July 03, 2026 |

സ്ത്രീ സംവരണ ബില്‍; അറിഞ്ഞുകൊണ്ട് തോല്‍വി വാങ്ങിയതിന്റെ രാഷ്ട്രീയം

തിരഞ്ഞെടുപ്പില്‍ തുല്യനീതി ഉറപ്പാക്കേണ്ട കടമ തിരഞ്ഞെടുപ്പ് കമ്മീഷനുണ്ട്

ലോക്സഭയില്‍ ഏപ്രില്‍ 17-ന് ഭരണഘടനാ ഭേദഗതി ബില്‍ (സ്ത്രീ സംവരണ ബില്‍ ) വോട്ടിങ്ങിന് വെച്ചപ്പോള്‍, പാസാകില്ലെന്ന് എന്‍.ഡി.എ സര്‍ക്കാരിന് നന്നായി അറിയാമായിരുന്നു. 528 അംഗങ്ങള്‍ ഹാജരായ സഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് 352 വോട്ടുകള്‍ വേണ്ടിടത്ത്, അനുകൂലമായി 298 വോട്ടുകളും പ്രതികൂലമായി 230 വോട്ടുകളും മാത്രമാണ് ലഭിച്ചത്. 2014 മുതല്‍ മോദി സര്‍ക്കാരിന്റെ ആദ്യ നിയമനിര്‍മ്മാണ പരാജയമാണിത്. എന്നാല്‍ ഈ ‘പരാജയം’ യഥാര്‍ത്ഥത്തില്‍ ഒരു രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയുള്ള കരുനീക്കമായിരുന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഏപ്രില്‍ 23-ലെ തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പിനും പശ്ചിമ ബംഗാളിലെ ഏപ്രില്‍ 23, 29 തീയതികളിലെ തിരഞ്ഞെടുപ്പിനും ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് ഈ ബില്‍ ലോക്സഭയില്‍ വോട്ടിങ്ങിനിട്ടത്. 5.67 കോടി വോട്ടര്‍മാരുള്ള തമിഴ്നാട്ടിലും 294 സീറ്റുള്ള ബംഗാളിലും സ്ത്രീ വോട്ടര്‍മാരുടെ എണ്ണം പുരുഷ വോട്ടര്‍മാരെക്കാള്‍ കൂടുതലാണ്. തമിഴ്നാട്ടില്‍ മാത്രം 289 ലക്ഷം സ്ത്രീ വോട്ടര്‍മാര്‍ 277 ലക്ഷം പുരുഷ വോട്ടര്‍മാരെക്കാള്‍ മുന്നിലാണ്. ഈ സംഖ്യകള്‍ ബി.ജെ.പി മുന്നണിയുടെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞര്‍ക്ക് അറിയാത്തതല്ല. തമിഴ്നാട്ടില്‍ ഡി എം കെ യെയും ബംഗാളില്‍ ടി എം സി യെയും തോല്‍പ്പിക്കാന്‍ സ്ത്രീ വോട്ടര്‍മാരുടെ വൈകാരിക പിന്തുണ അനിവാര്യമാണെന്ന് ബി.ജെ.പിക്ക് നല്ല ബോധ്യമുണ്ട്.

ബില്‍ പരാജയപ്പെടുമെന്ന കാര്യം ഉറപ്പായിരുന്നു. അങ്ങിനെ സംഭവിച്ചാല്‍ ഡി എം കെ, ടി എം സി, കോണ്‍ഗ്രസ്, എസ് പി തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളെ ‘സ്ത്രീ വിരുദ്ധ മുന്നണി’ എന്ന് മുദ്രകുത്തി, തിരഞ്ഞെടുപ്പ് ബൂത്തിലേക്ക് നടക്കുന്ന കോടിക്കണക്കിന് സ്ത്രീ വോട്ടര്‍മാരുടെ മനസ്സില്‍ അവരോടുള്ള എതിര്‍പ്പിന്റെ വിത്ത് പാകുക .അതായിരുന്നു ലക്ഷ്യം. ബില്‍ പരാജയപ്പെട്ടതിനെ അമിത് ഷാ ‘സ്ത്രീകളോടുള്ള അപമാനം’ എന്ന് വിശേഷിപ്പിച്ചതും, എന്‍ ഡി എ സ്ത്രീ എം.പിമാര്‍ പ്രതിപക്ഷത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചതും ഈ തിരക്കഥയുടെ ഭാഗമായിരുന്നു.

ബില്‍ പരാജയപ്പെട്ടതിന്റെ പിറ്റേന്ന്, ഏപ്രില്‍ 18 രാത്രി 8:30-ന്, പ്രധാനമന്ത്രി നരേന്ദ്ര മോദി ദൂരദര്‍ശന്‍, സന്‍സദ് ടി വി തുടങ്ങിയ ദേശീയ മാധ്യമങ്ങളിലൂടെ രാഷ്ട്രത്തെ അഭിസംബോധന ചെയ്തു. ഈ പ്രസംഗത്തില്‍ പ്രതിപക്ഷത്തെ ‘സ്ത്രീ പ്രാതിനിധ്യ ഭ്രൂണഹത്യ’ നടത്തിയവരെന്ന് വിശേഷിപ്പിക്കുകയും, കോണ്‍ഗ്രസിനെ ‘പരിഷ്‌കാര വിരുദ്ധ പാര്‍ട്ടി’ എന്ന് മുദ്രകുത്തുകയും, ഡി എം കെ യെയും ടി എം സി യെയും എസ് പി യെയും പേരെടുത്ത് വിമര്‍ശിക്കുകയും ചെയ്തു.

ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തില്‍ പ്രധാനമന്ത്രിമാര്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്തിട്ടുള്ളത് അസാധാരണ സന്ദര്‍ഭങ്ങളില്‍ മാത്രമാണ്. 1962-ലെ ചൈനീസ് ആക്രമണ സമയത്ത് ജവഹര്‍ലാല്‍ നെഹ്റു രാഷ്ട്രത്തോട് സംസാരിച്ചു . 1971-ല്‍ ബംഗ്ലാദേശ് യുദ്ധ വിജയത്തിനു ശേഷം ഇന്ദിരാ ഗാന്ധി രാഷ്ട്രത്തെ അഭിസംബോധന ചെയ്തു. 1998-ല്‍ പൊഖ്റാന്‍ ആണവ പരീക്ഷണത്തിനു ശേഷം വാജ്പേയി സംസാരിച്ചു. 2016-ല്‍ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിക്കാന്‍ മോദി തന്നെ ദൂരദര്‍ശനിലൂടെ രാഷ്ട്രത്തോട് സംസാരിച്ചു. 2019-ല്‍ ബാലാകോട്ട് ആക്രമണത്തിനു ശേഷവും, 2020-ല്‍ കോവിഡ് ലോക്ഡൗണ്‍ പ്രഖ്യാപനത്തിനും, 2025-ല്‍ ഓപ്പറേഷന്‍ സിന്ദൂറിനു ശേഷവും ഈ മാര്‍ഗം ഉപയോഗിച്ചു. ഈ ഓരോ സന്ദര്‍ഭവും യുദ്ധം, ദേശീയ സുരക്ഷ, മഹാമാരി, അല്ലെങ്കില്‍ സമ്പദ്വ്യവസ്ഥയെ ബാധിക്കുന്ന അടിയന്തര നയമാറ്റം എന്നിങ്ങനെ അസാധാരണ ഗൗരവമുള്ള വിഷയങ്ങളായിരുന്നു.

എന്നാല്‍ ഏപ്രില്‍ 18-ലെ പ്രസംഗമോ ? ഒരു ബില്‍ പാര്‍ലമെന്റില്‍ പരാജയപ്പെട്ടതിന്. അത് ജനാധിപത്യ പ്രക്രിയയുടെ സ്വാഭാവിക ഫലം മാത്രം! അതിനെ ദേശീയ പ്രതിസന്ധിയാക്കി, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ദൂരദര്‍ശനിലൂടെ പ്രതിപക്ഷത്തിനെതിരെ രാഷ്ട്രീയ ആക്രമണം നടത്തുക . ഇത് ദേശീയ മാധ്യമങ്ങളുടെ നഗ്‌നമായ ദുരുപയോഗമാണ്. പ്രത്യേകിച്ച്, രണ്ട് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ദിവസങ്ങള്‍ മാത്രം അകലെയായിരിക്കുമ്പോള്‍.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ച്ച് 15-ന് തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റ ചട്ടം പ്രാബല്യത്തില്‍ വന്നു. ഈ ചട്ടത്തിന്റെ നാലാം വകുപ്പ് വ്യക്തമായി പറയുന്നു: ഭരണകക്ഷി ദൂരദര്‍ശന്‍ പോലുള്ള സര്‍ക്കാര്‍ മാധ്യമങ്ങള്‍ പക്ഷപാത പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടില്ല. പ്രതിപക്ഷ പാര്‍ട്ടികളെ പേരെടുത്ത് വിമര്‍ശിച്ച്, തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങളിലെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ലക്ഷ്യമിട്ട പ്രധാന മന്ത്രിയുടെ പ്രസംഗം തിരഞ്ഞെടുപ്പ് ചട്ട ലംഘനമല്ലേ?

ഇവിടെയാണ് ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും ധീരനായ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി.എന്‍. ശേഷനെ ഓര്‍ത്ത് പോകുന്നത് . 1990 മുതല്‍ 1996 വരെ പദവി വഹിച്ച ശേഷന്‍, ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ ഒരു നിയമ മന്ത്രാലയ ഉപവിഭാഗം എന്ന നിലയില്‍ നിന്ന് ശക്തമായ സ്വതന്ത്ര സ്ഥാപനമായി ഉയര്‍ത്തിയ വ്യക്തിയാണ്. 150-ലധികം തിരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ കണ്ടെത്തി അവ പരിഹരിച്ച ശേഷന്‍, മാതൃകാ പെരുമാറ്റ ചട്ടത്തെ ഒരു ‘അക്കാദമിക് രേഖ’യില്‍ നിന്ന് പവിത്രമായ നിയമമാക്കി മാറ്റി.

1992-ല്‍ ബീഹാറിലും പഞ്ചാബിലും ക്രമക്കേടുകള്‍ കണ്ടെത്തിയപ്പോള്‍ ശേഷന്‍ തിരഞ്ഞെടുപ്പ് റദ്ദാക്കി . പഞ്ചാബില്‍ പോളിങ്ങിന് മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് ധീരമായ ആ തീരുമാനം എടുത്തത്; ഗവര്‍ണര്‍ രാജിവെക്കേണ്ടി വന്നു. ബൂത്ത് പിടിച്ചെടുക്കല്‍, മദ്യവിതരണം, സര്‍ക്കാര്‍ സംവിധാനങ്ങളുടെ ദുരുപയോഗം, ജാതി-മത വികാരങ്ങള്‍ ഉണര്‍ത്തല്‍ ഇവയ്ക്കെല്ലാം എതിരെ ശേഷന്‍ കര്‍ശന നടപടി എടുത്തു. ഉത്തര്‍ പ്രദേശില്‍ ബൂത്ത് പിടിച്ചെടുക്കല്‍ 1991-ലെ 873-ല്‍ നിന്ന് 1993-ല്‍ 255 ആയി കുറഞ്ഞത് ശേഷന്റെ ഇടപെടല്‍ മൂലമായിരുന്നു . 14,000 സ്ഥാനാര്‍ഥികളെ തെറ്റായ ചെലവ് കണക്ക് നല്‍കിയതിന് അയോഗ്യരാക്കിയ ശേഷന്, ഇന്ത്യ കണ്ട ശക്തയായ മുഖ്യമന്ത്രിമാരില്‍ ഒരാളായിരുന്ന
ജയലളിതയുടെ ‘അഹങ്കാരത്തിന്റെ പ്രതിരൂപം’ എന്ന വിമര്‍ശനം പോലും വിലങ്ങുതടിയായില്ല. 1996-ല്‍ ഏഷ്യയുടെ നോബല്‍ സമ്മാനമായ ‘റാമണ്‍ മാഗ്സസേ’ പുരസ്‌കാരം ലഭിച്ച ശേഷന്റെ പാരമ്പര്യം ഇന്ന് എവിടെ?

ശേഷന്‍ ജീവിച്ചിരുന്നെങ്കില്‍, തിരഞ്ഞെടുപ്പ് ചട്ടം പ്രാബല്യത്തിലിരിക്കുമ്പോള്‍ പ്രധാനമന്ത്രി സര്‍ക്കാര്‍ മാധ്യമങ്ങളിലൂടെ രാഷ്ട്രീയ പ്രസംഗം നടത്തുന്നത് നിശ്ശബ്ദമായി കണ്ടിരിക്കുമായിരുന്നോ? ഒരിക്കലുമില്ല. ദൗര്‍ഭാഗ്യവശാല്‍, ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആ ശേഷന്റെ നിഴല്‍ മാത്രമായിരിക്കുന്നു.

യഥാര്‍ത്ഥത്തില്‍, സ്ത്രീ സംവരണ ബില്ലിനെ ഡെലിമിറ്റേഷനുമായി ലോക്സഭാ സീറ്റുകള്‍ 543-ല്‍ നിന്ന് 816 ആയി ഉയര്‍ത്തുന്ന ബന്ധിപ്പിച്ചതാണ് പ്രതിപക്ഷത്തിന്റെ എതിര്‍പ്പിന്റെ കാരണം. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയുമെന്ന ന്യായമായ ആശങ്കയായിരുന്നു അതിനു പിന്നില്‍. രാഹുല്‍ ഗാന്ധി ഇതിനെ ‘സ്ത്രീകളുടെ പേരില്‍ ഭരണഘടന തകര്‍ക്കാനുള്ള ഭരണഘടനാ വിരുദ്ധ തന്ത്രം’ എന്ന് വിശേഷിപ്പിച്ചത് അതിശയോക്തിയല്ല.

ബി.ജെ.പി മുന്നണിക്ക് ഈ ബില്‍ പാസാക്കണമെന്ന ആത്മാര്‍ത്ഥമായ ആഗ്രഹമുണ്ടായിരുന്നെങ്കില്‍, ഡെലിമിറ്റേഷന്‍ ബന്ധമില്ലാതെ, 2023-ലെ ‘നാരീ ശക്തി വന്ദന്‍ അധിനിയം’ നടപ്പാക്കാന്‍ ലളിതമായ വഴി തെരഞ്ഞെടുക്കാമായിരുന്നു. അത് ചെയ്യാതെ, വിവാദ ഡെലിമിറ്റേഷനുമായി ബന്ധിപ്പിച്ച്, പ്രതിപക്ഷത്തിന് എതിര്‍ക്കേണ്ടി വരുന്ന സാഹചര്യം മനഃപൂര്‍വം സൃഷ്ടിക്കുകയായിരുന്നു. തോല്‍വി ഇരന്ന് വാങ്ങി, ആ തോല്‍വിയുടെ പേരില്‍ തിരഞ്ഞെടുപ്പ് ചട്ടം നിലനില്‍ക്കുമ്പോള്‍ ഇലക്ഷന്‍ നേട്ടത്തിന് വേണ്ടി ദൂരദര്‍ശനിലൂടെ രാഷ്ട്രീയ പ്രസംഗവും നടത്തി.

സ്ത്രീ സംവരണം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അനിവാര്യമായ ആവശ്യമാണ്. പക്ഷേ, ആ ലക്ഷ്യത്തെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ചതുരംഗക്കളത്തില്‍ കരുവാക്കുന്നത് സ്ത്രീകളോടുള്ള ഏറ്റവും വലിയ അനീതിയാണ്. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ദൂരദര്‍ശനെയും സന്‍സദ് ടി വി യെയും പക്ഷപാത രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നത് ജനാധിപത്യ മൂല്യങ്ങളുടെ നഗ്‌നമായ ലംഘനമാണ്. ഇലക്ഷന്‍ മത്സരത്തില്‍ തുല്യ നീതി ഉറപ്പാക്കേണ്ട തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ ലംഘനത്തിനു നേരെ കണ്ണടയ്ക്കുന്നതിലൂടെ തെറ്റായ സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്. ടി.എന്‍. ശേഷന്‍ കാണിച്ച ധൈര്യവും സ്വാതന്ത്ര്യവും ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രകടിപ്പിക്കുന്നില്ലെങ്കില്‍, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിത്തറയാണ് ഇളകുക.

മന്‍സൂര്‍ പള്ളൂര്‍

മന്‍സൂര്‍ പള്ളൂര്‍

എ ഐ സി സിയുടെ  ഓവർസീസ് കോൺഗ്രസ്സ് വിഭാഗത്തിൽ മിഡിൽ ഈസ്റ്റ് കൺവീനറാണ് ലേഖകൻ . ആനുകാലിക, വിദേശകാര്യ വിഷയങ്ങളെക്കുറിച്ച് എഴുതാറുണ്ട്. ഇരുപത്തൊന്നാം നൂറ്റാണ്ട് ആരുടേത് ? എന്ന പുസ്തകം അന്തർദ്ദേശീയ തലത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്

More Posts

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×