ഒരു കുറ്റകൃത്യം നടന്നാൽ ജാതിയോ മതമോ സ്ഥാനമോ നോക്കാതെ നീതിന്യായ വ്യവസ്ഥയ്‌ക്ക് മുന്നിൽ കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടേണ്ടതുണ്ട്, അതാണ് ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്നത്. ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം നിയമപ്രകാരമല്ലാതെ ഒരു വ്യക്തിക്കും ഒരാളുടെ ജിവനെടുക്കാനോ വ്യക്തിസ്വാതന്ത്ര്യം നിഷേധിക്കാനോ കഴിയില്ല. എന്നാൽ, കേരളത്തിൽ ഒരു കൂട്ടം നിയമപാലകർ തന്നെ നിയമത്തിന് വിരുദ്ധമായി പ്രവർത്തിക്കുകയും മനുഷ്യത്വരഹിതമായി പെരുമാറുകയും ചെയ്യുകയുമാണ്. തൃശൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ് സുജിത്തിനെ സ്‌റ്റേഷനിൽ വച്ച് ക്രൂരമായി മർദ്ദിച്ചതിൻ്റെ സിസിടിവി ദൃശ്യങ്ങൾ സൂചിപ്പിക്കുന്നതും പൊലീസിൻ്റെ ക്രൂരത തന്നെയാണ്. മർദ്ദകരായ പൊലീസുകാർക്ക് ശിക്ഷയായി ലഭിച്ചതോ സ്ഥലം മാറ്റം മാത്രം.
രണ്ടര വർഷത്തോളമായി സുജിത്ത് സ്വീകരിച്ച ധീരമായ നിലപാടാണ് പൊലീസ് മർദ്ദനത്തിന്റെ യാഥാർത്ഥ്യം പുറത്തു കൊണ്ടുവന്നത്. തന്നെ മർദ്ദിക്കുന്നത് സ്റ്റേഷനിലെ സിസിടിവിയിൽ റെക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് സുജിത്തിന് അറിയാമായിരുന്നു. ഈ ദൃശ്യങ്ങൾ പുറത്തു കൊണ്ടുവരാനാണ് സുജിത്ത് പോരാടിയത്. ദൃശ്യങ്ങൾ ആവശ്യപ്പെട്ട് സുജിത്ത് ആദ്യം നൽകിയ വിവരാവകരാശ അപേക്ഷ പൊലീസ് തള്ളിക്കളയുകയായിരുന്നു. ഇതോടെ സംസ്ഥാന വിവരാവകാശ കമ്മീഷനിൽ സുജിത്ത് അപ്പീൽ നൽകി. കമ്മീഷൻ സുജിത്തിന് അനുകൂല നിലപാടെടുത്തു. എന്നാൽ പൊലീസ് അപ്പോഴും ദൃശ്യങ്ങൾ നൽകാൻ തയ്യാറായിരുന്നില്ല. ഇതോടെ വിവരാവകാശ കമ്മീഷൻ ഇരുകക്ഷികളെയും നേരിട്ട് വിളിച്ചു വരുത്തിയ ശേഷം ദൃശ്യങ്ങൾ സുജിത്തിന് കൈമാറാൻ കർശന നിർദേശം നൽകുകയായിരുന്നു. അതോടെയാണ് തൃശൂർ ജില്ല പൊലീസ് സൂപ്രണ്ടിന്റെ ഓഫിസിൽ നിന്നും മർദ്ദന ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് സുജിത്തിന് ലഭിക്കുന്നത്.
കേരളത്തിൽ സമീപകാലങ്ങളിലായി നിരവധി കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് പൊതുസമൂഹത്തിൽ വലിയ പ്രതിഷേധങ്ങൾക്കും ചർച്ചകൾക്കും വഴിവെക്കുകയും ചെയ്തിരുന്നു. ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ (NCRB) കണക്കുകൾ പ്രകാരം 2016 നും 2024 നും ഇടയിൽ കേരളത്തിൽ 16 കസ്റ്റഡി മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
രാജൻ കേസ് (1976): കേരളത്തിലെ ഏറ്റവും കുപ്രസിദ്ധമായ കസ്റ്റഡി മരണമാണ് കോഴിക്കോട് റീജിയണൽ എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിയായിരുന്ന പി. രാജന്റേത്. അടിയന്തരാവസ്ഥ കാലത്ത് കക്കായം ക്യാമ്പിൽ പോലീസിന്റെ ക്രൂരമായ ഉരുട്ടൽ എന്ന മർദ്ദനമുറയ്ക്ക് വിധേയനായാണ് രാജൻ കൊല്ലപ്പെട്ടത്. ഈ കേസ് കേരളത്തിന്റെ ചരിത്രത്തിൽ ഒരു നാഴികക്കല്ലാണ്.
ഉദയകുമാർ കേസ് (2005): തിരുവനന്തപുരം ഫോർട്ട് പോലീസ് സ്റ്റേഷനിൽ വെച്ച് മരിച്ച ഉദയകുമാറിന്റെ കേസ് കേരളത്തിൽ വലിയ ജനരോഷത്തിന് കാരണമായിരുന്നു. പോലീസിന്റെ ഉരുട്ടൽ അടക്കമുള്ള മർദ്ദനമുറകളാണ് മരണകാരണമെന്നാണ് കണ്ടെത്തിയത്. അടുത്തിടെയാണ് ഈ കേസിൽ പ്രതികളായ പോലീസ് ഉദ്യോഗസ്ഥരെ ഹൈക്കോടതി വെറുതെവിട്ടത്. 2005 സെപ്റ്റംബർ 27നാണ് ഉദയകുമാർ ലോക്കപ്പിൽ കൊല്ലപ്പെട്ടത്. മോഷണക്കുറ്റം ആരോപിച്ച് ശ്രീകണ്ഠേശ്വരം പാർക്കിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ഉദയകുമാർ ഫോർട്ട് പൊലീസ് സ്റ്റേഷനിൽ കൊല്ലപ്പെടുകയായിരുന്നു. സ്റ്റേഷനിൽ പൊലീസുകാർ ഉദയകുമാറിനെ ഉരുട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉദയകുമാറിനെ ഇരുമ്പുപൈപ്പ് ഉപയോഗിച്ച് ഉരുട്ടിയതടക്കം 22 ഗുരുതര പരുക്കുകളുണ്ടെന്നും വ്യക്തമായിരുന്നു.
ശ്രീജിത്ത് കേസ് (2018): വരാപ്പുഴയിൽ പോലീസിന്റെ കസ്റ്റഡിയിലിരിക്കെ ശ്രീജിത്ത് എന്ന യുവാവ് കൊല്ലപ്പെട്ടത് വലിയ വിവാദമുണ്ടാക്കി. വയറ്റിലേറ്റ മർദ്ദനമാണ് ആന്തരികാവയവങ്ങൾക്ക് ഗുരുതരമായ പരിക്കുകൾക്ക് കാരണമായതെന്നും ഇത് മരണത്തിലേക്ക് നയിച്ചെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി. ഈ കേസിൽ പത്ത് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.
രാജ്കുമാർ കസ്റ്റഡി മരണം: ഇടുക്കി നെടുങ്കണ്ടം സ്വദേശിയായ രാജ്കുമാർ 2019 ജൂൺ 21നാണ് പീരുമേട് സബ് ജയിലിൽ വെച്ച് മരണപ്പെടുന്നത്. സാമ്പത്തിക തട്ടിപ്പിൽ ജൂൺ 12ന് രാജ്കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ, അറസ്റ്റ് രേഖപ്പെടുത്തിയത് ജൂൺ 16-നാണ്. ഈ ദിവസങ്ങളിൽ രാജ്കുമാർ പോലീസ് കസ്റ്റഡിയിൽ ക്രൂരമായ മർദ്ദനത്തിന് ഇരയായി.
സമ്പത്ത് വധക്കേസ് : 2006 മാർച്ച് 23 നാണ് തൃശൂർ പുത്തൻപീടിക സ്വദേശിയായ സമ്പത്ത് എന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഒരു ക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മാർച്ച് 29-ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് സമ്പത്ത് മരണപ്പെട്ടു. പോലീസ് കസ്റ്റഡിയിൽ നടന്ന ഈ മരണം കേരളത്തിൽ വലിയ പ്രതിഷേധങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും വഴിതെളിയിച്ചു.
താനൂർ കസ്റ്റഡി മരണം (2023): താനൂരിലെ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത താമിർ ജിഫ്രി എന്ന യുവാവ് മരിച്ച സംഭവവും
ഏറെ ചർച്ച ചെയ്യപ്പെട്ടു. ഈ സംഭവത്തിൽ പോലീസുകാർക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തു. ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചത്.
ഷമീർ കേസ് (2020): കൊവിഡ് കാലത്ത് ക്വാറന്റൈൻ കേന്ദ്രത്തിൽ വെച്ച് ജയിൽ ഉദ്യോഗസ്ഥരുടെ മർദ്ദനമേറ്റാണ് ഷമീർ മരിച്ചത്. ശരീരത്തിൽ 40ൽ അധികം പരിക്കുകൾ ഉണ്ടായിരുന്നു.
ഈ കേസുകളെല്ലാം പോലീസ് സേനയിലെ ക്രൂരമായ നടപടികളെക്കുറിച്ചും നിയമവാഴ്ചയുടെ പരാജയത്തെക്കുറിച്ചുമുള്ള ആശങ്കകൾ ഉയർത്തുന്നവയാണ്. അടിയന്തിരാവസ്ഥ കാലം മുതൽ മലയാളികൾ ശ്രദ്ധിച്ച് തുടങ്ങിയ പൊലീസ് അതിക്രമങ്ങളും കസ്റ്റഡി കൊലപാതകങ്ങളും ഇന്നും തുടരുന്നു എന്നതാണ് യാഥാർത്ഥ്യം. പലപ്പോഴും പോലീസുകാർക്കെതിരെ നടപടികൾ എടുക്കുന്നതിൽ കാലതാമസം നേരിടുന്നതായും ആരോപണമുണ്ട്. ഒരു സിസ്റ്റത്തിന്റെ പരാജയമായിട്ടാണ് കസ്റ്റഡി മരണങ്ങൾ വിലയിരുത്തപ്പെടുന്നത്.
Content Summary: Police brutality in Kerala; Police stations turned into hubs of oppression
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.