June 26, 2026 |
Share on

ട്രംപിന്റെ ‘റെസിപ്രോക്കല്‍ ടാക്സ്: നേട്ടങ്ങളുടെ തിളക്കമോ അതോ കര്‍ഷകര്‍ക്ക് പ്രഹരമോ?

ഇന്ത്യ കാര്‍ഷിക മേഖലയിലും കോംപ്രമൈസ് ചെയ്തോ?

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ വ്യാപാര പരിഷ്‌കാരങ്ങള്‍ ആഗോള വിപണിയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം ആശങ്കാജനകമായ വാര്‍ത്തകളാണ് വാഷിംഗ്ടണില്‍ നിന്ന് വരുന്നത്. മാസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവില്‍, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ ‘ഇടക്കാല വ്യാപാരക്കരാര്‍’ സംബന്ധിച്ച സംയുക്ത പ്രസ്താവന പുറത്തുവന്നു. കേന്ദ്ര വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ ഈ കരാര്‍ സ്ഥിരീകരിച്ചെങ്കിലും, ഇതിന്റെ ഉള്ളടക്കവും ഇന്ത്യ നല്‍കേണ്ടി വരുന്ന വിട്ടുവീഴ്ചകളും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

കരാറിലെ പ്രധാന നിര്‍ദേശങ്ങള്‍

ഫെബ്രുവരി 9-ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ ‘അമേരിക്കയും ഇന്ത്യയും ചരിത്രപരമായ വ്യാപാര കരാര്‍ പ്രഖ്യാപിച്ചു’ എന്ന വസ്തുതാപത്രത്തില്‍ (Fact Sheet), ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുള്ള നികുതി ഇളവുകളെക്കുറിച്ച് കൂടുതല്‍ വിശദമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി 6-ലെ സംയുക്ത പ്രസ്താവനയില്‍ സൂചിപ്പിച്ചതിനേക്കാള്‍ വിപുലമായ ഉല്‍പ്പന്നങ്ങളുടെ പട്ടികയാണ് പുതിയ റിപ്പോര്‍ട്ടില്‍ അമേരിക്ക വ്യക്തമാക്കുന്നത്.

യുഎസില്‍ നിന്നുള്ള എല്ലാ വ്യാവസായിക ഉല്‍പ്പന്നങ്ങള്‍ക്കും ഇന്ത്യ ഇറക്കുമതി തീരുവ ഒഴിവാക്കുകയോ ഗണ്യമായി കുറയ്ക്കുകയോ ചെയ്യും. ഉണക്കിയ ഡിസ്റ്റിലര്‍ ധാന്യങ്ങള്‍, ചുവന്ന സോര്‍ഗം (മണിച്ചോളം), മരക്കഷണങ്ങള്‍, പുതിയതും സംസ്‌കരിച്ചതുമായ പഴങ്ങള്‍, ചില പയര്‍വര്‍ഗ്ഗങ്ങള്‍, സോയാബീന്‍ എണ്ണ, വൈന്‍, സ്പിരിറ്റുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഫെബ്രുവരി 6-ലെ സംയുക്ത പ്രസ്താവനയുമായി താരതമ്യം ചെയ്യുമ്പോള്‍, അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ വിപുലമായ പ്രവേശനം അനുവദിക്കാനാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് പുതിയ ഖണ്ഡിക വ്യക്തമാക്കുന്നു. കരാര്‍ പ്രകാരം, ഊര്‍ജ്ജം, ഐടി, കാര്‍ഷികം, കല്‍ക്കരി തുടങ്ങിയ മേഖലകളില്‍ നിന്ന് ഏകദേശം 500 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള യുഎസ് ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാകും.

അമേരിക്കന്‍ ജനതയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അമേരിക്കന്‍ കയറ്റുമതിക്കാര്‍ക്ക് ആഗോള വിപണിയില്‍ കൂടുതല്‍ അവസരങ്ങള്‍ ഉറപ്പാക്കുന്നതിനുമുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉറച്ച നീക്കങ്ങളെ വൈറ്റ് ഹൗസ് വസ്തുതാപത്രം അടിവരയിടുന്നു. സാമ്പത്തിക-ദേശീയ സുരക്ഷ ശക്തമാക്കുന്നതിനായി വ്യാപാര തടസ്സങ്ങളും താരിഫുകളും കുറയ്ക്കുന്ന നയമാണ് ട്രംപ് സ്വീകരിച്ചിരിക്കുന്നത്.

”ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായ അമേരിക്കയുമായി വ്യാപാരം നടത്തുമ്പോള്‍ ഇന്ത്യ വളരെ ഉയര്‍ന്ന നികുതിയാണ് ഈടാക്കുന്നത്. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ശരാശരി 37 ശതമാനവും, ഓട്ടോറിക്ഷകള്‍ ഉള്‍പ്പെടെയുള്ള ചില മേഖലകളില്‍ 100 ശതമാനത്തിലധികവും താരിഫ് ഇന്ത്യ ചുമത്തുന്നതായി” വൈറ്റ് ഹൗസ് പുറത്തിറക്കിയ വസ്തുതാപത്രത്തില്‍ പറയുന്നു.

അമേരിക്കയില്‍ നിന്നുള്ള നിരവധി കയറ്റുമതി ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തുകയോ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്തിട്ടുണ്ടെന്ന് വസ്തുതാപത്രം വിമര്‍ശിക്കുന്നു. ഇന്ത്യയുടെ ഈ സംരക്ഷണാത്മക നയം അമേരിക്കന്‍ ബിസിനസുകളെ ബാധിച്ചിട്ടുണ്ടെന്നും ഫാക്ട് ഷീറ്റ് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ ഉയര്‍ന്ന നികുതി ഘടനയില്‍ മാറ്റം വരുത്തി അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ തുല്യമായ അവസരം ഉറപ്പാക്കുക എന്നതാണ് ട്രംപ് ഭരണകൂടത്തിന്റെ ലക്ഷ്യം.

എന്താണ് ‘മെഗാ ഡീല്‍’?

വൈറ്റ് ഹൗസ് പുറത്തിറക്കിയ ഫാക്ട് ഷീറ്റ് പ്രകാരം നാല് പ്രധാന കാര്യങ്ങളാണ് പറയുന്നത്.

ആദ്യത്തേത് താരിഫ് കുറയ്ക്കുന്നതാണ്. അമേരിക്ക ഇന്ത്യയിക്കുള്ള താരിഫ് 50 മുതല്‍ 18 ഷതമാനം വരെ താരിഫ് കുറയ്ക്കും. പലഘട്ടങ്ങളിലായായിരിക്കും ഇത് പ്രാബല്യത്തില്‍ വരിക. ആദ്യം ലേബര്‍ ഇന്റെന്‍സീവ് ഗുഡ്സ്, അതായത്- ടെക്സ്‌റ്റൈല്‍സ്, ഫൂട്ട്വെയര്‍, പ്ലാസ്റ്റിക്, മിഷ്യനറി എന്നിവയ്ക്കുള്ള താരിഫാണ് ട്രംപ് കുറയ്ക്കുക. കരാര്‍ ഒപ്പിട്ടതിന് ശേഷമായിരിക്കും മറ്റുള്ളവയുടെ കാര്യത്തില്‍ തീരുമാനമാവുക. എപ്പോഴാണ് കരാര്‍ സൈന്‍ ചെയ്യുന്നത്? ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത് മാര്‍ച്ച് പകുതിയില്‍ ആവുമെന്നാണ്. അക്കാര്യത്തില്‍ ഇപ്പോഴും സ്ഥിരീകരണമായിട്ടില്ല. ഡീല്‍ സൈന്‍ ചെയ്ത് കഴിഞ്ഞാല്‍ ജനറിക് മെഡിസിന്‍, ഡയമണ്ട്സ്, ജെംസ്,പ്ലെയ്ന്‍ പാര്‍ട്സ് എന്നിവയുടെയും താരിഫ് കുറക്കുമെന്നാണ് പറയുന്നത്.

രണ്ടാമത്തേത് ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് യുഎസില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ എത്തിക്കുന്നത് സംബന്ധിച്ചാണ്. അത് എങ്ങനെയാണ് ചെയ്യാന്‍ പോവുന്നത്? ട്രംപിന്റെ സ്റ്റേറ്റ്മെന്റിലുള്ള കാര്യം തന്നെ പരിശോധിക്കാം- ഇന്‍ഡസ്ട്രിയല്‍ ഗുഡ്സ്, പിന്നെ ഡ്രൈഡ് ഡിസ്റ്റിലേഴ്സ്, ഗ്രെയ്ന്‍സ്, മൃഗങ്ങള്‍ക്കുള്ള ഭക്ഷണത്തിനുള്ള റെഡ് സോര്‍ഗം, ട്രീ നട്സ്, ഫ്രെഷ് ആന്‍ഡ് പ്രോസസ്ഡ് ഫ്രൂട്ട്, സോയാബീന്‍ ഓയില്‍, വൈന്‍, സ്പിരിറ്റ്സ് ഉള്‍പ്പെടെ യുഎസ് ഫുഡ്സ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ പ്രോഡക്ട്- ഇതൊക്കെ ഇന്ത്യയിലേക്ക് എത്തിക്കാന്‍ ഒന്നില്ലേല്‍ താരിഫ് മുഴുവനായും ഒഴിവാക്കും അല്ലെങ്കില്‍ കുറയ്ക്കും എന്നാണ് പറയുന്നത്.

മൂന്നാമത്തേത്, ട്രംപ്, സ്റ്റീല്‍ അലുമിനിയം, കോപ്പര്‍ പാര്‍ട്സുകള്‍ക്ക് താരിഫ് ഇല്ലാതാക്കും എന്നതാണ്. ഇനി ഇതിലെ മറ്റൊരു വശം പരിശോധിച്ചാല്‍, ട്രംപ് ഇക്കാലത്തില്‍ പ്രഖ്യാപിച്ച ഇറക്കുമതി നികുതികളെ സംബന്ധിച്ച കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. എന്നാല്‍ മെറ്റല്‍സ് ആ കേസുകളില്‍ ഉള്‍പ്പെടുന്നില്ല.

നാലാമത്തേത്, ഇന്ത്യ അമേരിക്കയില്‍ നിന്ന് അഞ്ഞൂറ് ബില്യണ്‍ ഡോളറിനുള്ള ഉത്പന്നങ്ങള്‍ വാങ്ങും എന്നാണ് പറയുന്നത്. അഞ്ച് വര്‍ഷത്തെ കാലപരിധിക്കുള്ളിലാണ് ഇത്. എനര്‍ജി, എയര്‍ക്രാഫ്റ്റ്, പ്രെഷ്യസ് മെറ്റല്‍സ്, കുക്കിങ് കോള്‍ എല്ലാം ഇതില്‍ ഉള്‍പ്പെടും.

ബംഗ്ലാദേശിന് നേട്ടം, ഇന്ത്യയ്ക്ക് വെല്ലുവിളി

ആഗോള വസ്ത്ര വിപണിയില്‍ ഇന്ത്യയുടെ പ്രധാന എതിരാളിയാണ് ബംഗ്ലാദേശ്. ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയില്‍ കൃഷി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന മേഖലയാണ് വസ്ത്രവ്യാപാരം. അമേരിക്ക നല്‍കുന്ന ഈ നികുതി ഇളവ് വഴി ബംഗ്ലാദേശി ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് വിപണിയില്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ സാധിക്കും. എന്നാല്‍ 18% നികുതി നല്‍കേണ്ടി വരുന്നതോടെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധിക്കുകയും അന്താരാഷ്ട്ര വിപണിയില്‍ നമ്മുടെ മത്സരക്ഷമത കുറയുകയും ചെയ്യും. ഇത് ഇന്ത്യയുടെ കയറ്റുമതി വരുമാനത്തെയും ദശലക്ഷക്കണക്കിന് തൊഴിലാളികള്‍ ജോലി ചെയ്യുന്ന ടെക്‌സ്‌റ്റൈല്‍ മേഖലയെയും പ്രതികൂലമായി ബാധിച്ചേക്കാമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. നികുതിയില്ലാത്തതിനാല്‍ ബംഗ്ലാദേശി ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകും. ഇത് അമേരിക്കന്‍ ബ്രാന്‍ഡുകളെ ഇന്ത്യയില്‍ നിന്ന് ബംഗ്ലാദേശിലേക്ക് മാറാന്‍ പ്രേരിപ്പിക്കും.

ട്രംപിന്റെ ‘റെസിപ്രോക്കല്‍ ടാക്‌സ്’ നയത്തിലൂടെ ‘നീ എനിക്ക് നല്‍കുന്ന അതേ നികുതി ഞാന്‍ നിനക്കും നല്‍കും’ എന്ന ലളിതമായ തന്ത്രമാണ് ട്രംപ് പയറ്റുന്നത്. ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കുകള്‍ക്കും മറ്റ് അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കും ഇന്ത്യ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉയര്‍ന്ന ഇറക്കുമതി തീരുവയ്ക്ക് പകരമായാണ് ട്രംപ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ നികുതി വര്‍ദ്ധിപ്പിക്കുന്നത്. ഇന്ത്യയെ ഒരു ‘ടാക്‌സ് കിംഗ്’ എന്ന് വിശേഷിപ്പിച്ചുകൊണ്ട്, ഇന്ത്യയുടെ വ്യാപാര നയങ്ങളില്‍ മാറ്റം വരുത്താന്‍ ട്രംപ് സമ്മര്‍ദ്ദം ചെലുത്തുകയാണ്.

നിലവിലെ ഈ പ്രതിസന്ധിക്കിടയിലും ശുഭപ്രതീക്ഷ നല്‍കുന്ന ഒരേയൊരു കാര്യം വരാനിരിക്കുന്ന ഇടക്കാല വ്യാപാര കരാറാണ്. വൈറ്റ് ഹൗസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത് പ്രകാരം, വരും ആഴ്ചകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഒരു ധാരണയിലെത്തിയേക്കും. ഇന്ത്യ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കും കാര്‍ഷിക വിഭവങ്ങള്‍ക്കും (ഉദാഹരണത്തിന് ആപ്പിള്‍, വാള്‍നട്ട്) നല്‍കുന്ന നികുതി കുറയ്ക്കുകയാണെങ്കില്‍ പകരം ഇന്ത്യന്‍ ടെക്‌സ്‌റ്റൈല്‍, ഐടി മേഖലകള്‍ക്ക് ഇളവ് ലഭിക്കാന്‍ സാധ്യതയുണ്ട്. പരസ്പര പ്രയോജനകരമായ ഒരു ഉഭയകക്ഷി കരാറിലേക്ക് എത്തുന്നതിന്റെ ആദ്യപടിയായാണ് വിദഗ്ധര്‍ ഇതിനെ കാണുന്നത്.

ആരാണ് യഥാര്‍ത്ഥ പ്രയോജകര്‍?

ഇന്ത്യ-യുഎസ് വ്യാപാര യുദ്ധത്തില്‍, സ്വന്തം രാജ്യത്തെ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ കൂടുതല്‍ വിപണി ഉറപ്പാക്കാനും, കുറഞ്ഞ വിലയ്ക്ക് ബംഗ്ലാദേശില്‍ നിന്ന് വസ്ത്രങ്ങള്‍ ഇറക്കുമതി ചെയ്യാനും അമേരിക്കയ്ക്ക് സാധിക്കും. ഇത് ബംഗ്ലാദേശിന്റെ ടെക്‌സ്‌റ്റൈല്‍ മേഖലയ്ക്ക് വലിയ കുതിച്ചുചാട്ടത്തിനുള്ള അവസരമാണ് ഒരുക്കുന്നത്. ഇതോടെ ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് കുറഞ്ഞ നികുതിയില്‍ പ്രവേശനം നേടാന്‍ ഇന്ത്യയെ നിര്‍ബന്ധിക്കാനും അമേരിക്കയ്ക്ക് സാധിക്കും. ഇന്ത്യയെ സംബന്ധിച്ച് വ്യാപാര കരാര്‍ വലിയൊരു തിരിച്ചടിയാണ്. ഇന്ത്യന്‍ സാമ്പത്തികത്തിന്റെ നട്ടെല്ലായ ടെക്‌സ്‌റ്റൈല്‍ മേഖലയെ സംബന്ധിച്ചിടത്തോളം കനത്ത പ്രഹരം തന്നെയാണ്. എന്നാല്‍ ട്രംപിന്റെ പുതിയ നീക്കം, അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയിട്ടുള്ള നികുതി കുറയ്ക്കണമെന്ന സമ്മര്‍ദ്ദ തന്ത്രത്തിന്റെ ഭാഗം കൂടിയാണിത്.

എന്നിരുന്നാലും വരാനിരിക്കുന്ന ഇടക്കാല കരാറിലൂടെ ഐടി, ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങിയ മേഖലകളില്‍ ഇളവുകള്‍ നേടിയെടുക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യയ്ക്കും ഗുണകരമാകുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ, അമേരിക്കന്‍ വിപണികളെ മാത്രം ആശ്രയിക്കാതെ, യൂറോപ്പ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റുമതി വര്‍ദ്ധിപ്പിക്കുകയാണ് ഇന്ത്യ ചെയ്യേണ്ടത്. അമേരിക്കയുടെ പുതിയ നീക്കം ഇന്ത്യയുടെ കയറ്റുമതി ഗ്രാഫിനെ താഴേക്ക് നയിക്കാന്‍ സാധ്യതയുള്ള ഒന്നാണ്. എങ്കിലും, വരാനിരിക്കുന്ന ഇടക്കാല കരാറിലെ നിബന്ധനകള്‍ ഇന്ത്യയ്ക്ക് അനുകൂലമാക്കാന്‍ കഴിഞ്ഞാല്‍ ഈ പ്രതിസന്ധിയെ ഒരു അവസരമാക്കി മാറ്റാന്‍ നമുക്ക് സാധിക്കും. വരും ആഴ്ചകളിലെ ചര്‍ച്ചകള്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാണ്.

ഇന്ത്യയുടെ തന്ത്രപരമായ നീക്കങ്ങള്‍ ഇനി വരാനിരിക്കുന്ന ഇടക്കാല കരാറിലെ നിബന്ധനകളെ ആശ്രയിച്ചിരിക്കും. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയ മേഖലകളില്‍ അമേരിക്ക ഉന്നയിക്കുന്ന ആവശ്യങ്ങളും, എച്ച്-1ബി വിസ, ഐടി സേവനങ്ങള്‍ എന്നിവയില്‍ ഇന്ത്യ ഉന്നയിക്കുന്ന ആവശ്യങ്ങളും തമ്മിലുള്ള സന്തുലിതാവസ്ഥയാണ് കരാറിന്റെ വിജയം നിര്‍ണ്ണയിക്കുക.

കരാര്‍ സംബന്ധിച്ച കാര്യങ്ങള്‍ ഇപ്പോഴും രഹസ്യമായി തുടരുമ്പോള്‍ ഇന്ത്യന്‍ സര്‍ക്കാരും പ്രധാനമന്ത്രിയും മറുപടി പറയേണ്ട ചോദ്യങ്ങളുണ്ട്… അവ ഏതൊക്കെയെന്ന് പരിശോധിക്കാം:

ഒന്ന്, ഇന്ത്യ കാര്‍ഷിക മേഖലയിലും കോംപ്രമൈസ് ചെയ്തോ? കാര്‍ഷിക മേഖലയെ മുടിക്കുന്ന കരാറാണ് ഇതെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഈ വരുന്ന 12ന് അവരും പൊതിപണിമുടക്കില്‍ പങ്കെടുക്കുന്നത് ഇതിലുള്ള പ്രതിഷേധത്തിലാണ്. ഇക്കാലമത്രയും കാര്‍ഷിക മേഖലയെ സംരക്ഷിച്ച് നിര്‍ത്തിക്കൊണ്ടേ ഇന്ത്യ ആരുമായും കരാര്‍ ഉണ്ടാക്കിയിരുന്നുള്ളൂ. കര്‍ഷകരെ സംരക്ഷിക്കുമെന്ന് തന്നെയാണ് കേന്ദ്രമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നല്‍കിയ ഉറപ്പ്. എന്നാല്‍ അപ്പോഴും ചില ചോദ്യങ്ങള്‍ ബാക്കി നില്‍ക്കുന്നുണ്ട്. സോയാബീന്‍, ഇന്ത്യയില്‍ ഏതാണ്ട് നാല് മില്യണ്‍ സോയാബീന്‍ കര്‍ഷകര്‍ ഉണ്ടെന്നാണ് കണക്ക്. യുഎസില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ സോയാ പ്രോഡക്ട്സ് എത്തിയാല്‍ എന്താവും അവരുടെ ഭാവി? അതേപോലെയാണ് മണിച്ചോളവും. ഇന്ത്യയില്‍ കൃഷി ചെയ്യുന്ന പ്രധാനപ്പെട്ട ധാന്യങ്ങളില്‍ ഒന്നാണ് മണിച്ചോളവും. രാജ്യത്ത് ഏതാണ്ട് എട്ട് മില്യണ്‍ ഹെക്ടറില്‍ മണിച്ചോളം കൃഷിയുണ്ട്. കന്നുകാലി ഫുഡ് എന്ന തരത്തില്‍ മണിച്ചോളം ഇറക്കുമതി ചെയ്താല്‍ അത് കര്‍ഷകരെ ബാധിക്കില്ലേ?

രണ്ട്, ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തിയോ? ഇപ്പോഴും ഇക്കാര്യത്തില്‍ കൃത്യമായ ഉത്തരം സര്‍ക്കാര്‍ നല്‍കിയിട്ടില്ല. ഫിനാന്‍സ് സെക്രട്ടറി പറഞ്ഞത് ഇന്ത്യ ഒരു ഒരു സോഴ്സിനെ മാത്രം ഡിപ്പന്‍ഡ് ചെയ്യുന്നില്ല, ക്വാളിറ്റി ഉറപ്പാക്കാന്‍ അതില്‍ ഡിവേഴ്സിറ്റ് കൊണ്ടുവരാനാണ് ശ്രമിക്കുന്നത് എന്നാണ്. എന്നാല്‍ റഷ്യ പറയുന്നത് ഓയില്‍ വാങ്ങുന്നത് നിര്‍ത്തുന്നത് സംബന്ധിച്ച് ഒരു തീരുമാനവും ഉണ്ടായിട്ടില്ല എന്നാണ്. അപ്പോള്‍ ഇക്കാര്യത്തില്‍ എന്താണ് വ്യക്തത?

മൂന്ന്, അഞ്ഞൂറ് ബില്യണ്‍ ഡോളറിനുള്ള പ്രോഡക്ട് ഇന്ത്യ വാങ്ങുമെന്നാണ്. ഏത് തരത്തിലുള്ള പ്രോഡക്ട് ആണ് ഇന്ത്യ വാങ്ങാന്‍ ഉദ്ദേശിക്കുന്നത്? അത്രയും ഭീമമായ തുകയ്ക്കുള്ള പ്രോഡക്ടുകള്‍ വാങ്ങാമെന്ന് ഇന്ത്യ സമ്മതിച്ചിട്ടുണ്ടോ? രാജ്യത്തെ ഒന്നാകെ പലവിധത്തില്‍ ബാധിക്കാന്‍ ഇടയുള്ള കരാറിനെക്കുറിച്ച് ഇന്ത്യയിലെ സാധാരണ ജനങ്ങളോട് വിശദീകരിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്.

Content Summary: US-India trade deal : a win for exporters or a threat to Indian pulses?

Leave a Reply

Your email address will not be published. Required fields are marked *

×