വാഴ്ച്ചയും വീഴ്ച്ചയും: കോണ്‍ഗ്രസിലെ രാഹു(ല്‍)കാലം

കേരള രാഷ്ട്രീയ ചരിത്രത്തില്‍ മാനം കെട്ട് മടങ്ങേണ്ടി വന്ന യുവനേതാവായി രാഹുല്‍ മാങ്കൂട്ടത്തില്‍

കേരള രാഷ്ട്രീയത്തില്‍ പറയത്തക്ക സംഭാവനകള്‍ നല്‍കാതെ തന്നെ ചാനല്‍ ചര്‍ച്ചകളിലൂടെ വളര്‍ച്ചയുടെ പടവുകള്‍ താണ്ടിയ യുവ നേതാവാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. ചാനല്‍ ചര്‍ച്ചകളിലൂടെ കോണ്‍ഗ്രസിന്റെ ഫയര്‍ബ്രാന്‍ഡ്, യുവ തലമുറയുടെ ആവേശവും പ്രതീക്ഷയുമായി പാര്‍ട്ടി ഉയര്‍ത്തിക്കാട്ടിയ നേതാവ്. അവിടെ നിന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക്. പിന്നീട് ശരവേഗത്തില്‍ പാലക്കാട് എംഎല്‍എ ആയി നിയമസഭയില്‍. 36 കാരനായ രാഹുലിന്റെ ഭാവി കേരള രാഷ്ട്രീയത്തിന്റെ നിയന്ത്രണമുള്ള കസേരകളിലായിരിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പോലും വിധിയെഴുതിയ നിമിഷം.

പിന്നീടങ്ങോട്ട് കോണ്‍ഗ്രസിലെ ഉന്നത നേതാക്കള്‍ക്കൊപ്പം തന്നെ അഭിപ്രായം പറഞ്ഞിരുന്ന യുവനേതാവ്, നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവിന്റെ വാക്കിനെ പോലും തള്ളി, പിവി അന്‍വറിനെ കാണാന്‍ പോയതും കോണ്‍ഗ്രസ് പാര്‍ട്ടിയിലെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അപ്രമാധിത്യത്തെ എടുത്തുകാട്ടി.

പെട്ടെന്നുണ്ടായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വളര്‍ച്ചയും കോണ്‍ഗ്രസിലെ സ്വാധീനവും ചുറ്റിനും ഉണ്ടായ നേതാക്കളില്‍ പലര്‍ക്കും അതൃപ്തിയും ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് പിന്നാലെ ഉയര്‍ന്ന ലൈംഗിക ആരോപണങ്ങൾ അതുവരെ രാഹുല്‍ കൊണ്ടുനടന്ന രാഷ്ട്രീയ മൈലേജ് പൂര്‍ണമായും തകര്‍ക്കുന്നതായിരുന്നു. കേരള രാഷ്ട്രീയ ചരിത്രത്തില്‍ മാനം കെട്ട് മടങ്ങേണ്ടി വന്ന യുവനേതാവായി രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന പേര് രേഖപ്പെടുത്തപ്പെട്ടു കഴിഞ്ഞു. സമൂഹമാധ്യമങ്ങളില്‍ തീപ്പൊരി പ്രസംഗങ്ങളിലൂടെ യുവതലമുറയെ ഉള്‍പ്പെടെ ഹരംകൊള്ളിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍, ലൈംഗിക പീഡനത്തില്‍ പരാതി ഉയര്‍ന്നതോടെ എംഎല്‍എ ഓഫീസ് പൂട്ടി രായ്ക്ക് രാമാനം നാട് വിടുകയായിരുന്നു.

ബാല്യവും വിദ്യാഭ്യാസവും

1989 നവംബര്‍ 12 ന് പത്തനംതിട്ട ജില്ലയിലെ അടൂരിലെ മുണ്ടപ്പള്ളി ആറ്റുവിളാകത്ത് വീട്ടിലാണ് രാഹുലിന്റെ ജനനം. ഇന്ത്യന്‍ കരസേനയിലെ ഓഫീസറായിരുന്ന എസ്. രാജേന്ദ്ര കുറുപ്പാണ് അച്ഛന്‍, അമ്മ ബീന. അടൂരിലെ തപോവന്‍ പബ്ലിക് സ്‌കൂളിലും പന്തളത്തെ സെന്റ് ജോണ്‍സ് സ്‌കൂളിലുമായിരുന്നു രാഹുലിന്റെ സ്‌കൂള്‍ വിദ്യാഭ്യാസം. തുടര്‍ന്ന് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബി.എ. ബിരുദം നേടി. ഇഗ്‌നോവില്‍ നിന്ന് ഇംഗ്ലീഷിലും, ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് ചരിത്രത്തിലും ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി.

രാഷ്ട്രീയത്തിലെ ആദ്യ ചുവടുകള്‍

പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ പഠിക്കുമ്പോള്‍, 2006-ല്‍ കെ.എസ്.യു.വിലൂടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. തൊട്ടടുത്ത വര്‍ഷം തന്നെ അദ്ദേഹം കെ.എസ്.യു. അടൂര്‍ നിയോജക മണ്ഡലം പ്രസിഡന്റും യൂത്ത് കോണ്‍ഗ്രസ് പെരിങ്ങനാട് മണ്ഡലം കമ്മിറ്റി പ്രസിഡന്റുമായി. ഈ വളര്‍ച്ചയാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കാന്‍ രാഹുലിന് സഹായകമായത്.

തുടര്‍ന്ന് യൂണിവേഴ്സിറ്റി കൗണ്‍സിലര്‍, കെ.എസ്.യു. ജില്ലാ പ്രസിഡന്റ്, എന്‍.എസ്.യു.ഐ. ദേശീയ സെക്രട്ടറി, കെ.എസ്.യു. സംസ്ഥാന ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, കെ.പി.സി.സി. അംഗം, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എന്നിങ്ങനെ 18 വര്‍ഷം കൊണ്ട് അദ്ദേഹം പാര്‍ട്ടിയിലെ വിവിധ ചുമതലകളും പദവികളും വഹിച്ചു.

വളരെ കുറഞ്ഞ കാലം കൊണ്ട് കേരളം ശ്രദ്ധിക്കുന്ന യുവനേതാവായി രാഹുല്‍ മാറി. 2020-ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചപ്പോള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പദവിയിലേക്ക് എളുപ്പത്തില്‍ എത്താന്‍ രാഹുലിന് സാധിച്ചു. ഇതേ വര്‍ഷം തന്നെ കെ.പി.സി.സി. അംഗമായും രാഹുല്‍ പാര്‍ട്ടിയില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു.

2023-ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന ഷാഫി പറമ്പില്‍ സ്ഥാനമൊഴിഞ്ഞപ്പോള്‍, സംഘടനയുടെ സംസ്ഥാന അധ്യക്ഷനായി രാഹുല്‍ തിരഞ്ഞെടുക്കപ്പെട്ടു. പിന്നീടാണ് സ്വദേശമായ അടൂരില്‍ നിന്ന് പാലക്കാടേക്ക് കൂടുമാറിയത്. അതും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന ഷാഫി പറമ്പിലിന്റെ വലംകൈയായി.

ടെലിവിഷന്‍ വേദികളിലെ ഫയര്‍ബ്രാന്‍ഡ്

2020 ലെ കോവിഡ് കാലത്ത് സ്പ്രിങ്ക്ളര്‍ വിവാദം, സ്വര്‍ണക്കടത്ത് തുടങ്ങിയ വിഷയങ്ങളിലൂടെ ചാനല്‍ ചര്‍ച്ചയില്‍ തിളങ്ങാൻ രാഹുലിന് കഴിഞ്ഞു. സംസ്ഥാന സര്‍ക്കാരിനെതിരായ നിരവധി സമരങ്ങള്‍ക്ക് രാഹുല്‍ നേതൃത്വം നല്‍കുകയും, ഈ സമരങ്ങളുമായി ബന്ധപ്പെട്ട പോലീസ് കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെടുകയും ജയിലിലടയ്ക്കപ്പെടുകയും ചെയ്തത് കോണ്‍ഗ്രസിനുള്ളില്‍ രാഹുലിന് ഒരു ‘ഹീറോ’ പരിവേഷം നല്‍കി.

2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഷാഫി പറമ്പില്‍ എംപി ആയതോടെ നിയമസഭാംഗത്വം രാജിവെച്ചു. പകരം വിശ്വസ്തനും ഉറ്റസുഹൃത്തുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെ തന്നെ തന്റെ പകരക്കാരനാക്കി. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിത്വത്തിനായി മുതിര്‍ന്ന നേതാക്കളായ കെ. മുരളീധരന്‍, അന്നത്തെ കെ.പി.സി.സി. ഡിജിറ്റല്‍ മീഡിയാ കണ്‍വീനര്‍ ഡോ. സരിന്‍ തുടങ്ങിയവര്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും, ഷാഫി പറമ്പിലിന്റെ നിര്‍ബന്ധത്തില്‍, കോണ്‍ഗ്രസ് നേതൃത്വം രാഹുല്‍ മാങ്കൂട്ടത്തിലിനെയാണ് തിരഞ്ഞെടുത്തത്. ഷാഫി തന്റെ പിന്‍ഗാമിയായി രാഹുലിനെ നിര്‍ദേശിച്ചപ്പോള്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പിന്തുണ നല്‍കി. രാഹുലിന്റെ തീപ്പൊരി പ്രസംഗങ്ങള്‍ മാധ്യമങ്ങളിലൂടെ മാത്രം കണ്ട പാലക്കാടിലെ ജനം 2024 നവംബര്‍ 20 ന് നടന്ന തിരഞ്ഞെടുപ്പില്‍ രാഹുലിന് തന്നെ വോട്ട് നല്‍കി വിജയിപ്പിച്ചു.

രാഹുലിന് പാലക്കാട് നല്‍കിയ സ്ഥാനാര്‍ത്ഥിത്വമായിരുന്നു, അതുവരെ കോണ്‍ഗ്രസിന്റെ വിശ്വസ്തനായിരുന്ന സരിനെ ഇടതുപക്ഷത്തേക്ക് അടുപ്പിച്ചത്. ഷാഫിയുമായുള്ള സൗഹൃദം രാഷ്ട്രീയത്തില്‍ ഉന്നത പദവിയിലേക്കും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പമുള്ള സ്ഥാനമാനങ്ങളാണ് രാഹുല്‍ നേടിയെടുത്തത്.

ഗതിമാറിയ രാഷ്ട്രീയം

2025 ഓഗസ്റ്റ് 21-ാം തീയതി മുതലാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ ഗതി മാറാന്‍ തുടങ്ങിയത്. മാധ്യമ പ്രവര്‍ത്തകയും, ചലച്ചിത്ര താരവുമായ റിനി ആന്‍ ജോര്‍ജ്, ഒരു യുവ രാഷ്ട്രീയ നേതാവ് തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും ഹോട്ടലിലേക്ക് ക്ഷണിക്കുകയും ചെയ്തു എന്ന് ആരോപിച്ച് രംഗത്തെത്തി. റിനി ആന്‍ ജോര്‍ജ് നേരിട്ട് പേര് പരാമര്‍ശിച്ചിരുന്നില്ലെങ്കിലും, അതില്‍ രാഹുലിന്റെ ചിത്രം പിന്നീട് തെളിഞ്ഞു വന്നു.

റിനിക്ക് പിന്നാലെ മാധ്യമ പ്രവര്‍ത്തകയായ മറ്റൊരു യുവതി കൂടി രംഗത്ത് വന്നു. തന്നെ ഗര്‍ഭച്ഛിദ്രം ചെയ്യിച്ചുവെന്ന് വെളിപ്പെടുത്തുന്ന മെസേജുകളും ഓഡിയോ ക്ലിപ്പുകളുമാണ് യുവതിയുടേതായി പുറത്ത് വന്നത്. ഇതോടെ കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ പൂര്‍ണമായും പ്രതിരോധത്തിലായി. രാഹുല്‍ അതുവരെ കെട്ടിപ്പൊക്കിയ രാഷ്ട്രീയ ഭാവിയും പതിയെ തകര്‍ന്നു. ആരോപണവിധേയനായ ആളെ പാര്‍ട്ടി സംരക്ഷിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉറച്ച തീരുമാനമെടുത്തതോടെ, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം നഷ്ടപ്പെട്ടു.

എന്നാല്‍, പരാതി ഉന്നയിക്കാന്‍ യുവതികള്‍ വിസമ്മതിച്ചതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും രാഷ്ട്രീയത്തില്‍ സജീവമാകുകയായിരുന്നു. വരുന്ന തദേശ തിരഞ്ഞെടുപ്പിനായുള്ള പ്രചരണങ്ങള്‍ക്ക് പോലും സജീവമായി. ഗര്‍ഭച്ഛിദ്രം നടത്തപ്പെട്ട യുവതി, മുഖ്യമന്ത്രിയുടെ ഒഫീസിലെത്തി പരാതി നല്‍കിയതോടെ കാര്യങ്ങള്‍ കൈവിട്ടു പോയി. പിന്നീട് കണ്ടത് അടഞ്ഞു കിടക്കുന്ന എംഎല്‍എ ഓഫീസാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ പിന്നെ എവിടെയുണ്ടെന്ന കാര്യവും അവ്യക്തമായി.

രാഹുല്‍ മാങ്കൂട്ടത്തിലിനായി പോലീസ് അന്വേഷണം നടക്കവെ, മുന്‍കൂര്‍ ജാമ്യത്തിനായി തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും കോടതി ജാമ്യഹര്‍ജി നിരസിച്ചു. ഇതേത്തുടര്‍ന്ന്, ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് രാഹുല്‍. ഇതിന് പിന്നാലെ കോണ്‍ഗ്രസ് പാര്‍ട്ടിയും രാഹുലിനെ പുറത്താക്കി. കെ.പി.സി.സി.ക്കും എ.ഐ.സി.സി. ഭാരവാഹികള്‍ക്കും ലഭിച്ച ഈ രണ്ടാമത്തെ പരാതിയുടെ ഗൗരവം കണക്കിലെടുത്താണ് പാര്‍ട്ടി രാഹുലിനെ പുറത്താക്കിയിരിക്കുന്നത്.

2024 ഡിസംബര്‍ 4 ന് എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്ത കോണ്‍ഗ്രസിന്റെ അമരത്തേക്ക് എത്തിയ രാഹുല്‍ മാങ്കൂട്ടത്തിനെ, 2025 ഡിസംബര്‍ 4 ന് കോണ്‍ഗ്രസ് പാര്‍ട്ടി പുറത്താക്കിയിരിക്കുകയാണ്.

content summary: Political tragedy of Rahul Mamkootathil from stardom to scandal

This post was last modified on December 4, 2025 5:38 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment