ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ചതിന് മെയ് 7നാണ് മലയാളി മാധ്യമപ്രവർത്തകനായ റെജാസ് എം ഷീബ സിദ്ദീഖി എന്ന 26കാരനെ നാഗ്പൂരിലെ ലകദ്ഗഞ്ച് പോലീസ് അറസ്റ്റ് ചെയ്തത്. കേന്ദ്രസർക്കാർ യുഎപിഎ പ്രകാരം നിരോധിച്ച സിപിഐ മാവോയിസ്റ്റ് എന്ന രാഷ്ട്രീയ പാർട്ടിയുടെ അംഗമാണ് റെജാസ് എന്നാണ് പോലീസ് രജിസ്റ്റർ ചെയ്തിരുന്ന എഫ്‌ഐആറിൽ വ്യക്തമാക്കിയിരുന്നത്. അറസ്റ്റിന് പിന്നാലെ മൂന്ന് റിമാൻഡുകൾക്ക് വിധേയനായ റെജാസിനെ തടവിൽ വെയ്ക്കാൻ ഉദ്യോഗസ്ഥർ പല കാരണങ്ങളാണ് ഉന്നയിച്ചതെന്ന് ദി വയറിന്റെ റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യൻ സൈന്യത്തിനെതിരെ സംസാരിച്ചതിനും ഇന്ത്യാ വിരുദ്ധ ആശയങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചതിനുമാണ് റെജാസിനെ അറസ്റ്റ് ചെയ്തതെന്നായിരുന്നു പോലീസ് ആദ്യം അറിയിച്ചിരുന്നത്. പിസ്റ്റളുകൾ പിടിച്ച് നിൽക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതും അറസ്റ്റിന്റെ കാരണമായി പോലീസ് അന്ന് പറഞ്ഞിരുന്നു.
പിന്നാലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്), ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് (ജെകെഎൽഎഫ്), ഹിസ്ബുൾ മുജാഹിദീൻ തുടങ്ങിയ നിരോധിത ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന ആരോപണവും പോലീസ് ഉന്നയിച്ചിരുന്നു. നിലവിൽ പൂനെ ആസ്ഥാനമായുള്ള ദളിത്, ബഹുജൻ യുവാക്കൾ നടത്തുന്ന സാംസ്കാരിക ഗ്രൂപ്പായ കബീർ കലാ മഞ്ചുമായും (കെകെഎം) റെജാസിന് ബന്ധമുണ്ടെന്നാണ് പോലീസിന്റെ വാദമെന്ന് ദി വയർ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
മെയ് 15 ന് കോടതി സമയത്തിന് ശേഷം രാത്രി 7:15 ഓടെയാണ് പോലീസ് റെജാസിനെ കോടതിയിൽ ഹാജരാക്കിയത്. രാത്രി 10 മണിയോടെയാണ് റെജാസിന്റെ കസ്റ്റഡി അനുവദിച്ചത്. 10 ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് പോലീസ് ആവശ്യപ്പെട്ടിരുന്നതെങ്കിലും മൂന്ന് ദിവസം മാത്രമാണ് കോടതി കസ്റ്റഡി അനുവദിച്ചത്.
രൂക്ഷമായ ആരോപണങ്ങളാണ് പോലീസ് പല തവണയായി റെജാസിനെതിരെ ഉന്നയിച്ചത്. 2023 ൽ പൂനെ സന്ദർശനത്തിനിടെ റെജാസ് കബീർ കലാ മഞ്ച് (കെകെഎം) അംഗങ്ങളെ കണ്ടുവെന്ന് പോലീസ് അവകാശപ്പെടുന്നു.
എൽഗാർ പരിഷത്ത് കേസിൽ പങ്കുണ്ടെന്ന് ആരോപിച്ച് മൂന്ന് കെകെഎം അംഗങ്ങളായ ജ്യോതി ജഗ്താപ്, സാഗർ ഗോർഖെ, രമേശ് ഗൈച്ചോർ എന്നിവർ നിലവിൽജയിലിൽ കഴിയുകയാണ്. ഇവരുടെ കൂട്ടത്തിലുണ്ടായിരുന്ന സന്തോഷ് ഷേലാർ, പ്രശാന്ത് കാംബ്ലെ എന്നിവരെ കാണാനാണ് റെജാസ് പൂനെയിലെത്തിയതെന്ന സംശയവും പോലീസ് ഉന്നയിച്ചിട്ടുണ്ട്. അറസ്റ്റിലാകുന്നതിന് മുമ്പ് റെജാസ് ഡൽഹിയിൽ സിവിൽ സൊസൈറ്റി ഗ്രൂപ്പായ കാമ്പെയ്ൻ എഗൈൻസ്റ്റ് സ്റ്റേറ്റ് റിപ്രഷൻ സംഘടിപ്പിച്ച ഒരു പത്രസമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഇതൊരു തീവ്രവാദ സംഘടനയാണെന്നാണ് പോലീസ് ആരോപിച്ചത്. റെജാസിനെതിരെ ആദ്യമെഴുതിയ എഫ്ഐആറിൽ ഇന്ത്യക്കെതിരെ യുദ്ധം ചെയ്യുക എന്ന ഉദ്ദേശത്തോടെ ആയുധങ്ങളും മറ്റ് വസ്തുക്കളും സൂക്ഷിക്കുകയെന്ന സെക്ഷൻ 149 ആണ് ചേർത്തിരുന്നത്.
ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് ഈ വകുപ്പ് ചുമത്താനുള്ള കാരണമായി പോലീസ് പറഞ്ഞിരുന്നത്. രണ്ട് പിസ്റ്റളുകൾ പിടിച്ച് നിൽക്കുന്ന ചിത്രം റെജാസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. സ്വയം പ്രതിരോധത്തിനായി ലൈസൻസുള്ള പിസ്റ്റലുകാണെന്ന് അടിക്കുറിപ്പോട് കൂടിയാണ് ചിത്രം പങ്കുവെച്ചത്. റെജാസിനെ അറസ്റ്റ് ചെയ്തതിന് ശേഷം റെജാസ് ഒരു വനിതാ സുഹൃത്തിനൊപ്പം സന്ദർശിച്ച നാഗ്പൂരിലെ ഒരു പ്രാദേശിക കടയിലെ ജീവനക്കാരെ പോലീസ് ചോദ്യം ചെയ്തിരുന്നു. പിസ്റ്റളുകൾ വെറും എയർ ഗൺ മാത്രമാണെന്നും ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ വേണ്ടി മാത്രമാണ് അങ്ങനെ ചെയ്തതെന്നും പോലീസ് സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ ഈ വ്യക്തത വന്നതിന് ശേഷവും സെക്ഷൻ 149 റെജാസിന് മേൽ ഇപ്പോഴും നിലവിൽക്കുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്.
മൂന്നാം തവണ റെജാസിനെ കസ്റ്റഡിയിലെടുത്തപ്പോൾ യുഎപിഎ പ്രകാരം സെക്ഷൻ 38, 39 പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയത്. ഒരു തീവ്രവാദ സംഘടനയിൽ അംഗമാകുന്നതിനെയാണ് സെക്ഷൻ 38 സൂചിപ്പിക്കുന്നതെങ്കിൽ ഒരു തീവ്രവാദ സംഘടനയ്ക്ക് പിന്തുണ നൽകുന്നതിന് ചുമത്തുന്നതാന് സെക്ഷൻ 39. വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളുള്ള നിരവധി നിരോധിത സംഘടനകളെ റെജാസ് പിന്തുണച്ചിരുന്നുവെന്ന് പോലീസ് അവകാശപ്പെടുന്നു.
അറസ്റ്റിനുശേഷം റെജാസിന്റെ കൊച്ചിയിലുള്ള വീട്ടിൽ നടത്തിയ റെയ്ഡിൽ കണ്ടെത്തിയതായി പറയപ്പെടുന്ന സാഹിത്യ കൃതികളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ഈ അവകാശവാദം. അതേസമയം എന്താണ് കണ്ടെത്തിയതെന്ന് പോലീസ് കൃത്യമായി പറഞ്ഞിട്ടില്ല. സംശയാസ്പദമായ വസ്തുക്കൾ എന്ന് മാത്രമാണ് അറിയിച്ചിട്ടുള്ളത്.
റെജാസിന്റെ വീട്ടിൽ നിന്ന് ശേഖരിച്ച പുസ്തകങ്ങളിൽ കാൾ മാർക്സിന്റെയും കെ. മുരളിയുടെയും കൃതികളും ഉണ്ടായിരുന്നു. ഈ പുസ്തകങ്ങൾ വിരമിച്ച സാമൂഹ്യശാസ്ത്ര അധ്യാപകനായ അദ്ദേഹത്തിന്റെ പിതാവിന്റേതാണെന്നും പുസ്തകങ്ങളൊന്നും നിരോധിച്ചിട്ടില്ലെന്നും റെജാസിന്റെ കുടുംബം പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.
നിരോധിത മാവോയിസ്റ്റ് പാർട്ടിക്ക് വേണ്ടി ഫണ്ട് സ്വരൂപിക്കാൻ റെജാസ് സഹായിച്ചതായും പോലീസ് ആരോപിക്കുന്നു. അറസ്റ്റിലാകുമ്പോൾ അദ്ദേഹത്തിന്റെ കൈവശം കണ്ടെത്തിയ നസാരിയ എന്ന മാസികയിൽ നിന്നുള്ള ഒരു ലഘുലേഖയെ അടിസ്ഥാനമാക്കിയാണ് അങ്ങനെയൊരു നിഗമനത്തിലേക്ക് പോലീസ് എത്തിയത്. ധനസമാഹരണത്തിന് സഹായിച്ചു എന്ന് വ്യക്തമാക്കുന്ന മറ്റ് തെളിവുകളൊന്നും പോലീസ് ഹാജരാക്കിയിട്ടില്ല. നസാരിയ നിരോധിത സംഘടനയല്ലെന്നും ലഘുലേഖയിലെ നമ്പറുമായി ബന്ധപ്പെടാൻ ദി വയർ ശ്രമിച്ചപ്പോൾ പ്രതികരണമൊന്നും ലഭിച്ചില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൊച്ചിയിൽ താമസിക്കുന്ന, മുൻ മാവോയിസ്റ്റും എഴുത്തുകാരനുമായ കെ. മുരളിയുമായി റെജാസിന് ബന്ധമുണ്ടായിരുന്നുവെന്നും പോലീസ് ആരോപിക്കുന്നു. മുരളി ഇപ്പോഴും മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗമാണെന്നാണ് പോലീസ് അവകാശപ്പെടുന്നത്. എന്നാൽ റെജാസുമായി ബന്ധമുണ്ടെന്ന ആരോപണം മുരളി നിഷേധിച്ചിരുന്നു. അശ്ലീല വസ്തുക്കൾ ഓൺലൈനിൽ പങ്കുവെച്ചതിന് ഇൻഫർമേഷൻ ടെക്നോളജി ആക്ടിന്റെ സെക്ഷൻ 67 പോലീസ് ചുമത്തിയിട്ടുണ്ട്. ഇത് എന്തിനാണെന്ന് ഇതുവരെയും പോലീസ് വ്യക്തമാക്കിയിട്ടില്ല.
കൃത്യമായ തെളിവുകളുടെ അഭാവത്തിലാണ് റെജാസിനെതിരെ പല കുറ്റങ്ങളും പോലീസ് ചുമത്തിയിരിക്കുന്നതെന്നാണ് ദി വയറിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. കേരള യൂണിവേഴ്‌സിറ്റിയിൽ നിന്നും സോഷ്യൽ വർക്കിൽ ബിദുധമെടുത്ത റെജാസ്, കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന മക്തൂബ്, കൗണ്ടർ കറന്റ്‌സ്, ഒബ്‌സർവർ പോസ്റ്റ് തുടങ്ങിയ മാധ്യമങ്ങളിൽ എഴുതാറുണ്ട്. പോലീസിന്റെ അക്രമങ്ങളെക്കുറിച്ചും, ജയിലുകളിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുമുള്ള ലേഖനങ്ങളാണ് അധികവും റെജാസ് എഴുതിയിരിക്കുന്നത്.
Content Summary: Police’s inaccurate allegations on Kerala journalist Rejaz M. Sheeba Sydeek
This post was last modified on May 17, 2025 1:54 pm
Leave a Comment