പ്രതിപക്ഷത്തെ ശപിച്ച് മോദി, പരാജയം ആയുധമാക്കാന്‍ ശ്രമം

വനിത ബില്ലില്‍ പ്രതിപക്ഷത്തിനെതിരേ ജനവികാരം ഇളക്കാനുള്ള തന്ത്രങ്ങളാണ് പ്രധാനമന്ത്രിയും സര്‍ക്കാരും തുടങ്ങിയിരിക്കുന്നത്

PM Modi Addressing the nation

ലോക്സഭയില്‍ പരാജയപ്പെട്ട ഭരണഘടനാ ഭേദഗതി ബില്ലിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. പുതിയ മണ്ഡല പുനര്‍നിര്‍ണ്ണയം, ലോക്സഭയിലെ അംഗസംഖ്യ 850 ആയി ഉയര്‍ത്തല്‍, വനിതകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാക്കല്‍ എന്നിവ ലക്ഷ്യമിട്ട് കൊണ്ടുവന്ന 131-ാം ഭരണഘടനാ ഭേദഗതി ബില്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹം പ്രതിപക്ഷത്തെ കടന്നാക്രമിച്ചത്. വനിതാ സംവരണ ബില്‍ തടഞ്ഞതിലൂടെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ‘ഭ്രൂണഹത്യ’ ആണ് നടത്തിയതെന്ന് പ്രധാനമന്ത്രി ആരോപിച്ചു. ശനിയാഴ്ച വൈകുന്നേരം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബില്‍ പരാജയപ്പെട്ടത് സര്‍ക്കാരിന്റെ വീഴ്ചയാലല്ല, മറിച്ച് ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതുകൊണ്ടാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കോണ്‍ഗ്രസ്, ഡി.എം.കെ, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി തുടങ്ങിയ കക്ഷികള്‍ വനിതാ സംവരണത്തെ എതിര്‍ത്തതിലൂടെ വലിയ പാപമാണ് ചെയ്തതെന്നും ഇതിന് രാജ്യം അവര്‍ക്ക് ശിക്ഷ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭയില്‍ ബില്ലിന് അനുകൂലമായി 298 വോട്ടുകള്‍ ലഭിച്ചപ്പോള്‍ 230 പേര്‍ എതിര്‍ത്തു വോട്ട് ചെയ്തു. സഭയില്‍ ഭൂരിപക്ഷം കുറവായതുകൊണ്ട് ഞങ്ങള്‍ പരാജയപ്പെട്ടു എന്ന് ഇതിനര്‍ത്ഥമില്ലെന്നും തങ്ങളുടെ ആത്മബലം അജയ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മണ്ഡല പുനര്‍നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കുണ്ടായിരുന്ന ആശങ്കകളെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. എല്ലാ സംസ്ഥാനങ്ങളുടെയും പ്രാതിനിധ്യം ആനുപാതികമായി വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഒരു സംസ്ഥാനത്തിന്റെയും പങ്കാളിത്തം കുറയ്ക്കുകയോ വിഹിതത്തില്‍ മാറ്റം വരുത്തുകയോ ചെയ്യില്ലെന്ന് സര്‍ക്കാര്‍ തുടക്കം മുതല്‍ വ്യക്തമാക്കിയതാണ്. എന്നാല്‍ ഡി.എം.കെയും തൃണമൂല്‍ കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയുമടക്കമുള്ള കക്ഷികള്‍ ഇതിന് തുരങ്കം വെക്കുകയായിരുന്നു. തമിഴ്നാടിന്റെയും ബംഗാളിന്റെയും ശബ്ദം പാര്‍ലമെന്റില്‍ കൂടുതല്‍ കരുത്തുറ്റതാക്കാനുള്ള അവസരമാണ് ഈ പാര്‍ട്ടികള്‍ ഇല്ലാതാക്കിയതെന്ന് മോദി കുറ്റപ്പെടുത്തി.

വനിതകള്‍ക്ക് അര്‍ഹമായ അധികാരം നല്‍കുന്നതില്‍ തനിക്ക് ക്രെഡിറ്റിന്റെ ആവശ്യമില്ലെന്നും പ്രതിപക്ഷം ഇതിന് തയ്യാറായാല്‍ അതിന്റെ ക്രെഡിറ്റ് അവര്‍ക്ക് നല്‍കാന്‍ താന്‍ പരസ്യം നല്‍കാമെന്നും അദ്ദേഹം പറഞ്ഞു. ബില്‍ പാസാക്കാന്‍ സാധിക്കാത്തതില്‍ രാജ്യത്തെ സ്ത്രീകളോട് പ്രധാനമന്ത്രി ക്ഷമ ചോദിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഈ വിഷയം വലിയ ചര്‍ച്ചയാകുമെന്ന സൂചന നല്‍കിയ പ്രധാനമന്ത്രി, സ്ത്രീ ശാക്തീകരണത്തിന് തടസ്സം നില്‍ക്കുന്ന ശക്തികളെ ഇല്ലാതാക്കി മുന്നോട്ട് പോകുമെന്ന് പ്രഖ്യാപിച്ചു. പ്രതിപക്ഷത്തിന്റെ പരിഷ്‌കരണ വിരുദ്ധ നിലപാട് രാജ്യത്തിന് വലിയ ദോഷം ചെയ്തതായും അദ്ദേഹം വിമര്‍ശിച്ചു.

Content Summary: Prime Minister Narendra Modi launches an attack on the Opposition following the defeat of the Constitutional Amendment Bill

This post was last modified on April 19, 2026 9:06 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment