് നടക്കുന്നത്. അതിനാല്‍, എണ്ണക്കുരുക്കളുടെയും പയര്‍വര്‍ഗങ്ങളുടെയും വിപണി കൂടുതല്‍ ഇടിഞ്ഞു.

ഇന്ത്യയിലെ പ്രാഥമിക പയറുവര്‍ഗങ്ങളുടെയും എണ്ണക്കുരുക്കളുടെയും കേന്ദ്രമായ മധ്യപ്രദേശിലെ കര്‍ഷകര്‍ രോഷാകുലരായി. മാസങ്ങള്‍ നീണ്ട വിലക്കുറവിനെക്കുറിച്ചുള്ള പരാതികള്‍ക്ക് ശേഷം, 2017 ജൂണില്‍, വിളകള്‍ക്ക് മെച്ചപ്പെട്ട കൂലി സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അവര്‍ തെരുവിലിറങ്ങി. എം എസ് സ്വാമിനാഥന്‍ അധ്യക്ഷനായ കര്‍ഷകര്‍ക്കായുള്ള 2006 ലെ ദേശീയ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത കണക്കനുസരിച്ചുള്ള സര്‍ക്കാര്‍ വില നല്‍കണമെന്നും തങ്ങളുടെ കടങ്ങള്‍ എഴുതിത്തള്ളണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.

അന്നത്തെ മുഖ്യമന്ത്രിയും ഇന്നത്തെ കേന്ദ്ര കൃഷിമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ അനങ്ങിയില്ല. തുടര്‍ന്ന്, കര്‍ഷകരും പോലീസും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലിലേക്ക് കാര്യങ്ങളെത്തി. 2017 ജൂണ്‍ 6 ന് പോലീസ് വെടിവയ്പ്പില്‍ ആറ് കര്‍ഷകര്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെ സംസ്ഥാനത്തെ കര്‍ഷകരുടെ മനസ്സ് ശാന്തമാക്കാന്‍ 2017 സെപ്റ്റംബറില്‍ സര്‍ക്കാര്‍ ഭവന്തര്‍ ഭുഗ്തന്‍ യോജന അഥവാ വിലക്കുറവ് പേയ്മെന്റ് സംവിധാനം പ്രഖ്യാപിച്ചു.

പദ്ധതി പ്രകാരം, കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള മാര്‍ക്കറ്റുകളില്‍ മാത്രമേ വില്‍ക്കാന്‍ കഴിയുകയുള്ളു, എന്നാല്‍ സര്‍ക്കാര്‍ കര്‍ഷകരില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ വാങ്ങില്ല. മാര്‍ക്കറ്റ് വില എംഎസ്പിയില്‍ താഴെയാണെങ്കില്‍, വില്‍പ്പന വിലയും എംഎസ്പിയും തമ്മിലുള്ള വ്യത്യാസം നല്‍കാമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തു.

ആറുമാസം മാത്രം പ്രവര്‍ത്തിച്ച പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിച്ചു. പദ്ധതിയിലും വിപണി വിലയിലും കൃത്രിമം കാണിച്ചാണ് വ്യാപാരികള്‍ പദ്ധതി ഇല്ലാതാക്കിയത്. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങുമെന്നറിഞ്ഞ വ്യാപാരികള്‍ കര്‍ഷകരില്‍നിന്ന് ഉല്‍പന്നങ്ങള്‍ വളരെ കുറഞ്ഞ വിലയ്ക്ക് വാങ്ങാന്‍ കൂട്ടുനിന്നു. കൃത്രിമമായി അടിച്ചമര്‍ത്തപ്പെട്ട വിപണി വിലയും എംഎസ്പിയും തമ്മിലുള്ള വ്യത്യാസത്തിന് കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതില്‍ സര്‍ക്കാര്‍ ഉയര്‍ന്ന ബില്ല് നല്‍കി. പദ്ധതി നിര്‍ത്തലാക്കിയതോടെ വില ഉയര്‍ന്നതായി വിദഗ്ധരും പ്രതിപക്ഷവും ചൂണ്ടിക്കാട്ടി.

എന്നാല്‍ ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശില്‍ ഈ പദ്ധതി തകിടം മറിഞ്ഞു കൊണ്ടിരിക്കെ, മോദി സര്‍ക്കാര്‍ അത്തില്‍ ഒരു ഫാന്‍സി എലമെന്റ് കണ്ടെത്തി.

അപ്പോഴത്തെ കേന്ദ്ര ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്ലി തന്റെ 2018-19 ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞത്, ”കാര്‍ഷിക ഉല്‍പന്ന വിപണിയുടെ വില മിനിം താങ്ങുവിലയെക്കാള്‍ കുറവാണെങ്കില്‍, സര്‍ക്കാര്‍ ഒന്നുകില്‍ മിനിമം താങ്ങുവിലയ്ക്ക് ഉത്പന്നങ്ങള്‍ വാങ്ങുകയോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും സംവിധാനത്തിലൂടെ കര്‍ഷകര്‍ക്ക് എംഎസ്പി ഉറപ്പാക്കുന്നതിന് പ്രവര്‍ത്തിക്കുകയോ ചെയ്യേണ്ടത് അത്യാവശ്യമാണ്” എന്നായിരുന്നു.

‘നിതി ആയോഗ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചിച്ച് കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ക്ക് മതിയായ വില ലഭിക്കുന്നതിന് ഒരു ഫൂള്‍ പ്രൂഫ് സംവിധാനം ഏര്‍പ്പെടുത്തുമെന്നും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബജറ്റ് പ്രസംഗം കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷം, പയറുവര്‍ഗങ്ങളുടെയും എണ്ണക്കുരുക്കളുടെയും കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കുന്നതിന് മൂന്ന് ഓപ്ഷനുകള്‍ അടങ്ങിയ ഒരു കത്ത് കേന്ദ്ര കൃഷി മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും അയച്ചു. 1) സംസ്ഥാനങ്ങള്‍ വിജ്ഞാപനം ചെയ്യുന്ന വിലയ്ക്ക് വിളകളുടെ വികേന്ദ്രീകൃത സംഭരണം, സംസ്ഥാനങ്ങള്‍ക്ക് നഷ്ടം തിരിച്ചുനല്‍കുന്നു, 2) വിലക്കുറവ് പേയ്‌മെന്റ് സംവിധാനം ഉപയോഗിക്കുക, അല്ലെങ്കില്‍ 3) എംഎസ്പിയില്‍ വിളകള്‍ വാങ്ങാന്‍ സ്വകാര്യ വ്യാപാരികളെ കൊണ്ടുവരിക എന്നിവയായിരുന്നു കത്തിന്റെ ഉള്ളടക്കം.

രാജ്യത്തുടനീളം പിഡിപിഎസ് നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ പദ്ധതി മധ്യപ്രദേശ് മാതൃകയിലാണെന്ന് ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു.

Pm Aasha scheme

മധ്യപ്രദേശ് പദ്ധതിയില്‍ പിഴവുണ്ടായതായി മുതിര്‍ന്ന കര്‍ഷക അവകാശ പ്രവര്‍ത്തക കവിത കുറുഗന്തി പറയുന്നു. എന്നാല്‍ ഹരിയാന ഈ പദ്ധതി കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ നടപ്പാക്കിയിട്ടുണ്ട്. പിഡിപിഎസ് ഒരു ആശയമെന്ന നിലയില്‍ മോശമല്ല, പക്ഷെ , മധ്യപ്രദേശ് അത് നടപ്പിലാക്കിയ രീതി മോശമായിരുന്നു. ഓരോ കര്‍ഷകന്റയും വിലക്കമ്മി അളക്കുന്നതിനുപകരം, പഞ്ചായത്തുകളെ ഭൂമിശാസ്ത്രപരമായ യൂണിറ്റുകളാക്കി വിള ഇന്‍ഷുറന്‍സ് പദ്ധതികള്‍ പോലെ പദ്ധതി രൂപകല്പന ചെയ്യാം,’ അവര്‍ കൂട്ടിച്ചേര്‍ത്തു.

ബിജെപി ഭരിക്കുന്ന ഹരിയാന സര്‍ക്കാരും പിഡിപിഎസിന്റെ സ്വന്തം പതിപ്പ് നടപ്പാക്കിയിരുന്നു. ആശയം ഏറെക്കുറെ സമാനമായിരുന്നുവെങ്കിലും, ഹരിയാനയുടെ പദ്ധതി കാര്‍ട്ടലൈസേഷന്റെയും അമിതമായ അധികാര ഉപയോഗങ്ങളുടെയും അപകടസാധ്യത കുറയ്ക്കുന്ന തരത്തിലുള്ള മെച്ചപ്പെടുത്തലുകള്‍ നടത്തിയിരുന്നു.

പക്ഷേ, പകരം അഴിമതി നിറഞ്ഞ മധ്യപ്രദേശ് മാതൃകയിലാണ് കേന്ദ്രസര്‍ക്കാര്‍ ഉറച്ചുനിന്നത് .

2018 മാര്‍ച്ചില്‍, സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പ്രകാരം നിതി ആയോഗ് 22 സംസ്ഥാനങ്ങളുമായും നാല് കേന്ദ്ര ഭരണ പ്രദേശങ്ങളുമായും എംഎസ്പി മോഡലുകളെ കുറിച്ച് കൂടിയാലോചന നടത്തി. 4 സംസ്ഥാനങ്ങള്‍ മാത്രമാണ് പിഡിപിഎസ് നടപ്പിലാക്കാന്‍ സമ്മതിച്ചത്. ബാക്കിയുള്ളവ, ഈ ആശയം നിരസിച്ചു. ഉത്തര്‍പ്രദേശ് വിമര്‍ശനാത്മകമായിരുന്നു പ്രതികരിച്ചത്. ‘യഥാര്‍ത്ഥ വിലയുടെ പരിണാമത്തെ തളര്‍ത്തുന്ന കാര്‍ട്ടലൈസേഷന്‍ പ്രശ്‌നം കാരണം സംസ്ഥാനം പിഡിപിഎസ് (ഭവന്തര്‍) നടപ്പിലാക്കുന്നതിനെ അനുകൂലിക്കുന്നില്ല’ എന്നായിരുന്നു ഉത്തര്‍പ്രദേശിന്റെ നിലപാട്.

p m asha scheme

ബിജെപി ഭരിക്കുന്ന മറ്റൊരു സംസ്ഥാനം, ഈ പദ്ധതി അഴിമതിയിലേക്ക് നയിക്കുവെന്ന മുന്നറിയിപ്പ് ബിജെപി ഭരിക്കുന്ന മറ്റൊരു സംസ്ഥാനത്തിന് നല്‍കുകയായിരുന്നു. സര്‍ക്കാരുകള്‍ അഴിമതിയെക്കുറിച്ച് തുറന്നു പറയുന്നത് അപൂര്‍വമാണ്, പ്രത്യേകിച്ചും അത് ഒരേ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനമാണെങ്കില്‍.

മറ്റ് സംസ്ഥാനങ്ങളില്‍ ഭൂരിഭാഗവും സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ച എംഎസ്പിയില്‍ കര്‍ഷകരില്‍ നിന്ന് യഥാര്‍ത്ഥത്തില്‍ ഉല്‍പ്പന്നങ്ങള്‍ സംഭരിക്കുന്ന മാതൃകയെ അനുകൂലിക്കുകയായിരുന്നു. സംസ്ഥാനങ്ങള്‍ നടത്തുന്ന ഇത്തരം സംഭരണച്ചെലവ് കേന്ദ്രം ഭാഗികമായി വഹിക്കും.

വിചിത്രമായ ശുപാര്‍ശ
നീതി ആയോഗ് ഇരട്ടത്താപ്പ് കളിക്കുകയായിരുന്നു. പിഡിപിഎസ് അല്ലെങ്കില്‍ വികേന്ദ്രീകൃത സംഭരണ മാതൃക തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് നല്‍കുമ്പോള്‍ തന്നെ പിഡിപിഎസ് മോഡല്‍ വര്‍ദ്ധിപ്പിക്കാനും ശുപാര്‍ശ ചെയ്തു.

നിതി ആയോഗ് പിഡിപിഎസ് മാതൃക ശുപാര്‍ശ ചെയ്തപ്പോഴും ഈ പദ്ധതി അഴിമതിക്കും വ്യാപാരികളുടെ കൃത്രിമത്വത്തിനും സാധ്യതയുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. കര്‍ഷകര്‍ക്ക് എണ്ണക്കുരുക്കളുടെയും പയര്‍വര്‍ഗങ്ങളുടെയും ഫാം ഗേറ്റ് വില വര്‍ധിപ്പിക്കുക എന്നതില്‍ പദ്ധതി പരാജയപ്പെടാന്‍ സാധ്യതയുണ്ടെന്ന് അവര്‍ സമ്മതിച്ചിരുന്നു.

സര്‍ക്കാര്‍ നല്‍കുന്ന വിലയിലെ അന്തരം മുതലെടുക്കാന്‍ വ്യാപാരികള്‍ വില കൃത്രിമം നടത്താനുള്ള സാധ്യതയുണ്ടെന്ന് നിതി ആയോഗ് സമ്മതിച്ചു.

കര്‍ഷകര്‍ക്ക് പ്രയോജനം ചെയ്യുന്ന ഒരു പദ്ധതിയിലൂടെ, അതിന്റെ പ്രയോജനങ്ങള്‍ വ്യാപാരികളുടെ പോക്കറ്റിലേക്ക് എത്തുമെന്ന് ഉദ്യോഗസ്ഥ തലത്തില്‍ ഒരു ഗവണ്‍മെന്റ് സമ്മതിക്കുന്ന കാഴ്ചയായിരുന്നു അത്.

അത്തരം തിരിച്ചറിവുകളുടെ വെളിച്ചത്തില്‍, വില പിന്തുണ സംവിധാനം ഒരു ഓപ്ഷന്‍ ആയി മുന്നോട്ട് പോകാനുള്ള നിതി ആയോഗിന്റെ ശുപാര്‍ശ വിചിത്രമായിരുന്നു. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതും വിശ്വസനീയമായതുമായിട്ടുള്ള ഈ മേഖലയിലെ വിദഗ്ധര്‍ നേരത്തെ തന്നെ മധ്യപ്രദേശ് മോഡലിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നതുമാണ്.

പദ്ധതി കര്‍ഷകരെ സഹായിക്കില്ലെങ്കിലും, മറ്റ് മാര്‍ഗങ്ങളെക്കാള്‍ കുറഞ്ഞ ചെലവില്‍ കര്‍ഷകര്‍ക്ക് പ്രയോജനകരമാകുമെന്നാണ് നിതി ആയോഗ് അതിന്റെ കുറിപ്പുകളില്‍ ന്യായീകരിച്ചത്.

ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ഇന്റര്‍നാഷണല്‍ ഇക്കണോമിക് റിലേഷന്‍സിലെ ഗവേഷകരോടൊപ്പം മുന്‍ കേന്ദ്ര കൃഷി സെക്രട്ടറി സിറാജ് ഹുസൈന്‍ മധ്യപ്രദേശ് പദ്ധതിയെക്കുറിച്ച് 2018 ഏപ്രിലില്‍ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തില്‍ പറയുന്നത് ഇങ്ങനെയാണ്; ‘വ്യാപാരികളും താഴെത്തട്ടിലുള്ള മണ്ഡി പ്രവര്‍ത്തകരും ഈ പദ്ധതിയില്‍ കൃത്രിമം കാണിക്കാന്‍ സാധ്യതയുള്ളതാണ്, മാത്രമല്ല ഗവണ്‍മെന്റിന്റെ മികച്ച ഉദ്ദേശ്യങ്ങള്‍ ഉണ്ടായിരുന്നിട്ടും കര്‍ഷകരെക്കാള്‍ കൂടുതല്‍ അവരെ സഹായിക്കുന്നതിലേക്ക് ഈ പദ്ധതി അവസാനിച്ചേക്കാം’.

അഴിമതി കൂടാതെ, സംസ്ഥാനത്തെ കര്‍ഷകരില്‍ ഒരു വിഭാഗം മാത്രമേ പദ്ധതിയില്‍ ഒപ്പിട്ടിട്ടുള്ളൂവെന്നും ഗവേഷകര്‍ കണ്ടെത്തി. പദ്ധതി മൊത്തത്തില്‍ പ്രശ്‌നം നിറഞ്ഞതായിരുന്നുവെന്നും, കര്‍ഷകര്‍ക്ക് എന്തെങ്കിലും പ്രയോജനം ലഭിക്കുന്നതിന് അത് തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഭാരമേറിയ രജിസ്‌ട്രേഷന്‍ പ്രക്രിയ ഈ പദ്ധതിയില്‍ നിന്നും കര്‍ഷകരെ അകറ്റി നിര്‍ത്തിയിരുന്നു.

ഭൂമി, ഉടമസ്ഥാവകാശം, ആധാര്‍ നമ്പര്‍, ബാങ്ക് അകൗണ്ട്, കൃഷി ചെയ്ത വിള എന്നിവയുടെ വിശദാംശങ്ങള്‍ വെബ്സൈറ്റില്‍ കര്‍ഷകര്‍ ആദ്യം രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. അതും എട്ട് വിളകളുടെ പരിമിതമായ തെരഞ്ഞെടുപ്പ് മാത്രമേ അനുവദിച്ചിരുന്നുള്ളു. തുടര്‍ന്ന് അവരുടെ ഉല്‍പ്പന്നങ്ങള്‍ ഗവണ്‍മെന്റ് നോട്ടിഫൈഡ് മാര്‍ക്കറ്റുകളില്‍ (എപിഎംസി) വില്‍ക്കുകയും അവയുടെ വില്‍പ്പന വില സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുക.

ദേശീയതലത്തില്‍ മദ്ധ്യപ്രദേശ് മോഡല്‍ ഉയര്‍ത്തിപ്പിടിക്കുന്നത് പരാജയമാണെന്നതിന്റെ തെളിവുകളും ഉത്തര്‍പ്രദേശിന്റെ ഉപദേശവും ഭൂരിപക്ഷം സംസ്ഥാനങ്ങളുടെയും സംവരണവും, അവയുടെ പഴുതുകള്‍ ചൂണ്ടിക്കാണിക്കുന്ന സ്വതന്ത്ര വിദഗ്ധ അവലോകനങ്ങളും കേന്ദ്രസര്‍ക്കാര്‍ അവഗണിച്ചു.

ആശയത്തിന് ഒരു ഔപചാരിക രൂപം നല്‍കികൊണ്ട് ബാറ്റണ്‍ അപ്പോള്‍ കൃഷി മന്ത്രാലയത്തിന്റെ പക്കലായിരുന്നു. അവരും പിഎം ആശ’ പദ്ധതിയാണ് നിര്‍ദ്ദേശിച്ചത്. മന്ത്രാലയങ്ങള്‍ തമ്മിലുള്ള കൂടിയാലോചനകള്‍ക്കായി നിര്‍ദ്ദിഷ്ട പദ്ധതിയുടെ വിശദാംശങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു.

മൂന്നു ആശയങ്ങളെ ഉള്‍പ്പെടുത്തിയുള്ള ഒരു അമ്പ്രല്ല സ്‌കീം ആയിരുന്നു പിഎം ആശ പദ്ധതി. ആദ്യത്തേത് കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ട് വാങ്ങുന്ന ദശാബ്ദങ്ങള്‍ പഴക്കമുള്ള നേരിട്ടുള്ള സംഭരണ പദ്ധതിയാണ്. രണ്ടാമത്തേത് മധ്യപ്രദേശിലെ ഭവന്തര്‍ ഭുഗ്തന്‍ യോജനയെ അടിസ്ഥാനമാക്കിയുള്ള ഒരു പിഡിപിഎസ് സ്‌കീമും മൂന്നാമത്തേത് എംഎസ്പിയില്‍ കര്‍ഷകരില്‍ നിന്ന് വാങ്ങുന്ന സ്വകാര്യ കമ്പനികളുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കുന്നതിനുള്ള പൈലറ്റ് സ്‌കീമും ആയിരുന്നു.

അതിശയകരമെന്നു പറയട്ടെ, മിക്കവാറും എല്ലാ സംസ്ഥാനങ്ങളും ആഗ്രഹിച്ചിരുന്ന വികേന്ദ്രീകൃത സംഭരണ മാതൃകയാണ് നഷ്ടപ്പെട്ടത്. നിതി ആയോഗുമായുള്ള കൂടിയാലോചനയില്‍ തങ്ങള്‍ മുന്‍ഗണന നല്‍കിയെന്ന് മിക്ക സംസ്ഥാനങ്ങളും പറഞ്ഞ ഈ മാതൃക എന്തുകൊണ്ടാണ് അവര്‍ ഉപേക്ഷിച്ചതെന്ന് സര്‍ക്കാര്‍ വിശദീകരിച്ചില്ല. പകരം, സംസ്ഥാനങ്ങള്‍ വികലമാണെന്ന് പരക്കെ വിമര്‍ശിച്ച, ഏറ്റവും ജനപ്രീതി കുറഞ്ഞ പിഡിപിഎസ് മോഡല്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ചു.

പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് കാലഘട്ടം മുതല്‍ തന്നെ, സ്വന്തം വ്യതിരിക്തമായ ബജറ്റില്‍ പൊതു സംഭരണ പദ്ധതി നിലവിലുണ്ടെങ്കിലും, സ്വകാര്യ സ്റ്റോക്കിസ്റ്റ് പദ്ധതി ഇന്ത്യയിലുടനീളമുള്ള എട്ട് ജില്ലകളില്‍ മാത്രം പരിമിതമായ പൈലറ്റായി വിഭാവനം ചെയ്യപ്പെട്ടു. ഫലത്തില്‍, സര്‍ക്കാര്‍ ആദ്യമായി രാജ്യവ്യാപകമായി അവതരിപ്പിക്കുന്ന ഒരേയൊരു പുതിയ പദ്ധതി പിഡിപിഎസ് സ്‌കീമാണ് അതും അഴിമതി നിറഞ്ഞ മധ്യപ്രദേശ് മോഡല്‍.

2018 ഏപ്രിലില്‍ നടന്ന ഇന്റര്‍ മിനിസ്റ്റീരിയല്‍ കണ്‍സള്‍ട്ടേഷനുകളില്‍ രണ്ട് മന്ത്രാലയങ്ങളും പ്രധാനമന്ത്രിയുടെ ഓഫീസും മധ്യപ്രദേശ് പദ്ധതി വിലയിരുത്തിയിട്ടുണ്ടോ എന്ന് കൃഷി മന്ത്രാലയത്തോട് ചോദിച്ചു. മറുപടിയായി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ഗ്രോത്തിന്റെ മൂല്യനിര്‍ണ്ണയം നടക്കുന്നുണ്ടെന്നും പിഎം ആശ ആരംഭിക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ്, 2018 ഓഗസ്റ്റില്‍ മാത്രമേ മൂല്യനിര്‍ണ്ണയം സമര്‍പ്പിക്കുകയുള്ളൂവെന്നും മന്ത്രാലയം അറിയിച്ചു.

പദ്ധതിയോട് ആദ്യം മൃദുസമീപനം പുലര്‍ത്തിയിരുന്ന നിതി ആയോഗ് ഇപ്പോള്‍ മധ്യപ്രദേശ് മോഡലിനെതിരെ കാര്‍ഷിക മന്ത്രാലയത്തിന് മുന്നറിയിപ്പ് നല്‍കുകയായിരുന്നു.

പദ്ധതി രാജ്യവ്യാപകമായി നടപ്പാക്കുന്നതിന് മുമ്പ് ‘പ്രധാനമായ തയ്യാറെടുപ്പുകള്‍’ ആവശ്യമാണെന്ന് അവര്‍ സര്‍ക്കാരിനോട് പറഞ്ഞു. ‘ഈ തയ്യാറെടുപ്പുകള്‍ ഇല്ലെങ്കില്‍, വ്യാപാരികളും കര്‍ഷകരും തമ്മിലുള്ള അവിഭാജ്യ ബന്ധത്തില്‍ നിന്ന് ഈ പദ്ധതിക്ക് കാര്യമായ പോരായ്മകള്‍ ഉണ്ടാകാം. ഈ സ്‌കീമിന് കാര്‍ഷിക വിലയില്‍ താഴോട്ട് പോകാനുള്ള സാധ്യത നിലനില്‍ക്കുന്നതാണ് അവര്‍ ചൂണ്ടിക്കാട്ടി.

കൃഷി മന്ത്രാലയം പദ്ധതി നടത്തിപ്പ് ചുമതല പൂര്‍ണ്ണമായും സംസ്ഥാനങ്ങള്‍ക്ക് കൈമാറാനാണ് തീരുമാനിച്ചത്.

”സംസ്ഥാനങ്ങള്‍ അവരുടെ വിപണിയെ ശക്തിപ്പെടുത്തുകയും സംസ്ഥാന തലത്തില്‍ ശരിയായ നിരീക്ഷണ സംവിധാനം വികസിപ്പിക്കുകയും വേണം. കേന്ദ്ര സര്‍ക്കാരിന് കൈത്താങ്ങ് സഹായം നല്‍കാം,” കൃഷി മന്ത്രാലയം മറുപടിയില്‍ പറഞ്ഞു. പദ്ധതി ആരംഭിക്കാനും അത് നടപ്പിലാക്കാനും അതിലെ വീഴ്ചകള്‍ പരിഹരിക്കാനും താല്‍പ്പര്യം കാണിക്കാത്ത ഭൂരിഭാഗം സംസ്ഥാനങ്ങളും ഇത് പ്രതീക്ഷിച്ചിരുന്നു.

സ്വന്തമായി ഭൂമിയില്ലാത്ത, കൃഷിച്ചെലവിന്റെ ഭൂരിഭാഗവും വഹിക്കുന്ന ഓഹരി കര്‍ഷകര്‍ക്ക് എന്ത് സംഭവിക്കുമെന്ന് അറിയാന്‍ ധനമന്ത്രാലയം ആഗ്രഹിച്ചു. ഇന്ത്യയില്‍, ഭൂരിഭാഗം കര്‍ഷകരും ഓഹരി കൃഷിക്കാരായോ, കുടിയാന്‍ കര്‍ഷകരായോ, കര്‍ഷകത്തൊഴിലാളികളായോ ജോലി ചെയ്യുന്നവരാണ്.

പിഡിപിഎസിന് കീഴിലുള്ള സര്‍ക്കാര്‍ തുക ലഭിക്കുന്നതിന്, ഓരോ കര്‍ഷകനും തങ്ങള്‍ക്ക് എത്ര ഭൂമിയുണ്ട് എന്നതിന്റെ വിശദാംശങ്ങളും മറ്റ് വിശദാംശങ്ങളും രേഖപ്പെടുത്തണം. പ്രദേശത്തെ വിളയുടെ ശരാശരി വിളവ് അടിസ്ഥാനമാക്കി, ഓരോ കര്‍ഷകനും എത്രമാത്രം ഉത്പാദിപ്പിക്കാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ കണക്കാക്കുന്നു.

ഈ പദ്ധതി പാട്ടത്തിനെടുക്കുന്ന കര്‍ഷകരെയോ പങ്കാളിത്തക്കാരെയോ ഉള്‍പ്പെടുത്തില്ലെന്ന് മറുപടിയായി കൃഷി മന്ത്രാലയം സമ്മതിച്ചു. ”നിര്‍ദ്ദിഷ്ട സ്‌കീം വാടക/ഭൂമി പാട്ടത്തിനെടുക്കുന്ന വെല്ലുവിളികള്‍ക്ക് ഒരു പരിഹാരം നിര്‍ദ്ദേശിക്കുന്നില്ല,” അത് വ്യക്തമാക്കിക്കൊണ്ട് മറുപടി നല്‍കി.

പിഡിപിഎസ് പദ്ധതി പാവപ്പെട്ട കര്‍ഷകരുടെ പോക്കറ്റില്‍ കൂടുതല്‍ പണം നിക്ഷേപിച്ച് സാധനങ്ങളുടെയും സേവനങ്ങളുടെയും വില പെട്ടെന്ന് വര്‍ധിപ്പിക്കുമെന്ന ആശങ്കയിലാണ് ഉപഭോക്തൃകാര്യ വകുപ്പ്.

‘നിര്‍ദിഷ്ട ഇടപെടലിന്റെ പണപ്പെരുപ്പ ആഘാതം കുറയ്ക്കുകയും പണപ്പെരുപ്പ പ്രത്യാഘാതങ്ങള്‍ കുറയ്ക്കുന്നതിനുള്ള അത്തരം സമാന്തര ഇടപെടലുകള്‍ ഒരേസമയം അഭിസംബോധന ചെയ്യുകയും വേണം,’ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

‘എംഎസ്പിയുടെ വര്‍ദ്ധനവ് ഭക്ഷ്യ വിലക്കയറ്റത്തെ ബാധിക്കും’ എന്ന് കാര്‍ഷിക മന്ത്രാലയം പറഞ്ഞു, എന്നാല്‍ പദ്ധതി ഉത്തരവ് ‘കര്‍ഷകര്‍ക്ക് എംഎസ്പി ഉറപ്പാക്കാന്‍’ മാത്രമായതിനാല്‍ അതിനെ സഹായിക്കാന്‍ കഴിഞ്ഞില്ല. പണപ്പെരുപ്പത്തിന്റെ വെല്ലുവിളികള്‍ അവര്‍ കൂട്ടിച്ചേര്‍ത്തു, പക്ഷെ, ഇപ്പോഴും അത് നിലനില്‍ക്കുന്നുണ്ട്.

PM Aasha scheme

റിപ്പോര്‍ട്ടിന് വകുപ്പുതല ശുപാര്‍ശകള്‍ ലഭിച്ചെങ്കിലും, പദ്ധതി താല്‍ക്കാലികമായി നിര്‍ത്തി പുനഃപരിശോധന നടത്താന്‍ സര്‍ക്കാരിനെ സ്വാധീനിക്കാന്‍ ശക്തമായവ ലഭിച്ചില്ല.

യഥാര്‍ത്ഥത്തില്‍ ഈ പദ്ധതി എങ്ങനെയായിരിക്കുമെന്ന് ചൂണ്ടിക്കാണിക്കുന്ന ഒരു ഗവേഷണ പ്രബന്ധവും അവതരിപ്പിച്ചിരുന്നു.

ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ ഇന്റര്‍നാഷണല്‍ ഇക്കണോമിക് റിലേഷന്‍സ് 2018 ഏപ്രിലില്‍, ലോഞ്ച് ചെയ്യുന്നതിന് 4 മാസം മുമ്പ് പ്രസിദ്ധീകരിച്ച ഒരു പേപ്പറില്‍ മധ്യപ്രദേശ് പദ്ധതി ദേശീയതലത്തില്‍ വിപുലീകരിക്കുന്നതിനുള്ള ചെലവ് വിശകലനം ചെയ്തിട്ടുണ്ട്.

രണ്ട് സാധ്യത വഴികള്‍ അവര്‍ പ്രവചിച്ചു. ആദ്യത്തേത്, കേന്ദ്രസര്‍ക്കാര്‍ പദ്ധതി രാജ്യവ്യാപകമാക്കുകയും കര്‍ഷകര്‍ക്ക് എല്ലാ വിളകളുടെയും വിലക്കമ്മി നികത്തുകയും ചെയ്യുന്നുതാണ്. എന്നാല്‍ ഇതിന്റെ ചെലവ് ‘അമ്പരപ്പിക്കുന്നതാണ്’.

രണ്ടാമത്തേത്, പദ്ധതി പാതി വെന്ത അവസ്ഥയില്‍ മാത്രമേ സാധ്യമാകുകയുള്ളുവെന്നും അവര്‍ പറഞ്ഞു. ”ഇവിടെ, സ്‌കീമിന് വലിയ ചിലവ് വരില്ല, കടലാസില്‍, സ്‌കീം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ഒരാള്‍ക്ക് പറയാം, പക്ഷേ യഥാര്‍ത്ഥത്തില്‍ വലിയ മാറ്റമൊന്നും ഉണ്ടാകില്ല,” അവര്‍ കൂട്ടിച്ചേര്‍ത്തു.

ഒടുവില്‍, രണ്ടാമത്തേത് തന്നെ രംഗത്തേക്ക് വന്നു.

പരാജയപ്പെടാനായുള്ള രൂപകല്‍പ്പന
പദ്ധതിയുടെ പോരായ്മകളെക്കുറിച്ച് മോദി സര്‍ക്കാരിന് കാര്യമായ അറിവുണ്ടായിരുന്നു, കൂടാതെ പ്രശ്‌നങ്ങള്‍ പ്രവചിക്കുന്ന വിദഗ്ധ അഭിപ്രായങ്ങളും പഠനങ്ങളും അതിന്റെ ഇല്ലാതായി പോയ പദ്ധതിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും സ്വകാര്യമായിരുന്നു. പക്ഷേ, അത് ഇപ്പോഴും കാണാമറയത്ത് തന്നെ തുടരുന്നു.

മോദി സര്‍ക്കാര്‍ പിഎം ആശ പദ്ധതി സ്വിച്ച് ഓണ്‍ ചെയ്യുന്നതിന് ഏകദേശം ഒരു മാസം മുമ്പ്, മധ്യപ്രദേശ് പിഡിപിഎസ് പരാജയം വിലയിരുത്താന്‍ നിയോഗിച്ച പഠനം കാര്‍ഷിക മന്ത്രാലയത്തിലെത്തിയിരുന്നു.

പിഡിപിഎസിനെതിരായ മുന്‍കാല മുന്നറിയിപ്പുകളെല്ലാം ആ പഠനത്തില്‍ വ്യക്തമായി ചൂണ്ടിക്കാണിച്ചിരുന്നു.

കര്‍ഷകരെയും വ്യാപാരികളെയും സര്‍ക്കാരിനെയും പരാമര്‍ശിച്ച് കാര്‍ഷിക വിപണന സംവിധാനത്തിലെ എല്ലാ പങ്കാളികള്‍ക്കും പ്രയോജനം ചെയ്യുന്നതാണ് പദ്ധതിയെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി. എന്നിരുന്നാലും, ആനുകൂല്യങ്ങളുടെ ആപേക്ഷിക വിതരണം അവ്യക്തമാണ് എന്ന് അവര്‍ ജാഗ്രതയോടെ കുറിച്ചിരുന്നു. പദ്ധതിയുടെ ഫലങ്ങളില്‍ നിന്ന് ചിലര്‍ വിട്ടുനില്‍ക്കുന്നു എന്ന വസ്തുതയുടെ സമ്മതമായിരുന്നു ഇത്.

ആര്‍ക്കാണ് ദുരിതം നേരിട്ടത് എന്ന കാര്യത്തില്‍ പഠനം അവ്യക്തത അവശേഷിപ്പിച്ചില്ല, കര്‍ഷകര്‍ക്ക് മാത്രമായിരുന്നുവെന്നു അത് വ്യക്തമായി തന്നെ കാണിച്ചു .

‘ബിബിവൈയുടെ (ഭവന്തര്‍ ഭുഗ്തന്‍ യോജന) പ്രധാന പ്രശ്‌നങ്ങളില്‍ ഉള്‍പ്പെടുന്നവ പ്രധാനാമായും, ഉള്‍പ്പെടുത്തലിലെയും ഒഴിവാക്കലിലെയും പിശകുകള്‍, സങ്കീര്‍ണ്ണവും ദൈര്‍ഘ്യമേറിയതുമായ നടപടിക്രമങ്ങള്‍, പേയ്മെന്റിലെ കാലതാമസം, ഗുണനിലവാര നിയന്ത്രണത്തിന്റെ അഭാവം, പ്രധാനമായും വ്യാപാരികള്‍ വില കൃത്രിമം നടത്താനുള്ള സാധ്യത എന്നിവയാണെന്ന് അത് കൂട്ടിച്ചേര്‍ത്തു.

PM Aasha Scheme

എല്ലാ ഗവണ്‍മെന്റുകളും സ്വതന്ത്ര ശബ്ദങ്ങളെ അവഗണിക്കുന്ന പ്രവണത കാണിക്കുമ്പോള്‍, സര്‍ക്കാര്‍ നിയോഗിച്ച ഒരു റിപ്പോര്‍ട്ട് ഇതാ, അവയ്ക്ക് ആധാരമായ ആശയത്തിനെതിരെ മുന്നറിയിപ്പ് നല്‍കി.

ബാഹ്യവിമര്‍ശനങ്ങളോട് അസഹിഷ്ണുത പുലര്‍ത്തുന്ന ഒരു സര്‍ക്കാരില്‍ നിന്ന് പോലും ഇത് ശ്രദ്ധിക്കപ്പെടേണ്ടതായിരുന്നു. അത് ചെയ്തില്ല. പകരം, അത് പൂര്‍ണ്ണമായും അവഗണിക്കപ്പെട്ടു.

പരാജയപ്പെട്ടതും അഴിമതി നിറഞ്ഞതുമായ മധ്യപ്രദേശ് മോഡലിന്റെ തനിപ്പകര്‍പ്പായ പിഎം ആശ സര്‍ക്കാര്‍ ഉടന്‍ ആവിഷ്‌കരിച്ചു.

അതിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ദി കളക്ടീവ് അവലോകനം ചെയ്തിരുന്നു , ഭവന്തര്‍ യോജനയ്ക്കായി മധ്യപ്രദേശ് സര്‍ക്കാര്‍ തയ്യാറാക്കിയതിന് സമാനമാണ് അതെന്ന് മനസിലായി. കേന്ദ്ര ഗവണ്‍മെന്റ് നഷ്ടപരിഹാരത്തിന് 25% പരിധി ഏര്‍പ്പെടുത്തി, പദ്ധതിയുടെ ഫലം ഗവണ്‍മെന്റ് നിയുക്ത വിപണികളില്‍ (എപിഎംസി) വിളകള്‍ വില്‍ക്കുന്ന കര്‍ഷകര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി, ഫലത്തില്‍ രൂപകല്പന പ്രകാരം വ്യാപനം പരിമിതപ്പെടുത്തുന്നു.

”അഖിലേന്ത്യാ തലത്തില്‍, എപിഎംസികളില്‍ ഉല്‍പന്നങ്ങളുടെ ഒരു ചെറിയ ഭാഗം മാത്രമേ വില്‍ക്കുന്നുള്ളൂ. അതിനാല്‍, മിക്ക കേസുകളിലും പിഡിപിഎസ് സാധ്യമല്ല, ”മുന്‍ കൃഷി സെക്രട്ടറിയും മധ്യപ്രദേശിലെ പിഡിപിഎസ്സിനെക്കുറിച്ചുള്ള ഐസിആര്‍ഐഇആര്‍ പേപ്പറിന്റെ സഹ രചയിതാവുമായ സിറാജ് ഹുസൈന്‍ പറഞ്ഞു.

സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, രാജ്യത്തെ 60% ഉല്‍പന്നങ്ങളും സര്‍ക്കാര്‍ നിയന്ത്രിത വിപണികള്‍ക്കോ എപിഎംസികള്‍ക്കോ പുറത്താണ് വില്‍ക്കുന്നത്. അതായത്, കര്‍ഷകരുടെ വില്‍പ്പനയില്‍ ഭൂരിഭാഗവും രാജ്യത്ത് ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.

കഴിവുകേട് സഹായിക്കുമ്പോള്‍
വിരോധാഭാസമെന്നു പറയട്ടെ, പദ്ധതിയില്‍ നിന്നും അഴിമതിയില്‍ നിന്നും രാജ്യത്തെ രക്ഷിച്ചത് കേന്ദ്ര ഗവണ്‍മെന്റിന്റെ സാമ്പത്തിക കഴിവുകേടാണ്. വര്‍ഷങ്ങളായി പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാരിന്റെ പക്കല്‍ പണമില്ലായിരുന്നു.

ദി കളക്ടീവ് മുമ്പ് റിപ്പോര്‍ട്ട് ചെയ്തതുപോലെ, പിഎം ആശയ്ക്കായുള്ള ചെലവ് അതിന്റെ സമാരംഭത്തിന് ശേഷം കുത്തനെ ഇടിഞ്ഞു. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പോടെ വീണ്ടും ഉയരുന്നതിന് മുമ്പ് തുടര്‍ച്ചയായ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലും ചെലവ് പൂജ്യമായിരുന്നു.

ഫണ്ടിംഗ് മറയ്ക്കാന്‍, പതിറ്റാണ്ടുകള്‍ പഴക്കമുള്ള യുപിഎ കാലത്തെ നേരിട്ടുള്ള സംഭരണ പദ്ധതിയുടെ ചെലവ് പിഎം ആശയിലേക്ക് മാറ്റുന്ന ഒരു അക്കൗണ്ടിംഗ് തന്ത്രമാണ് സര്‍ക്കാര്‍ നടത്തിയത്. അതിനാല്‍, സര്‍ക്കാര്‍ അതിന്റെ പിഡിപിഎസ് ഘടകത്തിനായി യഥാര്‍ത്ഥത്തില്‍ ഒന്നും ചെലവഴിക്കാതിരുന്നപ്പോള്‍ നേരിട്ടുള്ള സംഭരണത്തിനായി ചെലവഴിച്ച ആയിരക്കണക്കിന് കോടികള്‍ പിഎം ആശയുടെ വിജയമായി കണ്ടു.

അഗ്രികള്‍ച്ചറിനുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയെ പദ്ധതിയുടെ അലസമായ നിര്‍വ്വഹണത്തിനായി വലിച്ചിഴച്ചപ്പോള്‍, പദ്ധതിയുടെ പരാജയത്തിന് കാരണം ‘സംസ്ഥാനങ്ങളില്‍ നിന്നുള്ള ആവശ്യത്തിന്റെ അഭാവമാണ്’ എന്ന് കേന്ദ്ര സര്‍ക്കാര്‍ കുറ്റപ്പെടുത്തി. പദ്ധതി ആരംഭിക്കാത്തത് മോശം രൂപകല്പനയുടെ ലക്ഷണമാണെന്ന് ചൂണ്ടിക്കാട്ടി സമിതി ഉടന്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു.

സംസ്ഥാന സര്‍ക്കാരുകള്‍ (ബിജെപി ഭരിക്കുന്നവ ഉള്‍പ്പെടെ) കേന്ദ്ര ഗവണ്‍മെന്റ് മുന്നോട്ട് വച്ച വൃത്തികെട്ട നയ ഹിതങ്ങള്‍ അവഗണിച്ചതുകൊണ്ടാകാം ഇത്തവണ ജനങ്ങളുടെ പണം കവര്‍ച്ചയില്‍ നിന്ന് ലാഭിച്ചത്. pm aasha scheme, meant for farmers scammed by traders imposed by narendra modi government on the country


ഈ അന്വേഷണ റിപ്പോര്‍ട്ട് ആദ്യം പ്രസിദ്ധീകരിച്ചത് ദ റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ് ആണ്. ഇംഗ്ലീഷിലുള്ള റിപ്പോര്‍ട്ട് ഇവിടെ വായിക്കാം. അനുമതിയോടെയാണ് അഴിമുഖം ഇത് പരിഭാഷപ്പെടുത്തിയിരിക്കുന്നത്.

Content Summary; pm aasha scheme, meant for farmers scammed by traders imposed by narendra modi government on the country

Share on

മറ്റുവാര്‍ത്തകള്‍